ഇടുക്കിയില്‍ മൃഗങ്ങളുടെ വിലപോലും മനുഷ്യനില്ല
കട്ടപ്പന: മൃഗങ്ങളുടെ വിലപോലും മനുഷ്യനില്ലാത്ത ലോകത്തിലെ ഏക പ്രദേശമായിരിക്കും ഇടുക്കിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം തൊപ്പിപ്പാള ശാഖാ പുതിയതായി പണികഴിപ്പിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്ര സമര്‍പ്പണവും ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനവും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഓഫീസുകളുടെയും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാട്ടാന, കടുവ, പുലി, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മൂലം ജനങ്ങളുടെ ജീവനും കൃഷിയും അപകടത്തിലാണ്. പിന്തിരിപ്പന് ഭൂനിയമങ്ങള്‍ മൂലം ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടുകയാണ്. ഈ കരിനിയമങ്ങള്‍ മൂലം ജില്ലയുടെ പുരോഗതി തന്നെ മുടങ്ങിയ സ്ഥിതിയാണ് ഇന്നുള്ളത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വും സംരക്ഷണവും നല്കുന്ന ഒരു നടപടിയും മാറി മാറി വരുന്ന സര്‍ക്കാരുകളോ രാഷ്ട്രീയ പാര്‍ട്ടികളോ സ്വീകരിക്കുന്നില്ല. ക്ഷമ നശിച്ച ജനങ്ങള്‍ ഏത് രീതിയിലും പ്രതികരിക്കുമെന്ന അവസ്ഥയാണ് . ഇതിനെല്ലാം മാറ്റം വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന് പ്രസിഡന്റ് ബിജുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുപ്രകാശം സ്വാമി (ശിവഗിരിമഠം) അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി വിനോദ് ഉത്തമന് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.എസ്. ബിജു സ്വാഗതവും സെക്രട്ടറി വി.വി. ഷാജി നന്ദിയും പറഞ്ഞു.