കേരളം ജാതിയിലും മതത്തിലും അധിഷ്ഠിതമായി
പറവൂര്‍: നവോത്ഥാന സമരഭൂമിയായ കേരളം ഇന്നും ജാതിയിലും മതത്തിലും അധിഷ്ഠിതമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയനില്‍ ശ്രീനാരായണദര്‍ശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിഭാഗങ്ങള്‍ക്കും ജാതിചിന്ത കൂടി വരുകയാണ്. ജാതിവിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്.
ഒരുസമുദായത്തിന്റെ ഉയര്‍ച്ചയ്ക്ക് വിദ്യാഭ്യാസവും സമ്പത്തും വേണം. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പകുതിയും ചെലവഴിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. എയ് ഡഡ് സ്‌കൂളുകളില്‍ നിയമനത്തിന് സര്‍ക്കാരിന് ഒരു പങ്കുമില്ല. എന്നാല്‍ ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍.
ഈ സമ്പ്രദായം ലോകത്ത് ഒരിടത്തുമില്ല. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഇതില്‍ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ആകെ കിറ്റും പെന്‍ഷനും തൊഴിലുറപ്പും മാത്രം. ഇവര്‍ സാമ്പത്തികമായും സാമൂഹികമായും ഉയരണം. ഇതിനായി സാമൂഹ്യനീതി ഉറപ്പാക്കണം. എസ്.എന്‍.ഡി.പി യോഗം പറവൂര്‍യൂണിയനും യൂണിയന് കീഴിലെ 72 ശാഖകളും നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണദര്‍ശനോത്സവത്തിന് തുടക്കം കുറിച്ച് യൂണിയന്‍ പ്രസിഡന്റ് സി.എ ന്‍. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ദീപം തെളിയിച്ചു. ഗുരുമണ്ഡപ സമര്‍പ്പണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് സി.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മന്ദിരത്തിന്റെയും സോളാര്‍ വൈദ്യുത പ്ലാന്റിന്റെയും ഉദ്ഘാടനവും പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ വെള്ളാപ്പള്ളി നടേശന്‍ രജതജൂബിലി മന്ദിര നാമകരണവും മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
ഡോ. പി.ആര്‍. ശാസ്ത്രി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. നവീകരിച്ച സയന്‍സ് ലാബ് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ.യും ഹൈസ്‌കൂള്‍ ലാബ് എസ്. ശര്‍മ്മയും ഹയര്‍ സെക്കന്‍ഡറി ലാബ് യൂണിയന്‍ വൈസ്‌പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടിയും യു.പി. ലാബ് പറവൂര്‍ നഗരസഭാ വൈസ്‌ചെയര്‍മാന്‍ എം.ജെ. രാജുവും ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ ഇ.
എന്‍. ഷീബ ദര്‍ശനോത്സവ സന്ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗം എ.എ സ്. അനില്‍കുമാര്‍, പറവൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍, പ്രിന്‍സിപ്പല്‍ വി. ബിന്ദു, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഡി.ബാബു, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഡി. പ്രസന്നകുമാര്‍, ടി.എം. ദിലീപ്, കണ്ണന്‍ കൂട്ടുകാട്, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍തങ്കപ്പന്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി ബിന്ദുബോസ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ സ്വാഗതവും ഹെഡ് മാസ്റ്റർ സി.കെ. ബിജു നന്ദിയും പറഞ്ഞു.