സാമൂഹ്യ, സാമുദായിക നീതി എല്ലാ മേഖലകളിലും നടപ്പാകണം
പത്ത് വീടുകളുടെ സമര്‍പ്പണവും രണ്ടാംഘട്ട ശിലാസ്ഥാപനവും
തൃപ്പൂണിത്തുറ: മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാലേ അന്യരാജ്യങ്ങളിലേക്ക് വിദ്യയും തൊഴിലും തേടിപ്പോകുന്ന നമ്മുടെ മക്കളെ ഇവിടെ പിടിച്ചു നിര്‍ത്താനാകുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ ചെലവു കുറച്ച് പൂത്തോട്ട ശാഖ നിര്‍മ്മിച്ച പത്ത് വീടുകളുടെ സമര്‍പ്പണവും പുതിയ പത്ത് വീടുകളുടെ രണ്ടാംഘട്ട ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസവും ജോലിയും നാട്ടില്‍ തന്നെ ലഭ്യമാകണം. സമ്പത്തുണ്ടാക്കാനായി വിദേശത്ത് പോകുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ആ സമ്പത്ത് ഇവിടെ ലഭിക്കുന്ന അവസ്ഥാവിശേഷം സംജാതമാക്കുകയാണ് വേണ്ടത്.
വീടില്ലായ്മയാണ് ഇവിടത്തെ വലിയ പ്രശ്‌നം. എല്ലാവര്‍ക്കും വീട്, നീതി, വിദ്യാഭ്യാസം, ജോലി എന്നിവ കിട്ടണമെങ്കിലും സമത്വസുന്ദരമായ കേരളം കെട്ടിപ്പടുക്കണമെങ്കിലും സാമൂഹ്യ, സാമുദായിക നീതി എല്ലാ മേഖലകളിലും നടപ്പാക്കാന്‍ സാധിക്കണം.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, ശ്രീനാരായണ വല്ലഭക്ഷേത്രംതന്ത്രി ഒ.വി. ഷിബുഗുരുപദം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
ഉദയംപേരൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.എ. ഗോപി, കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എല്‍.സന്തോഷ്, പൂത്തോട്ട ശാഖാ വൈസ്‌പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്‍, യൂണിയന്‍ കമ്മിറ്റിയംഗം ശ്രീജിത്ത് രാജന്‍, പഞ്ചായത്തംഗങ്ങളായ എ.എസ്. കുസുമന്‍, എം.പി. ഷൈമോന്‍, ആനി അഗസ്റ്റിന്‍, എസ്.എന്‍. പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എന്‍.ബി. സുജേഷ്, വനിതാസംഘം പ്രസിഡന്റ് ലളിത സുബ്രഹ്മണ്യന്‍, കുമാരിസംഘം പ്രസിഡന്റ് ടി.ആര്‍. സേതുലക്ഷ്മി, ബാലജനയോഗം പ്രസിഡന്റ് ആദിത്യബിജു എന്നിവര്‍ സംസാരിച്ചു. റിപബ്ലിക് ദിന പരേഡിൽ അഖിലേന്ത്യാ തലത്തിൽ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കാൻ അവസരം ലഭിച്ച അനൂപ് ബോസിനെ ആദരിച്ചു
പൂത്തോട്ട ശാഖായോഗം പ്രസിഡന്റ് ഇ.എന്‍. മണിയപ്പന്‍ സ്വാഗതവും സെക്രട്ടറി കെ.കെ. അരുൺ കാന്ത് നന്ദിയും പറഞ്ഞു.