കുട്ടനാട് സൗത്ത് യൂണിയനില്‍ മൈക്രോഫിനാന്‍സ് വായ്പ
കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് അഞ്ചാംഘട്ട വായ്പാ പദ്ധതിയുടെ ഭാഗമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുട്ടനാട് സൗത്ത് യൂണിയന് ഒരു കോടി 15 ലക്ഷം രൂപ അനുവദിച്ചു.
ധനലക്ഷ്മി ബാങ്കിന്റെ അമ്പലപ്പുഴ ശാഖ വഴി യൂണിയന് കീഴില്‍ വരുന്ന വിവിധ ശാഖകളിലെ 160 കുടുംബങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കാണ് വായ്പയുടെ പ്രയോജനം ലഭിക്കുക. 2022-23 വര്‍ഷത്തില്‍ യൂണിയന്‍ പരിധിയിലെ 40 ശാഖകളില്‍ നിന്നുള്ള 800 ഓളം കുടുംബങ്ങള്‍ക്ക് അഞ്ചു ഘട്ടങ്ങളിലായി 5 കോടി രൂപ നേരത്തേ നല്‍കിയിരുന്നതിന് പുറമേയാണ് ഇപ്പോഴത്തെ സഹായം. പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും സംഭരണ വില ലഭിക്കാതിരിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ വലിയൊരു സാമ്പത്തിക സഹായമാണ് ലഭ്യമായിരിക്കുന്നത്.
കണിച്ചുകുളങ്ങരയില്‍ നടന്ന ചടങ്ങില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്നും യൂണിയന്‍ കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം ചെക്ക് ഏറ്റുവാങ്ങി. യൂണിയന്‍ കൗണ്‍സിലര്‍ സന്തോഷ് വേണാട്, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ വിമല പ്രസന്നന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കൗണ്‍സിലര്‍ എംഎസ്. സജികുമാര്‍, വനിതാസംഘം യൂണിയന്‍ കൗണ്‍സിലര്‍ ശിജാ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.