അപ്രിയ സത്യങ്ങള്‍ ഇനിയും പറയും:വെള്ളാപ്പള്ളി നടേശന്
കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം

കൊച്ചി: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും സാരഥ്യത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് യോഗം കണയന്നൂര്‍ യൂണിയന് നല്കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുന്നവരെ തെല്ലും ഭയക്കുന്നില്ല. അപ്രിയസത്യങ്ങളെന്നു കരുതി മിണ്ടാതിരിക്കില്ല. ജാതി പറയുന്നത് തന്റെ ഉത്തരവാദിത്വമാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ രൂപീകരണ ലക്ഷ്യം തന്നെ ഈഴവസമുദായ പുരോഗതിയാണ്. യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ശ്രീനാരായണഓപ്പണ് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ആദ്യ വൈസ് ചാന്‍സലറാക്കിയത് ഗുരുവിന്റെ ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രവാസിയായ മുസ്ലീമിനെയാണ്. ഇടതുസര്‍ക്കാരിന്റെ ഈ തീരുമാനത്തെ താന്‍ ചോദ്യം ചെയ്തപ്പോള്‍ ആദ്യം എതിര്‍ക്കാന്‍ വന്നത് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്.

മുസ്ലീമിന് താന്‍ എതിരല്ല. കേരളത്തിലെ നോമിനേറ്റഡ് എം.പിമാരില്‍ ഒറ്റ പിന്നാക്ക വിഭാഗക്കാരനില്ല. ഏഴ് പേര് ന്യൂനപക്ഷങ്ങളും രണ്ടാള് സവര്ണവിഭാഗവുമാണ്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴും തനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുണ്ടായി. ഇവരുടെ മതേതരത്വം ഇങ്ങനെയൊക്കെയാണ്.
മലപ്പുറത്തും ഇക്കാര്യങ്ങള്‍ തന്നെയാണ് താന്‍ പറഞ്ഞത്. അവിടെ മുസ്ലീം നേതാക്കളുടെ പേരില്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന 11 കോളേജുകളുണ്ട്. നമുക്ക് ഒന്നുപോലുമില്ല. കേരളത്തില്‍ ആകെയുള്ള 11 എണ്ണം മാത്രം.
44 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രൈസ്തവരും മലപ്പുറത്തുണ്ട്. അവര്‍ കോളേജ് അഡ്മിഷനുവേണ്ടി മുസ്ലീങ്ങളുടെ മുന്നില്‍ കേഴണം. ഇതൊക്കെ പറഞ്ഞതു കൊണ്ട് മുസ്ലീം വിരോധിയായി ചിത്രീകരിച്ചാലൊന്നും ഭയക്കില്ല.
ലീഗിന്റെ അനീതിയെയാണ് ചൂണ്ടിക്കാട്ടിയത്. അവര്‍ക്കൊപ്പം ഭായിഭായിയെന്ന് പറഞ്ഞ് സംവരണ സമുദായ മുന്നണിയുണ്ടാക്കി എല്‍.ഡി.എഫിനെ താഴെയിറക്കാന്‍ വര്‍ഷങ്ങളോളം നടന്നയാളാണ് താന്‍. അധികാരത്തിലേറി വിദ്യാഭ്യാസ വകുപ്പ് കൈയില്‍ കിട്ടിയപ്പോള്‍ ലീഗ് തനിനിറം കാട്ടി.
ഒരു സമുദായം മാത്രം നന്നായാല്‍ മതിയെന്നാണ് അവരുടെ നിലപാട്. മതേതരത്വം പറഞ്ഞ ഈഴവര്‍ എവിടെയെത്തിയെന്നും മതം പറഞ്ഞവര്‍ എവിടെയെത്തിയെന്നും ആലോചിച്ചാല്‍ മതി യാഥാര്‍ത്ഥ്യം തിരിച്ചറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവരുടെ ശത്രുക്കള്‍ ഈഴവര്‍ തന്നെയാണ്. എറണാകുളത്തെ ചില സമുദായ വിരുദ്ധരാണ് തനിക്കും യോഗത്തിനും എതിരായ കേസുകള്‍ക്ക് പിന്നില്‍. എസ്.എന്‍.ഡി.പി യോഗത്തെക്കുറിച്ച് ഒന്നും അറിയാത്ത പ്രൊഫ. എം.കെ. സാനുവാണ് യോഗം തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കേസ് നടത്തുന്നത്. മുന്‍സിഫ് കോടതി മുതല്‍ സുപ്രിംകോടതി വരെ കേസ് നടത്തിയിട്ടും പൊലീസ് കേസ് മുതല്‍ ഇ. ഡി. കേസ് വരെ ഉണ്ടാക്കിയിട്ടും ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാനായില്ല. ഇതൊന്നും കണ്ട് പേടിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രീതിനടേശന്‍ ഭദ്രദീപം പ്രകാശിപ്പിച്ചു. വെള്ളാപ്പള്ളി നടേശനെ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന് ആദരിച്ചു. ഹൈബി ഈഡന് എം.പി., എം.എല്‍.എമാരായ ടി.ജെ. വിനോദ്, കെ.ബാബു,മുൻ എംഎൽ എ ഡോമിനിക് പ്രസന്റേഷൻ എന്നിവർ പ്രസംഗിച്ചു.യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് അംഗങ്ങളായ കെ.പി. ശിവദാസ്,കെ.കെ. മാധവന്, ടി.എം. വിജയകുമാര്‍, എല്‍. സന്തോഷ്, യൂണിയന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാല്‍, വനിതാസംഘംപ്രസിഡന്റ് ഭാമ പത്മനാഭന്, സൈബര്‍ സേന ചെയര്മാന് റെജി വേണുഗോപാല്‍, എംപ്ലോയീസ് ഫോറം പ്രസിഡന്റ് സുരേഷ്, പെന്‍ഷണേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് രാജന് ബാനര്‍ജി, വൈദികയോഗം സെക്രട്ടറി സനോജ് ശാന്തി, കുമാരി സംഘം സെക്രട്ടറി പ്രാര്‍ത്ഥന പ്രശാന്ത് പങ്കെടുത്തു. യൂണിയന് കണ്‍വീനര്‍ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയര്മാന് സി.വി. വിജയന് നന്ദിയും പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു, യോഗം കൊച്ചി യൂണിയന് സെക്രട്ടറി ഷൈന്‍ കൂട്ടുങ്കല്‍, വൈപ്പിന്‍ യൂണിയന് പ്രസിഡന്റ് ടി.ജി. വിജയന്, മീനച്ചില്‍ യൂണിയന് കണ്‍വീനര്‍ ഉല്ലാസ്, യോഗനാദം ചീഫ് ഓര്‍ഗനൈസര്‍ റെജിമോന് പി.വി. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കരുത്തനായ നേതാവ്:
മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊച്ചി: കൃത്യമായ നിലപാടുകളില്‍ ഉറച്ചു നിന്ന് വിമര്‍ശന ശരങ്ങളെ വ്യക്തതയോടെ സധൈര്യം നേരിടുന്ന കരുത്തനായ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
തന്റേതായ ഭാഷയിലും ശൈലിയിലും സങ്കീര്‍ണതകളൊന്നുമില്ലാതെ ജനങ്ങളുമായി സംവദിക്കാനുള്ള അനന്യമായ കഴിവാണ് അദ്ദേഹത്തിന്റെ ശക്തി. 1960 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനുഭവസമ്പത്ത് ചെറിയ കാര്യമല്ല. എസ്.എന്‍.ഡി.പിയോഗത്തിന്റെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് പിന്നില്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. ഗുരു പറഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന മതനിരപേക്ഷ നിലപാടുള്ള നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും ബാലഗോപാല്‍ പറഞ്ഞു.
പള്ളിമുറ്റത്ത് പൊങ്കാല നടത്താനും ക്ഷേത്രമുറ്റത്ത് നോമ്പ്തുറ നടത്താനും സാധിക്കുന്ന ഏക സ്ഥലമാണ് കേരളം. ലോകത്ത് നടക്കുന്ന പല മനുഷ്യക്കുരുതിയും യുദ്ധവുമെല്ലാം എന്തിനാണെന്ന ആശങ്ക ഉയരുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ശ്രീനാരായണഗുരുവിന്റെ പ്രസക്തി ഏറുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.
ഉള്‍ക്കൊള്ളലാണ് ഗുരുവിന്റെ
സവിശേഷത: മന്ത്രി പി. രാജീവ്
കൊച്ചി: അതിവിശാലമായ ഉള്‍ക്കൊള്ളലാണ് ശ്രീനാരായണഗുരുദേവന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് ഗുരു പറഞ്ഞപ്പോള്‍ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യനെന്നാണ് ഗുരുവിന്റെ ശിഷ്യനായ സഹോദരന് അയ്യപ്പന് പറഞ്ഞത്. അയ്യപ്പന് അങ്ങനെ പറയാമെന്ന് പറഞ്ഞ് അദ്ദേഹത്തെ ചേര്‍ത്തു പിടിക്കുകയായിരുന്നു ഗുരു ചെയ്തത്.
ഗുരുവിന്റെ പിന്‍ഗാമിയായി നിശ്ചയിച്ച ബോധാനന്ദ സ്വാമിയും ഇതേ പാതയിലൂടെയാണ് വന്നത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ദൗത്യവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ടു പോകലാണ്.വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനുള്ള ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ചാണ് മഹാകവി കുമാരനാശാന് ആലുവ ചെങ്ങമനാട് ഓട്ടുകമ്പനി തുടങ്ങിയത്.
കേരളത്തില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രി എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടു വച്ചപ്പോള്‍ ആദ്യത്തെ അപേക്ഷ കൊല്ലത്തെ എസ്.എന്‍. പോളിടെക്നിക്കിന്റേതായിരുന്നു. ആദ്യ പെര്‍മിറ്റും ഇവര്‍ക്കാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.






