ആശ്രമം സ്‌കൂള്‍ മുറ്റത്ത് മെഗാ തിരുവാതിര

വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രമുറങ്ങുന്ന ആശ്രമം സ്‌കൂള്‍ മുറ്റത്ത് കേരളപ്പിറവി ദിനത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ മെഗാതിരുവാതിര ആകര്‍ഷകമായി.

ആശ്രമം സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെയുംവൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെയും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിനാഘോഷത്തിന്റെയും ഭാഗമായി ആശ്രമം സ്‌കൂളില്‍ നടത്തിയ ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മെഗാ തിരുവാതിര.

സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെയും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷികവും ആഘോഷിക്കുന്നതിന്റെയും ഭാഗമായാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്. കുമാരനാശാന്റെ കരുണ, പൂക്കാലം എന്നീ കൃതികളെ തിരുവാതിരപ്പാട്ടായി ചിട്ടപ്പെടുത്തുകയായിരുന്നു.

എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന് കീഴിലുള്ള വിദ്യാലയം വൈക്കം സത്യഗ്രഹ സമരകാലത്ത് സമരഭടന്മാരുടെ കേന്ദ്രമായിരുന്നു. ശ്രീനാരായണഗുരുദേവന്‍ വിലയ്ക്ക് വാങ്ങിയ സ്ഥലമാണ് ഇത്. ശ്രീനാരായണഗുരുദേവന്റെ പേരിലാണ് ഈ സ്ഥലത്തിന് കരമടയ്ക്കുന്നത്.
രണ്ട് വര്‍ഷക്കാലം നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. മോന്‍സ്‌ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആശ്രമം സ്‌കൂള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഷാജി ടി. കുരുവിള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് പ്രസംഗിച്ചു. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ പി.വി. ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, വൈസ്പ്രസിഡന്റ് കെ.വി. പ്രസന്നന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സീത എസ്. ആനന്ദ്, പി.ടി.എ. പ്രസിഡന്റ് പി.പി. സന്തോഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രഥമാദ്ധ്യാപിക പി.ആര്‍. ബിജി സ്വാഗതവും എല്‍.പി. വിഭാഗം എച്ച്.എം. പി.ടി. ജിനീഷ് നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories