ജലാശയങ്ങളിൽ മാലിന്യ ദ്വീപുകൾ
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ റാംസര്‍ അംഗീകൃത ജലാശയങ്ങളില്‍ ഒന്നായ അഷ്ടമുടി കായലില്‍ ആന്റി ബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയ കണ്ടെത്തി എന്നുള്ള വാര്‍ത്ത ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉയര്‍ന്ന ലവണാംശം വിളനാശം, ജലലഭ്യതക്കുറവ്, ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് തുടങ്ങി പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മികച്ച ജല മാനേജ്മെന്റിന്റെയും ജലശുദ്ധീകരണ പരിഹാരങ്ങളുടെയും പ്രാധാന്യത്തെ ഇതെല്ലാം ഊന്നിപ്പറയുന്നു.

നാം വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി ആചരിക്കുന്നു. നമ്മുടെ ജലാശയങ്ങളില്‍ കാണുന്ന വ്യാപകമായ മലിനീകരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. കേരളത്തിലെ 44 നദികള്‍ ദിനംപ്രതി മലിനമായികൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെ . മഴക്കാലത്ത് ജലലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പുറമേ, മറ്റ് പല ഘടകങ്ങളാലും മലിനീകരണം സംഭവിക്കുന്നു. നഗരവല്‍ക്കരണം, ഭൂവിനിയോഗ രീതിയിലെ മാറ്റം, അമിതമായ രാസവളങ്ങളുടെ ഉപയോഗം, ജീവിതശൈലിയിലെ മാറ്റം, അശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജന സംവിധാനം, ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നത് എന്നിവ എടുത്തുകാണിക്കേണ്ട പ്രധാന കാരണങ്ങളില്‍ ചിലതാണ്.
വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള വെള്ളമാണ് മലിനീകരണത്തില്‍ കൂടുതലും ഉള്‍പ്പെടുന്നത്. ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, അറവുശാലകള്‍, കോളനികള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയില്‍ നിന്ന് ധാരാളം മാലിന്യങ്ങള്‍ നദികളിലേക്ക് തുറന്നുവിടുന്നുണ്ടെന്ന് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, നദികളിലെ വളവുകളില്‍, വളഞ്ഞുപുളഞ്ഞ് ചെറിയ ദ്വീപുകള്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട്, ഇത് മാലിന്യങ്ങള്‍ പുറന്തള്ളുന്നത് തടസ്സപ്പെടുത്തുന്നു, ഇത് നദിയുടെ ഗതിയില്‍ പോലും മാറ്റം വരുത്തുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി നദികള്‍ കയ്യേറുന്നതും നികത്തുന്നതും മലിനീകരണത്തിന് കാരണമായിട്ടുണ്ട്. അതിനാല്‍, ജലാശയങ്ങളുടെ മലിനീകരണത്തിന് ഗണ്യമായ സംഭാവന നല്‍കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുകയും നിര്‍മാര്‍ജനം ചെയ്യേണ്ടതും ആവശ്യമാണ്
കോളിഫോം ബാക്ടീരിയകള്‍ ജലസ്രോതസ്സുകളില്‍ സൃഷ്ടിക്കുന്ന മലിനീകരണം ഏറെ വലുതാണ്. എല്ലാ രൂപത്തിലുള്ള ഇ.കോളിയും രോഗകാരികളല്ലെങ്കിലും, വെള്ളത്തില്‍ കോളിഫോമുകള്‍ ഉണ്ടാകുന്നത് അഭികാമ്യമല്ല. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തില്‍ മറ്റ് രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. മലിനമായ ജലവിതരണത്തിലൂടെ പകരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളെയും രോഗങ്ങളെയും ഇല്ലാതാക്കുന്നതിന് ജലവിതരണ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഏറെ പ്രസക്തമാണ്.മറ്റൊരു പ്രശ്‌നമാണ് ലവണാംശം, ഇത് വെള്ളത്തിലെ ഉപ്പിന്റെ സാന്ദ്രതയെ സൂചിപ്പിക്കുന്നു, ഇത് കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ പ്രശ്‌നമായി മാറുന്നു. ഉയര്‍ന്ന ലവണാംശം വിളനാശം, ജലലഭ്യതക്കുറവ്, ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് തുടങ്ങി പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മികച്ച ജല മാനേജ്മെന്റിന്റെയും ജലശുദ്ധീകരണ പരിഹാരങ്ങളുടെയും പ്രാധാന്യത്തെ ഇതെല്ലാം ഊന്നിപ്പറയുന്നു.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ റാംസര്‍ അംഗീകൃത ജലാശയങ്ങളില്‍ ഒന്നായ അഷ്ടമുടി കായലില്‍ ആന്റി ബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയ കണ്ടെത്തി എന്നുള്ള വാര്‍ത്ത ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ നദികളിലെ മലിനീകരണം മൊത്തത്തില്‍ പഠന വിധേയമാണ്. ഈ ലേഖനത്തിലൂടെ അഷ്ടമുടി പമ്പാ നദികളിലെ മലിനീകരണം പഠന വിധേയമായി ചര്‍ച്ച ചെയ്യുന്നു.
അഷ്ടമുടിക്കായലിലെ
പാരിസ്ഥിതിക വെല്ലുവിളികള്‍
അഷ്ടമുടി തടാകം തെക്കന്‍ കേരളത്തിലെ കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. .2002-ല്‍ റാംസര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത് അതിന്റെ അപൂര്‍വമായ ജൈവവൈവിധ്യവും പരിസ്ഥിതിപ്രാധാന്യവും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്.ജൈവവൈവിധ്യം, കാലാവസ്ഥാ നിയന്ത്രണം, ജലസ്രോതസ്സ് എന്നീ നിലകളില്‍ അഷ്ടമുടിക്കായലിന്റെ സംഭാവന ഏറെ വലുതാണ്. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗങ്ങള്‍, ദൈനംദിന ജീവിതം എന്നിവയുമായി തടാകം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അഷ്ടമുടി തടാകം ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാദേശിക കാലാവസ്ഥാ നിയന്ത്രണത്തിനും ജല ആവാസവ്യവസ്ഥയുടെ പിന്തുണക്കും നിര്‍ണായകമാണ്.പ്രദേശവാസികളുടെ ആചാരങ്ങള്‍, ഉപജീവനമാര്‍ഗങ്ങള്‍, ദൈനംദിന ജീവിതങ്ങള്‍ എന്നിവയുമായി തടാകം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രധാന വെല്ലുവിളികള്‍
കൊല്ലം നഗരത്തില്‍ നിന്നുള്ള സംസ്‌കരിക്കാത്ത മലിനജലം അഷ്ടമുടി തടാകത്തെ ഗുരുതരമായ പരിസ്ഥിതീക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.സമീപത്തുള്ള വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സംസ്‌കരിക്കാത്ത മലിനജലം നേരിട്ട് തടാകത്തിലേക്ക് പുറന്തള്ളപ്പെടുന്നു മൂലം തടാകം വളരെയധികം മലിനമായിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്,ജല സാമ്പിളുകളില്‍ ദോഷകരമായ ബാക്ടീരിയകളുടെ സാന്നിധ്യം മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യത്തില്‍ നിന്നുള്ള മലിനീകരണം സ്ഥിരീകരിക്കുന്നു.കൊല്ലം ജില്ലയിലെ റാംസര്‍ തണ്ണീര്‍ത്തടമായ അഷ്ടമുടി തടാകത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് കേരള സവകലാശാല നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. തുടര്‍ച്ചയായ നിരീക്ഷണത്തിന്റെയും ‘പൊതുജനാരോഗ്യ പ്രശ്നങ്ങള്‍’ പരിഹരിക്കേണ്ടതിന്റെയും ആവശ്യകത ഈ പഠനം അടിവരയിടുന്നു. തടാകത്തിലെ മത്സ്യം, കക്കയിറച്ചി, വെള്ളം എന്നിവയില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് പഠനം കണ്ടെത്തി. ആളുകള്‍ മലിനമായ മത്സ്യവും കക്കയിറച്ചിയും കഴിക്കുന്നു, തടാകജലത്തിലെ മൈക്രോപ്ലാസ്റ്റിക് നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു,’ പഠനം പറയുന്നു. പ്ലാസ്റ്റിക്കുകള്‍ക്കൊപ്പം, അറവുശാല മാലിന്യങ്ങള്‍, കോഴി മാലിന്യങ്ങള്‍, വിവിധ വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ എന്നിവയാല്‍ തടാകം മലിനമാകുന്നു. ഈ മലിനീകരണ വസ്തുക്കള്‍ ജലത്തിന്റെ ഗുണനിലവാരം കൂടുതല്‍ നശിപ്പിക്കുകയും ജല ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

വ്യാവസായിക മാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്ക് പുറന്തള്ളുന്നത് കാര്യമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വളരെ സമ്പന്നമായ ആവാസവ്യവസ്ഥയായിരുന്നു അഷ്ടമുടികായലില്‍ ഒരു കാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഇപ്പോള്‍ തദ്ദേശീയ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള കുറവ് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലവണാംശ വ്യതിയാനങ്ങളും മലിനീകരണവും ഇതിനുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു. നിരവധി തദ്ദേശീയ മത്സ്യങ്ങള്‍ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടാകത്തിന്റെ സ്വാഭാവികമായ വിസ്തൃതി കുറച്ചിരിക്കുന്നു.
ജൈവ വളങ്ങള്‍, കീടനാശിനികള്‍, എന്നിവയ്ക്കൊപ്പം രാസവസ്തുക്കളുടെ ഗണ്യമായ ഉപയോഗവും തടാകത്തിലേക്ക് ഒഴുകുന്നതും മലിനീകരണത്തിനും കാരണമാകുന്നു. കൊല്ലം സിറ്റിയില്‍ നിന്നും സമീപത്തെ വ്യവസായ യൂണിറ്റുകളില്‍ നിന്നും നീണ്ടകര ഹാര്‍ബറില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ബോട്ടുകളില്‍ നിന്നും ടൂറിസ്റ്റ് ഹൗസ് ബോട്ടുകളില്‍ നിന്നും ശുദ്ധീകരിക്കാത്ത മലിനജലവും മാലിന്യവും നേരിട്ട് ഒഴുകിയെത്തുന്നതിനാല്‍ അഷ്ടമുടി മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഭക്ഷ്യ ശൃംഖലകള്‍ മലിനമാക്കുന്നതിലൂടെ സമീപഭാവിയില്‍ മലിനീകരണം ഒരു വലിയ ആരോഗ്യ അപകടമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു സമീപത്തുള്ള കശുവണ്ടി ഫാക്ടറികള്‍, ആശുപത്രികള്‍, ചെറുകിട കമ്പനികള്‍ എന്നിവ ശുദ്ധീകരിക്കാത്ത മാലിന്യങ്ങള്‍ പുറന്തള്ളുന്നു, വ്യാവസായിക മലിനീകരണത്തിന് പുറമേ, ഈ മേഖലയിലെ ചെറുകിട, ഇടത്തരം ബിസിനസ്സുകളുടെ സാന്നിധ്യം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.കായല്‍.മലിനീകരണം, ടൂറിസത്തിന്റെ ദൂഷ്യ വശങ്ങള്‍, നഗരവികസനം എന്നിവ മൂലം ഈ സവിശേഷമായ തണ്ണീര്‍ത്തട ആവാസവ്യവസ്ഥ തകര്‍ന്നു. അഷ്ടമുടി തടാകത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കി സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

കണ്ടല്‍ കാടുകള്‍ അനിവാര്യം
അഷ്ടമുടിക്കായലിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കണ്ടല്‍ കാടുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കണ്ടല്‍ സസ്യങ്ങള്‍, മണ്ണൊലിപ്പ് തടയുകയും തീരപ്രദേശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ചെറുജലജീവികള്‍ക്കും മത്സ്യക്കുഞ്ഞുകള്‍ക്കും ആവാസവും അഭയവും നല്‍കുന്നതിനാല്‍ മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തിന് കണ്ടല്‍ കാടുകള്‍ അനിവാര്യമാണ്.കണ്ടല്‍ കാടുകള്‍ ഉയര്‍ന്ന കാര്‍ബണ്‍ ശോഷണ ശേഷി ഉള്ള ഇക്കോസിസ്റ്റങ്ങളാണ്. ഇവ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് ശേഖരിച്ചു മണ്ണിലും ജൈവഭാഗങ്ങളിലും സൂക്ഷിക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. കൂടാതെ, ജലശുദ്ധീകരണം സാധ്യമാക്കുന്നതിലും കണ്ടല്‍ കാടുകള്‍ സഹായിക്കുന്നു.എന്നാല്‍ അനധികൃത നികത്തല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിക്ഷേപം എന്നിവ മൂലം അഷ്ടമുടിക്കായലിലെ കണ്ടല്‍ കാടുകള്‍ നാശഭീഷണി നേരിടുന്നു. അതിനാല്‍ കണ്ടല്‍ പുനരുദ്ധാനം, നിയമസംരക്ഷണം, പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം എന്നിവ ഉള്‍പ്പെടുത്തി ദീര്‍ഘകാല സംരക്ഷണ തന്ത്രങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.അനിയന്ത്രിതമായ ഹൗസ്‌ബോട്ട് പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അമിതമായ മോട്ടോര്‍ ബോട്ടിംഗ് എന്നിവ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നു.
(തുടരും)
9447591810
(അദ്ധ്യാപകന്‍,രാഷ്ട്രീയ നിരീക്ഷകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ പ്രവര്‍ത്തിക്കുന്നു)






