തകര്‍ന്നു പോയ ബുദ്ധന്‍
നമ്മളൊക്കെ നമ്മുടെ ശരികളെ പ്രതി അഭിമാനിക്കുന്നവരാണ്. ബാക്കിയുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാന്‍ നമുക്ക് നല്ല കഴിവാണ്. സ്വന്തം തെറ്റ് കണ്ടുപിടിക്കാന്‍ എപ്പോഴെങ്കിലും സ്വയം ഒന്നു തിരിഞ്ഞു നോക്കിയിട്ടുള്ളവര് അപൂര്‍വമായിരിക്കും. ചൂണ്ടി കാണിച്ചു തരുന്നവരെ നമ്മള്‍ ചവിട്ടി പുറത്താക്കും.

ജീവിതം അത്രമാത്രം ദുഃഖമയമാണെന്ന് പറയേണ്ടി വരാന്‍ ബുദ്ധന്റെ ജീവിതത്തില്‍ ഒരു സാഹചര്യമുണ്ടായി. അത് നമ്മുടെയൊക്കെ ജീവിതത്തിലുള്ള സാഹചര്യങ്ങളുമായി ചേര്‍ന്നിരിക്കുന്നതുകൊണ്ട് നമ്മള്‍ രക്ഷപെട്ടു എന്നു വേണം പറയാന്‍. കാരണം, ആദ്യം തന്നെ ആനന്ദം പറഞ്ഞ് നമ്മെ പേടിപ്പിച്ചില്ല. ജീവിതം ആനന്ദമാണ്, ഞാനിപ്പോള്‍ അതീവമായ ആനന്ദത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നൊന്നും ബുദ്ധന്‍ പറഞ്ഞില്ല. ബുദ്ധന്‍ എന്തുകൊണ്ടാണ് ജനനം ദുഃഖമാണ്, വാര്‍ദ്ധക്യം ദുഃഖമാണ്, രോഗം ദുഃഖമാണ്, എന്നൊക്കെ പറയേണ്ടി വന്നത്? ബുദ്ധന്‍ കൊട്ടാരത്തില്‍ മഹാരാജാവിന്റെ മകനായി ജനിച്ചവനാണ്. ഒരു വലിയ ചക്രവര്‍ത്തിയായി നമ്മുടെ മുമ്പില്‍ ജീവിക്കേണ്ട ആളുമായിരുന്നു. പക്ഷേ, ഈ മകന്‍ വളര്‍ന്നു വലുതായി കഴിഞ്ഞാല്‍ ഒരു ഭിക്ഷു ആയിത്തീരാനുള്ള സാദ്ധ്യതയുണ്ടെന്ന് ജാതകത്തില്‍ എഴുതിയത് അദ്ദേഹത്തിന്റെ പിതാവ് വായിച്ചപ്പോള്‍ അദ്ദേഹം ധരിച്ചു, മനുഷ്യന്‍ വൈരാഗിയാകുക ജീവിതത്തില്‍ ദുരിതങ്ങള്‍ കാണുമ്പോഴായിരിക്കും. ഈ ലൗകികമായ ജീവിതത്തിന്റെ അപ്പുറത്ത് എന്തെങ്കിലും സത്യമുണ്ടോ എന്ന ഒരന്വേഷണം വരിക നൈമിഷികവും നിരര്‍ത്ഥകവുമായിട്ടുള്ള ജീവിതത്തെ കാണേണ്ട സാഹചര്യം ഉണ്ടാകുമ്പോഴാണ്. അങ്ങനെയാണെങ്കില്‍ തന്റെ മകന്‍ ഇതൊന്നും കാണാതെ കഴിയട്ടെ എന്നദ്ദേഹം തീരുമാനിച്ചു.
വാര്‍ദ്ധക്യം എന്തെന്നറിയാതെ, രോഗം എന്തെന്ന് കാണാതെ, മനുഷ്യര്‍ അനുഭവിക്കുന്ന ഒരു ദുഃഖവും അറിയാതെ, സുഖലോലുപതയുടെ, പ്രസന്നതയുടെ, നിലാവിന്റെ, പൗര്‍ണ്ണമിയുടെ, സൂര്യോദയത്തിന്റെയും അസ്തമയ സൗന്ദര്യങ്ങളുടെയും മാത്രം ലോകത്ത്, ഋതുഭേദങ്ങളുടെ സ്വാഭാവികമായ പ്രകൃതിയിലെ മാറ്റങ്ങള്‍ ഒന്നും അനുഭവിക്കാതെ, ജീവിതത്തിന്റെ പ്രസന്നത മാത്രം അനുഭവിക്കാവുന്ന തരത്തിലുള്ള ഒരു സാഹചര്യത്തെ കൃത്രിമമായി സൃഷ്ടിച്ച് അതിനുള്ളില്‍ മാത്രം ബുദ്ധനെ ആ വാത്സല്യവാനായ പിതാവ് വളര്‍ത്തി. വളരെ യാദൃച്ഛികമായി അതില്‍ നിന്ന് പുറത്തു വന്ന അദ്ദേഹത്തിന് വാര്‍ദ്ധക്യത്തെ കാണേണ്ടി വന്നു, രോഗാവസ്ഥയെ കാണേണ്ടി വന്നു, മനുഷ്യര്‍ ദുഃഖമനുഭവിക്കുന്നത് കാണേണ്ടി വന്നു.
മനുഷ്യജീവിതത്തില്‍ സ്വാഭാവികമായുണ്ടാകുന്ന പരിണാമമായ ദുഃഖവും വാര്‍ദ്ധക്യവുമൊക്കെ പെട്ടെന്നൊരു ദിവസം കണ്ട ബുദ്ധന്‍ മാനസികമായ ആഘാതമാണ് ഉണ്ടാകുന്നത്. ബുദ്ധന്‍ തകര്‍ന്നു പോവുകയാണ് ചെയ്യുന്നത്. ശരീരവും മനസ്സും ബുദ്ധിയും ഗൗതമന്റെ കയ്യില്‍ നിന്ന് പിടിവിട്ടു പോവുകയാണ് ചെയ്യുന്നത്. എന്താണിത്? താനിതുവരെ അറിയാതിരുന്ന, കാണാതിരുന്ന ഒരിടം. ആ ഇടത്തെ കുറിച്ച് അദ്ദേഹത്തിന് ഒരു പിടിയും കിട്ടുന്നില്ല. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം ഏതോ ഇരുളില്‍ പോയി വീണതു പോലെ. ഭാര്യ, കുട്ടി, രാജ്യം എന്ന ചിന്തകളെല്ലാം അവിടെ മങ്ങിപ്പോകുന്നു. ഭാര്യയെ ഉപേക്ഷിച്ചത് ശരിയാണോ? കുട്ടിയെ ഉപേക്ഷിച്ചത് ശരിയാണോ? എന്നൊക്കെ സ്വസ്ഥമായ ഒരിടത്തിരുന്ന് നമ്മള്‍ ചോദിക്കുന്നു. അവിടെ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയായിരുന്നു ബുദ്ധന്‍. എന്തു മാനദണ്ഡം വെച്ചാണ് നമ്മള്‍ ഒരാളെ നിര്‍ണ്ണയിക്കുന്നത്? ബുദ്ധന്‍ കൊട്ടാരം ഉപേക്ഷിച്ച് പോയതല്ല. ബുദ്ധന്‍ കൊട്ടാരത്തില്‍ ഇരിക്കാന്‍ പറ്റാത്തതുകൊണ്ട് പോയതാണ്. ശരീരവും മനസ്സും ബുദ്ധിയും അങ്ങനെ കത്തി നില്‍ക്കുമ്പോള്‍, ഉള്ളം ചോദ്യങ്ങളുടെ ശരങ്ങള്‍ കൊണ്ട് സ്വയം കത്തിയമരുമ്പോള്‍ എങ്ങനെ അച്ഛനേയും അമ്മയേയും കാണും? കാണാന്‍ കഴിയില്ല. ബുദ്ധന്‍ ചെയ്തത് ശരിയാണോ എന്ന് ചോദിക്കുമ്പോള്‍ തിരിച്ചൊരു ചോദ്യം ചോദിക്കാറുണ്ട്. ഒരാള്‍ പട്ടാളത്തില്‍ ചേര്‍ന്നു. അദ്ദേഹം ഒരു കമാന്‍ഡറായി. പട്ടാളത്തില്‍ ചേരുമ്പോള്‍ മനസ്സാ എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്. ”രാജ്യത്തിന് വേണ്ടി ഞാന്‍ അതിര്‍ത്തി രാജ്യവുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ഒരു കാരണവശാലും പിന്മാറില്ല, എന്റെ കീഴിലുള്ള എല്ലാ പട്ടാളക്കാര്‍ക്കും ധീരത പകര്‍ന്ന് മുമ്പില്‍ നിന്ന് നയിക്കുമെന്ന്.” അതാണ് കമാന്‍ഡര്‍ – ഇന്‍ – ചീഫ്.
ഒരിക്കല്‍ അതിര്‍ത്തിയില്‍ യുദ്ധം വന്നു. യുദ്ധത്തില്‍ പങ്കെടുത്താല്‍ തീര്‍ച്ചയായും മരണം ഉറപ്പാണ്. ശത്രുപക്ഷത്തുനിന്ന് വരുന്ന പട്ടാളം വളരെ ശക്തിയുള്ളവരാണ്. വീട്ടില്‍ ഭാര്യയുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണിയാണ്. ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യയോട് കാണിക്കേണ്ട ഉത്തരവാദിത്വം എന്താണ്? ഭാര്യയ്ക്ക് മറ്റാരുമില്ല, ഭര്‍ത്താവ് മാത്രമേയുള്ളൂ, അവര്‍ വീട്ടില്‍ കാത്തിരിക്കുകയാണ്. താന്‍ പ്രസവിക്കുമ്പോള്‍ തന്റെയടുത്ത് പ്രിയതമന്‍ ഉണ്ടാവണമെന്ന അദമ്യമായ ആഗ്രഹത്തോടെ, സ്നേഹത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാര്യ ഒരു ഭാഗത്ത്. മറുഭാഗത്ത്, താന്‍ നൂറു ശതമാനം ഉറപ്പു കൊടുത്ത് പ്രതിജ്ഞയെടുത്ത തന്റെ കീഴിലുള്ള പട്ടാളക്കാരുമായി യുദ്ധത്തിന് രാജ്യാതിര്‍ത്തിയിലേക്ക് പോകുന്ന കമാന്‍ഡര്‍ – ഇന്‍ – ചീഫ്. ഇവിടെ എന്ത് ചെയ്താലാണ് ശരി? അയാള്‍ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുവരുന്നതാണോ ശരി? യുദ്ധമുഖത്തുനിന്നും പിന്മാറാതെ മറ്റെല്ലാ പട്ടാളക്കാരുടെയും ജീവന്‍ മരണത്തിന് വിട്ടുകൊടുക്കാതെ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന ആളാണോ ശരി? ജലാലുദ്ദീന്‍ റൂമിയുടെ മനോഹരമായ ഒരു കവിതയില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്: ഒരു പുല്‍മേട്ടില്‍ സുന്ദരിയായ ഒരു മാന്‍പേട, കുഞ്ഞുങ്ങളുമൊത്ത് പുല്ലു മേഞ്ഞു നടക്കുകയാണ്. കുറച്ചപ്പുറത്ത് ഒരു മരത്തിന്റെ മറവില്‍ പുലി പതുങ്ങിയിരിക്കുന്നു. ഗുഹയില്‍ വിശന്നു വലഞ്ഞിരിക്കുന്ന തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പുലി മാനിനെ ലക്ഷ്യം വച്ച് പതുങ്ങിയടുക്കുന്നു. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഞാന്‍ ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് റൂമിയുടെ ചോദ്യം. തന്റെ പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം നിഷ്‌കളങ്കമായി പുല്ലു മേഞ്ഞു കൊണ്ടിരിക്കുന്ന മാന്‍പേടയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണോ? അതോ ഗുഹയില്‍ അന്നത്തിനായി കാത്തിരിക്കുന്ന ആ പുലിക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണോ? വളരെ നിസ്സഹായമായ ഒരു അവസ്ഥയാണ്. നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം മാന്‍പേട രക്ഷപ്പെടുക എന്നുള്ളതാണ് ആഗ്രഹിക്കുന്നത്. കാരണം, അത്രമാത്രം സ്ഥൂലതയില്‍ ആയിരിക്കുന്നവരാണ് നമ്മള്‍. ബുദ്ധന്‍ അനുഭവിച്ച ഒരു നോവുണ്ട്. നമുക്ക് ബുദ്ധന്റെ ഭാര്യയും കുഞ്ഞും എന്ന് പറയുന്നത് മാന്‍പേടയുടേത് പോലെയാണ്. ആരാണ് ശരി എന്ന് ചോദിച്ചു കഴിഞ്ഞാല്‍, ഇവിടെ ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കാന്‍ നമ്മളാരാണ്? മറ്റുള്ളവരെ വിധിക്കാന്‍ നമ്മളാരാണ് എന്ന ചോദ്യം ഉത്തരം കിട്ടാതെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. പക്ഷം ചേര്‍ന്നല്ലാതെ എങ്ങനെയാണ് നമുക്ക് ശരിതെറ്റുകളെ നിര്‍ണ്ണയിക്കാന്‍ കഴിയുക. രണ്ടു പക്ഷത്തു നിന്നും മാറി നിഷ്പക്ഷമായ ഒരു മദ്ധ്യബിന്ദുവില്‍ വന്നു നില്‍ക്കുമ്പോഴേ നമ്മള്‍ നിസ്സഹായരായി പോവുന്നല്ലോ എന്ന തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ. അറിവ് ഒരു നിസ്സഹായതയാണ്. നമ്മളൊക്കെ നമ്മുടെ ശരികളെ പ്രതി അഭിമാനിക്കുന്നവരാണ്. ബാക്കിയുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാന്‍ നമുക്ക് നല്ല കഴിവാണ്. സ്വന്തം തെറ്റ് കണ്ടുപിടിക്കാന്‍ എപ്പോഴെങ്കിലും സ്വയം ഒന്നു തിരിഞ്ഞു നോക്കിയിട്ടുള്ളവര് അപൂര്‍വമായിരിക്കും. ചൂണ്ടി കാണിച്ചു തരുന്നവരെ നമ്മള്‍ ചവിട്ടി പുറത്താക്കും. നമുക്ക് ബാക്കി ആരും ശരിയല്ല. എല്ലാവരും കുറവുള്ളവരാണ്. എല്ലാവരും ഒന്നിനും കൊള്ളാത്തവരാണ്, കാപട്യമുള്ളവരാണ്. ഇവിടെ കാപട്യമില്ലാത്ത ഒരേ ഒരാള്‍ ഞാന്‍ മാത്രമാണ്. നമുക്കെല്ലാവര്‍ക്കും അങ്ങനെയാണ്. ബുദ്ധന്‍ തകര്‍ന്നു പോവുകയാണ്. എന്തുകൊണ്ടാണ് താന്‍ തകരുന്നതെന്നു പോലും ബുദ്ധന്‍ അറിയുന്നില്ല. അത്രമാത്രം സുഖലോലുപതയുടെ ലോകത്ത് ജീവിച്ചിട്ട് പെട്ടെന്നൊരു ദിവസം പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ചെന്ന് പെടേണ്ടി വരുമ്പോള്‍ തകര്‍ന്നു പോകുന്നതാണ് മനസ്സ്. സെയ്ന്റ് ഫ്രാന്‍സിസിന്റെ ജീവിതത്തിലും നമ്മളിത് കാണുന്നുണ്ട്. ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സെയിന്റ് ഫ്രാന്‍സിസ്, ക്ലാര എന്ന പെണ്‍കുട്ടിയില്‍ അനുരക്തനായി അവളെ പിന്തുടര്‍ന്ന് ചെല്ലുമ്പോള്‍ കാണുന്നത് പാറയിടുക്കുകളില്‍ കുഷ്ഠരോഗികള്‍ക്ക് ഭക്ഷണവും മരുന്നും കൊടുക്കുന്നതാണ്. ആ കുഷ്ഠരോഗികളെ കണ്ട് തകര്‍ന്നു തരിപ്പണമായി വീട്ടില്‍ തിരിച്ചെത്തി പനി ബാധിച്ച് ഭ്രാന്തനെപ്പോലെ ആയിത്തീര്‍ന്ന സെയ്ന്റ് ഫ്രാന്‍സിസിന്റെ കഥ നമുക്കറിയാം. ആ ഉന്മാദാവസ്ഥയില്‍ പിതാവിന്റെ ഫാക്ടറിയിലെത്തി വസ്ത്രങ്ങളെല്ലാം വലിച്ച് തെരുവിലേക്കെറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ അച്ഛനും തകര്‍ന്നു പോകുന്നു. മകന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ സ്വന്തം വസ്ത്രങ്ങള്‍ മുഴുവന്‍ ഊരിക്കൊടുത്ത് എവിടേക്കെന്നില്ലാതെ നടന്നു പോകുന്ന സെയ്ന്റ് ഫ്രാന്‍സിസിനെ നമ്മള്‍ വായിക്കുന്നുണ്ട്. മറ്റൊരു ബുദ്ധനാണ്. എന്താണ് ചെയ്യുന്നതെന്ന് സെയ്ന്റ് ഫ്രാന്‍സിസ് അറിയുന്നു പോലുമില്ല. ഭ്രാന്ത് പിടിച്ചത് പോലെയാണ്. ആരാണ് ശരി? നമ്മള്‍ പുറത്തിരുന്ന് യുക്തിഭദ്രമായി ഇതിനെയൊക്കെ പഠിക്കാന്‍ ശ്രമിക്കും. ഒരു യുക്തിക്കും ഇടപെടാന്‍ കഴിയാത്ത ചില മാനസിക പ്രവാഹങ്ങള്‍ക്ക് അടിമപ്പെട്ടു പോകേണ്ടി വരും നമ്മള്‍, ചില സമയങ്ങളിലെങ്കിലും. ബുദ്ധന്‍ അങ്ങനെയൊരു സന്ദര്‍ഭത്തിലൂടെയാണ് കടന്നുപോയത്. എവിടേക്കെന്നില്ലാതെ, എന്തിനെന്നില്ലാതെ. തന്റെ ബോധത്തില്‍വന്നു വീണ അഗ്നികുണ്ഡത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. ഒരു തീപ്പന്തം വന്ന് ശരീരത്തിനുമേല്‍ വീഴുന്ന പോലെയുള്ള അനുഭവമാണത്. കടുത്ത ദുഃഖം! തൊട്ടു മുമ്പില്‍ വാര്‍ദ്ധക്യം, മരണം, രോഗം ഇതെല്ലാം കണ്ടപ്പോള്‍, ഇതാണോ ജീവിതം എന്ന ചോദ്യത്തിന് മുമ്പില്‍ തന്റെ ബോധം കത്തിനില്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും ഈ തീ ഒന്നണഞ്ഞിരുന്നെങ്കില്‍ എന്ന് കരുതിയിട്ടാണ് ഓടുന്നത്. അവിടെ കൊട്ടാരമോ അച്ഛനോ അമ്മയോ ഭാര്യയോ കുഞ്ഞോ ഒന്നുമില്ല. ഞാന്‍ നാളെ പാതിരാത്രി വീട് ഉപേക്ഷിക്കാന്‍ പോവുകയാണ് എന്നു തീരുമാനിച്ചുറപ്പിച്ചിട്ടു പോകുന്നതുമല്ല. ഞാന്‍ സത്യാന്വേഷണത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ് എന്നെഴുതി വെച്ച് പ്രഖ്യാപനം നടത്തി നാളെ സൂര്യോദയത്തിന് മുമ്പ് പുറപ്പെടും, എനിക്ക് സത്യത്തെ കണ്ടെത്തിയേ പറ്റൂ. ഭാര്യ, കുട്ടി, അധികാരം, ഭൂമി ഇതൊന്നും എനിക്ക് ആവശ്യമില്ല. ഞാന്‍ സത്യം കണ്ടെത്തിയിട്ടേ തിരിച്ചു വരൂ എന്ന് തീരുമാനിച്ച്, സത്യം അന്വേഷിച്ചിറങ്ങി പുറപ്പെട്ടതുമല്ല ബുദ്ധന്‍. താന് കണ്ട, തനിക്ക് സഹിക്കാനാവാത്ത രീതിയിലുള്ള അനുഭവത്തെ പ്രദാനം ചെയ്ത അഗ്നികുണ്ഡത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള യാത്രയായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സാധനാ രീതികളിലൂടെയും കടന്നു പോയി. എങ്ങനെയെങ്കിലും ശാന്തമാവണം, അകം പ്രശാന്തമാവണം എന്ന സുനിശ്ചിതത്വം ബോധത്തില്‍ ഉണ്ടായിരുന്നിരിക്കണം. എന്താണിത്, എന്തിനാണ് ഇങ്ങനെ സംഭവിക്കുന്നത് ? ഒരു പിടിയും കിട്ടുന്നില്ല. ദുഃഖമയമായ ഒരു ലോകത്തെ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരുന്നു. നമ്മളും ഏകദേശമൊക്കെ അങ്ങനെ ജീവിക്കുന്ന മനുഷ്യരായതു കൊണ്ട് അദ്ദേഹം പറയുന്നത് ആ അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ പോലും കുറച്ചൊക്കെ മനസ്സിലാവും. ജീവിതം ദുഃഖമാണ് എന്ന അനുഭവത്തിന് ഇത്രമാത്രം അദ്ദേഹത്തിന് ഊന്നല്‍ കൊടുക്കേണ്ടി വന്നത് വെറും സന്തോഷത്തിന്റെ മാത്രം ലോകത്തെ അനുഭവിപ്പിച്ചു ജീവിച്ചതുകൊണ്ടാണ്. സുഖദുഃഖ സമ്മിശ്രമായ, മാനാപമാന സമ്മിശ്രമായ ജീവിതഗതിയിലൂടെ ആയിരുന്നു ബുദ്ധന് പോയിരുന്നതെങ്കില്‍ ഒരുപക്ഷേ ബുദ്ധന്റെ അന്വേഷണയാത്ര വേറെ ആയിരുന്നിരിക്കും.






