പി.എസ്. സി.യില്‍ നടക്കുന്നത് അട്ടിമറി
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ 97-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.സി.യില്‍ നടക്കുന്നത് അട്ടിമറിയാണെന്ന് അദ്ദേഹം പറഞ്ഞു. സംവരണം ഇല്ലാത്തവര്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലികള്‍ നേടാന്‍ സാധിക്കുന്നത്. പിന്നാക്കക്കാര്‍ക്ക് വേണ്ടി പറയാന്‍ ആളില്ല. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളുടെ കുറവുകള്‍ പഠിക്കാന്‍ സമരം ചെയ്യാതെ തന്നെ സര്‍ക്കാര്‍ കമ്മിഷനുകളെ നിയമിച്ച് പഠനം നടത്തി. ഇവരെക്കാളും എത്രയോ പുറകിലാണ് ഈഴവന്റെ സ്ഥിതി. ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കമ്മീഷനുകളെ നിയമിക്കേണ്ടതായിരുന്നു- അദ്ദേഹം പറഞ്ഞു.
ശാഖാ പ്രസിഡന്റ് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ധ്യാനാചാര്യന്‍ സ്വാമി ശിവബോധാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്ത്, ശിവദാസന്‍ കൊതാലുഴത്തില്‍ എന്നിവരെ ആദരിച്ചു. ശാഖാ സെക്രട്ടറി സിന്ധു എസ്. മുരളി സ്വാഗതവും അമ്പിളി മഹേഷ് നന്ദിയും പറഞ്ഞു. എസ്. രവീന്ദ്രന്‍ എഴുമറ്റൂര്‍, എം.ആര്‍. വിജയകുമാര്‍, അശോക് കുമാർ , ലൈല ഗോപകുമാര്‍, സുശീലന്‍. ടി, ഷാജി കൃഷ്ണന്‍, കെ. കരുണാകരന്‍, രാജീവ് പി.എസ്., തുളസി ശശിധരന്‍, മഹേഷ് വാഴയില്‍ എന്നിവര്‍ സംസാരിച്ചു.