‘ചതിയൻ ചന്തു’മാർ ഉറഞ്ഞ് തുള്ളുമ്പോൾ
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ യോഗം ജനറൽ സെക്രട്ടറിയോട് ചില മാധ്യമപ്രവർത്തകർ നടത്തിയ തികച്ചും പക്വതയില്ലാത്ത പെരുമാറ്റം എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെയും അദ്ദേഹത്തെ അടുത്തറിയുന്നവരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ശിവഗിരി തീർത്ഥാടന സമ്മേളന സ്ഥലത്തു വച്ച് വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയവിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയെന്ന് വരുത്തി ശിവഗിരിയുടെ പവിത്രതയ്ക്ക് തന്നെ കളങ്കമേൽപ്പിക്കാനുള്ള ഗൂഢനീക്കമായിരുന്നു ചാനൽ ലേഖകന്റേതെന്ന് തിരിച്ചറിഞ്ഞ് ലേഖകനോട് അത്തരം ചോദ്യം വേണ്ടെന്ന് പറയുകയായിരുന്നു.

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനും കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിന്റെ നേതാവുമായ വെള്ളാപ്പള്ളി നടേശനെതിരെ കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയക്കാരും ജാതി സംഘടനകളും ഉറഞ്ഞു തുള്ളാനും അദ്ദേഹത്തെ വർഗ്ഗീയവാദിയെന്ന് മുദ്രകുത്തി താറടിക്കാനും കിണഞ്ഞു ശ്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പേരിൽ പോലും വർഗ്ഗീയത പുലർത്തുകയും എന്നാൽ നാഴികയ്ക്ക് നാല്പത് വട്ടം മതേതര പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗും ഇസ്ലാമിക തീവ്രവാദി സംഘടനകളും മതനേതാക്കളുമാണ് അദ്ദേഹത്തിനെതിരെ നിശിത വിമർശനമുന്നയിക്കുന്നതിൽ മുൻപന്തിയിലുള്ളത്.
കാറിൽ കയറ്റിയത് ശരി: മുഖ്യമന്ത്രി
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെതിരെ ബിനോയ് വിശ്വം നടത്തിയ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയത് സി.പി.ഐ യുടെ കരണത്തേറ്റ അടി പോലെയായി. ‘ബിനോയ് വിശ്വമല്ല പിണറായി വിജയൻ, ബിനോയ് വിശ്വം വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റില്ലായിരിക്കാം. പക്ഷെ ഞാൻ കയറ്റും. കാറിൽ കയറ്റിയത് ശരി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്’. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സി.പി.ഐ ഇടതുമുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും അവരുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ഇടത്, വലത് മുന്നണികൾ അനുവർത്തിക്കുന്ന വഴിവിട്ട ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശക്തമായി മുഖംനോക്കാതെ പ്രതികരിക്കുന്നതാണ് വെള്ളാപ്പള്ളി നടേശനെ ഈ വിഭാഗങ്ങൾ ശത്രുപക്ഷത്താക്കാനുള്ള പ്രധാന കാരണം. മതസ്പർദ്ധയ്ക്ക് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും ആവശ്യമുന്നയിച്ച് ഇക്കൂട്ടർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ കേരളത്തിലെ ചില മാധ്യമങ്ങളും അദ്ദേഹത്തിനെതിരെ അജണ്ട നിശ്ചയിച്ചതുപോലെയുള്ള പ്രവർത്തനം നടത്തുന്നതിനെ സംശയത്തോടെ തന്നെ വീക്ഷിക്കേണ്ടതുണ്ട്. ഏറ്റവുമൊടുവിൽ ഡിസംബർ 31 ന് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ യോഗം ജനറൽ സെക്രട്ടറിയോട് ചില മാധ്യമപ്രവർത്തകർ നടത്തിയ തികച്ചും പക്വതയില്ലാത്ത പെരുമാറ്റം എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെയും അദ്ദേഹത്തെ അടുത്തറിയുന്നവരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. മാധ്യമ പ്രവർത്തകരോട് എക്കാലവും സൗഹൃദം കാത്തു സൂക്ഷിക്കുകയും അവരുടെ ഏത് ചോദ്യങ്ങളോടും തികഞ്ഞ അവധാനതയോടെയും തെല്ലും ക്ഷോഭം കാട്ടാതെയും സുവ്യക്തമായും മറുപടി നൽകുകയും ചെയ്യുന്ന ആളാണ് വെള്ളാപ്പള്ളിനടേശനെന്നതിൽ ഏതെങ്കിലും മാധ്യമ പ്രവർത്തകർക്ക് വിരുദ്ധാഭിപ്രായം ഉണ്ടെന്ന് കരുതാനാകില്ല. കഴിഞ്ഞ 30 വർഷമായി എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തെ ശക്തമായ നിലയിൽ മുന്നോട്ട് നയിക്കുന്ന അദ്ദേഹം ഇക്കാലയളവിനിടെ ഏതെങ്കിലും ഒരു മാധ്യമപ്രർത്തകനോടോ മാധ്യമസ്ഥാപനത്തോടോ അപമര്യാദയായി പെരുമാറിയതായ ഒരു സംഭവവും ഉണ്ടായതായി കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പോലും ഓർമ്മയിലില്ല. വലിയൊരു വിഭാഗം മാധ്യമപ്രവർത്തകരും അദ്ദേഹവുമായി ഭിന്നാഭിപ്രായങ്ങൾ പങ്കിടുമ്പോഴും വ്യക്തിബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം നയിക്കുന്ന സർക്കാരുമായും യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ പുലർത്തുന്ന അടുപ്പവും മുഖ്യമന്ത്രിയുമായുള്ള ഉറ്റ സുഹൃത്ബന്ധവും ചിലരുടെയെങ്കിലും ഉറക്കം കെടുത്താൻ തുടങ്ങിയിട്ടും കാലം കുറെയായി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും നേതൃത്വങ്ങൾ ഇടതുമുന്നണിക്ക് പ്രഖ്യാപിച്ച പിന്തുണയും കേരളത്തിലെ പ്രതിപക്ഷത്തെ കക്ഷികളെയും വർഗ്ഗീയ ശക്തികളെയും രണ്ട് സംഘടനാ നേതൃത്വങ്ങൾക്കും എതിരായ വിമർശനം കടുപ്പിക്കാൻ കാരണമായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ശബരിമലയിലെ പമ്പയിൽ നടന്ന അയ്യപ്പസംഗമത്തിൽ വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കാറിൽ കയറി സംഗമ സ്ഥാനത്തെത്തിയതും ഇക്കൂട്ടരെ വല്ലാതെ അലോസരപ്പെടുത്തിയ വസ്തുതയായിരുന്നു. എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ബോർഡംഗവും തിരുവനന്തപുരം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റുമായ സംഗീത്കുമാറും അയ്യപ്പസംഗമത്തിൽ പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളി നടേശൻ കാറിൽ വന്നിറങ്ങിയതാണ് പലർക്കും ഉൾക്കൊള്ളാൻ കഴിയാതെ പോയത്. അതിനെ തുടർന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ സ്ഥാനത്തും അസ്ഥാനത്തും കടുത്ത ഭാഷയിൽ വിമർശനം കടുപ്പിക്കാനും ചില മാധ്യമങ്ങളെങ്കിലും അതിനുള്ള ക്വട്ടേഷൻ ഏറ്റെടുക്കാനും മുന്നോട്ട് വന്നതെന്ന് വേണം കരുതാൻ.

കേരളത്തിലെ പ്രബല സമുദായമായ ഈഴവർക്ക് മാറിമാറി വന്ന സർക്കാരുകളിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു നൽകുന്നതിൽ കടുത്ത വിവേചനം ഉണ്ടായിയെന്നതിൽ വെള്ളാപ്പള്ളിനടേശന് ഉറച്ച നിലപാടാണുള്ളത്. യു.ഡി.എഫ് ഭരണത്തിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ലിം ലീഗ് ഇക്കാര്യത്തിൽ യോഗത്തെ വഞ്ചിച്ചുവെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. യോഗനേതൃത്വവുമായി കൈകോർത്ത് പിന്നാക്കസമുദായ മുന്നണി രൂപീകരിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്ത ലീഗ് ഭരണത്തിലേറിയപ്പോൾ യോഗത്തിന് മരുന്നിന് പോലും ഒരു വിദ്യാഭ്യാസ സ്ഥാപനം നൽകാതെ എല്ലാം സ്വന്തം സമുദായത്തിലെ സമ്പന്നർക്ക് വീതിച്ചുനൽകുകയായിരുന്നു. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ മുസ്ലിം സമുദായത്തിലെ സമ്പന്നർക്കായി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ യഥേഷ്ടം അനുവദിച്ചു നൽകിയപ്പോൾ യോഗത്തിന് ഈ ജില്ലകളിൽ മരുന്നിന് പോലും ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം നൽകിയില്ലെന്ന അനീതിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ വെള്ളാപ്പള്ളിനടേശൻ പറഞ്ഞ അഭിപ്രായത്തെ മുസ്ലിം സമുദായത്തിനെതിരായ വർഗ്ഗീയ പരാമർശമെന്ന പ്രതീതി മന: പൂർവം സൃഷ്ടിച്ച് അദ്ദേഹത്തെ തേജോവധം നടത്താനാണ് മുസ്ലിം ലീഗും ഇസ്ലാമിക തീവ്രവാദ സംഘടനകളും ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് ശിവഗിരിയിലും സംഭവിച്ചതെന്ന് വേണം കരുതാൻ.
‘ഞാനെന്തിന് ബിനോയിയുടെ കാറിൽ കയറണം ?’
വെള്ളാപ്പള്ളി നടേശനെ കണ്ടാൽ ചിരിക്കുകയോ ചിലപ്പോൾ കൈകൊടുക്കുകയോ ചെയ്യുമെന്നതിനപ്പുറം ഒരിയ്ക്കലും തന്റെ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച വെള്ളാപ്പള്ളി നടേശൻ ചോദിച്ചത് താനെന്തിന് ബിനോയിയുടെ കാറിൽ കയറണം എന്നായിരുന്നു. തന്നെ വന്ന് കാണുകയും ധാരാളം പണം സംഭാവനയായി വാങ്ങുകയും ചെയ്തയാളാണ് ബിനോയി വിശ്വം. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല. ടി.വി തോമസ്, പി.എസ് ശ്രീനിവാസൻ, എം.എൻ ഗോവിന്ദൻ നായർ തുടങ്ങിയ സി.പി.ഐ നേതാക്കൾ തന്റെ കാർ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. സംഭാവനയും വാങ്ങിയിട്ടുണ്ട്. അന്നൊന്നും ബിനോയ് വിശ്വം ആ പാർട്ടിയിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തിരുന്നു. രണ്ടര മണിക്കൂറിലേറെ നീണ്ട സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം തീർത്തും ക്ഷീണിതനായി വേദിയിൽ നിന്നിറങ്ങിയ വെള്ളാപ്പള്ളിനടേശനെ മാധ്യമങ്ങൾ വളഞ്ഞ് ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിനിടെയാണ് ഒരു ചാനൽ ലേഖകൻ അദ്ദേഹത്തോട് പ്രകോപനപരമായ ചോദ്യങ്ങൾ ആവർത്തിച്ചത്. പവിത്രമായ ശിവഗിരിയിൽ നടക്കുന്ന തീർത്ഥാടന സമ്മേളനത്തിൽ അതുമായി പുലബന്ധം പോലുമില്ലാത്തതും നിരവധി തവണ മറുപടി നൽകിയതുമായ ചോദ്യങ്ങൾ ചാനൽ ലേഖകൻ ആവർത്തിച്ചപ്പോഴാണ് അദ്ദേഹം ലേഖകനെതിരെ പ്രതികരിച്ചത്. മലപ്പുറത്തും വയനാടും കാസർകോടും എസ്.എൻ.ഡി.പിയാേഗത്തിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്നും ഈ ദു:ഖമാണ് താൻ പങ്കിട്ടതെന്നും ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞപ്പോൾ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്ഥലം കിട്ടുന്നില്ലേ എന്നായി ചോദ്യം. സ്ഥലം ഉണ്ടെങ്കിലും സർക്കാരിന്റെ അനുവാദം കിട്ടണം എന്ന് മറുപടി പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളന സ്ഥലത്തു വച്ച് വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയവിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയെന്ന് വരുത്തി ശിവഗിരിയുടെ പവിത്രതയ്ക്ക് തന്നെ കളങ്കമേൽപ്പിക്കാനുള്ള ഗൂഢനീക്കമായിരുന്നു ചാനൽ ലേഖകന്റേതെന്ന് തിരിച്ചറിഞ്ഞ വെള്ളാപ്പള്ളി നടേശൻ ലേഖകനോട് അത്തരം ചോദ്യം വേണ്ടെന്ന് പറയുകയായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ അടിസ്ഥാനമില്ലാത്ത വാർത്തകൾ ചമച്ച് റേറ്റിംഗ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന അതേ ചാനൽ തന്നെയാണ് ഇവിടെയും ഗൂഢപദ്ധതിയുമായി എത്തിയെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിനെതിരെ നട്ടാൽ കുരുക്കാത്ത ആരോപണം ഉന്നയിച്ച് വൻതോതിൽ പ്രചാരണം നടത്തി അദ്ദേഹത്തെ തോജോവധം നടത്തിയ ചാനൽ ഒടുവിൽ ഇളിഭ്യരായി ഇപ്പോൾ മാനനഷ്ടക്കേസ് നേരിടുകയാണ്. ഇതേ തന്ത്രമാണിപ്പോൾ 89 കാരനായ ഒരു സമുദായ നേതാവിനോടും പ്രായത്തിന്റെയും സ്ഥാനത്തിന്റെയും വിലപോലും കൽപ്പിക്കാതെ തികച്ചും മര്യാദയില്ലാത്ത വിധം ചാനലിന്റെ റിപ്പോർട്ടർമാർ പുറത്തെടുക്കുന്നത്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനോടും ഈ ചാനലിന്റെ റിപ്പോർട്ടർമാർ ഇതേതന്ത്രം പയറ്റി നോക്കിയെങ്കിലും അത് വിലപ്പോയില്ലെന്നതും ഈയവസരത്തിൽ ഓർക്കേണ്ടതാണ്. അങ്ങാടിയിൽ തോറ്റാൽ അമ്മയോടെന്ന പോലെ, എന്നാൽ പിന്നെ പിണറായി വിജയനെ പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നെഞ്ചത്തേക്കാകാം എന്നാകാം ഇവർ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് അർഹതപ്പെട്ടത് ചോദിക്കുകയെന്നതും അത് ലഭിച്ചില്ലെങ്കിൽ അതിനെതിരെ പ്രതിഷേധിക്കുകയെന്നതും അദ്ദേഹത്തിന്റെ ധാർമ്മികമായ ചുമതലയും അവകാശവുമാണെന്നതിൽ തർക്കമില്ല.
സി.പി.ഐ യുടെ കണ്ടെത്തൽ
വെള്ളാപ്പള്ളിയുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായെന്ന് ഇക്കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ സംസ്ഥാന നേതൃയോഗത്തിന്റെ വിമർശനത്തെ വെള്ളാപ്പള്ളി നടേശൻ ഉപമിച്ചത് ‘ചതിയൻ ചന്തു’ വിനോടാണ്. സി.പി.എമ്മിനെതിരായും കമ്മിറ്റിയിലുണ്ടായ വിമർശനത്തെ വെള്ളാപ്പള്ളി പൊളിച്ചടുക്കിയപ്പോൾ ‘ചതിയൻ ചന്തു’മാർ വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തി. സി.പി.എമ്മിനൊപ്പം കഴിഞ്ഞ 10 വർഷവും നിന്ന് എല്ലാം നേടിയിടുത്ത ശേഷം സംസ്ഥാന സർക്കാരിനെ തള്ളിപ്പറയുന്ന സി.പി.ഐ ചതിയൻ ചന്തുമാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ’10 വർഷം ഒരുമിച്ച് സുഖിച്ചില്ലേ, പത്താം വർഷം ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇതുപോലുള്ള സംവാദം മര്യാദയാണോ ? ‘വിമർശനം ഉന്നയിക്കേണ്ടത് പാർട്ടിക്കുള്ളിലാണ്, പുറത്തല്ല. മുഖ്യമന്ത്രിക്കൊപ്പം ഞാൻ കാറിൽ കയറി അയ്യപ്പസംഗമത്തിനെത്തിയതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് സി.പി.ഐ യുടെ കണ്ടെത്തൽ. സുഡാപ്പി വിധേയത്വം കൊണ്ട് പറയുന്നതാണത്. മുഖ്യമന്ത്രിക്കൊപ്പം ഞാൻ കാറിൽ കയറിയതിന് എന്താണ് കുഴപ്പം ? ഞാൻ അയിത്ത ജാതിക്കാരനാണോ ? ‘ അദ്ദേഹം ചോദിച്ചു. എന്നാൽ വെള്ളാപ്പള്ളി നടേശനെ കണ്ടാൽ ചിരിക്കുകയോ ചിലപ്പോൾ കൈകൊടുക്കുകയോ ചെയ്യുമെന്നതിനപ്പുറം ഒരിയ്ക്കലും തന്റെ കാറിൽ കയറ്റില്ലെന്ന തികച്ചും ബാലിശമായ മറുപടിയാണ് ബിനോയ് വിശ്വം നടത്തിയത്. അദ്ദേഹവുമായുള്ള ബന്ധം തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ എതിരാക്കിയെന്ന് സി.പി.ഐ സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉണ്ടായെന്നും ബിനോയ് വിശ്വം പറഞ്ഞു. ചതിയൻ ചന്തുവിന്റെ തൊപ്പി സി.പി.ഐ ക്ക് ചേരില്ല. സി.പി.ഐക്ക് മാർക്കിടാനുള്ള ചുമതല വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽ.ഡി.എഫ്, വെള്ളാപ്പള്ളിയാകാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ പ്രതികരണം അതിരുകടന്നതാണെന്ന വിമർശനം സി.പി.ഐ യിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും അതിനു മുമ്പ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ഏറ്റവും ദയനീയമായ പ്രകടനമാണ് സി.പി.ഐ കാഴ്ചവച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.ഐ യുടെ ഗതിയെന്താകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണെന്ന അഭിപ്രായം പൊതുസമൂഹത്തിൽ നിന്നും ഉയരുന്നതിനിടെയാണ് ആ പാപഭാരം വെള്ളാപ്പള്ളി നടേശന്റെ തലയിൽ വച്ചുകെട്ടാനുള്ള ബിനോയ് വിശ്വത്തിന്റെ കുത്സിതശ്രമം.






