പി.എം ശ്രീ’ഒത്തു’ തീര്‍പ്പിലൊതുങ്ങുമാേ?

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള 14,500 വിദ്യാലയങ്ങളുടെ വികസനമാണ് പി.എം ശ്രീ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒരു ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന് (ബി.ആര്‍.സി) കീഴില്‍ പരമാവധി 2 സ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ ഇടം ലഭിക്കും. പദ്ധതിയില്‍ കേരളം പങ്കാളിയായാല്‍ 168 ബി.ആര്‍.സി കളിലായി 336 സ്‌കൂളുകള്‍ക്ക് ഗുണം ലഭിക്കും.കേരളവും അത് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ അതിനെതിരെ പ്രതിപക്ഷത്തെക്കാള്‍ വീറോടെ, ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ചന്ദ്രഹാസമിളക്കി ഒരാഴ്ചയോളം ഇടതുമുന്നണിയെയും പിണറായി സര്‍ക്കാരിനെയും കുന്തമുനയില്‍ നിര്‍ത്തി. ഒടുവില്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെ ശുഭപര്യവസായിയായെങ്കിലും അതുയര്‍ത്തിയ കോലാഹലങ്ങള്‍ ഇടത് മന്ത്രിസഭക്കുണ്ടാക്കിയ പോറല്‍ അത്രവേഗമൊന്നും മാഞ്ഞുപോകുന്നതല്ല.

‘ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ വാക്കുകളെ വര്‍ത്തമാനകാലത്തിനനുസൃതമായൊന്ന് മാറ്റിയാല്‍ അതിങ്ങനെയാകും. ‘കേന്ദ്രമെന്ന് കേട്ടാലോ എതിര്‍ക്കണം അതിനെ നഖശിഖാന്തം….’
കേന്ദ്ര- സംസ്ഥാന ബന്ധം ഊഷ്മളമാകേണ്ടത് ഭരണപരമായ സൗകര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ നിലനിര്‍ത്താനും ഉത്തമമാണ്. കേന്ദ്രം ഇപ്പോള്‍ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന ഏത് പദ്ധതിയെയും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയോ അപ്പാടെ തള്ളിക്കളയുകയോ എന്നതാണിപ്പോള്‍ നാട്ടിലെ ‘ഫാഷനാ’യി മാറിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം തീരുമാനിച്ചാല്‍ പിന്നെ ആകെ പുകിലായി. ആര്‍.എസ്.എസുമായി സന്ധിചെയ്തുവെന്നും കേന്ദ്രവും സംസ്ഥാനവും ‘ഭായി’ മാരായെന്നും വിമര്‍ശന പെരുമഴയാകും. കടുത്ത വിമശനവും ആക്ഷേപവും ഭയന്ന് പല നല്ല പദ്ധതികളുടെയും പ്രയോജനം സംസ്ഥാനത്തിന് നഷ്ടമായാലും ആര്‍ക്കും പരാതിയില്ല. പ്രായോഗികതയല്ല, നയമാണ് മുഖ്യം എന്ന കാലഹരണപ്പെട്ട മുദ്രാവാക്യത്തില്‍ കടിച്ചുതൂങ്ങാനാണ് പുരോഗമന വാദികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് പോലും താത്പര്യം.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളെ മാതൃകാപരമായി ഉയര്‍ത്തി അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘പി.എം ശ്രീ’ (പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ). സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കുമായി 2022 സെപ്തംബറിലെ അദ്ധ്യാപക ദിനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. സജീവമായും ഉല്പാദനക്ഷമമായും സംഭാവന നല്‍കുന്ന നല്ല പൗരന്മാരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുക തുടങ്ങിയ ഒട്ടേറെ നല്ല ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയതെങ്കിലും രാജ്യത്തെ ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പതിവ് പോലെ സംശയത്തോടെയാണ് പദ്ധതിയെ നോക്കിക്കണ്ടതും തള്ളിക്കളഞ്ഞതും.

ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആര്‍.എസ്.എസിന്റെ നയങ്ങളാണ് ഇതിലൂടെ രാജ്യത്ത് നടപ്പാക്കുന്നതെന്നും വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കുന്നുവെന്നുമൊക്കെയായിരുന്നു എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇങ്ങനെയുള്ള വരട്ട് ന്യായങ്ങള്‍ പറഞ്ഞ് മാറി നിന്ന സംസ്ഥാനങ്ങള്‍ പോലും പിന്നീട് പദ്ധതിയുമായി സഹകരിക്കുന്നതാണ് കണ്ടത്. കേരളത്തിനു പുറമെ തമിഴ്‌നാടും പശ്ചിമബംഗാളും മാത്രമായി എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കേരളവും അത് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ അതിനെതിരെ പ്രതിപക്ഷത്തെക്കാള്‍ വീറോടെ, ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ചന്ദ്രഹാസമിളക്കി ഒരാഴ്ചയോളം ഇടതുമുന്നണിയെയും പിണറായി സര്‍ക്കാരിനെയും കുന്തമുനയില്‍ നിര്‍ത്തി. ഒടുവില്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെ ശുഭപര്യവസായിയായെങ്കിലും അതുയര്‍ത്തിയ കോലാഹലങ്ങള്‍ ഇടത് മന്ത്രിസഭക്കുണ്ടാക്കിയ പോറല്‍ അത്രവേഗമൊന്നും മാഞ്ഞുപോകുന്നതല്ല.

മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ യാതൊരു ചര്‍ച്ചയും നടത്താതെയും വേണ്ടത്ര ഗൃഹപാഠം നടത്താതെയും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രവുമായി സന്ധിചെയ്തതെന്ന വിമര്‍ശനമാണുയര്‍ന്നത്. അത് ഒരു പരിധി വരെ ശരിയുമായിരുന്നെങ്കിലും മുന്നണിയെയും സര്‍ക്കാരിനെയും ബാധിച്ച കാര്‍മേഘത്തിന്റെ ഒരുഘട്ടത്തില്‍ സി.പി.ഐ യിലെ 4 മന്ത്രിമാരും രാജിവയ്ക്കുമെന്ന് വരെ ഭീഷണി ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രതീതിയും ഉയര്‍ന്നതോടെയാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ യുടെ പിടിവാശിക്ക് മുന്നില്‍ തെല്ലെങ്കിലും വഴങ്ങാന്‍ തയ്യാറായത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും മുഖ്യമന്ത്രിയുമായും സി.പി.എമ്മിന്റെയും സി.പി.ഐ യുടെയും ദേശീയ നേതൃത്വവുമായുമെല്ലാം നടത്തിയ ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനും ഒടുവിലാണ് മഞ്ഞുരുകിയത്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ ഉഴലുന്ന സര്‍ക്കാര്‍, സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ക്ക് ലഭിക്കേണ്ട കേന്ദ്ര കുടിശ്ശികയായ 1148 കോടി ഉള്‍പ്പെടെ 1466 കോടി നേടിയെടുക്കാനാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതെന്നാണ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വാങ്ങുന്നതിന് തങ്ങള്‍ എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പോലും പറഞ്ഞിടത്താണ് സി.പി.ഐ കട്ട എതിര്‍പ്പുയര്‍ത്തിയത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍
മുഖ്യമന്ത്രിയുടെ അറിവോടെയും ആശീര്‍വാദത്തോടെയും വിദ്യാഭ്യാസ മന്ത്രി മുന്‍കൈയെടുത്ത് പി.എം ശ്രീയില്‍ കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട ധാരണാപത്രം പുന:പരിശോധിക്കാമെന്നും ഏഴംഗ മന്ത്രിസഭാ ഉപസമിതി പദ്ധതിയെക്കുറിച്ച് പഠിക്കുമെന്നും റിപ്പോര്‍ട്ട് ലഭിക്കും വരെ മുന്നോട്ട് പോകില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കാമെന്നുമാണ് ധാരണ. മന്ത്രി വി.ശിവന്‍കുട്ടിയാണ് മന്ത്രിസഭാ ഉപസമിതിയുടെ അദ്ധ്യക്ഷന്‍. മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, പി.രാജീവ്, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ അംഗങ്ങളാണ്. ധാരണാപത്രവും അതുണ്ടാക്കിയ ആശങ്കകളും സമിതി പരിശോധിക്കും. ഉപസമിതി റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കുമെന്നതില്‍ വ്യക്തമായ രൂപമില്ല. എന്തായാലും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പ് വരെ അതുണ്ടാകില്ലെന്നുറപ്പാണ്. അതുകഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനവും മുന്നണികളും കടക്കും. തിരഞ്ഞെടുപ്പുകളില്‍ പി.എം ശ്രീ വിവാദം ചൂടേറിയ ചര്‍ച്ചകള്‍ക്കും പ്രചാരണത്തിനും ഉപാധിയാകുമെന്നതുറപ്പാണ്. പദ്ധതിതന്നെ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തുടക്കത്തില്‍ ഉറച്ചു നിന്ന സി.പി.ഐ, മുഖ്യമന്ത്രിയും സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുന:പരിശോധന എന്നതിലേക്ക് മനംമാറ്റം വന്നത്. ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കുക എന്നത് നിയമപരമായി പ്രായോഗികമല്ലെന്ന തിരിച്ചറിവും സി.പി.ഐ തങ്ങളുടെ നിലപാടില്‍ അയവ് വരുത്താന്‍ കാരണമായെന്ന് വേണം കരുതാന്‍.

കണ്ണില്‍ പൊടിയിടല്‍
മാത്രമോ ?

കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതിയില്‍ നിന്ന് പിന്മാറാനോ നടപ്പാക്കാതിരിക്കാനോ ഉള്ള സാദ്ധ്യത വിരളമാണെന്നിരിക്കെ മന്ത്രിസഭാ ഉപസമിതി രൂപീകരണവും കേന്ദ്രത്തിന് കത്തയക്കലുമൊക്കെ ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ താത്ക്കാലിക ഒത്തുതീര്‍പ്പ് ധാരണ എന്നതിനപ്പുറം കാര്യമായ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ എന്നതില്‍ സി.പി.ഐ ക്ക് പോലും സംശയം ഉണ്ടാകാനിടയില്ല. ഇടതുമുന്നണിയിലെ കൂട്ടായ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയല്ല പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന പരാതി കുറെക്കാലമായി സി.പി.ഐക്കുണ്ട്. എന്നാല്‍ പരാതി വേണ്ട രീതിയില്‍ വേണ്ടിടത്ത് അവതരിപ്പിക്കാത്തതിനാല്‍ സി.പി.ഐയുടെ നിലയും വിലയും മുന്നണിയില്‍ ചോദ്യം ചെയ്യുന്നുവെന്ന വികാരം പാര്‍ട്ടി നേതാക്കളിലും അണികളിലും ശക്തമായിരുന്നു. ബിനോയ് വിശ്വം പാര്‍ട്ടി സെക്രട്ടറി ആയ ശേഷം പാര്‍ട്ടി അണികളില്‍ നിന്നും നേതാക്കളില്‍ നിന്ന് പോലും ഇതിന്റെപേരില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഏറ്റു വരികയായിരുന്നു. പാര്‍ട്ടി സംസ്ഥാന, ദേശീയ സമ്മേളനങ്ങളിലും ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെയും ഈ വിമര്‍ശനം സി.പി.ഐ യെ ഉലച്ചിരുന്നു. മുന്‍ സെക്രട്ടറിമാരായ വെളിയം ഭാര്‍ഗ്ഗവന്‍, സി.കെ ചന്ദ്രപ്പന്‍ എന്നിവരോട് താരതമ്യപ്പെടുത്തി അവരുടെ നിലയിലേക്ക് പുതിയ സെക്രട്ടറി ഉയരുന്നില്ലെന്ന വിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതുമായിരുന്നു. അങ്ങനെയിരിക്കെ വീണുകിട്ടിയതുപോലെ ലഭിച്ച അവസരമാണ് പി.എം ശ്രീ യിലൂടെ കൈവന്നത്. തിരഞ്ഞെടുപ്പുകള്‍ ആസന്നമായ ഘട്ടത്തില്‍ ഇനിയും പ്രതികരിക്കാതിരുന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് അണികള്‍ കൊഴിഞ്ഞുപോകുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നെ ഇതാണ് പറ്റിയ അവസരം എന്ന് തിരിച്ചറിഞ്ഞ സി.പി.ഐ നേതൃത്വം രണ്ടും കല്‍പ്പിച്ച് വല്യേട്ടനെതിരെ മുണ്ടും മടക്കിക്കുത്തി പോരിനിറങ്ങുകയായിരുന്നു. അത് ഒരു പരിധിവരെ വിജയം കണ്ടുവെന്ന് സി.പി.ഐ അണികളെ ബോദ്ധ്യപ്പെടുത്താന്‍ ബിനോയ് വിശ്വത്തിനും ടീമംഗങ്ങള്‍ക്കും കഴിഞ്ഞുവെന്നത് രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്.
‘പശുവിന്റെ കടിയും മാറി, കാക്കയുടെ വിശപ്പും അടങ്ങി’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം ഇരുപക്ഷത്തിനും താത്ക്കാലികാശ്വാസം കൈവന്നുവെന്ന് സമാധാനിക്കാം. പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരായി സി.പി.ഐ ഉയര്‍ത്തിയ വെല്ലുവിളി ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കാനേ സാദ്ധ്യതയുള്ളുവെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. കേന്ദ്രമെന്നും ബി.ജെ.പി എന്നുമൊക്കെ കേള്‍ക്കുമ്പോഴേ ഹാലിളക്കം കൊള്ളുന്ന പാര്‍ട്ടി ഇങ്ങ് കേരളത്തിലെ ഭരണമുന്നണിയില്‍ രണ്ടാമനെങ്കിലും സി.പി.എമ്മിന്റെ തണലും താങ്ങും ഇല്ലെങ്കില്‍ മത്സരിക്കുന്ന ഒരിടത്തും കെട്ടിവച്ച കാശ്‌പോലും കിട്ടാത്ത പാര്‍ട്ടിയാണ് സി.പി.ഐ എന്ന് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് സി.പി.ഐക്കാര്‍ മാത്രമാകും. അങ്ങനെയുള്ള സി.പി.ഐ ആണ് ഏതാനും ദിവസങ്ങള്‍ സി.പി.എമ്മിനെയും ഭരണ മുന്നണിയെയും കുന്തമുനയില്‍ നിര്‍ത്തി ഒടുവില്‍ തങ്ങള്‍ ഉദ്ദേശിച്ച കാര്യം നേടിയെടുത്തുവെന്ന് സ്വയം അഭിമാനിച്ച് ഒത്തുതീര്‍പ്പിന് തയ്യാറായത്. ഇനി പദ്ധതി നടപ്പാക്കിയാലും തങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്ന കാര്യം പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ബോദ്ധ്യപ്പെടുത്താന്‍ സി.പി.ഐക്ക് കഴിയുമെന്നത് മാത്രമാകും ഇതിന്റെ ബാക്കിപത്രം

പ്രായോഗികതയല്ല,
നയമാണ് മുഖ്യം

കേന്ദ്രസര്‍ക്കാരിന്റെ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പ്രായോഗികതയെക്കാള്‍ നയമാണ് മുഖ്യമെന്ന പിന്തിരിപ്പന്‍ വാദമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പി.എം ശ്രീ പദ്ധതിയെക്കുറിച്ച് ഉയര്‍ത്തിയത്. ‘നയപരമായ തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണ്. പി.എം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നിട്ടില്ല. ഘടകകക്ഷികളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയല്ല മുന്നോട്ട് പോകേണ്ടത്. ഇത്രയേറെ ഗൗരവമുള്ള കാര്യത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിയാകുമ്പോള്‍ അതിന്റെ ഉള്ളടക്കം ഘടകകക്ഷികളെ അറിയിക്കാതിരിക്കുന്നതിലെ രാഷ്ട്രീയം സി.പി.എമ്മിന് മനസ്സിലാകില്ല. ഇത് എല്‍.ഡി.എഫിന്റെ നയമല്ല. എല്‍.ഡി.എഫ് അങ്ങനെയായിരുന്നില്ല തീരുമാനം എടുക്കേണ്ടിയിരുന്നത്. ഇടതുപക്ഷ ആശയങ്ങളെയും മൂല്യങ്ങളെയും മറന്നുകൊണ്ടുള്ള ശൈലി തിരുത്തപ്പെടേണ്ടതാണ്. തിരുത്തിയേ തീരൂ. പി.എം ശ്രീയെക്കുറിച്ച് ഞങ്ങള്‍ മനസിലാക്കിയത് അത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നാണ്. പി.എം ശ്രീ പോലെ ഒന്നില്‍ ഇടപെടുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പലവട്ടം ചിന്തിക്കേണ്ടതായിരുന്നു.’ -അദ്ദേഹം പറഞ്ഞു.

2024 ല്‍ തന്നെ കേരളം
സന്നദ്ധത അറിയിച്ചു

പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് വിവാദമായതെങ്കിലും 2024 ഫെബ്രുവരിയില്‍ തന്നെ കേരളം കേന്ദ്രത്തെ സന്നദ്ധത അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജിനെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് സന്നദ്ധത അറിയിച്ച് അന്നേ കത്തയച്ചിരുന്നു. പി.എം ശ്രീ പദ്ധതിയില്‍ കേരളവും സഹകരിക്കാന്‍ തയ്യാറാണെന്ന് കാട്ടിയായിരുന്നു കത്ത്. തുടര്‍ന്ന് മാര്‍ച്ചിലും കത്തയച്ചു. അതിനു ശേഷം മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെയും സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം ചര്‍ച്ചയാകുകയും പദ്ധതിയില്‍ ചേരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതായ വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഒക്ടോബര്‍ 23 ന് മന്ത്രി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഡല്‍ഹിയിലെത്തി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

മന്ത്രിശിവൻകുട്ടി

‘ഞാനും മാറി’ :
മന്ത്രി ശിവന്‍കുട്ടി

ഒന്നും നല്‍കുന്നില്ലെന്ന് കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തിയിരുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത് സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണെന്നും കേന്ദ്രത്തില്‍ നിന്ന് 1466 കോടി രൂപ ലഭിക്കാനുണ്ടെന്നുമാണ്. പുതിയ ദേശീയവിദ്യാഭ്യാസ നയവുമായി സന്ധിചെയ്യുന്നത് ഇടത് സര്‍ക്കാരിന് ഭൂഷണമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാനും മാറി’ എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. കേന്ദ്രസഹായത്താല്‍ സംസ്ഥാനത്ത് നടപ്പാക്കിയ പത്തിലധികം പദ്ധതികളുടെ വിശദാംശങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വെളിപ്പെടുത്തി. വിദ്യാഭ്യാസ പദ്ധതിയിലെ കാവിവത്ക്കരണം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാണ് കേന്ദ്ര വിദ്യാഭ്യാസനയങ്ങളെ കേരളം ഇതുവരെ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്നത്. കേന്ദ്ര പദ്ധതികള്‍ അംഗീകരിച്ചാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്ന് പറഞ്ഞ് കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ സ്‌കൂളിനു മുന്നില്‍ ‘പി.എം ശ്രീ സ്‌കൂള്‍’ എന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടി വരും. പദ്ധതിയില്‍ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം ലഭിക്കാതായതോടെയാണ് കാവിവത്ക്കരണ ആരോപണം മാറ്റിവച്ച് കേരളത്തിനും വഴങ്ങേണ്ടി വന്നത്. പ്രായോഗികമല്ലാത്ത നയത്തിലുറച്ചു നിന്നാല്‍ വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ അവതാളത്തിലാകുമെന്ന് വന്നതോടെയാണ് കേരളത്തിന്റെ മനം മാറ്റം. 2024- 25 ല്‍ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത് 3757. 89 കോടിയാണ്.

ബിനോയ് വിശ്വം

മന്ത്രിസഭയിലും എതിര്‍പ്പുമായി
സി.പി.ഐ

പി.എം ശ്രീ പദ്ധതിയില്‍ അംഗമാകുന്നത് സംബന്ധിച്ച വിഷയം നേരത്തെ 2 തവണ മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്‌തെങ്കിലും സി.പി.ഐ മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പുയത്തിയിരുന്നു. എതിര്‍പ്പ് നിലനില്‍ക്കെ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനുമായി ചര്‍ച്ച നടത്തിയ മന്ത്രി ശിവന്‍കുട്ടി പദ്ധതി നടപ്പാക്കാന്‍ സി.പി.ഐ യുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്രവുമായി സന്ധിചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട കുട്ടികള്‍ക്കായി ചെലവഴിക്കേണ്ട തുക വേണ്ടെന്ന് വയ്‌ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് മന്ത്രി തീരുമാനത്തെ ന്യായീകരിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 23 ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ വാസുകി ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചതോടെയാണ് സി.പി.ഐ രണ്ടും കല്‍പ്പിച്ച് പി.എം ശ്രീക്കെതിരെ രംഗത്തിറങ്ങിയത്. വൈകിയാണ് കേരളം ഒപ്പുവച്ചതെങ്കിലും 1400 കോടിയോളം രൂപ കേരളത്തിന് ലഭിക്കും. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ ഈ കേന്ദ്രഫണ്ട് വാങ്ങിയെന്നതും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്
336 സ്‌കൂളുകള്‍ക്ക് പ്രയോജനം

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള 14,500 വിദ്യാലയങ്ങളുടെ വികസനമാണ് പി.എം ശ്രീ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒരു ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന് (ബി.ആര്‍.സി) കീഴില്‍ പരമാവധി 2 സ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ ഇടം ലഭിക്കും. പദ്ധതിയില്‍ കേരളം പങ്കാളിയായാല്‍ 168 ബി.ആര്‍.സി കളിലായി 336 സ്‌കൂളുകള്‍ക്ക് ഗുണം ലഭിക്കും. പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്ക് ലഭിക്കും. സ്‌കൂളുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, നവീകരണ പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നൂതന പാഠ്യ പദ്ധതി, കുട്ടികളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്, പ്രാദേശിക ഇന്റേണ്‍ഷിപ്പ്, ധൈഷണികശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് ലൈബ്രറി ഗ്രാന്റ്, സ്‌പോര്‍ട്‌സ് ഗ്രാന്റ് തുടങ്ങിയവയും അനുവദിക്കും. സ്മാര്‍ട്ട് ക്‌ളാസ് മുറികളും ഡിജിറ്റല്‍ ലൈബ്രറി സംവിധാനങ്ങളും ഒരുക്കും. മാലിന്യസംസ്‌ക്കരണ സംവിധാനം ഉണ്ടാകും. കുട്ടികളെ തൊഴില്‍ ചെയ്യാന്‍കൂടി പ്രാപ്തരാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 2022 മുതല്‍ 2027 വരെ 5 വര്‍ഷത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തത്. 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കണം. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടുമ്പോഴാണ് കേന്ദ്രവിഹിതം ലഭിക്കുക. പദ്ധതിയുടെ ഗുണനിലവാരം പരിശോധനക്ക് വിധേയമാകുമെന്നതിനാല്‍ ഒപ്പിട്ട പദ്ധതിയില്‍ നിന്ന് പിന്മാറുകയെന്നത് പ്രായോഗികമല്ല . നിലവില്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി 12,505 സ്‌കൂളുകളാണ് പി.എം ശ്രീ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സ്വാഗതം ചെയ്ത് ബി.ജെ.പി
സി.പി.ഐയെ തള്ളി പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരും ഒപ്പിട്ടതിനെ സ്വാഗതം ചെയ്ത ഏക രാഷ്ട്രീയ പ്രസ്ഥാനം ബി.ജെ.പിയാണ്. വസ്തുതകളും പ്രായോഗികതയും തിരിച്ചറിഞ്ഞ് വൈകിയാണെങ്കിലും കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യറായത് സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. വികലവും വസ്തുതാവിരുദ്ധവുമായ ചരിത്രം ഇനി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലേഖകന്റെ ഫോണ്‍: 9446564749

Author

100 Views
Scroll to top
Close
Browse Categories