ദേവസ്വം രാഷ്ട്രീയം: വൈക്കം സത്യഗ്രഹത്തിന്ശേഷം

വൈക്കം സത്യഗ്രഹ കാലത്ത് ഉരുത്തിരിഞ്ഞ സവര്‍ണ-അവര്‍ണ ബാന്ധവം ഒരു താല്‍ക്കാലിക രാഷ്ട്രീയ പ്രതിഭാസമായിരുന്നു. പിന്നീടുള്ള കാലഘട്ടത്തില്‍ അവര്‍ണരുടെ സാമൂഹിക -രാഷ്ട്രീയ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും സവര്‍ണര്‍ വിട്ടുനിന്നു. ഈഴവരുടെ പ്രായപൂര്‍ത്തി വോട്ടവകാശം അവര്‍ അംഗീകരിച്ചില്ല. സ്വയംഭരണത്തിനു സവര്‍ണനേതാക്കള്‍ നിലകൊണ്ടെങ്കിലും അവര്‍ണരുടെയും ലാറ്റിന്‍ ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ പിന്നാക്ക സമുദായങ്ങളുടെയും ‘മതിയായ പ്രാതിനിധ്യം’ തിരുവിതാംകൂറിലും കൊച്ചിയിലും ശക്തിയാര്‍ജ്ജിച്ചു വന്ന നിയമസഭാ സംവിധാനങ്ങളില്‍ ഉണ്ടാകുന്നതിനു തടയിട്ടു. 1932ലെ തിരുവിതാംകൂര്‍ നിയമസഭാ പരിഷ്‌കാരം വഴി നിലവിലുള്ള ഈഴവ പ്രാതിനിധ്യം പോലും വെട്ടിക്കുറക്കുവാന്‍ സവര്‍ണ നേതാക്കള്‍ പിന്തുണ നല്‍കി. രാഷ്ട്രീയ പരിരക്ഷയല്ല ഭരണപ്രക്രിയയില്‍ അവര്‍ണരുടെ മതിയായ പ്രാതിനിധ്യമാണു രാഷ്ട്രീയ നീതിയുടെ അളവുകോല്‍ എന്ന ഈഴവ നേതാക്കളുടെ ശബ്ദം അവര്‍ക്കു അരോചകമായിരുന്നു. ഭരണചക്രങ്ങളിലെ ആനുപാതിക പ്രാതിനിധ്യമെന്നത് ഒരുബഹുസ്വര രാഷ്ട്രീയത്തിലെ ജനാധിപത്യ രാഷ്ട്രീയ നീതിയാണെന്നു സമര്‍ത്ഥിച്ച സഹോദരനയ്യപ്പനെ സാമുദായിക വാദിയെന്നു മുദ്രകുത്തി. ദേശീയവാദികളും സ്വയംഭരണവാദികളുമായ സവര്‍ണനേതാക്കളുടെ നിലപാടുകള്‍ ‘കുത്തക സാമുദായിക വാദത്തിന്റേതാണെന്നു അയ്യപ്പനും സി. കേശവനും വാദിച്ചു. നിയമസഭകളിലും, ബ്യൂറോക്രസിയിലും ആനുപാതിക പ്രാതിനിധ്യമെന്നതു രാഷ്ട്രിയ ലക്ഷ്യമാക്കിയ ഈഴവരും മറ്റു പിന്നാക്ക വിഭാഗ സമുദായങ്ങളും തിരുവിതാംകൂറില്‍ ഒന്നിച്ചതും സംയുക്ത നിവര്‍ത്തന പ്രക്ഷോഭണ പരിപാടികള്‍ ആരംഭിച്ചതും ദേശീയതയുടെ ഭാഗമായി കാണുവാന്‍ സവര്‍ണനേതാക്കള്‍ക്കു കഴിഞ്ഞില്ല. നൂറ്റാണ്ടുകളായി നിലനിന്നു പോന്ന സവര്‍ണജാതി ആധിപത്യം, സ്വയംഭരണം ലഭിച്ചാലും നിലനിര്‍ത്തപ്പെടണമെന്ന ഗൂഢമായ ലക്ഷ്യം അധികാരസ്ഥാനങ്ങളില്‍ അവരുടെ കുത്തക നിലനിര്‍ത്തിയും, ക്ഷേത്രപ്രവേശനം നിഷേധിച്ചും സാധിച്ചെടുക്കാമെന്ന അധികാര ആര്‍ത്തിയിലായിരുന്നു അവര്‍. മാറു മറയ്ക്കാനും, വഴി നടക്കുവാനും, വിദ്യാലയങ്ങളില്‍ പ്രവേശിക്കുവാനും ഭരണകൂടം വിളംബരം പുറപ്പെടുവിച്ചപ്പോഴൊക്കെ, അത്തരം മനുഷ്യാവകാശങ്ങള്‍ നല്‍കാതിരിക്കുവാനും അവര്‍ണ്ണരെ അടിച്ചമര്‍ത്താനും ശ്രമിച്ചത് സവര്‍ണ ഉദ്യോഗസ്ഥരും, സവര്‍ണപട്ടാളവും, സവര്‍ണപാരമ്പര്യവാദികളുമായിരുന്നു. 19-ാം നൂറ്റാണ്ടിലുടനീളം നിലനിന്ന സാമൂഹിക നീതി നിഷേധം തുടര്‍ന്നു അനുഭവിച്ച് അടിച്ചമര്‍ത്തപ്പെട്ടവരാകുവാന്‍ അവര്‍ണ്ണര്‍ക്കു കഴിയുമായിരുന്നില്ല. അവര്‍ണരുടെ പ്രതികരണങ്ങള്‍ക്കു 20-ാം നൂറ്റാണ്ടില്‍ സ്ഥൂലരൂപങ്ങളുണ്ടായി. അതിലൊന്നായിരുന്നു വൈക്കം സത്യഗ്രഹം. മറ്റൊന്നായിരുന്നു 1932ലാരംഭിച്ച നിവര്‍ത്തന പ്രക്ഷോഭണം. അവര്‍ണരെ പ്രലോഭിപ്പിച്ചു നടത്തിയ വൈക്കം സത്യഗ്രഹം ഒരുതരത്തില്‍ ഗാന്ധിജിയുടെ സത്യഗ്രഹ പരീക്ഷണമായിരുന്നു. എന്നാല്‍ വൈക്കം സത്യഗ്രഹ കാലത്തും അതിനുശേഷവും സഞ്ചാരസ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ നടന്നുകൊണ്ടിരുന്നു. തിരുവാര്‍പ്പിലും അമ്പലപ്പുഴയിലും, വടക്കന്‍ പറവൂരിലെ കണ്ണന്‍കുളങ്ങരയിലും നടന്ന സഞ്ചാരസ്വാതന്ത്ര്യ സമരങ്ങളില്‍ ടി.കെ. മാധവന്‍ ഇടപെട്ടു.

ക്ഷേത്രപ്രവേശനം ജന്മാവകാശം.
ഗാന്ധിയുടെ മനംമാറ്റം

ക്ഷേത്രപ്രവേശനം ജന്മാവകാശമായാണു ഈഴവര്‍ കരുതുന്നതെന്ന തിരിച്ചറിവുണ്ടായ ഗാന്ധിജി 1927 ഒക്ടോബറില്‍ മാധവനോടും കൂരൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനോടും ക്ഷേത്ര പ്രവേശനത്തിനുവേണ്ടി സത്യഗ്രഹം തുടങ്ങുവാന്‍ ആവശ്യപ്പെട്ടു. (1921-ല്‍ ഗാന്ധിജി മാധവനു നല്‍കിയ ക്ഷേത്രപ്രവേശന സമരത്തിനുള്ള അനുവാദം പിന്‍വലിക്കേണ്ടി വന്നത് അങ്ങനെ തിരുത്തപ്പെട്ടു) 1927-ല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ആരംഭിച്ചതീണ്ടല്‍ ഉച്ചാടന സമരങ്ങളും ക്ഷേത്രപ്രവേശന സത്യഗ്രഹസമരങ്ങളും ഗാന്ധിജിയെ ഒരു പുനര്‍ചിന്തനത്തിനു പ്രേരിപ്പിച്ചിരിക്കാം. 1927 മാര്‍ച്ചില്‍ അംബേദ്കര്‍ മഹാരാഷ്ട്രയിലെ മഹദിന്‍ ദളിതര്‍ക്കു പൊതുകിണറുകളും ടാങ്കുകളും ഉപയോഗിക്കുവാനുള്ള അവകാശത്തിനുവേണ്ടി മഹദ് സത്യഗ്രഹം നടത്തി. ചൗഡര്‍ടാങ്കില്‍ നിന്നും അംബേദ്കര്‍ വെള്ളം കോരി കുടിച്ചു. അദ്ദേഹത്തെ പിന്തുടര്‍ന്നു ആയിരക്കണക്കിനു തൊട്ടുകൂടാത്തവര്‍ ടാങ്കില്‍ നിന്നും വെള്ളം കോരി കുടിച്ചു. പിന്നാലെ സവര്‍ണര്‍ ഗോമൂത്രവും ചാണകവും ചേര്‍ന്നുള്ള മിശ്രിതം 108 കലങ്ങളിലാക്കി ടാങ്കിലൊഴിച്ചു. മന്ത്രങ്ങള്‍ ചൊല്ലി ശുദ്ധി ചെയ്തു!

അംബേദ് കര്‍

അംബേദ്ക്കറും
ക്ഷേത്രപ്രവേശന സമരങ്ങളും

ദളിതര്‍ക്കു ക്ഷേത്രപ്രവേശനാവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1927-1933 കാലത്ത് മൂന്നിടത്ത് അംബേദ്ക്കറുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി. 1927 ജൂണ്‍ 27-ാം തീയതി അദ്ദേഹവും അനുയായികളും മഹാരാഷ്ട്രയിലെ അംബാദേവി ക്ഷേത്രത്തിലേക്കു സത്യഗ്രഹ മാര്‍ച്ചു നടത്തി. പക്ഷേ പ്രതിഷേധം വിജയിച്ചില്ല. 1929-ല്‍ മഹാരാഷ്ട്രയിലെ തന്നെ പാര്‍വതി ക്ഷേത്ര പ്രവേശനത്തിനായി മറ്റൊരു സത്യഗ്രഹ സമരം നടത്തി. 1930 മാര്‍ച്ചില്‍ നാസിക്കിലെ പഞ്ചവടിയിലുള്ള കലാറാം ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിനു അനുയായികളുമായി സത്യഗ്രഹ മാര്‍ച്ച് ആരംഭിച്ചു. സമാധാനപരമായ പ്രതിഷേധം ഐപിസി സെക്ഷന്‍ 144 ഉപയോഗിച്ചു സര്‍ക്കാര്‍ നിരോധിച്ചു. സമരം 1933 വരെ തുടര്‍ന്നു. 1934-ല്‍ അദ്ദേഹം ക്ഷേത്ര പ്രവേശന പ്രസ്ഥാനം ഉപേക്ഷിച്ചു.

ടി.കെ. മാധവന്‍

ഗുരുവായൂര്‍ സത്യഗ്രഹം
1931 നവംബര്‍ 1ന് ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ലക്ഷ്യവും ക്ഷേത്രപ്രവേശനമായിരുന്നു സവര്‍ണ നേതാക്കളായിരുന്നു സത്യഗ്രഹവും നിരാഹാരവും മുഖ്യമായും നടത്തിയിരുന്നത്. സമരം ശക്തമായപ്പോള്‍ ക്ഷേത്രം ഒരു മാസത്തേക്കു അടച്ചിട്ടു. വിഗ്രഹചൈതന്യം മറ്റൊരു ക്ഷേത്രത്തിലേക്കു മാറ്റി ഭഗവാനു നിവേദ്യം നല്‍കിക്കൊണ്ടിരുന്നു. ക്ഷേത്രഭാരവാഹികള്‍ വീണ്ടും 1932 ജനുവരി 28നാണു ക്ഷേത്രം തുറന്നത്. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രപ്രവേശനം സംബന്ധിച്ചു 1932 ഡിസംബര്‍ 3-ാം തീയതി പൊന്നാനി താലൂക്കില്‍ സവര്‍ണരുടെയിടയില്‍ ഒരു അഭിപ്രായ സര്‍വെ നടത്തി. 20,1631 പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 15568 സവര്‍ണര്‍ ക്ഷേത്ര പ്രവേശനം നല്‍കാമെന്നു അഭിപ്രായപ്പെട്ടു. (77%) 2579 സവര്‍ണര്‍ എതിര്‍ത്തു (13%) പക്ഷേ അഭിപ്രായ വോട്ടെടുപ്പു പാരമ്പര്യവാദികളെയോ അധികാര കേന്ദ്രങ്ങളെയോ സ്വാധീനിച്ചില്ല. പരാജയപ്പെട്ട ഗുരുവായൂര്‍ സത്യഗ്രഹവും പിന്‍വലിക്കപ്പെടുകയാണുണ്ടായത്.

സി.കേശവന്‍

സ്വതന്ത്ര സമുദായം
1933 സെപ്തംബര്‍ 16-ാം തീയതി സഹോദരനയ്യപ്പന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമസ്ത കേരള തിരുവിതാംകൂര്‍ ഈഴവ യൂത്ത് ഈഴവര്‍ ഹിന്ദുമതക്കൂട്ടില്‍ നിന്നു രക്ഷപ്പെട്ടു ഒരു സ്വതന്ത്ര സമുദായമായി മാറി നില്‍ക്കണമെന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കി. ഈയൊരു ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ഇ. മാധവന്‍ 1934 ഒക്ടോബറില്‍ ‘സ്വതന്ത്രസമുദായം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈഴവര്‍ ഹിന്ദുക്കളല്ല എന്നും ബുദ്ധമത വിശ്വാസികളായിരുന്നു എന്നും ഒരു വമ്പിച്ച ജനവിഭാഗത്തെ ബ്രാഹ്‌മണാധിപത്യത്തിലുള്ള ഹിന്ദുമതം കുടുക്കിലാക്കുകയാണു ചെയ്തതെന്നും വിശദീകരിച്ച മാധവന്‍ ഈഴവര്‍ ഈ നുകം വലിച്ചെറിഞ്ഞ് സ്വതന്ത്രരാകണം എന്നും ആഹ്വാനം ചെയ്തു. തിരുവിതാംകൂര്‍ സര്‍ക്കാരും തുടര്‍ന്നു കൊച്ചി മദ്രാസ് ഗവണ്‍മെന്റുകളും സ്വതന്ത്ര സമുദായത്തിന്റെ കോപ്പികള്‍ കണ്ടുകെട്ടി. 1935-ല്‍ മഹാരാഷ്ട്രയിലെ നാസിക ജില്ലയിലെ യോലയില്‍ വച്ച് ഡോ. അംബേദ്കര്‍ ‘ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല’ എന്നു പ്രതിജ്ഞയെടുത്തു.

ഗുരുവായൂര്‍ സത്യഗ്രഹം

ക്ഷേത്രപ്രവേശന
അന്വേഷണ കമ്മിറ്റി

ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കിയില്ലെങ്കില്‍ അവരില്‍ നല്ലൊരു വിഭാഗം ഹിന്ദുമതം ഉപേക്ഷിക്കുവാനുള്ള സാദ്ധ്യത ഉണ്ട് എന്നു ഗവണ്‍മെന്റ് മനസ്സിലാക്കി. അരനൂറ്റാണ്ടിനുള്ളില്‍ തിരുവിതാംകൂറില്‍ ലക്ഷക്കണക്കിനു ഈഴവരാണ് ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്കു പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് ചേക്കേറിയത്. 1932-ലെ നിയമസഭാ പരിഷ്‌കാരങ്ങളിലും ഈഴവര്‍ തൃപ്തരല്ല എന്നു ഗവണ്‍മെന്റിനറിയാമായിരുന്നു. അന്നത്തെ മത-രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കണം അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം നല്‍കുന്നതിനെ കുറിച്ചു ഒരു ആലോചന സര്‍ക്കാരിനുണ്ടായത്. പക്ഷേ അത്തരമൊരു തീരുമാനം എടുക്കുന്നതിനു പൊതുജനാഭിപ്രായം ഒരു വിദഗ്ദ്ധ സമിതിയിലൂടെ കണ്ടെത്താമെന്നും സമിതിയുടെ അഭിപ്രായമനുസരിച്ച് ക്ഷേത്രപ്രവേശനത്തിനു അനുകൂലമായ ഒരു വിളംബരം നടത്താമെന്നും ഗവണ്‍മെന്റ് പ്രതീക്ഷിച്ചിരിക്കാം. 1922-ല്‍ ദേവസ്വം-റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ വിഭജനം ഒരു വിദഗ്ദ്ധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമായിരുന്നല്ലോ. 1932 നവംബറില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു ഒന്‍പത് അംഗ ക്ഷേത്രപ്രവേശന അന്വേഷണ കമ്മിറ്റിയെ നിയമിച്ചു. തിരുവിതാംകൂറിലെ വിരമിച്ച ദിവാനായ വി.എസ്. സുബ്രഹ്‌മണ്യഅയ്യര്‍ ആയിരുന്നു കമ്മിറ്റി പ്രസിഡന്റ്. ഹൈക്കോടതി ജഡ്ജി കെ. പരമേശ്വരന്‍ പിള്ള, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പറും വിരമിച്ച ഡിസ്ട്രിക് ജഡ്ജിയുമായ എം.ഗോവിന്ദന്‍ (ഈഴവ) , വിരമിച്ച ലാന്‍ഡ് റവന്യൂ കമ്മീഷണറായ കെ. അനന്തനാരായണഅയ്യര്‍, വിരമിച്ച ദിവാന്‍ പേഷ്‌കാരായിരുന്ന ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍, ഹൈക്കോടതി വക്കീല്‍ ടി.കെ. വേലുപ്പിള്ള, ടി.ടി. കേശവന്‍ ശാസ്ത്രി (പുലയസമുദായ അംഗം), നാരായണന്‍ ഭട്ടതിരിപ്പാട് (തന്ത്രി), തരണനല്ലൂര്‍ നമ്പൂതിരിപ്പാട് നോമിനേറ്റ് ചെയ്ത പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ (പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് പട്ടാമ്പി), ഇവരായിരുന്നു കമ്മറ്റി അംഗങ്ങള്‍. അനന്തനാരായണ അയ്യരുടെ മരണത്തെ തുടര്‍ന്നു എസ്.കെ. മഹാദേവഅയ്യര്‍ (മുന്‍ ദിവാന്‍ പേഷ്‌കാര്‍) നിയമിതനായി. മൂന്നു തമിഴ്ബ്രാഹ്‌മണര്‍, രണ്ടു മലയാള ബ്രാഹ്‌മണര്‍, രണ്ടു നായര്‍, ഈഴവനും പുലയനും ഓരോരുത്തര്‍ എന്നിവയായിരുന്നു കമ്മിറ്റിയുടെ ഘടന. ബ്രാഹ്‌മണര്‍ക്കു മുന്‍തൂക്കം ഉള്ള കമ്മിറ്റി ക്ഷേത്ര പ്രവേശനത്തെ അനുകൂലിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. 24 പ്രദേശങ്ങളില്‍ 112 സിറ്റിംഗ് നടത്തിയും വ്യക്തികള്‍ക്കു ചോദ്യാവലി അയച്ചുകൊടുത്തും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചും തയ്യാറാക്കിയ പത്ത് അദ്ധ്യായങ്ങളുള്ള റിപ്പോര്‍ട്ടിലെ ആദ്യ അദ്ധ്യായം തീണ്ടലിനെയും അവര്‍ണന്റെ ക്ഷേത്ര പ്രവേശനത്തെയും നിഷേധിക്കുന്ന വേദം മുതല്‍ തന്ത്രസമുച്ചയം വരെയുള്ള ഹിന്ദുശാസ്ത്രഭാഗങ്ങള്‍ അവതരിപ്പിച്ചു തീണ്ടല്‍ ദൈവികമാണെന്നു സ്ഥാപിക്കുകയായിരുന്നു. സവര്‍ണരില്‍ നായര്‍ വിഭാഗത്തിന്റെ ഭൂരിപക്ഷാഭിപ്രായം ക്ഷേത്രപ്രവേശനത്തിനു അനുകൂലമായിരുന്നെങ്കില്‍, അഭിപ്രായം രേഖപ്പെടുത്തിയ ബ്രാഹ്‌മണരില്‍ ഭൂരിക്ഷവും ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചില്ല. ക്ഷേത്രപ്രവേശന വിരുദ്ധമായ അഭിപ്രായങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ കൊടുക്കുവാനാണു കമ്മിറ്റിയിലെ ഭൂരിപക്ഷം ശ്രമിച്ചത്. കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും അവര്‍ണരുടെ നിരുപാധികമായ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചില്ല. എല്ലാ സവര്‍ണക്ഷേത്രങ്ങളിലും ബലിവട്ടം വരെ അവര്‍ണര്‍ക്കു പ്രവേശനം നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണെന്നു ചിലര്‍ ”ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വിരുദ്ധമായി അവര്‍ണര്‍ക്കു അതിരുവിട്ടു അകത്തു പ്രവേശനം കൊടുക്കുന്നതു കൊണ്ട് ക്ഷേത്രത്തിനു അശുദ്ധി തട്ടുകയും പൂജ മുതലായതു നടത്താന്‍ പാടില്ലാതെയും ദേവസാന്നിദ്ധ്യം നശിക്കുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്. അവര്‍ണരുടെ പ്രവേശനം നിമിത്തം തല്‍ക്കാലം പല വിപ്ലവങ്ങള്‍ക്കും ഇടയാകുകയും ക്രമേണ ക്ഷേത്രം നിരുപയോഗമായിത്തീരുകയും ചെയ്യുമെന്നതിനു തര്‍ക്കമില്ല” എന്ന് പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ. 1935 മേയ് 11-ാം തീയതി കോഴഞ്ചേരിയില്‍ നടത്തിയ പ്രസംഗത്തില്‍ സി. കേശവന്‍”ഇനിയൊരു കാര്യം പുന്നശ്ശേരി നമ്പിയുടെ ചണ്ഡാളശാസ്ത്രമാണ്, തിരുവിതാംകൂര്‍ ഗവണ്‍മെന്റ് കുറെ രൂപ ചെലവാക്കി ഒരു ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോര്‍ട്ടു ഉണ്ടാക്കി. അതില്‍ ഞങ്ങളുടെ ഹിന്ദുമതത്തിലെ പോപ്പായ തരണല്ലൂര്‍ നമ്പൂതിരിപ്പാട്ടിലെ പ്രതിനിധിയായി ഒരു നമ്പിയെ അയച്ചു. ആ റിപ്പോര്‍ട്ടില്‍ ഈഴവന്‍ ചണ്ഡാളനാണെന്നു പറഞ്ഞിരിക്കുന്നു. ഈ ചണ്ഡാളശാസ്ത്രം ഈഴവ യുവാക്കള്‍ക്കു ഹിന്ദുമതത്തോടു പണ്ടു തന്നെയുണ്ടായ വെറുപ്പിനെ ദ്വിഗുണീഭവിക്കുകയും ഈഴവ സമുദായത്തിലെ വൃദ്ധരെപ്പോലും ക്ഷോഭിപ്പിക്കുകയും ചെയ്തിരിക്കുന്നു” കാലമേറെ കഴിഞ്ഞെങ്കിലും ‘ഈ ചണ്ഡാലശാസ്ത്രം’ തന്നെയാണു പല തന്ത്രിമാരെയും ഇപ്പോഴും സ്വാധീനിക്കുന്നതെന്നാണു കൂടല്‍മാണിക്യം ദേവസ്വത്തില്‍ ഈഴവനായ കഴകക്കാരന്റെ സാന്നിദ്ധ്യം പ്രതിഷ്ഠാദിനമുള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ നിരര്‍ത്ഥകമാക്കുമെന്ന വാദമുയര്‍ത്തി ക്ഷേത്ര ബഹിഷ്‌കരണവുമായി നിലകൊള്ളുന്ന അഞ്ചു തന്ത്രിമാരുടെ നടപടികള്‍ (കേരള കൗമുദി മാര്‍ച്ച് 11, 2026).. നിര്‍ദ്ദേശങ്ങളും ഏതൊരു മാറ്റവും തന്ത്രിമാരും വാദ്ധ്യാന്മാരും, വൈദികരും ആഴ്‌വാഞ്ചേരി തമ്പ്രാക്കളും ഉള്‍പ്പെട്ട ഒരു ‘പരിഷത്തിന്റെ’ പരിഗണനക്കു വിടണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. കെ. പരമേശ്വരന്‍ പിള്ളയും എം.ഗോവിന്ദനും വിയോജന റിപ്പോര്‍ട്ടാണു നല്‍കിയത്. നിരുപാധിക ക്ഷേത്രപ്രവേശനമാണ് അവര്‍ ആവശ്യപ്പെട്ടത്. ടി.ടി. കേശവന്‍ശാസ്ത്രിയും ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചു പ്രത്യേക നോട്ടീസു നല്‍കി. ഏതായാലും റിപ്പോര്‍ട്ടു ഭരണകൂടം കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കുകയാണുണ്ടായത്. പ്രശ്നപരിഹാരത്തിനു പരിഷത്തിനെ വിളിക്കാനും ഗവണ്‍മെന്റു തയ്യാറായില്ല. പരിഷത്തിന്റെ നിലപാട് എന്തായിരിക്കുമെന്നു ആര്‍ക്കാണറിഞ്ഞുകൂടാത്തത്. 1936 നവംബര്‍ 12-ാം തീയതി ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു. ദേവസ്വം ക്ഷേത്രങ്ങള്‍ സവര്‍ണ്ണ-അവര്‍ണ്ണ ഭേദമില്ലാതെ എല്ലാവര്‍ക്കും തുറന്നു കൊടുത്തു.പിന്നെയും ഒരു പതിറ്റാണ്ടു കഴിഞ്ഞാണ് കൊച്ചി ദേവസ്വം ക്ഷേത്രങ്ങളിലും മലബാര്‍ ക്ഷേത്രങ്ങളിലും പ്രവേശനം നല്‍കപ്പെട്ടത്. ബ്രാഹ്‌മണ ദേവസ്വങ്ങളില്‍ അവര്‍ണര്‍ക്കു കൂടി പ്രവേശനം നല്‍കിയതോടെ അവ ഹിന്ദുക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. എങ്കിലും പൂര്‍ണമായും ഒരു ഹിന്ദുവാണെന്ന അനുഭവം ക്ഷേത്രപ്രവേശനം ലഭ്യമായവര്‍ക്കും ഉണ്ടാകണമെങ്കില്‍ ഒരേ മതത്തിന്റെ തുല്യാവകാശികളെന്ന നിലയില്‍ ക്ഷേത്രത്തിനുള്ളിലെ ‘ശ്രീകോവിലിലെ പൂജാരി’ എന്ന സ്ഥാനമുള്‍പ്പെടെ എല്ലാം തുല്യമായി അനുഭവിക്കാനുള്ള അവകാശം അംഗീകരിക്കപ്പെടണമായിരുന്നു. അതായിരുന്നല്ലോ ഗുരുദേവന്റെ ക്ഷേത്രസങ്കല്‍പ്പവും. ഭാരതീയ ഭരണഘടന ആവശ്യപ്പെടുന്നതും.

ആര്‍.ശങ്കര്‍

ആര്‍. ശങ്കറും ഒന്നാമത്തെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും

ഇന്ത്യന്‍ യൂണിയന്‍ ഗവണ്‍മെന്റും തിരുവിതാംകൂറിലെയും കൊച്ചിയിലേയും മഹാരാജാക്കന്മാരും തമ്മില്‍ ഒരു കവനന്റ് 1949 മേയ് 29-ാം തീയതി ഒപ്പു വയ്ക്കുകയുണ്ടായി. ഈ കവനന്റനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വങ്ങളുടെ ഭരണത്തിനു മൂന്നംഗങ്ങളുള്ള ഒരു ബോര്‍ഡ് രൂപീകരിക്കുകയും അതില്‍ ഒരംഗം തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധിയും, വേറൊരംഗം ഹിന്ദുമന്ത്രിമാരുടെ പ്രതിനിധിയും മൂന്നാമത്തെ അംഗം അസംബ്ലിയിലെ ഹിന്ദുമെമ്പറന്മാരുടെ പ്രതിനിധിയും ആയിരിക്കണമെന്നു വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ആണ്ടുതോറും ദേവസ്വം ഭരണത്തില്‍ ഗവണ്‍മെന്റില്‍ നിന്നു അമ്പത്തിയൊന്ന് ലക്ഷം രൂപാ കൊടുക്കണമെന്ന് നിശ്ചയിക്കുകയുണ്ടായി. ഈ തുക ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘ഗ്യാരണ്ടി’ നല്‍കുകയും ചെയ്തു. ഇതില്‍ നിന്നും ആറു ലക്ഷം രൂപ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനു മഹാരാജാവിനെ ഏല്‍പ്പിക്കണമെന്നും നിശ്ചയമുണ്ടായിരുന്നു. മഹാരാജാവിന്റെ പ്രതിനിധിയായി ആര്‍. ശങ്കരനാരായണഅയ്യരും ഹിന്ദുമന്ത്രിമാരുടെ പ്രതിനിധിയായി മന്നത്തുപത്മനാഭപിള്ളയും അസംബ്ലിയിലെ ഹിന്ദുമെമ്പര്‍മാരുടെ പ്രതിനിധിയായി ആര്‍. ശങ്കറും ദേവസ്വം ബോര്‍ഡു അംഗങ്ങളായി 1949 ജൂലൈ മാസത്തില്‍ ചാര്‍ജെടുത്തു. ഹിന്ദുക്കളുടെ ഇടയിലുള്ള അനാചാരം തീര്‍ക്കുക, ഒരു ഏകീകൃത ഹിന്ദു ജനത സൃഷ്ടിക്കുക, ഹരിജനങ്ങളുടെ ഉദ്ധാരണത്തിന് ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുക ഹിന്ദുക്കളുടെ അഭിവൃദ്ധിക്കുവേണ്ട കാര്യങ്ങള്‍ ചെയ്യുക, ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളുടെ ഇടയിലുണ്ടായിരുന്ന അസമത്വങ്ങള്‍ നീക്കുക മുതലായവ ആയിരുന്നു പദ്ധതികള്‍. വേദം പഠിക്കുവാന്‍ എല്ലാ ഹിന്ദുക്കള്‍ക്കും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും, തിരുവല്ലയിലുമുള്ള വേദപാഠശാലകള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നു കൊടുക്കപ്പെട്ടു. തന്ത്രി, പൂജാരികള്‍ മുതലായവര്‍ക്കു ശരിയായവിധത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് Vedic College സ്ഥാപിക്കുവാന്‍ ഒരു ലക്ഷം രൂപ ബഡ്ജറ്റില്‍ കൊള്ളിച്ചു. എല്ലാ ക്ഷേത്രങ്ങളോടും അനുബന്ധിച്ച് ബാലികാബാലന്മാര്‍ക്കു വേണ്ടി മതപാഠശാലകള്‍ സൃഷ്ടിക്കുകയും അവയുടെ മേല്‍നോട്ടം വഹിക്കുവാന്‍ ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. ക്ഷേത്രങ്ങളോടനുബന്ധിച്ച് കലകളെ പ്രോത്സാഹിപ്പിക്കുവാന്‍ ആര്‍.ശങ്കര്‍ മുന്‍കൈയെടുത്തു. ജാതി വ്യത്യാസം, പരസ്പര സ്പര്‍ദ്ധ, തീണ്ടല്‍, തൊടീല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ദേവസ്വം ബോര്‍ഡിനു നാലുവര്‍ഷക്കാലം ഓര്‍ഡിനന്‍സില്‍ വച്ചിരുന്നു എങ്കിലും ദേവസ്വം ആക്ട് വന്നതോടെ ആ കാലാവധി അവസാനിച്ചു. ദേവസ്വങ്ങളിലെ ജാതിവിവേചന രാഷ്ട്രീയം 1950 മുതല്‍ ദേവസ്വം ക്ഷേത്രങ്ങള്‍ ജനകീയ ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തിലായെങ്കിലും ജാതി വിവേചനങ്ങള്‍ ദേവസ്വം ഭരണത്തിനു കളങ്കമായി. ദേവസ്വങ്ങളില്‍ അവര്‍ണസാന്നിദ്ധ്യം തടയുവാന്‍ പ്രത്യേകിച്ചും പൂജാരിമാരായും കഴകക്കാരായും അവര്‍ണര്‍ നിയമിക്കപ്പെട്ടാല്‍ അതു വിലക്കുവാന്‍ സവര്‍ണസമുദായങ്ങള്‍ ശ്രമിച്ചു പോന്നു. അതിന്റെ ഉദാഹരണമാണ് 1993ലെ ആദിത്യന്‍ V/s തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എറണാകുളത്തു നീര്‍ക്കോടു ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചാര്‍ജ്ജെടുക്കുവാന്‍ എത്തിയ കെ.എസ്. രാകേഷിനെതിരെ പടയൊരുക്കം നടത്തിയ സവര്‍ണ പാരമ്പര്യവാദികള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. രണ്ടുദിവസം പൂജ ചെയ്ത രാകേഷിനെതിരെ സ്റ്റേ സമ്പാദിച്ചു പുറത്താക്കി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സിംഗിള്‍ ബെഞ്ചില്‍ നിന്നും ഡിവിഷന്‍ബെഞ്ചിലേക്കും പിന്നെ ഫുള്‍ബെഞ്ചിലേക്കും കേസ് നീണ്ടു. പാരമ്പര്യവാദികള്‍ക്കെതിരെ രാകേഷും എസ്.എന്‍.ഡി.പി യോഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയില്‍ വാദിച്ചു. ജസ്റ്റിസ് കെ.ടി തോമസ്, ജസ്റ്റിസ് കെ.കെ. ഉഷ, ജസ്റ്റിസ് പി. ഷണ്‍മുഖം എന്നിവര്‍ അടങ്ങിയ ഫുള്‍ബഞ്ച് സവര്‍ണരുടെ പെറ്റീഷന്‍ തള്ളിക്കൊണ്ടു വിധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 15(1) ജാതിയുടെ പേരിലുള്ള വിവേചനം തടയുന്നതായും 16(2) ജാതിയുടെ പേരില്‍ ഒരു ജോലിയും നിഷേധിക്കരുതെന്നു അനുശാസിക്കുന്നതായും അനുഛേദം 17 തൊട്ടുകൂടായ്മ നിരോധിക്കുന്നതായും വിധി ചൂണ്ടിക്കാട്ടി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് സെക്ഷന്‍ 3 പ്രകാരം ഒരേ മതത്തില്‍പ്പെടുന്നവരില്‍ ഒരു വിഭാഗം അനുവര്‍ത്തിക്കുന്ന മതപരമായ പ്രാര്‍ത്ഥനകളും ആരാധനാക്രമങ്ങളും ആരാധനാലയത്തിലെ ജോലികളും അതേ മതത്തിലെ മറ്റു വിഭാഗങ്ങള്‍ക്കും തുല്യമായി അനുഭവിക്കാനുള്ള അവകാശം ഉറപ്പാക്കിയിരിക്കുന്നതും കോടതി എടുത്തുകാട്ടി. ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നു ജാതി വിവേചനങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതി ഇനിയൊരിക്കലും ഉയര്‍ന്നു വരാത്ത രീതിയില്‍ മൂടപ്പെടണമെന്നും അത് കാലക്രമേണ ചരിത്രത്തില്‍ അടിഞ്ഞുകൂടി വെറും അസ്മകം (fossil) ആയി മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധി അംഗീകരിക്കാത്ത സവര്‍ണപാരമ്പര്യവാദികള്‍ സുപ്രീംകോടതിയില്‍ പോയി ജസ്റ്റിസ് എസ്. രാജേന്ദ്രബാബുവും ജസ്റ്റിസ് ദൊരൈ സ്വാമി രാജുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് രാകേഷിന്റെ അവകാശം അംഗീകരിച്ചു കൊണ്ടു 31-10-2002ല്‍ വിധിച്ചതിങ്ങനെ. മനുഷ്യാവകാശ അന്തസ്സും സാമൂഹ്യതുല്യതയും പാര്‍ലമെന്റ് നടപ്പിലാക്കിയ ഭരണഘടനയും അനുബന്ധ നിയമങ്ങളും നിഷേധിക്കുന്ന ‘ആചാരങ്ങളും കീഴ്‌വഴക്കങ്ങളും’ (Customs and usages) പണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു എന്ന് പറഞ്ഞ് തുടരാനാകില്ല. പൊതുനിയമങ്ങള്‍ക്കും പൊതുനയങ്ങള്‍ക്കും സാമൂഹിക മര്യാദകള്‍ക്കും അപകടകരമാംവിധം നിലകൊള്ളുന്ന ഒരു കീഴ്‌വഴക്കവും ഈരാജ്യത്തെ കോടതികള്‍ക്കു അംഗീകരിക്കുവാനോ നിലനിര്‍ത്തുവാനോ കഴിയില്ല. ‘മലയാള ബ്രാഹ്‌മണനു മാത്രമേ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുവാനും ശ്രീകോവിലില്‍ കയറുവാനും അധികാരമുള്ളു’ എന്ന വാദം ഒരിക്കലും ന്യായീകരിക്കുവാനാകില്ല” കോടതി വിധിച്ചു. ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ വളരെ വ്യക്തമായിരുന്നിട്ടു പോലും ഒരു ‘ഹിന്ദു’ എന്ന നിലയിലുള്ള അവര്‍ണന്റെ മതാവകാശം നടപ്പിലാക്കപ്പെട്ടില്ല. മലയാള ബ്രാഹ്‌മണരില്‍ നിന്നു മാത്രം ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിനു അപേക്ഷ ആവശ്യപ്പെടുന്ന ദേവസ്വം ബോര്‍ഡുകള്‍ തന്ത്രിയുടെ ‘ചണ്ഡാലശാസ്ത്രം’ അംഗീകരിക്കുകയാണു ഇപ്പോഴും

Author

60 Views
Scroll to top
Close
Browse Categories