സംഭാവന കുറ്റബോധം തീര്‍ക്കാന്‍
ചേര്‍ത്തല:ശിവഗിരി മഠത്തിന്റെ മദ്രാസ് ടിനഗറില്‍ ഉള്ള എഴുന്നൂറ് കോടിയുടെ സ്വത്ത് സ്വാമിമാരെ ആട്ടിയോടിച്ച് തട്ടിയെടുത്തതിന്റെ കുറ്റംബോധം തീര്‍ക്കുവാനാണ് ഗോകുലംഗോപാലന്‍ 5 ലക്ഷം രൂപാ മഠത്തിന് സംഭാവനയായി .നല്‍കിയതെന്ന് എസ്. എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.സന്യാസിമാരെ പറ്റിച്ച് കൈക്കലാക്കിയ സ്വത്ത് തിരിച്ച് ശിവഗിരി മഠത്തിന് നല്‍കണം. തമിഴ് നാട്ടില്‍ വളര്‍ന്നതുകൊണ്ട് ഈഴവരുടെ രക്തത്തിന്റെ പരിശുദ്ധി ഗോപാലന് മനസിലാവില്ല- തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എസ് എന്‍ ഡി പി യോഗത്തിന്റെ കണിച്ചുകുളങ്ങര- ചേര്‍ത്തല യൂണിയനുകളില്‍ സംഘടനാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങര യൂണിയനില്‍ വി.എം.പുരുഷോത്തമന്‍ അദ്ധ്യക്ഷനാവുകയും പി.എസ്.എന്‍ ബാബു സ്വാഗതം പറയുകയും ചേര്‍ത്തല യൂണിയനില്‍ പി.റ്റി.മന്‍മഥന്‍ അദ്ധ്യക്ഷനാവുകയും ടി.അനിയപ്പന്‍ സ്വാഗതം പറയുകയും ചെയ്തു. യോഗം കൗണ്‍സിലറും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ പച്ചയില്‍ സന്ദീപ് മുഖ്യ പ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ് രാജാക്കാട്, സജീഷ് കോട്ടയം എന്നിവര്‍ സംഘടനാ വിശദീകരണം നടത്തി. വിവിധ യൂണിയന്‍ ഭാരവാഹികള്‍, സൈബര്‍ സേന സംസ്ഥാന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, മണിലാല്‍ ചേര്‍ത്തല, ധന്യാ സതീഷ്, സന്തോഷ് മാധവന്‍, ആര്യന്‍ ഹരിദാസ്, ധനേഷ്, അനില്‍ രാജ് തുടങ്ങി യവര്‍ പങ്കെടുത്തു. തുഷാര്‍ വെള്ളാപ്പള്ളിയുടെ ജന്‍മദിനം കൂടിയായിരുന്നതിനാല്‍ പ്രവര്‍ത്തകര്‍ക്കായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു.