ശേഷം സ്ക്രീനില്‍ ഇരുട്ട്
തിയേറ്ററുകളില്‍ നിന്നകലുന്ന കാണികള്‍, അച്ചടക്കത്തിന്റെയും ലഹരിയുടെയും പേരില്‍ പ്രക്ഷുബ്ധമാകുന്ന സിനിമാസംഘടനകള്‍, ലഹരിമരുന്നു വേട്ടക്കായി പോലീസ് നോട്ടമിടുന്ന ഷൂട്ടിങ് സൈറ്റുകള്‍; മലയാള സിനിമ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ ഒന്നു മിനുങ്ങി വരുന്നതേയുള്ളു. അടുത്ത പ്രതിസന്ധി എത്തിക്കഴിഞ്ഞു ഈ വര്‍ഷം ഇതേവരെ 74 സിനിമകള്‍ ഇറങ്ങിയെങ്കിലും വിജയം നേടിയത് ഒരേ ഒരു ചിത്രം മാത്രം. കോടികള്‍ പ്രതിഫലം ചോദിക്കുകയും കാരവനിലെ സൗകര്യക്കുറവ് പറഞ്ഞ് വഴക്കുണ്ടാക്കുകയും ചെയ്യുന്ന യുവതാരങ്ങള്‍ അരങ്ങ് വാഴുമ്പോഴാണ് ഈ സ്ഥിതി.
കോടികള്‍ മുടക്കി നവീകരിച്ച 60 ശതമാനം തിയേറ്ററുകളും വായ്പ തിരിച്ചടക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് തിയേറ്ററുടമകള്‍ പറയുന്നു. തിയേറ്ററുകള്‍ ഇനി രക്ഷപ്പെടുമെന്ന് കരുതാന്‍ കഴിയാത്ത സ്ഥിതിയാണ്. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് കേരള (ഫിയോക്) പ്രസിഡന്റ് കെ. വിജയകുമാര്‍ പറയുന്നു.
വിജയ സാദ്ധ്യതയുള്ള സിനിമ മാത്രം റിലീസ് ചെയ്യാനുള്ള ആലോചനയിലാണു തിയേറ്ററുടമകള്‍ ‘തിയേറ്റര്‍ ഉടമകള്‍ക്ക് ഒരുപാട് കാലത്തെ അനുഭവപരിചയമുണ്ട്. ഏതു സിനിമ വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകും- ഫിയോക് പ്രസിഡന്റ് പറഞ്ഞു
തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ആറു മാസത്തിന് ശേഷം മാത്രമേ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കാവൂ എന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കുന്നു. ഒ.ടി.ടി.ക്ക് വേണ്ടി തട്ടിക്കൂട്ടിയെടുത്ത സിനിമകളാണ് ജനം തിയേറ്ററുകളെ വെറുക്കുന്ന സ്ഥിതിയുണ്ടാക്കിയത്.
തട്ടിക്കൂട്ട് സിനിമകളെ ഒ.ടി.ടി.ക്കും വേണ്ടെന്ന അവസ്ഥയാണ്.
ഇതുവരെ
ഒരു ‘രോമാഞ്ചം’ മാത്രം
വിവാദങ്ങള്‍ ഒരുവശത്ത് കൊഴുക്കുമ്പോള്‍ അതിദയനീയമായി മാറുകയാണ് മലയാള സിനിമയുടെ അവസ്ഥ. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള നാലു മാസങ്ങളില്‍ ഇറങ്ങിയത് 77 സിനിമകള്‍. എന്നാല്‍ ഹിറ്റായി നിര്‍മ്മാതാവിന് ലാഭമുണ്ടാക്കി കൊടുത്തത് ‘രോമാഞ്ചം’ മാത്രം.
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, മോഹന്‍ലാലിന്റെ എലോണ്‍ എന്നിവയും തലകുത്തി വീണു. പ്രണയവിലാസം, കൊറോണ പേപ്പേഴ്സ്, മദനോത്സവം, അയല്‍വാശി, സുലൈഖാ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങള്‍ മടുക്കുമുതല് തിരിച്ചുപിടിച്ചത് ആശ്വാസം.വൻവിവാദത്തിന്റെ അകമ്പടിയോടെ എത്തിയ’ കേരളാ സ്റ്റോറിയും തിയേറ്ററുകൾക്ക് ആശ്വാസമായില്ല. എന്നാൽ ഒടുവിൽ എത്തിയ ‘2018 ‘ പ്രതീക്ഷ നൽകുന്നു.
കൊഴുക്കുന്ന ലഹരി വിവാദം
ലഹരി ഉപയോഗിക്കുന്ന താരങ്ങളെ കുടുക്കാന്‍ ചിത്രീകരണ വേളയില്‍ ഷാഡോ പൊലീസിനെ അയക്കുമെന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണരുടെ പ്രഖ്യാപനം ഇതിനിടെ വഴിത്തിരിവായി. മയക്ക് മരുന്നിന് അടിമയായി പല്ലുപൊഴിഞ്ഞ താരത്തെ അറിയാമെന്നും, ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ടെന്നും പറഞ്ഞ സംഘടനാ ഭാരവാഹികള്‍ ആ നിലപാടില്‍ നിന്ന് സാവധാനം പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
”ലഹരിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ല. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. പൊലീസിന്റെ സാന്നിദ്ധ്യം ചിത്രീകരണത്തെ ബാധിക്കില്ല.
പൊലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ഒരു സംഘടനാ ഭാരവാഹി പറഞ്ഞു.