‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം

പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ്. മഹാകവി കുമാരനാശാൻ .
‘ഒന്നുവിചാരിച്ചാല്‍ ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’യാണ്. ലഹളകൊണ്ട് ചിലപ്പോള്‍ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിന് സിദ്ധിക്കാറുണ്ട്. ഏതാണ്ട് ഒരു പത്ത് കൊല്ലങ്ങള്‍ക്കുമുമ്പ് ഈ നാടുകളില്‍ ഒരു ഉയര്‍ന്ന ജാതിക്കാരന്‍ എന്നു പറയുന്നവനെ താഴ്ന്ന ജാതിക്കാരന്‍ എന്നുപറയുന്നവന്‍ തല്ലിയാല്‍ ജാതിഭ്രഷ്ടായി. അതുപ്രായശ്ചിത്തമില്ലാത്ത ഒരു ഭ്രഷ്ടുകൂടിയുമായിരുന്നു. ഈഴവര്‍ തന്നെ ഈ ഭ്രഷ്ടു വലിയ കാര്യമായി ഗണിച്ചുവന്നിരുന്നതായി ഞങ്ങള്‍ക്കറിയാം. ഇപ്പോഴും കുഗ്രാമങ്ങളില്‍ ഈ ഭ്രഷ്ട് നടപ്പിലില്ലെയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരത്തിന്റെ പ്രവേശനത്തോടുകൂടി ജാതിവഴക്കുമൂത്തു തമ്മില്‍തല്ലാരംഭിച്ചു നടപ്പായതിനുശേഷം ഇപ്പോള്‍ ഏതു ഉയര്‍ന്നജാതിക്കാരനെയും എത്ര താഴ്ന്നജാതിക്കാരന്‍തന്നെ തല്ലിയാലും – എത്ര എല്ലുനുറുങ്ങത്തക്കവണ്ണം തല്ലിയാലും – അതുകൊണ്ട് ഭ്രഷ്ട് ഇല്ലെന്നു തീര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു. ‘ലഹള’ ദൂരെ നില്‍ക്കേണ്ടവരെ തമ്മില്‍ കൂട്ടിമുട്ടിക്കുന്നു, തൊടാന്‍ പാടില്ലാത്തവരെ തൊടുവിക്കുന്നു, അവരുടെ അംഗങ്ങളെ തമ്മില്‍ മര്‍ദ്ദിപ്പിക്കുന്നു, എന്നുവേണ്ടാ, കൂസല്‍ കൂടാതെ പരസ്പരം മാംസരക്തങ്ങളില്‍ക്കൂടി കടന്നുപെരുമാറിപ്പിക്കുന്നു- മുഖപ്രസംഗത്തിൽ പറയുന്നു.

കേരളചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പെരിനാടുലഹളയിലെകക്ഷികളും നായരും പുലയരുമായിരുന്നു. അയ്യന്‍കാളിയുടെ കീഴില്‍ സമുദായപരിഷ്‌കരണസംബന്ധമായ വേലകള്‍ചെയ്തു കൊല്ലത്തും മറ്റും സഞ്ചരിച്ചിരുന്ന ഗോപാലദാസനും കൂട്ടരും, പെരിനാട് ചെറുമൂട് എന്ന സ്ഥലത്ത് രണ്ടായിരത്തില്‍പരം പുലയരെ സംഘടിപ്പിച്ച് ഒരു മഹാസഭ നടത്തുമ്പോള്‍, ചില നായര്‍ യുവാക്കന്മാര്‍ അതില്‍ കുപിതരായി കടന്നാക്രമിക്കുകയുണ്ടായി. അടിയ്ക്കു തിരിച്ചടിയും വീടുകള്‍ കത്തിക്കലും നടന്നു. ചില നായര്‍ ഗൃഹങ്ങളും പുലയരുടെ വസതികളാകമാനവും അഗ്നിക്കിരയായി. ലഹളാനന്തരം പ്രാണരക്ഷാര്‍ത്ഥം പുലയര്‍ പെരിനാടുവിട്ടു ദൂരദേശങ്ങളിലേക്കുപാഞ്ഞു. 1091 തുലാമിലെ വിവേകോദയം മുഖപ്രസംഗം:

പെരിനാട്ടെ ലഹള
മിസ്റ്റര്‍ അയ്യന്‍കാളിയുടെ കീഴില്‍ സമുദായ പരിഷ്‌കരണ സംബന്ധമായ പ്രവൃത്തികള്‍ ചെയ്തു കൊല്ലത്തും മറ്റും സഞ്ചരിക്കുന്ന മിസ്റ്റര്‍ ഗോപാലദാസ് ഒരു നല്ല പ്രാസംഗികനും സമര്‍ത്ഥനുമാണെന്നാണ് ഞങ്ങടെ അറിവ്. പ്രാക്കുളം മുതലായ സ്ഥലങ്ങളില്‍ മിസ്റ്റര്‍ ഗോപാലദാസ് പല സഭകളും കൂട്ടി പുലയരുടെ ഇടയില്‍ വലിയ പ്രസംഗങ്ങള്‍ ചെയ്കയും ആചാരപരിഷ്‌കരണ സംബന്ധമായി ഈയിടെ സാരമായ പലതും പ്രവര്‍ത്തിക്കയും സ്ഥലത്തെ നായര്‍ പ്രമാണികളും ഈഴവ പ്രമാണികളും അതിന്നൊക്കെ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നതായറിഞ്ഞു ഞങ്ങള്‍ക്ക് വളരെ ഉത്സാഹം തോന്നി. എന്നാല്‍ മിസ്റ്റര്‍ ഗോപാലദാസിനും കൂട്ടര്‍ക്കും പെരിനാട്ടുണ്ടായ അനുഭവം ഞങ്ങളെ അത്യന്തം വ്യസനിപ്പിക്കുന്നു. തുലാം 10 ന് കാലത്ത് പെരിനാട്ടു ചെറുമൂട് എന്ന സ്ഥലത്തു രണ്ടായിരത്തില്‍പ്പരം പുലയര്‍ ചേര്‍ന്ന ഒരു മഹാസഭ നടത്തിയ സന്ദര്‍ഭത്തില്‍ വികൃതികളായ ചില നായര്‍ യുവാക്കന്മാര്‍ മിസ്റ്റര്‍ ഗോപാലദാസിനേയും മറ്റും അടിച്ചു ദേഹോപദ്രവം ചെയ്തു. പുലയരുടെ സഭ മുടക്കാനായി ആയുധപാണികളായി കടന്നു ചെല്ലുകയും ആ സംരംഭം ഒരു വലിയ ലഹളയായി കലാശിക്കയും ചെയ്തിരിക്കുന്നു. ചവിട്ടിയാല്‍ കടിക്കാത്ത പാമ്പില്ലല്ലോ. വിഷമില്ലാത്ത പാമ്പുകള്‍ കൂടിയും ചവിട്ടുന്ന കുതികാലില്‍ പല്ലേല്‍പ്പിപ്പാന്‍ നോക്കുന്നതും സ്വാഭാവികമത്രേ. അതുകൊണ്ട് പുലയരും പ്രതികാരബുദ്ധിക്കു വശംവദരായി ചില അവിവേകങ്ങള്‍ പ്രവര്‍ത്തിക്കയും അതിന്റെ ഫലമായി ഇരുകക്ഷിയിലും ഏതാനും പേര്‍ക്ക് കഠിനമായ പരുക്കും മുറിവുകളും ഏല്‍ക്കുകയും ചില നായര്‍ ഗൃഹങ്ങള്‍ നശിക്കുകയും പുലയരുടെ വസതികള്‍ എല്ലാം വലിയ വൈദികനാണെങ്കിലും അശുദ്ധവും ജാതിഭേദവുമില്ലാത്ത ഭഗവാന്‍ ഹവ്യവാഹനന് ഇരയായിത്തീരുകയും ചെയ്തിരിക്കുന്നു. കഷ്ടം! ഒന്നു രണ്ടു ‘ചട്ടമ്പി’മാരുടെ ദുഃസ്സാമര്‍ത്ഥ്യം നിമിത്തം എത്ര ആളുകള്‍ക്ക് എന്തെല്ലാം കഷ്ടനഷ്ടങ്ങളാണു സംഭവിച്ചിരിക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ലോകത്തു നടക്കുന്നതും നടന്നിട്ടുള്ളതുമായ പ്രക്ഷോഭകരങ്ങളായ കലഹങ്ങള്‍ക്കൊക്കെ കാരണം ഇങ്ങനെയുള്ള ദുഃസ്സാമര്‍ത്ഥ്യമാകുന്നു. ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടിലതിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെത്തട്ടും എന്നുള്ളതു നിശ്ചയമാണ്.
ഒന്നുവിചാരിച്ചാല്‍ ലഹള ഒരു വലിയ ‘സമുദായ പരിഷ്‌കാരി’യാണ്. ലഹളകൊണ്ട് ചിലപ്പോള്‍ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിന് സിദ്ധിക്കാറുണ്ട്. ഏതാണ്ട് ഒരു പത്തുകൊല്ലങ്ങള്‍ക്കുമുമ്പ് ഈ നാടുകളില്‍ ഒരു ഉയര്‍ന്ന ജാതിക്കാരന്‍ എന്നു പറയുന്നവനെ താഴ്ന്ന ജാതിക്കാരന്‍ എന്നു പറയുന്നവന്‍ തല്ലിയാല്‍ ജാതിഭ്രഷ്ടായി. അത് പ്രായശ്ചിത്തമില്ലാത്ത ഒരു ഭ്രഷ്ട് കൂടിയുമായിരുന്നു. ഈഴവര്‍തന്നെ ഈ ഭ്രഷ്ട് വലിയ കാര്യമായി ഗണിച്ചു വന്നിരുന്നതായി ഞങ്ങള്‍ക്കറിയാം. ഇപ്പോഴും കുഗ്രാമങ്ങളില്‍ ഈ ഭ്രഷ്ട് നടപ്പില്ലയോ എന്നും സംശയിക്കേണ്ടിയിരി ക്കുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരത്തിന്റെ പ്രവേശനത്തോടുകൂടി ജാതിവഴക്കു മൂത്തു തമ്മില്‍ തല്ലാരംഭിച്ചു നടപ്പായതിനുശേഷം ഇപ്പോള്‍ ഏത് ഉയര്‍ന്ന ജാതിക്കാരനേയും എത്ര താഴ്ന്ന ജാതിക്കാരന്‍ തന്നെ തല്ലിയാലും, എത്ര എല്ലു നുറുങ്ങത്തക്കവണ്ണം തല്ലിയാലും, അതുകൊണ്ട് ജാതിഭ്രഷ്ട് ഇല്ലെന്നു തീര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു. ജാതിമര്യാദ സംബന്ധിച്ചു നടപ്പിലിരിക്കുന്ന കോഡുകള്‍ എത്ര അയഞ്ഞവയാണെന്നും വേണമെങ്കില്‍ അവയെ ഇനിയും എത്രതന്നെ അയയ്ക്കുന്നതിനും വിരോധമില്ലെന്നും ഈ വസ്തുത നമ്മെ നല്ലവണ്ണം പഠിപ്പിക്കുന്നില്ലയോ? ലഹള ദൂരെ നില്‍ക്കേണ്ടവരെ തമ്മില്‍ കൂട്ടിമുട്ടിക്കുന്നു. തൊടാന്‍ പാടില്ലാത്തവരെ തൊടുവിപ്പിക്കുന്നു; അവരുടെ അംഗങ്ങളെ തമ്മില്‍ മര്‍ദ്ദിപ്പിക്കുന്നു; എന്നു വേണ്ടാ, കൂസല്‍ കൂടാതെ പരസ്പരം മാംസരക്തങ്ങളില്‍ക്കൂടി പെരുമാറിപ്പിക്കുന്നു. ഹാ! ലഹളേ! മനുഷ്യജാതിയില്‍പ്പെട്ട ഏതു വര്‍ഗ്ഗക്കാരോടും പരസ്യമായി പന്തിഭോജനം ചെയ്യുന്ന മഹായോഗ്യന്മാരായ സര്‍.സി.ശങ്കരന്‍നായര്‍, ജസ്റ്റിസ് സദാശിവഅയ്യര്‍ തുടങ്ങിയിട്ടുളളവരെക്കൂടി ലജ്ജിപ്പിക്കുന്ന പുതിയ സമുദായ പരിഷ്‌കാരിയാണ് നീ. പക്ഷേ ആ മഹാന്മാരുടെ നേര്‍ക്കുള്ള സ്‌നേഹബഹുമാനങ്ങള്‍ ഞങ്ങള്‍ക്കു നിന്നില്‍ തോന്നാറില്ല.

ലഹള കഴിഞ്ഞതോടുകൂടി പുലയര്‍ പ്രാണരക്ഷയ്ക്കുവേണ്ടി പെരിനാടു മുതലായ സ്ഥലങ്ങള്‍ വിട്ടു ദൂരദേശങ്ങളില്‍ ഓടിപ്പോകയും അധികം പേര്‍ പാതിരിമാരെ ശരണം പ്രാപിക്കയും ചെയ്തു. ഓടിപ്പോയ ആളുകള്‍ക്കു തിരിയെവന്നാല്‍ പാര്‍പ്പാന്‍ ഇടമില്ലെങ്കിലും സമാധാനഭംഗം നേരിടാതിരിക്കത്തക്കവണ്ണം ഗവണ്‍മെന്റ് ഉടനേതന്നെ തൃപ്തികരമായ വ്യവസ്ഥ ചെയ്തിരിക്കുന്നതായറിയുന്നതില്‍ സന്തോഷിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ പോലീസ് അദ്ധ്യക്ഷന്‍ ഋഷിയെപ്പോലെ പരിശുദ്ധനും സമദര്‍ശിയുമായ കെ. പത്മനാഭന്‍തമ്പി അവര്‍കളാകയാല്‍ നെയ്യാറ്റിന്‍കര ലഹളയില്‍നിന്ന് എന്ന പോലെ ഈ ലഹളയില്‍നിന്നും നിരപരാധന്മാര്‍ക്ക് ഉപദ്രവമുണ്ടാകുന്നതല്ലെന്നും ലഹളയുടെ ചരിത്രം തന്നെ ഒടുവില്‍ കീഴ്‌മേല്‍ മറിഞ്ഞുപോകുന്നതല്ലെന്നുമുള്ളതു നിശ്ചയം തന്നെ. തക്ക ആളുകളെ തിരഞ്ഞെടുത്ത് ഉത്തരവാദമുള്ള ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതു കൊണ്ടു മാത്രംതന്നെ എത്ര സുഖവും സമാധാനവും സംതൃപ്തിയുമാണ് ജനങ്ങള്‍ക്കുണ്ടാവാന്‍ ഇടയുള്ളത്.

Author

200 Views
Scroll to top
Close
Browse Categories