ധ്യാനത്തിലേക്ക്

വാത്സല്യം, കാരുണ്യം, പ്രണയം. ഇതാണ് നമ്മുടെ ജീവിതത്തെ ഏറ്റവും ജീവത്താക്കുന്ന മൂന്ന് ഭാവങ്ങള്‍. അതിന്റെ കൂടെ ചേര്‍ന്നിരിക്കേണ്ട ഒരു നനവാണ് സൗഹൃദം. വാത്സല്യത്തോടെയും കരുണയോടെയും പ്രണയത്തോടെയും സൗഹൃദത്തോടെയും നമ്മുടെ പ്രാണനോട് ചേര്‍ന്ന് ഇരുന്നു കൊടുക്കുക എന്നുള്ളതാണ് ധ്യാനം.

ശരീരത്തിനും ബുദ്ധിക്കും മനസ്സിനും പ്രാണനും ഇടയിലുള്ള ചില പിണക്കങ്ങളെ ഇണക്കിക്കൊടുക്കാന്‍ അന്തരീക്ഷം ഒരുക്കി കൊടുക്കുക . ആകെ ചെയ്യേണ്ടുന്ന ഒരു കാര്യം നമ്മുടെഎല്ലാ ജനലുകളും വാതിലുകളും തുറന്നിടുക എന്നുള്ളതാണ്. ഉള്ളിലേക്ക് അല്ലെങ്കില്‍ പുറത്തേക്ക് പ്രത്യേകമായിട്ട് നോക്കാതെ ഇരിക്കുക എന്നുള്ളതാണ്.

എല്ലാവരും കണ്ണടച്ച് ഉള്ളിലേക്ക് നോക്കണമെന്ന് പറയുന്നു. ഉള്ളില്‍ എന്താണ് ഉള്ളത്? ഉള്ളിലും ഒന്നുമില്ല, പുറത്തുമില്ല. വാതിലും ജനലുകളും തുറന്നിട്ട് എവിടേക്കെന്നില്ലാതെ നോക്കി നമ്മള്‍ അലസമായി കിടക്കാറുണ്ടല്ലോ. അതുപോലെ ഏറ്റവും അയവോടെയും ഏറ്റവും സൗഹൃദത്തോടെയും നമ്മള്‍ നമ്മുടെ കൂടെ ഇരുന്നു കൊടുക്കുന്നതാണ് ധ്യാനം.
നമ്മുടെ ഒരു അലൈന്‍മെന്റ് ശരിയാക്കാന്‍ വേണ്ടിയാണ് ഇരുന്നു കൊടുക്കുന്നത്. എവിടെയെങ്കിലും മാത്രം ശ്രദ്ധിച്ചു ശീലമുള്ള നമ്മോട്എവിടെയും ശ്രദ്ധിക്കാതെ ഇരിക്കണമെന്ന് പറഞ്ഞാല്‍ മനസ്സിലാകില്ല. ജനിച്ചനാള്‍ മുതല്‍ മരിക്കുന്നതുവരെ നമ്മെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ച എന്തിനെയും ചേര്‍ത്തുപറയുന്ന ഒരു വാക്കാണ് ഒരു അനുഭവമാണ് പ്രാണന്‍ എന്നത്.

ആ പ്രാണനെ നമ്മള്‍ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും തൊട്ടിട്ടുണ്ടോ? എപ്പോഴെങ്കിലും ചേര്‍ത്തുപിടിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചാല്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല എന്നുള്ളതാണ് സത്യം.
പ്രാണന്‍ എന്താണെന്ന് ചോദിച്ചാല്‍ സത്യത്തില്‍ നമുക്ക് അറിയില്ല. പ്രാണനിലേക്ക് പ്രവേശിക്കാനുള്ള വഴി നമ്മുടെ ശ്വാസമാണ്. ശ്വാസനിശ്വാസമല്ല പ്രാണന്‍. ശ്വാസനിശ്വാസങ്ങള്‍ പ്രാണനിലേക്ക് സഞ്ചരിക്കാനുള്ള ഏറ്റവും സൂക്ഷ്മമായ വഴി മാത്രമാണ്. അതുകൊണ്ട് എവിടെയെങ്കിലും ശ്രദ്ധിക്കണമെന്ന് നിര്‍ബന്ധമുള്ള നമ്മുടെ ബോധത്തിനെ പ്രാണന്റെ മുകളില്‍ ശ്രദ്ധിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ്.
ഈ പ്രാണനാണ് നമ്മുടെ എല്ലാ പിണക്കങ്ങളെയും മാറ്റി ഇണക്കമുള്ളതാക്കി തരുന്നത്.
അവരവര്‍ക്ക് ഏറ്റവും സുഖകരമായി ഇരിക്കാവുന്ന ഇടത്ത് നമുക്കാവുന്ന വിധം നീണ്ടുനിവര്‍ന്നിരിക്കാം. അത് കസേരയിലാകാം. താഴെയാകാം. എവിടെയുമാകാം. ശരീരം തീരെ ചലിക്കരുത് എന്നൊന്നുമില്ല. ചലിക്കുമ്പോള്‍ കഴിയുന്നത്ര താളം നഷ്ടപ്പെടാതിരിക്കണം എന്നു മാത്രം.
പ്രാണന്റെ മുകളിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടു പോകാതിരിക്കണം എന്നുള്ളതാണ് നിശ്ചലത. ഇളകരുതെന്ന് പറഞ്ഞാല്‍ ശരീരം ഇളകരുതെന്നല്ല, മറിച്ച് ശ്വാസത്തിന്റെ മുകളിലുള്ള ശ്രദ്ധയെ ഇളകാതെ സൂക്ഷിക്കുക എന്നതാണ്. അത്രയും സൂക്ഷ്മതയോടെ ശ്രദ്ധിക്കുമ്പോഴാണ് സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ വാതിലുകളും തുറന്നു കിട്ടുക. കഴിയുന്നത്രഅയഞ്ഞിരിക്കുക. നമ്മുടെ മസിലുകളേയും മനസ്സിനെയും ബുദ്ധിയേയുംഒക്കെ അയച്ചിടുക. ഏറ്റവും റിലാക്‌സ് ഡ് ആയി ഇരിക്കുക.
മൂന്ന് ഭാവങ്ങളാണ് പ്രാണന്റെ കൂടെയിരിക്കുമ്പോള്‍ പ്രധാനമായും നമുക്ക് വേണ്ടത്. വാത്സല്യം, കാരുണ്യം, പ്രണയം. ഇതാണ് നമ്മുടെ ജീവിതത്തെ ഏറ്റവും ജീവത്താക്കുന്ന മൂന്ന് ഭാവങ്ങള്‍. അതിന്റെ കൂടെ ചേര്‍ന്നിരിക്കേണ്ട ഒരു നനവാണ് സൗഹൃദം. വാത്സല്യത്തോടെയും കരുണയോടെയും പ്രണയത്തോടെയും സൗഹൃദത്തോടെയും നമ്മുടെ പ്രാണനോട് ചേര്‍ന്ന് ഇരുന്നു കൊടുക്കുക എന്നുള്ളതാണ് ധ്യാനം.
എന്തിനു വേണ്ടിയാണ് എന്നു ചോദിച്ചാല്‍ എന്തെങ്കിലും പുതിയതായി ആര്‍ജ്ജിക്കാന്‍ വേണ്ടിയിട്ടല്ല. നമ്മള്‍ എപ്പോഴും പറയാറുള്ള ഒരുകാര്യമുണ്ട്. ജീവന്റെ സാക്ഷാത്ക്കാരമാണ് ജീവിതം എന്ന്. അതുകൊണ്ട് സാക്ഷാത്ക്കരിച്ച ജീവിതത്തെ വീണ്ടും സാക്ഷാത്ക്കരിക്കാനല്ല മറിച്ച്, അതനുഭവിക്കാനുള്ള അന്തരീക്ഷം ഒരുക്കാനാണ് ധ്യാനം.

ഏറ്റവും പ്രിയപ്പെട്ട ഒരു സാധനം നമ്മുടെ വീട്ടില്‍ വാങ്ങിച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ പൊടി പിടിക്കുകയോ ഏതെങ്കിലും തരത്തില്‍ അഴുക്ക് വരികയോ ചെയ്താല്‍ അത് തുടച്ച് ക്ലീന്‍ ചെയ്യുന്നതുപോലെ സാക്ഷാത്ക്കരിച്ചിട്ടുള്ള ഈ ജീവിതത്തെ നല്ല വൃത്തിയിലും വെടുപ്പിലും കൊണ്ടുനടക്കാന്‍ വേണ്ടിയാണ് നാം നോക്കുന്നത്.
ആകെ ചെയ്യാനുള്ളത് ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതാണ്. ബോധത്തിന്റെ ചിതറിപ്പോയ ഇടങ്ങളെ ചേര്‍ത്തുവയ്ക്കാനുള്ള വഴി എന്തെങ്കിലും ചെയ്യലല്ല. മറിച്ച്, ഒന്നും ചെയ്യാതിരിക്കലാണ്. അതുകൊണ്ട് വെറുതെ ഇരുന്നു കൊടുത്താല്‍ മതി. ഏറ്റവും പ്രിയപ്പെട്ട കുഞ്ഞ് നമ്മുടെമുന്നില്‍ കളിച്ചു നടക്കുമ്പോള്‍ അമ്മ ആ കുഞ്ഞിനെ എങ്ങനെയാണോ നോക്കിക്കൊണ്ടിരിക്കുന്നത്, അതുപോലെ.
അമ്മ കുഞ്ഞിനെ നിയന്ത്രിക്കാന്‍ പോകാറില്ല. ശ്രദ്ധിക്കുന്നത് അപകടകരമായ ഇടങ്ങളിലേക്ക് പോകുന്നുണ്ടോ എന്നു മാത്രമാണ്. ആ കുഞ്ഞിന്റെ കളി ശ്രദ്ധിച്ച് വാത്സല്യത്തോടെ കൂടെയിരിക്കുക മാത്രം. ആഴത്തിലുള്ള വാത്സല്യവും കരുണയും പ്രണയവും സൗഹൃദവും ഒക്കെ അമ്മയുടെ മുഖത്ത് നിറഞ്ഞുനില്‍ക്കുന്നത് നോക്കിയാല്‍ അറിയാം. ആ ഭാവമാണ് നമുക്ക് വേണ്ടത്.
നമ്മുടെ ഉള്ളില്‍ ചിന്തകള്‍ ഉണര്‍ന്നു വന്നേക്കും. നമ്മുടെ ശരീരം പലതരത്തിലുള്ള അസ്വസ്ഥതകളിലൂടെ കടന്നുപോയേക്കും. ചിന്തകളില്ലാതെ ഇരിക്കുന്നെന്ന് പറയുന്നത് മഹത്തായ കാര്യമൊന്നുമല്ല. ചിന്തകള്‍ ഉണ്ടാകുന്നു എന്നത് പ്രശ്‌നമുള്ള ഒരു കാര്യവുമല്ല. ചിന്തകളാണ് നമ്മെ ഒക്കെ ജീവിപ്പിക്കുന്നത്.

നമ്മുടെ ഉള്ളില്‍ ഉണര്‍ന്നുവരുന്ന ഏതുതരത്തിലുള്ള ചിന്തകളെയും നേരത്തെ പറഞ്ഞതുപോലെ ഒരു കുഞ്ഞിന്റെ കളിയായി കണ്ട് ഒരു അമ്മ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി നില്‍ക്കുന്നതുപോലെ കണ്ടു നിന്നാല്‍ മതി. അതിനോട് യുദ്ധം ചെയ്യാന്‍ പോകണ്ട. ഒരു കുഞ്ഞ് നിശ്ചലമായി ഒരു സ്ഥലത്തിരുന്നാലും മുറിയില്‍ കളിച്ചുകൊണ്ടിരുന്നാലും ഒരുപോലെയാണ്. കുഞ്ഞ് നിശ്ചലമായി ഇരിക്കുന്നതാണ് ചിന്ത ഇല്ലാത്ത ഒരു അവസ്ഥ എന്ന് പറയുന്നത്. ആ കുഞ്ഞ് കളിക്കുന്നതാണ് ചിന്തകള്‍. രണ്ടും തമ്മില്‍ വ്യത്യാസമില്ല. അത് ഏതു രീതിയിലുള്ള ഭാവത്തോടെ വന്നാലും രണ്ടും നമ്മുടെ കുഞ്ഞാണ്.
ചിന്തകളോട് യുദ്ധം ചെയ്യാനോ ചിന്തകളില്ലാത്ത അവസ്ഥ ഉണ്ടാക്കാന്‍ വേണ്ടിയോ ഒന്നുമല്ല നമ്മള്‍ ഇരിക്കുന്നത്. ഇരുന്നു കൊടുക്കുന്നത് നമുക്ക് നമ്മോട് സ്വരലയപ്പെടാനാണ്. നമ്മെ കുറച്ചു കൂടി അടുത്ത് തൊട്ടറിയാനും മനസ്സിലാക്കാനും വേണ്ടിയിട്ടാണ്.
ഹൃദയത്തെ നമ്മോട് ചേര്‍ത്തു പിടിക്കുക. ശ്വാസത്തിന്റെ ഗതിയിലേക്ക് വെറുതെ സൗമ്യമായി ശ്രദ്ധാലുവാകുക. ബോധത്തിന് നമ്മെ വിട്ടുകൊടുക്കുക. അതിന്റെ ഏറിമാറിത്തിരിയലുകളില്‍ ഇടപെടാതിരിക്കുക. പുറത്തുനിന്ന് ശബ്ദങ്ങള്‍ കേള്‍ക്കും. അകത്തുനിന്നും ശബ്ദങ്ങള്‍ കേള്‍ക്കും. എന്തും സംഭവിച്ചു കൊള്ളട്ടെ. നമ്മള്‍ ഒന്നും ചെയ്യേണ്ട. ചെയ്യാതിരിക്കാനാണ് നമ്മുടെ ബോധം ആവശ്യപ്പെടുന്നത്. അതാണ് നമ്മെ ശാന്തവും സ്വസ്ഥവുമായ ധ്യാനാത്മകതയിലേക്ക് കൊണ്ടുപോവുക. ജനലും വാതിലും തുറന്നിടുമ്പോള്‍ പുറത്തുനിന്ന് കാറ്റ്തനിയെ അകത്തേക്ക് പ്രവേശിച്ചു കൊള്ളും. നമ്മള്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയേ വേണ്ട.

നമുക്ക് നമ്മളോട് ചേര്‍ന്നിരിക്കാന്‍ അതേ ഇച്ഛയെ, അതേ താല്പര്യത്തെ അതേ ഉള്ളുണര്‍വിനെ ഹൃദയത്തോട് ചേര്‍ത്തുവച്ചിട്ടുള്ളവരുടെ കൂടെ ചേര്‍ന്നിരിക്കുന്നത് സഹായകരമാകും. നമുക്കൊപ്പമിരിക്കുന്നമനുഷ്യരോടൊപ്പം മാത്രമല്ല, സര്‍വ്വപ്രകൃതിയോടുമൊപ്പമാണ് നാം ചേര്‍ന്നിരിക്കുന്നത്. ചേര്‍ന്നിരിക്കേണ്ടത്. അങ്ങനെ ഒരു സത്യസങ്കല്പം നമ്മില്‍ നിറഞ്ഞു നില്ക്കണം.
ഞാനെന്ന് പറയുന്നത് ഒരു ഏകകമല്ലെന്നും ഞാനെന്നു പറയുന്നത് സര്‍വ്വം ആണെന്നുമുള്ള അറിവിലേക്ക് വികസിക്കാന്‍ നമ്മള്‍ കുറച്ചു പേരെങ്കിലും ഒന്നാണെന്ന ബോധത്തോടുകൂടി ഒന്നിച്ചിരിക്കുന്നെന്നേയുള്ളൂ. അത് സര്‍വ്വവുമാണെന്നുള്ള അവബോധത്തിലേക്ക് വഴിവെളിച്ചമായി മാറുകതന്നെ ചെയ്യും. ആന്തരികമായി വിഘടിച്ചു കിടക്കുന്ന ഇടങ്ങളെ മുഴുവന്‍ പാരസ്പര്യപ്പെടുത്താനും എനിക്കും ചുറ്റുപാടിനുമിടയില്‍ പിണങ്ങിക്കിടക്കുന്ന ഇടങ്ങളെ ഇണക്കി എടുക്കാനുമൊക്കെയാണ് നമ്മള്‍ അങ്ങനെ ഇരിക്കുന്നത്.
സംഭവിക്കുന്നത് എന്തുമാകട്ടെ അതിനെ വിട്ടുകൊടുക്കുക. നാം ഒന്നിന്റെയും പിറകെ പോകാതെയിരിക്കുക. വന്നുഭവിക്കുന്നത് എന്തായാലുംഅത് ജീവിതമാണ്, സ്വസ്ഥതയായാലും അസ്വസ്ഥതയായാലും. ഏതുതരത്തിലുള്ള വൈകാരികവും വൈചാരികവുമായ സംവേദനങ്ങള്‍, ചോദനകള്‍ ഉണര്‍ന്നു വന്നാലും അതെല്ലാം വന്നുപോകാന്‍ അനുവദിക്കുക. ഒന്നിലും കയറി നമ്മള്‍ ഇടപെടാതിരിക്കുക. വെറുതെ ഇവിടെആയിരിക്കുക. ആ ഒരു തീര്‍ത്ഥാടനത്തിലേക്ക് എല്ലാവരെയും പ്രണയപൂര്‍വ്വം പ്രാണപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Author

55 Views
Scroll to top
Close
Browse Categories