ദുഃഖം: സത്യാന്വേഷണത്തിലേക്കുളള വാതില്‍
ജീവിതത്തില്‍ ഓരോ സന്ദര്‍ഭങ്ങളിലും നമുക്കുണ്ടാകുന്ന വിഷാദങ്ങളേയും ദുഃഖങ്ങളേയും തള്ളിമാറ്റേണ്ടതാണെന്ന് കരുതേണ്ടതില്ല. ഒരുപക്ഷേ, ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറന്നുതരാന്‍ ദുഃഖങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ദുഃഖത്തിന് യോഗാത്മകതയിലേക്ക് ഉണരാനുള്ള സാദ്ധ്യതയുണ്ടെന്നത് നമുക്ക് തള്ളിക്കളയാനാവില്ല.

ഒരാളുടെ ബോധത്തില്‍ നിന്ന് സത്യദര്‍ശനം വെളിയിലേക്ക് വരുമ്പോള്‍, ആ ആളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു അനുഭവം അതിന്റെ മൂലക്കല്ലായി ഇരിപ്പുണ്ടാകും. നേരത്തെ നമ്മള്‍ പറഞ്ഞതുപോലെ ‘സ്‌നേഹം’ എന്ന് പരിഹാസത്തോടെ പറയുന്നത്, സ്‌നേഹം കൊണ്ട് വേദനയുണ്ടായതുകൊണ്ടാണ്. അല്ലെങ്കില്‍ നമ്മളത് പറയില്ല. ഉദാത്തമായ ഒരു അനുഭവപ്രപഞ്ചമാണ് സ്‌നേഹമെന്ന് ആരെങ്കിലും പറയുമ്പോള്‍ നമുക്ക് പുച്ഛം തോന്നുന്നത് സ്‌നേഹത്താല്‍ അടികിട്ടിയതു കൊണ്ടാണ്. ഇതേ നമ്മളെ ആരെങ്കിലും ഒന്ന് ആഴത്തില്‍ സ്‌നേഹിക്കട്ടെ, എന്തിനോടെങ്കിലും ആഴത്തിലൊരു സ്‌നേഹം തോന്നട്ടെ. തൊട്ടു മുമ്പ് പറഞ്ഞത് നാം മാറ്റിപ്പറയും. ഇതേ കാര്യമാണ് ബുദ്ധനില്‍ സംഭവിക്കുന്നത്. ജീവിതം ദുഃഖമാണെന്ന് ബുദ്ധന്‍ പറയുന്ന പരമമായ ഒരു യാഥാര്‍ത്ഥ്യം വ്യക്തിപരമായ ഒരനുഭവത്തില്‍ നിന്ന് സംഭവിച്ചതാണ്.
നമ്മുടെ പ്രശ്‌നം, നാം അസ്വസ്ഥരായിരിക്കുന്നു എന്നതാണ്. നാം മുറിവേറ്റവരായിരിക്കുന്നു എന്നതാണ്. നാം വിഷമിക്കുന്നു എന്നതാണ്. അതുകൊണ്ട് ദുഃഖമാണ് നമ്മുടെ അന്വേഷണത്തിന്റെ എല്ലാ വാതിലുകളും തുറന്നു തരുന്ന ആദ്യത്തെ സത്യം.
എന്തുകൊണ്ട് എനിക്ക് ദുഃഖം ഉണ്ടായി? എന്തിനാണ് ഞാനിങ്ങനെ ദുഃഖിക്കുന്നത്? എന്താണ് ദുഃഖം എന്ന് പറയുന്നത്? എന്തുകൊണ്ടാണ് ജനനവും വാര്‍ദ്ധക്യവും രോഗവും സന്തോഷം നല്‍കുന്ന ഇടങ്ങളുമായി ചേര്‍ന്ന് പോകാന്‍ കഴിയാതെ പോകുന്നതും, ഒരു സന്തോഷവും തരാത്ത ഇടങ്ങളില്‍ നിരന്തരം ഇടപെടേണ്ടി വരുന്നതും? ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു? ഇതിന്റെ കാരണമെന്താണ്? എന്ന അന്വേഷണമാണ് അടുത്ത ആര്യസത്യമായി ബുദ്ധന്‍ മുന്നോട്ട് വയ്ക്കുന്നത്. ദുഃഖത്തിനു കാരണം എന്തെന്ന് അദ്ദേഹത്തിന്റെ ജീവിതാനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ അറിവ് വെച്ചാണ് ബുദ്ധന്‍ നമ്മോട് പറയുന്നത്.
ജീവിതത്തില്‍ ഓരോ സന്ദര്‍ഭങ്ങളിലും നമുക്കുണ്ടാകുന്ന വിഷാദങ്ങളേയും ദുഃഖങ്ങളേയും തള്ളിമാറ്റേണ്ടതാണെന്ന് കരുതേണ്ടതില്ല. ഒരുപക്ഷേ, ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറന്നുതരാന്‍ ദുഃഖങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ദുഃഖത്തിന് യോഗാത്മകതയിലേക്ക് ഉണരാനുള്ള സാദ്ധ്യതയുണ്ടെന്നത് നമുക്ക് തള്ളിക്കളയാനാവില്ല.
യുദ്ധത്തില്‍ കൗരവപ്പടയുടെയും പാണ്ഡവപ്പടയുടെയും നടുവില്‍ ചെന്നു നിന്ന്, ‘ആരെയും തോല്‍പിച്ച് എനിക്ക് രാജ്യം വേണ്ട’ എന്ന് വിഷാദാര്‍ദ്രമായ ഹൃദയത്തോടെ കൃഷ്ണനോട് പറയുന്ന അര്‍ജ്ജുനന്‍ അനുഭവിക്കുന്ന ഒരവസ്ഥയുണ്ട്. ആനന്ദത്തിലല്ല അര്‍ജ്ജുനന്‍ അത് പറയുന്നത്. ആ വിഷാദം ഒരു യോഗമാണ്. തന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് മാത്രം നോക്കിയിട്ടല്ല അര്‍ജ്ജുനന്‍ അങ്ങനെ പറഞ്ഞത്. ഇവിടെ ബുദ്ധനും ‘ജീവിതം ദുഃഖമാണ്’ എന്നു പറഞ്ഞത് സര്‍വലോകത്തിലേക്കും നോക്കിയിട്ടാണ്.
ഈ ലോകത്തെ നോക്കിയിട്ട്, ജീവിതമെന്നത് ദുഃഖമാണ്, ഇനി ഇതിന്റെ അര്‍ത്ഥം തേടുന്നതില്‍ ഒരു കാര്യവുമില്ല എന്ന് ചിന്തിച്ച് അതില്‍ വിലപിച്ച്, അമര്‍ന്നു ജീവിച്ചു മരിച്ചാല്‍ മതി എന്നു തീരുമാനിക്കുകയല്ല ബുദ്ധന്‍ ചെയ്തത്. പച്ചയായ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് ആ സത്യത്തെ പൂര്‍ണ്ണ ഹൃദയത്തോടെയും പൂര്‍ണ്ണ ആത്മാവോടെയും അഭിമുഖീകരിച്ച്, ആ സത്യത്തെ ഒരു ചവിട്ടുപടിയായി കണ്ടുകൊണ്ട് മുന്നോട്ടു പോകുകയാണ് ബുദ്ധന്‍ ചെയ്തത്.
നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ പല തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ജീവിതത്തിലുണ്ടാകുന്ന ആ തടസ്സത്തെയാണ് അന്വേഷണം എന്ന് പറയുന്നത്. തടസ്സം മാറിക്കിട്ടണം, ആ കരട് ഒന്നു മാറിക്കിട്ടണം. സൂക്ഷ്മമായി അതേക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് താന്‍ അറിഞ്ഞ അറിവ് വെച്ചുകൊണ്ട് പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ആള്‍ അനുഭവിക്കുന്നത് വലിയ ദുഃഖമാണ്. ഐന്‍സ്റ്റീനിനെ പോലുള്ളവരും കാള്‍സാഗനെ പോലുള്ളവരുമൊക്കെ അങ്ങനെയുള്ള പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സൂക്ഷ്മമായി പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒരെത്തും പിടിയും കിട്ടാതെ തങ്ങി നിന്നുപോയിട്ടുണ്ട്. ദുഃഖമാണത്.
നമ്മെപ്പോലെ, അപ്പുറത്തുള്ള കൂട്ടുകാരന്‍ പിണങ്ങിയതിലുള്ള ദുഃഖമല്ല. അത് ചെറിയ ദുഃഖമല്ല. അതും ദുഃഖം തന്നെയാണ്. വിശന്നിരിക്കുമ്പോള്‍ ഭക്ഷണം കിട്ടണം. ഭക്ഷണം എവിടെയെന്ന് വയറു ചോദിക്കാന്‍ തുടങ്ങുന്നത് ദുഃഖമാണ്. ആ ദുഃഖത്തില്‍ നിന്നാണ് ഭക്ഷണം തേടിയുള്ള അന്വേഷണം ആരംഭിക്കുന്നത്. അതുകൊണ്ട് ദുഃഖം- മുമ്പോട്ടേക്ക് നടക്കൂ എന്ന് നമ്മോട് പറയുന്ന വേദവാക്യമായി വേണം മനസ്സിലാക്കാന്‍. അത് അവസാന വിധിയല്ല. ഒരു തള്ളലാണ്. പക്ഷേ, ആ തള്ളലില്‍ നാം കിടന്നുറങ്ങും. ഇനിയെന്റെ ജീവിതം ഇതാ ഈ ഇരുട്ടറയില്‍ ആയെന്ന് പറഞ്ഞു വിലപിക്കും. അങ്ങനെയല്ല വേണ്ടത് എന്നതുകൊണ്ടാണ് അടുത്ത ഒരു കാര്യത്തിലേക്ക് ബുദ്ധന്‍ പ്രവേശിക്കുന്നത്. അവിടെയാണ് ഒരാള്‍ ബുദ്ധനാകുന്നത്. വാര്‍ദ്ധക്യവും രോഗവും സന്തോഷമുള്ള ഇടങ്ങളില്‍ നിന്ന് വേര്‍പെട്ടു പോകേണ്ടി വരുന്നതുമൊക്കെ വളരെ ആഴത്തില്‍ നമ്മെ ദുഃഖം അനുഭവിപ്പിക്കുന്നു. അതുകൊണ്ട് ജീവിതമെന്നു പറയുന്നത് ദുഃഖമാണെന്ന് കരുതി ബുദ്ധനവിടെ ഇരുന്നില്ല. അര്‍ജ്ജുനവിഷാദയോഗത്തില്‍ നിന്ന് കുറച്ചുകൂടി ഉദാത്തമായിട്ടുള്ള യോഗാത്മതകളിലേക്ക് ഉണര്‍ന്നു പോവാനാവുമെങ്കില്‍ ആ വിഷാദം യോഗാത്മകമാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവും ബുദ്ധിപരവുമായ തടസ്സങ്ങള്‍, വേദനകള്‍, അവഗണനകള്‍, ദുഃഖങ്ങള്‍, ഇവയൊക്കെ മുമ്പോട്ടേക്ക് സഞ്ചരിക്കാനുള്ള വാതിലുകളായി മാറുന്നുണ്ടെങ്കില്‍ ആ ദുഃഖങ്ങളെ സത്യങ്ങളായിട്ട് മനസ്സിലാക്കാം. യോഗാത്മകതയായി മനസ്സിലാക്കാം.
ദുഃഖങ്ങളിലും തടസ്സങ്ങളിലും വട്ടംകറങ്ങി അവിടെതന്നെ കിടന്ന് ഉഴറാനാണ് നമ്മുടെ തീരുമാനമെങ്കില്‍ അത് ആര്യസത്യമല്ല, അത് യോഗാത്മകമല്ല. അതുകൊണ്ട് ഈ നാല് ആര്യസത്യങ്ങളെയും ചേര്‍ത്തു വച്ചുകൊണ്ട് വേണം ബുദ്ധദര്‍ശനത്തെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും.
നല്ല വിഷമമുണ്ടെങ്കില്‍ അത് പറയാന്‍ നമുക്ക് പറ്റണം. ഭയങ്കര ആനന്ദത്തിലാണെന്ന് അപ്പോള്‍ പറയേണ്ട കാര്യമില്ല. പക്ഷേ, അവിടെ നില്‍ക്കരുത്. ജീവിതകാലം മുഴുവന്‍ അത് പറഞ്ഞുകൊണ്ടിരിക്കരുത്. മുമ്പോട്ട് നടക്കാന്‍ വേണ്ടി ആയിരിക്കണം നാമത് പറയേണ്ടത്. നമ്മുടെദുഃഖങ്ങളെ പങ്കുവെക്കേണ്ടത് ദുഃഖത്തില്‍ നിന്നും പുറത്തു വരാന്‍ വേണ്ടി ആയിരിക്കണം.
എന്റെ ദുഃഖത്തിന് പ്രധാന കാരണം ഞാന്‍ തന്നെയാണ് എന്ന കാരണത്തിലേക്ക്, എരിതീയിലേക്ക്, ബാക്കിയുള്ളവര്‍ എണ്ണ ഒഴിച്ചു തരുന്നു എന്നുമാത്രം. അതുകൊണ്ട് നമ്മുടെ ദുഃഖങ്ങള്‍ പറയാതിരിക്കണമെന്നാണോ? ആദ്യം നാം നമ്മോട് ഉറക്കെ പറയണം. പിന്നെ, നമ്മളെ കേള്‍ക്കാന്‍ വേണ്ടി മറ്റുള്ളവരോട് പറയണം. അപ്പോഴാണ് ദുഃഖം ഒരു സത്യമായി മാറുക.
ദുഃഖത്തിന്റെ ഇരുള്‍ക്കയത്തില്‍ നിന്നും മെല്ലെ പുറത്തേക്ക് വരാനുള്ള ആദ്യത്തെ പടി, ദുഃഖത്തെ അംഗീകരിക്കുക എന്നതാണ്.
ആരാണ് ശരി? ആരാണ് തെറ്റ്? എനിക്ക് ദുഃഖം സമ്മാനിച്ചത് ആരാണ്? എന്താണ്? എന്ന് കണ്ടെത്തി, അതാണ്, അവരാണ് അതിന്റെ കാരണക്കാര്‍ എന്നു പറഞ്ഞ്, അവരെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടിയിട്ടാകരുത് എന്റെ ദുഃഖത്തെ വിളിച്ചു പറയുന്നത്. അതുകൊണ്ടാണ് ബുദ്ധന്‍ ദുഃഖമാണ് ജീവിതം എന്ന് പറഞ്ഞിട്ട് രണ്ടാമത്തെ ആര്യസത്യമായി ദുഃഖകാരണം എന്തെന്ന് പറയുന്നത്.
അദ്വൈതം അറിയുന്ന ഒരു വേദാന്തിയെ സംബന്ധിച്ച്, അദ്വൈതം മാത്രമാണ് ശരി. അതല്ലാതെ എന്തുകേട്ടാലും അയാള്‍ക്ക് ദേഷ്യം വരും. ഒരാള്‍ വിശിഷ്ടാദ്വൈതം പറഞ്ഞാല്‍ എന്റെ അദ്വൈതത്തെ ഇല്ലാതാക്കാന്‍ വന്നയാളാണ് അയാളെന്ന് അദ്ദേഹം പറയും. ഇങ്ങനെ ഉദാത്തമായ ദാര്‍ശനിക തലത്തില്‍ നിന്നു തുടങ്ങി വൈകാരികമായ ഏറ്റവും ലോലമായ സ്‌നേഹവിഷയത്തില്‍ വരെ എന്റെ ദുഃഖത്തിന് കാരണമായിരിക്കുന്നത് എനിക്ക് വെളിയിലിരിക്കുന്ന എന്തൊക്കെയോ ആണെന്ന് തീരുമാനിച്ചുറപ്പിച്ച്, ജീവിതകാലം മുഴുവനായും അതിനെ പഴിച്ചു ജീവിക്കുക എന്ന പണിയാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
അങ്ങനെയുള്ള പരാതികളും പരിഭവങ്ങളും ഇല്ലാത്ത മനുഷ്യർ അപൂര്‍വമായിരിക്കും. മഹാഗുരുക്കന്മാര്‍ പോലും വിഷമിച്ചു പറഞ്ഞിട്ടുണ്ട്, എന്തൊരു കഷ്ടമാണ് ഈ ശിഷ്യന്മാരെ കൊണ്ട് ഞാന്‍ തോറ്റു എന്ന്. അപ്പോള്‍ ബുദ്ധന്‍ പറയുന്നുണ്ട്, ശിഷ്യന്മാരെക്കൊണ്ടല്ല ഗുരോ, ഗുരുവിനെക്കൊണ്ടു തന്നെയാണ് ഗുരു തോറ്റിട്ടുള്ളത്.
വലിയൊരു സത്യമാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്. ഒരിക്കലെങ്കിലും താനനുഭവിക്കുന്ന വിഷമത്തിന് പിന്നില്‍, പുറത്തിരിക്കുന്ന ഒരു ആശയമോ വ്യക്തിയോ ഒരിടമോ സാഹചര്യമോ ആണ് കാരണം എന്നുപറഞ്ഞ്, അതില്‍ കുറ്റം ആരോപിക്കാത്ത ഒരാളും ഈ ഭൂമിയിലുണ്ടാവാനിടയില്ല. അങ്ങനെ ആരോപിക്കുന്നത് ഒരു തെറ്റല്ല, അത് സ്വാഭാവികമായ പ്രകൃതമാണ്. അതുകൊണ്ട് നമ്മുടെ സ്വഭാവത്തെ പ്രതി നാം വിഷമിക്കേണ്ടതില്ല. മനസ്സിലാക്കിയാല്‍ മതി. നമ്മളെന്തോ ഭയങ്കര തെറ്റ് ചെയ്‌തെന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. അതിനു പിന്നിലുള്ള കാരണം മനസ്സിലാക്കിയാല്‍ മതി. ആ മനസ്സിലാക്കല്‍ നമ്മെ വെളിച്ചത്തിലേക്ക് നയിക്കും.






