ശബരിമല: ആദ്യം കാണേണ്ടത് തീര്‍ത്ഥാടകര്‍ നേരിടുന്ന വെല്ലുവിളികള്‍

ദേവസ്വം ബോർഡുകളെ ശുദ്ധീകരിക്കാനും അഴിമതി മുക്തമാക്കാനും കുത്തഴിഞ്ഞ ഭരണസംവിധാനം നേരെയാക്കാനും നടപടികൾ സ്വീകരിച്ചുവരുന്ന ഈ അവസരത്തിൽ അയ്യപ്പഭക്തർക്ക് പറയാൻ ആവലാതികൾ ഏറെയുണ്ട്.പുതിയ സാരഥികൾ കാത് തുറന്ന് കേൾക്കുമെന്ന് ഭക്തർ പ്രതീക്ഷിക്കുന്നു.

കോടി കണക്കിന് ഭക്തരാണ് ഭഗവാനെ ദര്‍ശിക്കാനായി ഈ പുണ്യഭൂമിയില്‍ എത്തുന്നത്.എന്നാല്‍ ശുചിത്വം, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ അടക്കം ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാന്‍ ബോര്‍ഡ് പരാജയപ്പെട്ടു എന്നത് ഒരു യാഥാര്‍ത്ഥ്യം ആയി നമ്മുടെ മുമ്പിൽ ഉണ്ട്.
ദര്‍ശനത്തിനായി ഭക്തര്‍ക്ക് വെയിലും മഴയും ഏല്‍ക്കുന്ന ബുദ്ധിമുട്ടുള്ള ട്രക്കിംഗ് ചരിവുകളില്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ നീണ്ട വരികളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന കാഴ്ച നാം കണ്ടതാണ്.ദര്‍ശനത്തിനെത്തിയ അയ്യപ്പന്മാരെ സന്നിധാനത്തു തടഞ്ഞതും വിരിവയ്ക്കാന്‍പോലും അനുവദിക്കാതെ പീഡിപ്പിച്ചതും നാം കണ്ടതാണ്. ഭക്തരുടെ എണ്ണം പ്രതിവര്‍ഷം 15% ക്രമാനുഗതമായി വളരുന്നുവെന്നും അടുത്ത 50 വര്‍ഷത്തേക്കെങ്കിലും ചിന്തനീയമായ തയ്യാറെടുപ്പ് നടത്തണമെന്നും ഭരണാധികാരികള്‍ ഓര്‍മ്മിക്കുന്നത് നന്നായിയിരിക്കും.

സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും അയ്യപ്പ സേവാ സംഘം പോലുള്ള സേവന ഗ്രൂപ്പുകളും യോജിച്ചും തുടര്‍ച്ചയായും ശ്രമിച്ചിട്ടും ചില ദുരന്തങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട് എന്നത് ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കേണ്ടതാണ്. 2000 ജനുവരിയില്‍ പമ്പാ കുന്നിന്‍ മുകളില്‍ തിക്കിലും തിരക്കിലും പെട്ട് 52 തീര്‍ഥാടകരുടെ ജീവന്‍ അപഹരിച്ചു. മതിയായ സ്ഥലം ലഭ്യമാക്കിയില്ലെങ്കില്‍ തിക്കിലും തിരക്കും അല്ലെങ്കില്‍ മറ്റ് അനഭിലഷണീയ സാഹചര്യങ്ങളും തടയാന്‍ കഴിയില്ല.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയില്‍ നിരവധി പ്രശ്നങ്ങളുണ്ട്. കാനന ക്ഷേത്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന വിവേചനമാണ് ഏറ്റവും വലിയ പ്രശ്‌നം. ശബരിമല തീര്‍ത്ഥാടന കാലത്ത് വില്‍പ്പന നികുതി, കാര്‍ നികുതി തുടങ്ങിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്‍പത് കോടി രൂപയിലധികം വരുമാനം ലഭിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.എന്നാല്‍ഇത് മറച്ചു വച്ചുകൊണ്ട് ക്ഷേത്ര ത്തിലേക്കുള്ള റോഡ് നവീകരണം അടക്കം ചെലവായ തുകയുടെ കണക്കുമായി എത്തുന്നത് പരിഹാസ്യമാണ്.പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രക്കിംഗ് പാതകള്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ദ്രുത ഷട്ടില്‍ ബസ് സര്‍വീസുകള്‍ സ്ഥാപിക്കുക, ക്ഷേത്രത്തിലേക്കുള്ള ചരക്കുകളുടെയും സാധനങ്ങളുടെയും ഗതാഗതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും റോപ്പ് വേ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നിവ നിര്‍ദ്ദേശങ്ങള്‍ മാത്രമായി ഇന്നും നിലനില്‍ക്കുന്നു.

പമ്പാ നദി

പ്രകൃതി സന്തുലിതാവസ്ഥ നിലനിറുത്തിക്കൊണ്ട് ശബരിമലയുടെ പരിസര പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമാണ്.പരിസ്ഥിതി സംരക്ഷണം അയ്യപ്പന്മാരുടെ ധര്‍മ്മമായി കാണണം. ശബരിമലയുടെ പാരിസ്ഥിതികമായ പശ്ചാത്തലം തീര്‍ഥാടകരുടെ കാല്‍നടയാത്രയുടെ അനുഭവം മെച്ചപ്പെടുത്തി ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട് പാരിസ്ഥിതിക സംരക്ഷണം, പാരിസ്ഥിതിക അനുസരണം, സുസ്ഥിര വികസന തന്ത്രങ്ങള്‍ തിരഞ്ഞെടുക്കല്‍, നമുക്ക് സമ്മാനിച്ച പാരിസ്ഥിതിക സമ്പത്തിന്റെ സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.

ശബരിമലയിലെ തീര്‍ത്ഥാടകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്ന നിരവധി കമ്മീഷന്‍ റിപ്പോര്‍ട്ടുകൾ നിലവില്‍ ഉണ്ട്. ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍, എ.വി താമരാക്ഷന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി നിയമസഭാ സമിതി, ഭൂട്ടാ സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി എന്നിവയുള്‍പ്പെടെ നിരവധി കമ്മിറ്റികള്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്തു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള നിലവിലെ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വൃത്തിഹീനമായ ശുചിത്വം, വൃത്തിഹീനമായ കുടിവെള്ളം, വൃത്തിഹീനമായ ഭക്ഷണം, അപര്യാപ്തമായ ശുചിമുറി സൗകര്യങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ശബരിമലയ്ക്ക് ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി ഭൂട്ടാ സിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ശബരിമല ക്ഷേത്ര ഭരണത്തിനായി വനംവകുപ്പ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, തന്ത്രി, പന്തളം രാജകുടുംബം പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒമ്പതംഗ സ്റ്റാറ്റ്യൂട്ടറി ബോര്‍ഡിനെയാണ് ചന്ദ്രശേഖര മേനോന്‍ കമ്മിറ്റി നിര്‍ദേശിച്ചത്. കെ.എഫ്.ആര്‍.എയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം വരുമാനം അടിസ്ഥാനമാക്കിയുള്ള തന്ത്രത്തിന് പകരം തീര്‍ത്ഥാടക കേന്ദ്രീകൃത തന്ത്രമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കേണ്ടത്. ഈ സമിതികളുടെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവഗണിച്ചു.

പമ്പാ ആക്ഷന്‍ പ്ലാന്‍
എവിടെ?

കേരളത്തിലെ പുണ്യ നദി എന്നാണ് പമ്പ അറിയപ്പെടുന്നത്. ദക്ഷിണ ഗംഗ, ദക്ഷിണ ഭാഗീരഥി എന്നൊക്കെ അറിയപ്പെടുന്ന പമ്പാ നദി കേരളത്തിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.176 ഉപരിതല വിസ്തീര്‍ണ്ണമുള്ള വലിയ നദി യായ പമ്പാ നദി മധ്യകേരളത്തിന്റെ ജീവനാഡിയാണ് . ഈ ജലാശയം ഇന്ന് ഏറെ നാശത്തിന്റെ വക്കിലാണ്.പമ്പയുടെ പോഷകനദികളായ അച്ചന്‍കോവിലാര്‍ മണിമലയാര്‍ എന്നിവയും വിവിധതരം മാലിന്യ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. പമ്പയെയും അച്ചന്‍കോവിലിനെയും ബന്ധിപ്പിക്കുന്ന ഉത്രപ്പള്ളിയാറും ഈ രണ്ട് നദികളെയും ബന്ധിപ്പിക്കുന്ന കുട്ടംപേരൂര്‍ ആറും ഇതേ പോലെ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ ആണ്. പമ്പയുടെ കൈവഴികളിലെ ജലനിലവാരം ഭയാനകമായി താഴ്ന്നനിലയിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. നദിയില്‍ കോളിഫോം ബാക്ടീരിയയുടെ തോതു അമിതമായി വര്‍ധിക്കുകയും ഡിസോള്‍ഡ് ഓക്‌സിജന്‍ (ഡിഒ) ഇല്ലാതാകുകയും ചെയ്തതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിത്യാവശ്യങ്ങള്‍ക്കായി 40 ലക്ഷം പേരാണ് പമ്പാനദി ഉപയോഗിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന പമ്പാ നദിയുടെ മലിനീകരണത്തിന്റെ പ്രധാന കാരണം ക്ഷേത്രത്തിലെ ജനബാഹുല്യമാണ്.ക്ഷേത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പമ്പാ സ്‌നാനം ഗംഗാ നദിയില്‍ കുളിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നു.ആചാരം ലംഘിച്ച് മാലിന്യങ്ങളും തുണികളും നദിയിലേക്ക് വലിച്ചെറിയാറുണ്ട്. വന്‍ തോതിലുള്ള മലിനീകരണം ഇത് മൂലം സംഭവിക്കുന്നു.തീര്‍ത്ഥാടകര്‍ ശുചീകരിക്കാനും കഴുകാനും നദി ഉപയോഗിക്കുന്നു. മൂന്ന് മാസത്തെ തീര്‍ത്ഥാടന സീസണില്‍ പമ്പയില്‍ മാലിന്യ കൂമ്പാരം ദൃശ്യമാകും.
ശബരിമല യിലെ ജലവിതരണത്തിന്റെ പ്രധാന സ്രോതസ്സ് പമ്പാ നദിയാണ്.ഉത്സവ സീസണില്‍ ധാരാളം തീര്‍ത്ഥാടകര്‍ അവിടെ ഒത്തുകൂടുന്നതിനാല്‍ നദി മലിനീകരണം തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ നടപടികള്‍ സ്വീകരിക്കാം. ഹോട്ടലുകളിലെയും മറ്റും ഖരമാലിന്യങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുക, മനുഷ്യവിസര്‍ജ്യങ്ങള്‍ ഒഴുക്കിവിടുക തുടങ്ങിയ മനുഷ്യനിര്‍മിത പ്രവര്‍ത്തനങ്ങള്‍ പുണ്യ നദിയെ നിലവിലെ അവസ്ഥയിലേക്ക് വഷളാക്കി, ഇത് ജലമലിനീകരണത്തിനും ജലജന്യ രോഗങ്ങള്‍ പടരുന്നതിനും കാരണമായി
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി 2003 ഒക്ടോബറില്‍ ഒരു പഠനം നടത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ അടക്കം സമിതി മുന്നോട്ട് വച്ചു.ഒരു കോടിയിലധികം തീര്‍ഥാടകരുടെ ഒഴുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിവിധ കാരണങ്ങളാല്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ക്ക് കഴിയാത്തതും ശബരിമലയിലെ പ്രശ്‌നങ്ങള്‍ഏറെ വഷളാക്കിയത്.
കേരള നിയമസഭ 2016-19 ലെ പരിസ്ഥിതി സംബന്ധിച്ച സമിതി അതിന്റെ പതിനഞ്ചാമത് റിപ്പോര്‍ട്ട് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടിട്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ളതാണ്.ശബരിമല യിലെ ഭക്തജന ക്ഷേമ പ്രവര്‍ത്തനനങ്ങള്‍ ഇവിടുത്തെ വനം പരിസ്ഥിതി മേഖലകള്‍ക്കും പമ്പാ നദിക്കും ആഘാതമേല്‍ക്കാത്ത വിധത്തില്‍ നില നിര്‍ത്തുക എന്നത് ഏറെ വെല്ലുവിളിയായി നിലകൊള്ളുന്നു.ശബരിമലയിലെയും പമ്പയിലെയും പരിസര പ്രദേശങ്ങളിലെ മാലിന്യ സംസ്‌കരണത്തിന്റെ അഭാവവും ശുചിത്വ പരിപാലനത്തിന്റെ പോരായ്മകളും ഒക്കെ നിരവധി തവണ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
പമ്പാ നദിയെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും കുടിവെള്ള സ്രോതസ്സാക്കി മാറ്റുന്നതിനും ദീര്‍ഘകാല സംരക്ഷണത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ വിസര്‍ജ്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും പമ്പാ നദിയെ വലിയൊരളവില്‍ മലിനമാക്കുന്നു. സന്നിധാനത്തു സ്ഥാപിച്ചിട്ടുള്ള മാലിന്യ നിര്‍മാര്‍ജന പ്ലാന്റില്‍ നിന്നും പുറത്തേക്കു വരുന്ന മനുഷ്യ വിസര്‍ജ്യം കലര്‍ന്ന ജലം ഞുണങ്ങാറിലും അതുവഴി പമ്പയിലേക്കും ഒഴുകിയെത്തുന്നത് പമ്പാ നദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടുന്നതിനു കാരണമാകുന്നു.കുടിവെള്ളത്തിനായി പമ്പാ നദിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്കു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇത് ഇടയാക്കുന്നു.
ഭക്തര്‍ അലക്ഷ്യ മായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകള്‍ പമ്പാ നദിയിലെ ജലത്തിലെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തി മലിനീകരണം ഉണ്ടാക്കുന്നു.പമ്പാ നദിയെ മലിനീകരണത്തില്‍ നിന്നും തടയാന്‍ ഗംഗ ആക്ഷന്‍ പ്ലാന്‍ മാതൃകയില്‍ ഒരു പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കണമെന്ന് എ.വി താമരാക്ഷന്‍ അധ്യക്ഷനായുള്ള നിയമസഭ പരിസ്ഥിതി സമിതി 1998 ല്‍ ശുപാര്‍ശ ചെയ്തിരുന്നു.പമ്പാ നദിയെ മലിനീകരണത്തില്‍ നിന്നും തടയാന്‍ ഗംഗ ആക്ഷന്‍ പ്ലാന്‍ മാതൃകയില്‍ ഒരു പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് എ.വീ താമരാക്ഷന്‍ അധ്യക്ഷനായുള്ള നിയമസഭ പരിസ്ഥിതി സമിതി 1998 ല്‍ ശുപാര്‍ശ ചെയ്തിരുന്നു.പമ്പാ നദിയുടെ മലിനീകരണത്തിന് എതിരായ ജനകീയ ബോധവത്കരണത്തിന് ഏറെ പ്രസക്തിയുണ്ട്. നദീ സംരക്ഷണത്തിനായുള്ള മുറവിളി തുടങ്ങിയിട്ട് കാലങ്ങളേറെയായി. നിരവധി പഠനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ അടക്കം നിരവധി പഠനങ്ങള്‍ പലവട്ടം നടത്തിയെങ്കിലും സമഗ്രമായ പഠനം സാധ്യമായിട്ടില്ല എന്ന് വേണം പറയാന്‍.എങ്കിലും കുറെയൊക്കെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പമ്പാ നദിയുടെ ഉയിര്‍ത്തെഴുന്നേല്പിന് ഇടയാക്കിയിട്ടുണ്ട്.
9447591810


തിരുപ്പതിയിലേതുപോലെ നിലയ്ക്കലിലും ബേസ് ക്യാമ്പ് വികസിപ്പിക്കണം എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.അതുപോലെ തന്നെ ശ്രീകോവിലിന് ചുറ്റും നിലവിലുള്ള കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പൊളിച്ചുനീക്കണം എന്നൊരു നിര്‍ദേശം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ വനമാക്കി മാറ്റണം. ത്രിവേണിയിലും സന്നിധാനത്തും ഉള്ള സൗകര്യങ്ങള്‍ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് അനുയോജ്യമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ് .
അശാസ്ത്രീയവും വികലവുമായ മാലിന്യ സംസ്‌കരണ സംവിധാനവും ഏറെ ആശങ്ക ഉളവാക്കിയിട്ടുണ്ട്.തെറ്റായ മാലിന്യ നിര്‍മാര്‍ജനം, മലിനജല ചോര്‍ച്ച,വൃത്തിഹീനമായ അന്തരീക്ഷം എന്നിവ കാരണം സന്നിധാനവും പമ്പാ നദിയും കാട്ടുപന്നികളുടെ പ്രജനന കേന്ദ്രമായി മാറി.ശബരിമല യില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ശബരിമലയെ സംരക്ഷിക്കാന്‍ ബോര്‍ഡ് തയ്യാറാകണം.

Author

101 Views
Scroll to top
Close
Browse Categories