വെള്ളാപ്പള്ളി നടേശന്‍ മതേതര നേതാവ്: മുഖ്യമന്ത്രി

കേരളത്തിന്റെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ എസ്.എന്‍.ഡി.പി യോഗം പോലെയുള്ള സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദം ഒരു വ്യക്തി പൂര്‍ത്തിയാക്കുന്നു എന്നത് അപൂര്‍വതയാണ്. അദ്ദേഹത്തിന്റെ കര്‍മ്മശേഷിയും നേതൃപാടവവുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായി ഇരിക്കാന്‍ ഇടയാക്കിയത്. സമൂഹത്തിന്റെ സ്‌നേഹവിശ്വാസങ്ങള്‍ തുടര്‍ച്ചയായി നേടുക, നിലനിര്‍ത്തിപ്പോരുക, അണികള്‍ ആവശ്യപ്പെടും വിധം പ്രവര്‍ത്തിക്കാന്‍ ആര്‍ജ്ജവം കാട്ടുക എന്നത് എളുപ്പമല്ല. എളുപ്പമല്ലാത്ത കാര്യങ്ങളാണ് അനായാസം വെള്ളാപ്പള്ളിനടേശന്‍ നിര്‍വഹിക്കുന്നത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമവും സമ്മേളനവും ഉദ്ഘാടനം ചെയ്ത ശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ സംഘാടക സമിതി ഹാരമണിയിച്ചപ്പോള്‍.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എക്കാലവും മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച സാമുദായിക നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള ആര്‍ജ്ജവം അണികള്‍ക്ക് പകര്‍ന്നു നല്‍കിയ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗം നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുകാലത്തും മതനിരപേക്ഷതക്കെതിരായ നിലപാടെടുത്ത ആളല്ല വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തെച്ചൊല്ലി ചില തെറ്റിദ്ധാരണകള്‍ പരത്താനുള്ള ശ്രമം ചിലരുടെ ഭാഗത്തു നിന്നുണ്ടായി. കാര്യങ്ങള്‍ നല്ലരീതിയില്‍ അവതരിപ്പിക്കാനറിയാവുന്ന നേതാവാണ് അദ്ദേഹം. ഏതെങ്കിലും മതത്തിനെതിരായി വെള്ളാപ്പള്ളി നടേശന്‍ നിലപാട് സ്വീകരിച്ച ചരിത്രമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായാണ് സംസാരിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ അത് മതത്തിനെതിരായാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്തു. യാഥാര്‍ത്ഥ്യങ്ങള്‍ വച്ചുകൊണ്ടാണ് ആ രാഷ്ട്രീയ പാര്‍ട്ടിക്കെതിരായി സംസാരിച്ചത്. എന്നാല്‍ ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരാണ് വെള്ളാപ്പള്ളി നടേശനെതിരെ രംഗത്ത് വന്നത്. പ്രസംഗാവതരണത്തില്‍ വെള്ളാപ്പള്ളിനടേശനും കൂടുതല്‍ ശ്രദ്ധയും അവധാനതയും പുലര്‍ത്തണം. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും കുറവ് വന്നതുകൊണ്ടല്ലെന്നും എന്തിനെയും വക്രീകരിക്കാന്‍ ശ്രമിക്കുന്ന കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് സുപ്രധാന ചരിത്രനിയോഗങ്ങളുടെ നെറുകയിലാണ് വെള്ളാപ്പള്ളിനടേശന്‍ എത്തിയത്. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും അമരക്കാരനെന്ന നിലയില്‍ 30 വര്‍ഷം തികയ്ക്കുന്ന അദ്ദേഹത്തിന് ഉചിതമായ സ്വീകരണമാണൊരുക്കിയത്. ആ നേതൃത്വത്തില്‍ യോഗവും ട്രസ്റ്റും വളര്‍ന്നു. യോഗം ജനറല്‍ സെക്രട്ടറിയായി മഹാകവി കുമാരനാശാന്‍ പോലും 16 വര്‍ഷം തുടര്‍ന്ന സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു എന്നത് അദ്ദേഹത്തിന്റെ നേതൃസിദ്ധി വ്യക്തമാക്കുന്നതാണ്. കേരളത്തിന്റെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ എസ്.എന്‍.ഡി.പി യോഗം പോലെയുള്ള സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദം ഒരു വ്യക്തി പൂര്‍ത്തിയാക്കുന്നു എന്നത് അപൂര്‍വതയാണ്. അദ്ദേഹത്തിന്റെ കര്‍മ്മശേഷിയും നേതൃപാടവവുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായി ഇരിക്കാന്‍ ഇടയാക്കിയത്. സമൂഹത്തിന്റെ സ്‌നേഹവിശ്വാസങ്ങള്‍ തുടര്‍ച്ചയായി നേടുക, നിലനിര്‍ത്തിപ്പോരുക, അണികള്‍ ആവശ്യപ്പെടും വിധം പ്രവര്‍ത്തിക്കാന്‍ ആര്‍ജ്ജവം കാട്ടുക എന്നത് എളുപ്പമല്ല. എളുപ്പമല്ലാത്ത കാര്യങ്ങളാണ് അനായാസം വെള്ളാപ്പള്ളിനടേശന്‍ നിര്‍വഹിക്കുന്നത്. ഒന്നിനൊന്ന് മെച്ചപ്പെട്ട വിധമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഒരു സംഘടനയുടെ അമരക്കാരനായിരുന്ന് സംഘടനക്ക് ദൗര്‍ബല്യം ഉണ്ടാക്കുകയല്ല, കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാണ് ശ്രമിച്ചത്. അതിന് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സവിശേഷതകളുള്ള നാടാണ് ചേര്‍ത്തല. ശ്രീനാരായണ ഗുരുവിന്റെ പാര്‍സ്പര്‍ശമേറ്റ മണ്ണാണിത്. ഈ വിദ്യാലയം ശ്രീനാരായണ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ശേഷം ഇനി വിദ്യാലയങ്ങള്‍ സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഗുരു തന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞതാണ്. ഇവിടെ സ്‌കൂള്‍ തുടങ്ങാന്‍ ഗുരു തന്നെയാണ് സ്ഥലം വിട്ടു നല്‍കിയത്. വിദ്യ അഭ്യസിക്കാനും അതിന്റെ ആവശ്യകതയെക്കുറിച്ച് നാടിനെ ഉണര്‍ത്തിയതും ഗുരുവായിരുന്നു. ഈ സ്ഥാപനം നിലനില്‍ക്കുവോളം ഗുരുസ്മരണയും വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കും. ഒരുപാട് വിശിഷ്ട വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത സ്‌കൂളാണിത്. ചരിത്രപ്രാധാന്യമുള്ള വിദ്യാലയത്തില്‍ വച്ചു തന്നെ ആദരിക്കല്‍ ചടങ്ങ് നടക്കുന്നുവെന്നതും പ്രത്യേകതയാണ്.

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തില്‍ നേതൃപരവും വിപ്ലവകരവുമായ പങ്ക് വഹിച്ച പ്രസ്ഥാനമാണ് യോഗം. സാമുദായിക നവീകരണം മാത്രമായി ഒതുങ്ങാതെ കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട പ്രവര്‍ത്തനമാണ് ഗുരു നടപ്പാക്കിയത്. ഇന്ന് കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ഒരു വിഭാഗം മറുവിഭാഗത്തെ ശത്രുക്കളായി കാണുകയും ചെയ്യുന്നു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന നാടായി മാറ്റുകയെന്ന ഗുരുവിന്റെ ആഹ്വാനമാണ് ഇന്നും കേരളത്തെ മാതൃകയായി നിലനിര്‍ത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന നമ്മുടെ നാട്ടില്‍ ഏറെപേര്‍ക്കും വിദ്യാഭ്യാസം ഇല്ലായിരുന്നു. ആ കാലത്തില്‍ നിന്ന് ഏവരെയും വിദ്യാഭ്യാസമുള്ളവരാക്കി മാറ്റാന്‍ ഗുരുവാണ് നേതൃത്വം നല്‍കിയത്. അതിന്റെ ഫലമായി ഇന്ന് രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നമ്പര്‍ വണ്ണായി. ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ഇടപെടല്‍ നടത്തിയതിനാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ എന്തെല്ലാം മാറ്റങ്ങളാണുണ്ടായത്. എത്ര കെട്ടിടങ്ങള്‍, എന്തെല്ലാം തരത്തിലെ മാറ്റങ്ങള്‍.. ക്‌ളാസ് മുറികള്‍ സ്മാര്‍ട്ടും ഹൈടെക്കും ആയി. അതിനാലാണ് നീതി ആയോഗ് പോലുള്ള സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റമാണ്. നമ്മുടെ സര്‍വകലാശാലകള്‍ ദേശീയതലത്തില്‍ ഏറെ മുന്നിലാണ്. കേരള, ഗാന്ധി, കൊച്ചിന്‍ സര്‍വ്വകലാശാലകള്‍ യഥാക്രമം 9,10,11 സ്ഥാനങ്ങളിലെത്തി. കാലിക്കറ്റ് സര്‍വകലാശാല 43-ാം സ്ഥാനത്താണ്. ഒട്ടേറെ കോളേജുകള്‍ എ പ്‌ളസ് പ്‌ളസ് നിലവാരത്തിലെത്തി. ഇതെല്ലാം ഗുരുവിന്റെ കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായുണ്ടായതാണ്. അതിന്റെ ഭാഗമായാണ് ഗുരുവിന്റെ പേരില്‍ കൊല്ലത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
വ്യവസായത്തിലും രാജ്യത്ത് നാം ഒന്നാം സ്ഥാനത്താണ്. ‘ഈസ് ഓഫ് ഡൂയിംഗ്’ ബിസിനസിലും നാം ഒന്നാമതെത്തി. വിവിധ മേഖലകളില്‍ ഇടപെടല്‍ നടത്തി കേരളത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ ഗുരുദര്‍ശനം ഉള്‍ക്കൊണ്ട് യോഗത്തിനും കഴിഞ്ഞു. ഒരുകാലത്ത് ഈഴവ സമൂഹത്തെ അവര്‍ണരെന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഈഴവ മെമ്മോറിയലും എസ്.എന്‍.ഡി.പി യോഗം രൂപീകരണവും അതിന് വിപ്ലവകരമായ മാറ്റം വരുത്തി. ഗുരുവിന്റെ ജാതിയില്ലാ വിളംബരവും സര്‍വമത സമ്മേളനവും കേരളത്തിന്റ പുരോഗതിക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. എല്ലാ മതസാരവും ഒന്നാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുമുള്ള ഗുരുദര്‍ശനം.

ഒരു ഘട്ടത്തില്‍ തനിക്ക് ജാതിയില്ലെന്ന് ഗുരു പറഞ്ഞു. ആ ഊര്‍ജ്ജമാണ് ഇന്നും യോഗത്തെ നയിക്കുന്നത്. ആരംഭകാലം മുതലേ ഒട്ടേറെ പ്രഗത്ഭരാണ് യോഗത്തെ നയിച്ചത്. ഗുരു മുന്നോട്ട് വച്ച ആശയങ്ങള്‍ ആശാനെയും ഡോ.പല്‍പ്പുവിനെയും സഹോദരന്‍ അയ്യപ്പനെയും നടരാജഗുരുവിനെയും പോലുള്ളവര്‍ വേണ്ടവിധം പ്രചരിപ്പിച്ചു. അതില്‍ ആത്മീയത മാത്രമല്ല, പുരോഗമന വീക്ഷണവും യുക്തിവാദവും ഒക്കെയുണ്ടായിരുന്നു. പില്‍ക്കാലത്ത് ഇടത് പ്രസ്ഥാനങ്ങള്‍ മനുഷ്യന്റെ സാമൂഹിക, സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ജാതിഭേദവും മതദ്വേഷവും മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നു. ഏതൊരു പ്രസ്ഥാനത്തിന്റെയും വര്‍ത്തമാന പ്രാധാന്യം നിലനിര്‍ത്തുന്നത് അത് തുടക്കത്തില്‍ നിന്ന് എത്രമാത്രം മുന്നോട്ട് പോയി എന്നതിനെ ആശ്രയിച്ചാണ്. ഗുരു ഉയര്‍ത്തിയ ഭേദചിന്ത ഇല്ലാത്ത ലോകത്ത് ഭേദചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒരുമിപ്പിച്ച ഗുരുചിന്തകള്‍ക്ക് വര്‍ദ്ധിച്ച പ്രാധാന്യമാണിന്നുള്ളത്. അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഗുരു എതിര്‍ത്ത അനാചാരങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്.
മതവിദ്വേഷവും വെറുപ്പും ഉല്‍പ്പാദിപ്പിച്ച് സൗഹൃദവും സാഹോദര്യവും ഇല്ലാതാക്കാന്‍ കലാപം തന്നെ സൃഷ്ടിക്കുന്ന കാലമാണിത്. മതപരമായ ആഘോഷമടക്കം ഇത്തരത്തിലുള്ളതാക്കി മാറ്റാനാണ് ശ്രമം. ഉത്തരേന്ത്യയില്‍ ഹോളി ആഘോഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ നമ്മുടെ നാട് ഭേദചിന്തയില്ലാതെ ശ്രീനാരായണ ദര്‍ശനം ഏറ്റുവാങ്ങിയ നാടായി നില്‍ക്കുന്നു. നമ്മുടെ നാട്ടില്‍ പള്ളിമുറ്റത്ത് പൊങ്കാലയും അമ്പലമുറ്റത്ത് നോമ്പുതുറയും നടക്കുന്നു. ഈ ശക്തി ഗുരുദര്‍ശനത്തില്‍ നിന്ന് ലഭിച്ചതാണ്. ഇത് ചിലര്‍ക്കെങ്കിലും അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്.

ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് പറഞ്ഞ ഗുരുവിന്റെ നാട്ടിലാണ് ചിലര്‍ ജാതി പറയുന്നത്. ഉന്നതകുലജാതനായി പിറന്നില്ലല്ലോ എന്ന് ചിലര്‍ വ്യാകുലപ്പെടുന്നത്. അടുത്ത ജന്മത്തിലെങ്കിലും പൂണൂല്‍ ധാരിയായി ജനിക്കണേ എന്നും ചിലര്‍ ആഗ്രഹിക്കുന്നത്. യോഗത്തിന്റെ മഹത്തായ പൈതൃകവും ഗുരു ഉയര്‍ത്തിയ മൂല്യങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ ഉത്തരവാദപ്പെട്ട സംഘടനയാണ് എസ്.എന്‍.ഡി.പി യോഗം.

വെള്ളാപ്പള്ളിനടേശന്റെ നാവിന്
സരസ്വതീ വിലാസം

വെള്ളാപ്പള്ളിനടേശന്റെ നാവിന് സരസ്വതീവിലാസമുണ്ടെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. മനുഷ്യമനസ്സിലേക്ക് കടന്നുകയറാനുള്ള അവതരണരീതി അദ്ദേഹത്തിനുണ്ട്. കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ സരസ്വതീ വിലാസം അദ്ദേഹത്തിന്റെ നാവിലുണ്ട്. യോഗം രൂപീകരിക്കപ്പെട്ട കാലത്തെ കാലാനുസൃതമായി നവീകരിക്കാനും ഗുരുസന്ദേശങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനും വെള്ളാപ്പള്ളിനടേശന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Author

154 Views
Scroll to top
Close
Browse Categories