ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ മുറിക്കണം ജാതിച്ചങ്ങല

വൈദികവേദാന്തപാരായണങ്ങളും പുരാണപട്ടത്താനങ്ങളും ഗീതാഗിരികളും കയറുന്തോറും മാനവികതയും സാഹോദര്യവും പഴയപോലെ ഇല്ലാതാകുന്നു. ഈഴവരാദിയായ പ്രാതിനിധ്യം നിഷേധിക്കപ്പട്ട് പിന്നാക്കമായ ജനത പുലയരാദിയായ ദലിതജനതയുമായി ഒന്നായാലേ മനുഷ്യരാകൂ എന്നതായിരുന്നു ഗുരുവിന്റെ സാഹോദര്യസമുദായ തത്വം. സമുദായസംഘടനയിലേക്ക് ജാതിമതഭേദമില്ലാതെ എല്ലാ മനുഷ്യരേയും അംഗമാക്കണമെന്നു പറഞ്ഞതിന്റെ പൊരുളിതാണ്. 1888 ലെ അരുവിപ്പുറം പ്രതിഷ്ഠാ മാനിഫെസ്റ്റോ മുതല്‍ 1927 ലെ പള്ളാത്തുരുത്തി സന്ദേശം വരെ ഇതേ നിലപാട് വ്യക്തമായി പുലര്‍ത്തുന്നു. ഈഴവര്‍ ഒരു ജാതിയല്ല ജനതയാണെന്നു പ്രഖ്യാപിച്ചതും ഗുരുവാണ്.

ജാതി മൂലം പുറന്തള്ളപ്പെട്ടു
പോയ ജനാവലി
ഭരണം വീണ്ടെടുക്കാതെ ജാതിപോകില്ലൊരിക്കലും

  • സഹോദരന്‍, ”ജാതിഭാരതം”
സഹോദരന്‍ അയ്യപ്പന്‍

ജാതിമാറിഭരിച്ചാലേ ജാതിഭാരതത്തില്‍ യഥാര്‍ത്ഥ ജനായത്തം പുലരൂ എന്നു കവിതകുറിച്ച ക്രാന്തദര്‍ശിയായിരുന്നു സഹോദരന്‍ എന്ന ഗുരുശിഷ്യന്‍. ഒളിഗാര്‍ക്കിയെന്ന കുലീനരുടെ കുത്തകഭരണം ജനായത്തത്തെ തകര്‍ത്ത് സമഗ്രാധിപത്യത്തെയും അമിതപ്രാതിനിധ്യത്തേയും അധീശത്തത്തേയും പുനരുല്‍പ്പാദിപ്പിക്കും. അംബേദ്കറും ഗ്രാംഷിയും മുന്നറിയിപ്പു തന്നതുപോലെ ഒരു നൂറ്റാണ്ടുമുമ്പ് കുലീനരുടെ കുത്തകഭരണം എന്ന ഒളിഗാര്‍ക്കി ജനായത്തത്തിനു ഭീഷണിയാണെന്ന സത്യം കവിതയിലൂടെ സഹോദരന്‍ പറയുന്നു.

ദേശീയം ജയ് വിളിയും സര്‍വോദയജപവും വിവേചനം പഴിക്കലുമെല്ലാം പ്രച്ഛന്ന സവര്‍ണതയുടെ ജാതിവാദമാണെന്നദ്ദേഹം തുറന്നെഴുതി. ജാതിച്ചങ്ങലവെട്ടി ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ ഗാന്ധിയോടു പറഞ്ഞു കൊച്ചിയില്‍ പള്ളുരുത്തിയില്‍ സ്വീകരണവും മംഗളപത്രവും കൊടുത്തുകൊണ്ട് . തുടര്‍ന്ന് 1925 ലെ വര്‍ക്കലയില്‍ ഗുരുവുമായി നടന്ന സംവാദത്തില്‍ ഹിംസയേക്കുറിച്ചു പറയാത്ത ഹിന്ദുപുരാണങ്ങളുണ്ടോ എന്നും മി. ഗാന്ധി താങ്കളുടെ കൃഷ്ണന്‍ ഒരു പരമ്പരക്കൊലയാളിയല്ലേയെന്നുമുള്ള സത്യങ്ങള്‍ സഹോദരന്‍ നേരിട്ടു ചോദിച്ചു (സുബ്രഹ്‌മണ്യം). പൂനാപ്പട്ടിണിയെയും കന്യാകുമാരി ക്ഷേത്രത്തീണ്ടലിനേയും ഇണ്ടന്‍തുരുത്തിയുമായുള്ള ഒത്തുതീര്‍പ്പിനേയുമെല്ലാം നിശിതമായി വിമര്‍ശിച്ചു.”ഗാന്ധിസന്ദേശം” എന്ന കവിതയെഴുതി പ്രസിദ്ധീകരിച്ചു. ”നായിലും നാണംകെട്ടു ചവിട്ടുന്ന ബ്രാഹ്‌മണപാദം നക്കുന്നാഹന്ത ദയനീയം” എന്ന സത്യം രേഖപ്പെടുത്തി. അംബേദ്കര്‍ക്കാദ്യമായി ലോകസാഹിത്യത്തില്‍ കവിതയില്‍ 1940കളുടെ അന്ത്യത്തില്‍ തന്നെ ഹൃദയാഭിവാദ്യം ചെയ്തുശരണം വിളിച്ചു. ദലിത് സാഹിത്യം പോലും ജനിക്കുന്നതിനു മുമ്പായിരുന്നു 1930കളില്‍ തന്നെ അംബേദ്കറുടെ ഉല്‍ബോധനത്തെക്കുറിച്ചുള്ള സഹോദരനിലെ മുഖപ്രസംഗം. കാലത്തെ കടന്നു ചിന്തിക്കുകയും എഴുതുകയും ജീവിക്കുകയും ചെയ്ത തികഞ്ഞ ഗുരുശിഷ്യനായിരുന്നു പുലയനയ്യപ്പന്‍. ഗുരുവിനെ കാലികവും ഭാവിയിലേക്കുമായി വ്യാഖ്യാനിച്ച ശിഷ്യനുമായിരുന്നു സഹോദരനയ്യപ്പന്‍ (ശേഖര്‍ 2012).

പുലയനെന്ന സാമൂഹ്യബിരുദം പുലയന്‍(സാമുവേല്‍) മറ്റീറിനും പുലയന്‍ കുഞ്ഞമ്പുവെന്ന പോത്തേരിക്കുഞ്ഞമ്പുവിനും മാത്രമേ അതിനുമുമ്പു ലഭിച്ചിട്ടുള്ളു. അടിസ്ഥാനജനതയുമായി ഏകോദരസാഹോദര്യത്തില്‍ പുലര്‍ന്നതിനാലാണതു ജനങ്ങള്‍ അംഗീകരിച്ചുകൊടുത്തത്. ലേഖകനെ ദലിതനജയ്‌ശേഖര്‍ എന്നു പലരും പറയുന്നതും ജാതിസമൂഹത്തില്‍ അത്തരം ഒരാദരമായ് കണക്കാക്കുന്നു. ചാതുര്‍വര്‍ണ്യം വിഭജിപ്പിച്ചുഭരിച്ച ബ്രാഹ്‌മണീയമായ ജാതിസമൂഹത്തില്‍ സ്വന്തം ജാതിയുടെയും സമുദായത്തിന്റേയും ഇട്ടാവട്ടം ഭേദിക്കുന്നതിന്നുപോലും പല വിദ്യാസമ്പന്നര്‍ക്കും ഇന്നും ചിന്തിക്കാനാവുന്നില്ല എന്നത് കാണിക്കുന്നത് നമ്മുടെ ആധുനികതയുടെ അപചയവും വര്‍ണാന്ധതയുടെ സമഗ്രാധിപത്യ ഇരുട്ടിന്റെ തിരിച്ചുവരവുമാണ്. വര്‍ണസങ്കരമാണ് ഗീതയിലെ ദാര്‍ശനികപ്രശ്‌നം. അര്‍ജുനവിഷാദയോഗത്തിനു കാരണം സഹോദരങ്ങളുടെ വംശഹത്യയല്ല, മറിച്ച് യുദ്ധത്തില്‍ ക്ഷത്രിയകുമാരകന്മാര്‍ കാലപുരിപൂകിയാല്‍ ശൂദ്രരും മറ്റും ക്ഷത്രിയസ്ത്രീകളെ പ്രാപിച്ച് വര്‍ണസങ്കരം നടക്കും. വര്‍ണവ്യവസ്ഥ മയാസൃഷ്ടവും ഗുണകര്‍മവിഭാഗചയുമാണെന്ന് ശ്രീകൃഷ്ണപരമാത്മാ തന്നെ ഗീതയില്‍ മൊഴിഞ്ഞിട്ടുണ്ട്. വര്‍ണാശ്രമധര്‍മമെന്ന ജാതിധര്‍മത്തെ എന്തു വിലകൊടുത്തും സംരക്ഷിച്ചേ മതിയാകൂ. രാമന്‍ ശംബൂകനെ കൊന്നതും വര്‍ണാശ്രമധര്‍മത്തെ നിലനിര്‍ത്താനായിരുന്നല്ലോ. രാമാദികളുടെ കാലത്തെ ശൂദ്രാദികളുടെ ഗതിയെക്കുറിച്ച് 1914 ല്‍ പറഞ്ഞത് ഗുരുവാണ്. 1913 ല്‍ തന്നെ കൊല്ലുന്നവനില്ല ശരണ്യത എന്ന ജീവകാരുണ്യ വരികള്‍ ഗുരു കവിതയില്‍ എഴുതിയിരുന്നു. കൊല്ലുന്നവന്‍ ദൈവം പോയിട്ട് മനുഷ്യനാകുന്നില്ല. കൊലപാതകി വെറും മൃഗത്തിനുതുല്യനവന്‍ എന്നു ഗുരു അസന്ദിഗ്ധമായി കവിതയില്‍ എഴുതി. സഹോദരനതു ഗാന്ധിയോടു ചോദിക്കാനും 1925ല്‍ കഴിഞ്ഞത് ഗുരുവതു നേരത്തേ എഴുതുകയും പ്രഖ്യാപിക്കുകയും ചെയ്തതുകൊണ്ടാണ്. ഗുരുവിന്റെ ചരിത്ര മൊഴികള്‍ അറിയാന്‍ സംവാദങ്ങളും ഭാഷണങ്ങളും വിമര്‍ശബോധവും മനസ്സിലാക്കാന്‍ ഡോ. ടി. ഭാസ്‌കരന്‍ എഡിറ്റു ചെയ്തശ്രീനാരായണഗുരുവൈഖരിയാണ് ജനങ്ങള്‍ വായിക്കേണ്ടത്. പി. കെ. ബാലകൃഷ്ണന്റെ ആന്തോളജിയായ നാരായണഗുരുവും. സഹോദരന്‍ കൊടുത്ത നോട്ടുപുസ്തകമാണ് പി. കെ. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ സഹോദരന്‍ ഏറെയെഴുതിയ കേരളത്തിന്റെ ബുദ്ധിസത്തേക്കുറിച്ച് എഴുതാന്‍ പി. കെ. ബിയ്ക്കു കഴിഞ്ഞില്ല.സംഘക്കാരായ ഈഴവരുടെ പ്രബുദ്ധമായ അശോകന്‍ ചരിത്രത്തേയുമറിഞ്ഞില്ല. ഗുരുവിന്റെ വിമര്‍ശചിന്താപാരമ്പര്യം മുറിഞ്ഞുപോയതവിടെയാണ്. സവര്‍ണ ആവേദകരുടേയും സമ്പാദകരുടേയും മാധ്യമമേലാളരുടേയും പ്രസാധനക്കാരുടേയും പ്രൂഫുവായനക്കാരുടേയും ഭാഷാമാനകന്മാരുടേയും സമ്മര്‍ദ്ദത്തില്‍ സ്വന്തം പ്രബുദ്ധതയെക്കുറിച്ചുള്ള സമ്മതയജ്ഞത ബാലകൃഷ്ണനും പുലര്‍ത്തേണ്ടിവന്നു. ജാതിവ്യവസ്ഥയെ കേരളചരിത്രത്തില്‍ പ്രശ്‌നവല്‍ക്കരിച്ചെങ്കിലും വര്‍ണാശ്രമധര്‍മവും പുരാണപട്ടത്താനങ്ങളും സ്മൃതിശ്രുതികളും ആരെപ്പോള്‍ തെന്നിന്ത്യയില്‍ കടത്തിക്കൊണ്ടുവന്നു സ്ഥാപിച്ചെന്നും വര്‍ണാശ്രമസംവിധാനം എങ്ങനെ ചിട്ടപ്പെടുത്തിയെന്നുംമറ്റുമുള്ള ജാതിയുടെ ഉല്‍ഭവത്തെ വിശദീകരിക്കാനോ തൊട്ടുകൂടാത്തവരെങ്ങനെയുണ്ടായി എന്ന അംബേദ്കറും സഹോദരനും അടുത്തകാലത്ത് കെ. സുഗതനുമെല്ലാം വിശദീകരിച്ച പോലെ ബഹുജനങ്ങളുടെ അശോകന്‍ പ്രബുദ്ധതയെ വീണ്ടെടുക്കാനും പി. കെ. ബിയ്ക്കു കഴിഞ്ഞില്ല. ഒളിഗാര്‍ക്കിയുടെ ആധീശമായ മാധ്യമ വേലയാണിതിനു വഴിതെളിച്ചത്. ബ്രാഹ്‌മണ-ശൂദ്ര സംബന്ധാധികാര വ്യവസ്ഥകളും അധീശവ്യവഹാരങ്ങളുമായ നമ്പൂരിസത്തേയും നായനിസത്തേയും വിമര്‍ശിക്കുന്നതൊന്നും ഇന്നും മാധ്യമ ഡസ്‌കുകളില്‍ ഭാഷാശുദ്ധിവാദവും ചരിത്രരചനാപരമായ രീതിശാസ്ത്രവാദവും ഉയര്‍ത്തി വെട്ടിനീക്കുന്നവര്‍ ബ്രാഹ്‌മണിസത്തിന്റെ ഭൃത്യജനസമാജമായ ക്ഷുദ്രാദികളാണ്. നമ്പൂരിയേക്കാള്‍ വലിയ സനാതനഹിന്ദുക്കളായി ശൂദ്രാദിശൂദ്രര്‍ ചമഞ്ഞുവശാകുന്ന മേല്‍കീഴ് സംവിധാനവും വ്യവസ്ഥയുമാണ് അധീശത്തം. തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്ന ആ ഉച്ചനീചവ്യവസ്ഥയും തത്വമസിയുടെ ആഭാസമതവും നമുക്കുവേണ്ട എന്നെഴുതിയത് ഗുരുശിഷ്യനായ സി. വി. കുഞ്ഞിരാമനാണ്. സ്വയംസേവകസംഗികള്‍ ഉണ്ടാകുന്ന 1925ല്‍ തന്നെ ഹിന്ദുമതത്തെ നിരാകരിച്ച നാരായണഗുരുവിന്റെ അഭിമുഖസംഭാഷണം നടത്തി കൗമുദിയില്‍ പ്രസിദ്ധീകരിച്ചതും സി. വി. തന്നെ. വൈദികവേദാന്തപാരായണങ്ങളും പുരാണപട്ടത്താനങ്ങളും ഗീതാഗിരികളും കയറുന്തോറും മാനവികതയും സാഹോദര്യവും പഴയപോലെ ഇല്ലാതാകുന്നു. ഈഴവരാദിയായ പ്രാതിനിധ്യം നിഷേധിക്കപ്പട്ട് പിന്നാക്കമായ ജനത പുലയരാദിയായ ദലിതജനതയുമായി ഒന്നായാലേ മനുഷ്യരാകൂ എന്നതായിരുന്നു ഗുരുവിന്റെ സാഹോദര്യസമുദായ തത്വം. സമുദായസംഘടനയിലേക്ക് ജാതിമതഭേദമില്ലാതെ എല്ലാ മനുഷ്യരേയും അംഗമാക്കണമെന്നു പറഞ്ഞതിന്റെ പൊരുളിതാണ്. 1888 ലെ അരുവിപ്പുറം പ്രതിഷ്ഠാ മാനിഫെസ്റ്റോ മുതല്‍ 1927 ലെ പള്ളാത്തുരുത്തി സന്ദേശം വരെ ഇതേ നിലപാട് വ്യക്തമായി പുലര്‍ത്തുന്നു. ഈഴവര്‍ ഒരു ജാതിയല്ല ജനതയാണെന്നു പ്രഖ്യാപിച്ചതും ഗുരുവാണ്. ഈഴമെന്ന സംഘത്തെ പ്രചോദിപ്പിച്ച ബുദ്ധരുടെ സമുദയമൈത്രീവാദം തന്നെയാണിത്.സമുദയമെന്നാല്‍ ഒന്നിച്ചുള്ള ഉയിര്‍പ്പ്. ഇത് മനസ്സിലായതും പ്രയോഗമാക്കി ജീവിച്ചതും സഹോദരനാണെന്ന് പി. കെ. ബാലകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുണ്ട് (ബാലകൃഷ്ണന്‍ 2000). ഇന്നും ഈ അടിസ്ഥാന മനുഷ്യവല്‍ക്കരണതത്വവും പ്രയോഗവും മനസ്സിലാകാത്തവരായി വേദാന്തവല്‍ക്കരണത്തിലൂടെ ശ്രീനാരായണഭക്തജനങ്ങള്‍ മാറിയിരിക്കുന്നു.
ദേശീയവിദ്യാ ഭ്യാസപദ്ധതിക്കു ബദലായി കേരളത്തില്‍ 2025ല്‍ കൊണ്ടുവന്ന നവകേരളീയവൈജ്ഞാനികത്തിലും ഗുരുവിനെ അദ്വൈതവേദാന്തിയാക്കുകയാണ്. ഭക്തിയല്ല മനുഷ്യത്തമാണ് മനുഷ്യരുടെ ജാതിയെന്നതു പോലും അവര്‍ ഗുരുവില്‍ നിന്നു മനസ്സിലാക്കുന്നില്ല. കാരണം ജാതിമീമാംസയും ജീവകാരുണ്യപഞ്ചകവും പഠിപ്പിക്കുന്നില്ല. സ്‌തോത്രകൃതികളും മറ്റുമാണ് പാഠപുസ്തകമാക്കുന്നത്. ഇതെഴുതിയയാളിന്നില്ലല്ലോ എന്നു ഗുരു കര്‍തൃത്വം കൈയ്യൊഴിഞ്ഞകാര്യവും ജനങ്ങള്‍ അറിയുന്നില്ല. സാധാരണക്കാരുടെ ആത്മീയമായ ഏകീകരണത്തിനുവേണ്ടിയും ആരാധനാസ്വാതന്ത്ര്യമടക്കമുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ആയിരത്തിലധികം വര്‍ഷമായി നിഷേധിക്കപ്പെട്ട് അപമാനവീകരിക്കപ്പെട്ട ബഹുജനങ്ങളെ ഉണര്‍ത്താനും, ജനേച്ഛയെ അംഗീകരിച്ചുമാണ് ഗുരു ലളിതമായ ഈശ്വരപ്രാര്‍ഥനയുള്ള ഈശാവാസ്യം മാത്രം ഉപനിഷത്തില്‍ നിന്നു വിവര്‍ത്തനം ചെയ്തത്. മറ്റൊന്നും വൈദികത്തില്‍ നിന്നെടുത്തിട്ടില്ല. തിരുക്കുറല്‍ എന്ന തമിഴ് ദ്രാവിഡ ശ്രമണ പുസ്തകമായിരുന്നു ഗുരുവിന്റെ മൊഴിമാറ്റത്തിന്റെ കാതലും ആധാരവും. തമിഴിലുള്ള രചനകളും ഈ തെന്നിന്ത്യന്‍ സിദ്ധശ്രമണത്തുടര്‍ച്ചയാണ്. ഇന്ത്യയുടെ അഥവാ സൈന്ധവത്തിന്റെ യഥാര്‍ഥ ബഹുജനപാരമ്പര്യമാണിത്. ജൈനവും ബൗദ്ധവും ആജീവകവുമായ അമണ അഥവാ ചമണധാര. (ശേഖര്‍ 2016, 2018, 2021). വൈദികപുരുഷസൂക്തത്തേയും ഗീതയേയും ഗുരു വിവേകത്തോടെ ആക്ഷേപവിമര്‍ശത്തിലൂടെ തിരസ്‌കരിച്ചു (ഭാസ്‌കരന്‍ 2010). മരം പൊട്ടിമുളയ്ക്കും പോലെയോ എന്ന് ഗുരു നിരാകരിച്ച വൈദികവേദാന്തപാരമ്പര്യത്തിലേക്കാണിന്ന് ഗുരുവിനെ വ്യാഖ്യാനിച്ചു തളയ്ക്കുന്നത്. ദൈവവല്‍ക്കരണവും ബിംബവല്‍ക്കരണവും സവര്‍ണതയുടെ ഒളിഗാര്‍ക്കി അജണ്ടയാണെന്നുള്ള സത്യവും സാധാരണക്കാര്‍ക്കു മനസ്സിലാകുന്നില്ല. സവര്‍ണരുടെ മാത്രമായ സാമ്പത്തികസംവരണവും നവദേശീയവിദ്യാഭാസനയവുമെല്ലാം കേരളത്തിലൂടെ തന്നെ നടപ്പാക്കിയെടുക്കുമ്പോഴാണ് വിദ്യാഭ്യാസത്തേയും സേവനരംഗത്തേയും പ്രാതിനിധ്യത്തേയും അവയുടെ പ്രാധാന്യത്തേയും അറിയുന്നവര്‍ക്ക് അബദ്ധം പിടികിട്ടിത്തുടങ്ങുന്നത്. ഏറെ വൈകിപ്പോയിരിക്കുന്നു വെളിച്ചം വീഴാന്‍. ഗുരു പറഞ്ഞപോലെ വെളിച്ചം കൊളുത്തിയാല്‍ നൂറ്റാണ്ടുകളുടെ ഇരുള്‍ പൊടുന്നനെ നീങ്ങും. ഗുരു അടിത്തട്ടിലേക്കിറങ്ങി ആധുനികകാലത്ത് കേരളത്തില്‍ വീണ്ടെടുത്ത സാഹോദര്യത്തിന്‍ വിളക്കായിരുന്നു സഹോദരന്‍. അപ്പ ദീപോ ഭവ എന്ന പുത്തരുടെ അന്ത്യവാക്യം ഓര്‍മിക്കാം. അപ്പനേ താങ്കള്‍ തന്നെ താങ്കളുടെ വെളിച്ചമാകുക. തമിഴില്‍ പിന്നെ മലയാളത്തിലും അപ്പനുണ്ടാകുന്നത് പാലിയിലെ ഈ പുത്തരുടെ പ്രയോഗത്തിലൂടെയാണ്. എഴുത്താളന്മാരായ അപ്പന്‍മാര്‍, എം. പി.യും കെ. പിയും എല്ലാം ഈഴവരെന്ന സംഘക്കാരില്‍ നിന്നുവരുന്നതെങ്ങനെയെന്നും ഇതു പറഞ്ഞുതരും. ആനന്ദനോടു പുത്തര്‍ പറഞ്ഞതാണത്. എണ്‍പതാം വയസ്സില്‍ പ്രിയശിഷ്യനായ ആനന്ദരുടെ മടിയില്‍ കിടന്നാണ് പുത്തര്‍ മരിച്ചത്. സഹോദരന്റെ ചരമശ്ലോകത്തില്‍ ഗുരുവിന്റെ യശോനിര്‍വാണത്തെക്കുറിച്ചു പറയുന്നു. ”ജരാരുജാമൃതിഭയമെഴാതൊരാ യശോനിര്‍വാണത്തെയടഞ്ഞ സദ്ഗുരോ…” ഇത് ബുദ്ധര്‍ക്കും ചേരുന്നു.ഗുരു ദൈവദശകമെഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രേരണയില്‍ സയന്‍സ് ദശകമെഴുതി ശാസ്ത്രത്തേയും ശാസ്ത്രീയമനോഭാവത്തേയും യുക്തിചിന്തയേയും കേരളത്തില്‍ വിത്തുപാകി കിളിര്‍പ്പിച്ചു സഹോദരന്‍. കേരള ജ്ഞാനോദയചിന്തയുടേയും അറിവൊളിയുടേയും ആധുനികതയുടേയും ആധാരമാണു സഹോദരന്‍ എഴുത്തിലൂടെയും നിരന്തര വാങ്മയത്തിലൂടെയും കേരളമാകെയുയര്‍ത്തിയത്. അതാണിന്ന് അല്‍പ്പബുദ്ധികളും ഒളിഗാര്‍ക്കിയുടെ
ദല്ലാളുകളുമായ പരിമിതവിഭവരിലൂടെ ഇല്ലാതാക്കപ്പെടുന്നത്. സഹോദരന്‍ യുക്തിയുക്തമായി നൈതികമായി നയിച്ച സയന്‍സിനെതിരായ കുത്തകകുലീനവരേണ്യവരട്ടുവാദങ്ങള്‍ ശാസ്ത്രവിമര്‍ശമെന്ന പോഷ്ടുമോഡേണ്‍ പോഷ്ടുഹ്യൂമന്‍ ലേബലില്‍ വിളമ്പുന്ന ബ്രാഹ്‌മണികശൂദ്രവിഷയികള്‍ ജനതയെ ഒരുവശത്തു കയ്യിലെടുക്കുന്നു. മറുവശത്ത് വംശീയയുക്തിവാദികളും ജാതിക്കുത്തകക്കാരും ദേവസംബോര്‍ഡുപോലെ പൊതുമണ്ഡലത്തെ വിഴുങ്ങുന്നു. പ്രാതിനിധ്യജനായത്തവും നീതിയും പറയുന്നവരെ ബൗദ്ധരോടുചെയ്തപോലെ രാക്ഷസീകരിച്ച് അപരവല്‍ക്കരിച്ച് നാവുമുറിച്ചു നാടുകടത്തുന്നു.
സാമൂഹ്യമാധ്യമങ്ങളിലും അക്കാദമികളിലും ഇത്തരം തരികിട കവലപ്രസംഗകരും പ്രസംഗപീഠപൈങ്കിളികളും ആസ്ഥാനവിശാരദരായി ഗീര്‍വാണംമുഴക്കുന്നു. സഹോദരനെ സവര്‍ക്കറൈറ്റ് നാസ്തികനാക്കുന്ന ഇത്തരം കുകുച്ചകള്‍ തോറ്റമ്പുന്ന നായകയുക്തിവാദികളും അസ്മാദികളായ കുലീനസഖാക്കളും കൂടി സവര്‍ക്കറേയും ഗോളവള്‍ക്കറേയും കേരളത്തിലേക്കാനയിച്ചു പാദപൂജ ചെയ്തു സ്ഥാപിച്ച വിമോചനസമരനായകന്മാരെ നവോത്ഥാനനായകന്‍മാരാക്കി പൊതുഅവധി തരപ്പെടുത്തുന്നു. അത്തരം നവനവോത്ഥാനനായകന്മാരുടെ ക്ഷേത്രപ്രതിഷ്ഠകള്‍ പന്നിപ്പേറുപോലെ കേരളത്തിലുയരുന്നു. പഴവങ്ങാടി, ചാത്തമംഗലം, മുതുകുളം… വര്‍ണവെറിയന്‍ ജാതിത്തെറി പ്രസംഗങ്ങളും കൊലവിളികളും ഓര്‍ക്കുക (വാസവപ്പണിക്കര്‍). അയ്യന്‍കാളിയെ അപമാനിച്ച കുകുച്ചകളും കുത്തകച്ചൂത്തിരരും ചാത്തിരാങ്കംനടത്തിവാഴുന്നു (ശേഖര്‍ 2022). അപമാനവീകരണ ആഖ്യാനങ്ങളിലൂടെ ജാതിസമൂഹത്തില്‍ മൃഗസമാനരാക്കപ്പെട്ട ബഹുജനങ്ങള്‍ മനുഷ്യരാകാനുള്ള മാര്‍ഗം ഗുരു കാട്ടുകയും സഹോദരനതു ചെയ്യുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ശൂദ്രനും അവര്‍ണര്‍ക്കും പെണ്ണുങ്ങള്‍ക്കും മ്ലേഛര്‍ക്കും നീതികിട്ടാത്ത സ്മൃതിനോക്കിഭരിക്കുന്ന ഹിന്ദുക്കളുടെവാഴ്ച്ച ഗുരു വിമര്‍ശിച്ചുതിരസ്‌കരിച്ചതാണ്. ഹിന്ദുമതം എന്നൊന്നില്ലെന്നും, സ്മൃതികള്‍ നോക്കിഭരിക്കുന്നവരല്ലേഹിന്ദുക്കളെന്നും അദ്ദേഹംപറഞ്ഞു.

മഹാത്മാഗാന്ധി
പി.കെ. ബാലകൃഷ്ണന്‍

ഹിന്ദുവെന്നജന്തുനമുക്കാവശ്യമില്ല എന്നുശിഷ്യനായ സി. കേശവനും പ്രഖ്യാപിച്ചു. കൊല്ലുന്നമതമായ ഹിന്ദുമതത്തെ താങ്ങാന്‍ അവര്‍ണര്‍ക്ക് യാതൊരുബാധ്യതയുമില്ലയെന്നും അവരെല്ലാം പൂര്‍വബൗദ്ധരാണെന്നും സഹോദരനും വിശദമാക്കി. ജാതിഹിന്ദുവാകാനല്ല മനുഷ്യരാകാനും മനുഷ്യര്‍ നന്നാകാനുമായിരുന്നു ഗുരുവരുളിയത്. ഈഴവരും ഇതര പിന്നാക്ക വിഭാഗങ്ങളും മനുഷ്യരാകണമെങ്കില്‍ അവര്‍ ദലിതരായി അവരോട് സാഹോദര്യത്തില്‍ വര്‍ത്തിക്കണമെന്നായിരുന്നു ഗുരുവരുളിന്‍ കാതല്‍. ഗുരുവതു ജീവിതപ്രയോഗമാക്കി, ദലിത ബാലകരുടെ വിദ്യാഭ്യാസത്തിലും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ഉദ്യോഗപ്രാതിനിധ്യത്തിലും ശ്രദ്ധിച്ചു. പ്രാതിനിധ്യമായിരുന്നു ഗുരു നയിച്ച ജനായത്തപരമായ
അറിവന്‍പനുകമ്പയുടെ ജീവതാരകമായ അറിവൊളി. മക്കപ്പുഴക്കാരന്‍ കേശവനെന്ന ദലിത ബാലകനെ മൂലൂരിനെ കൈപിടിച്ച് ഏല്‍പ്പിച്ചതും കുറുമ്പന്‍ ദൈവത്താനെയും നിരവധി ദലിത നേതാക്കളേയും നിയമനിര്‍മാണ സഭയിലേക്കു നോമിനേറ്റു ചെയ്യിക്കുന്നതും അദ്ദേഹം ശിഷ്യരിലൂടെയായിരുന്നു. മൂലൂര്‍ ദൈവത്താനേയും ആശാന്‍ അയ്യങ്കാളിയേയും ഇങ്ങനെ നാമനിര്‍ദേശം ചെയ്തു. അയ്യന്റെ പള്ളിക്കൂടസമരത്തിനും സംഘടനാപരിശ്രമത്തിനും പ്രചോദനമാതൃകഗുരുവിന്റെ വിദ്യാഭ്യാസസംഘടനാസന്ദേശമാണ്. ഗുരു വിദ്യാഭ്യാസത്തിനായി മൂലുരിനെ ഏല്‍പ്പിച്ച കേശവന്‍ ശാസ്ത്രികളാകട്ടെ പ്രജാസഭയുടെ ഉപാധ്യക്ഷനുമായി, അയ്യന്‍കാളിയുടെ മകളെവിവാഹംചെയ്യുകയും ചെയ്തു. നാണുഗുരുവിനെ തന്‍ പാവനഗുരുവായി കാവ്യവഴിയേ വരിച്ച കറുപ്പന്‍ മാഷാണ് കൊച്ചിയില്‍ ചാഞ്ചനേയും വള്ളോനേയുമടക്കമുള്ള ദലിതരെ നാമനിര്‍ദേശം ചെയ്യുന്നത്.
പ്രാതിനിധ്യ രാഷ്ട്രീയമായി അറിവൊളിയെ വികസിപ്പിച്ചതും ഗുരുവും ഗുരുവരുളിന്‍ പൊരുളറിഞ്ഞു പ്രവര്‍ത്തിച്ച സഹോദരനും മറ്റു ശിഷ്യന്മാരും കൂടിയാണ്. പ്രാതിനിധ്യ രാഷ്ട്രീയത്തേയും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രതിനിധാനങ്ങളെ അച്ചടി, പ്രസാധനം, പത്രപ്രവര്‍ത്തനം, സാംസ്‌കാരിക സമരങ്ങള്‍, സാമൂഹ്യ പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ വികസിപ്പിച്ചത് സഹോദരനും മിതവാദിയും കറുപ്പനും സി. വി. കുഞ്ഞുരാമനും മൂലൂരുമെല്ലാമടങ്ങുന്ന ഗുരുശിഷ്യരാണ്. എന്നാല്‍ ഗുരുവിനെ ദൈവവല്‍ക്കരിച്ചും വിഗ്രഹവല്‍ക്കരിച്ചും ഹൈന്ദവീകരിച്ചും അധീശ ജാതിഹിന്ദുശക്തികള്‍ നടത്തിയ പ്രചരണത്തിനും അധീശ പൊതുബോധത്തിനും ഇരകളായി ഈഴവരും ഇതര പിന്നാക്ക വിഭാഗങ്ങളും ഇന്നു ഹിന്ദുക്കളായും മറ്റും ചമയുകയാണ്. ഗുരുവിനേയും ശിഷ്യരേയും അവരുടെ വലിയ പോരാട്ടങ്ങളേയും സാഹോദര്യ ചിന്തയേയും മതേതര മാനവിക നൈതിക സമരങ്ങളേയും മറന്ന് വിശ്വാസിനാമജപഘോഷയാത്രകള്‍ക്കും അമിതപ്രാതിനിധ്യ കുത്തകകള്‍ക്കും തീണ്ടാരിലഹളകള്‍ക്കും കോപ്പു കൂട്ടിക്കൊടുക്കുകയാണ്. സഹോദര പദ്യഗദ്യ രചനകളുടെ പാഠപുസ്തകവല്‍ക്കരണത്തിലൂടെയും നിരന്തര മാധ്യമ സംവാദങ്ങളിലൂടെയും മാത്രമേ ഈ പ്രശ്‌നങ്ങളെ മറികടക്കാനാവൂ. ജനങ്ങളെ കുരങ്ങന്മാരെന്നു വിളിക്കുന്ന ഉന്നതകൊലജാതന്മാരും ക്ഷുദ്രബ്രാഹ്‌മണജന്മസ്വപ്‌നക്കാരും അസത്യഭാമമാരും വാഴുന്നകേരളം ഇരുട്ടിലാണ്. ഹൈന്ദവകാമനയേറുമ്പോള്‍ തനിക്കു കീഴേയുള്ളവരെ ചവിട്ടണം. തൊഴുന്തോറും തൊഴിക്കയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്ന വ്യവസ്ഥ എന്ന് സി. വി. കുഞ്ഞുരാമന്‍. ജാതിയെ സ്ഥാപിക്കുന്നു, ജാതിയെ വിധിക്കുന്നു, ജാതിയാല്‍ നിന്നീടുന്നു, ജാതിതാന്‍ ഹിന്ദുമതം എന്ന് സഹോദരനെഴുതി. ജാതിയില്ലാത്ത ഒരു ഹിന്ദുമതം ഉണ്ടാക്കാമെന്ന വ്യാമോഹം ഉപ്പില്ലാത്ത കടലുണ്ടാക്കാനുളളപണിപോലെ പാഴാണെന്നും അദ്ദേഹം വിശദീകരിച്ചു. സമതയും കുരുണയും പ്രജ്ഞയും നിറഞ്ഞ പ്രബുദ്ധതയുടെ ചരിത്രവും പുതുവഴിയും സഹോദരന്‍ അംബേദ്കറെപ്പോലെ എഴുതുകയും ചെയ്തു.
(തുടരും)

Author

53 Views
Scroll to top
Close
Browse Categories