ആര്‍. ശങ്കര്‍ പാവങ്ങളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ സാര്‍ത്ഥകമാക്കി
കൊല്ലം: പാവങ്ങളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ സാര്‍ത്ഥകമാക്കിയ നേതാവായിരുന്നു ആര്‍. ശങ്കറെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍മിഷന്റെ നേതൃത്വത്തില്‍ കൊല്ലം സിംസില്‍ ആര്‍. ശങ്കറിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍. ശങ്കര്‍ മന്ത്രിയായിരിക്കെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പക്ഷെ എസ്.എന്‍. ട്രസ്റ്റ് അപേക്ഷിച്ചില്ല. പിന്നീട് സമയം നീട്ടി നല്‍കി, അപേക്ഷ വാങ്ങിയാണ് 11 കോളേജുകള്‍ അനുവദിച്ചത്. അദ്ദേഹം നേരിട്ടിറങ്ങിയാണ് ഈ കോളേജുകള്‍ ആരംഭിച്ചത്. അവയെല്ലാം ഗ്രാമപ്രദേശങ്ങളിലായിരുന്നു. പാവങ്ങള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്റെ സമുദായത്തിന് അര്‍ഹതപ്പെട്ടത് ഞാനെടുക്കുന്നു. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് ഞാന്‍ നല്‍കുന്നുവെന്നാണ് അന്ന് ആര്‍. ശങ്കര്‍ പറഞ്ഞത്. ശങ്കറിന് ശേഷം ബേബിജോണ്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മാത്രമാണ് എസ്.എന്‍. ട്രസ്റ്റിന് എയ് ഡഡ് കോളേജ് അനുവദിച്ചത്. അതിന് മുമ്പും പിന്‍പും ഒരുപാട് മന്ത്രിസഭകള്‍ വന്നുപോയെങ്കിലും നമുക്ക് ഒന്നും തന്നില്ല. ഇക്കാലത്ത് മറ്റുള്ള സമുദായങ്ങള്‍ എന്തെല്ലാം കൊണ്ടുപോയി. അവര്‍ സമുദായ ശക്തിസമാഹരിച്ച് ഒപ്പിട്ട് എടുത്തുകൊണ്ടുപോയി. മന്ത്രിമാര്‍ സ്വന്തം സമുദായത്തിന് കോളേജുകളും സ്‌കൂളുകളും അനുവദിക്കുകയാണ്.
സാമുദായിക നീതിയിലൂടെയെ സാമൂഹ്യനീതിയുണ്ടാകൂ. കേരളത്തില്‍ പന്ത്രണ്ട് സര്‍വകലാശാലകളുണ്ട്. അതില്‍ ഒന്നിന്റെ പോലും തലപ്പത്ത് തന്റെ സമുദായത്തില്‍ നിന്ന് ഒരാളില്ലാത്തതുകൊണ്ടാണ് ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം എടുത്തതെന്നാണ് മുന്‍മന്ത്രി കെ.ടി. ജലീല്‍ തന്നോട് പറഞ്ഞത്. കൊടുത്തതല്ല, എടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ജാതി പറഞ്ഞത് കൊണ്ടുപോകാം. നമുക്ക് ജാതി പറഞ്ഞു കൂട. താന്‍ ജാതി പറഞ്ഞാല്‍ വര്‍ഗീയവാദി, മറ്റുള്ളവര്‍ പറഞ്ഞാല്‍ മിതവാദി. ജാതി ഇല്ലാതാകാന്‍ വേണ്ടിയാണ് താന്‍ ജാതി പറയുന്നത്.
വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 64 സീറ്റ് കിട്ടി. പട്ടംതാണുപിള്ളയുടെ പാര്‍ട്ടിക്ക് ഏഴ് സീറ്റേ ഉണ്ടായിരുന്നുള്ളു. ആര്‍. ശങ്കറിനെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും പട്ടംതാണുപിള്ള മുഖ്യമന്ത്രി സ്ഥാനം കൊണ്ടുപോയി. ജാതിയായിരുന്നു കാരണം.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, എസ്.എന്‍. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍, യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, ശങ്കേഴ്‌സ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അനില്‍ മുത്തേടം തുടങ്ങിയവര്‍ സംസാരിച്ചു.