കേരള മന്ത്രിസഭയിലെ ‘ഷോ’ മാൻ

പത്തനാപുരം മുതൽ പത്തനാപുരം വരെ നീളുന്ന ഈർക്കിലി രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റും സെക്രട്ടറിയും എം.എൽ.എയും മന്ത്രിയും എല്ലാമായ കെ.ബി ഗണേശ് കുമാർ ഇടതുമുന്നണിയിലെ ഏകാംഗ എം.എൽ.എ ആയിട്ടും ഘടകകക്ഷിയെന്ന നിലയിൽ മുന്നണി ധാരണ പ്രകാരം അവസാന രണ്ടര വർഷം ഗതാഗത വകുപ്പിന്റെ ചുമതല നൽകുമ്പോൾ ഗതാഗത വകുപ്പിൽ ആരും ഒരത്ഭുതവും പ്രതീക്ഷിച്ചിരുന്നില്ല. ആന്റണി രാജുവിന്റെ പിൻഗാമി എന്നതിനപ്പുറം ഗതാഗത വകുപ്പിൽ മാന്ത്രികവിദ്യകളൊന്നും അദ്ദേഹം കാട്ടുന്നുമില്ല. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലാഭത്തിലാക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന് തന്നെ അറിയാം അതിനുള്ള മാന്ത്രിക ദണ്ഡൊന്നും തന്റെ കൈയ്യിലില്ലെന്ന്. എന്നാൽ മാടമ്പിത്തരം കാട്ടുന്നതിൽ പിണറായി മന്ത്രിസഭയിലെ ഏത് മന്ത്രിയെയും വെല്ലുന്നയാളാണ് താനെന്ന് ഗണേശ് കുമാർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

മന്ത്രി ഗണേശ് കുമാർ

പിണറായി വിജയൻ മന്ത്രിസഭയിലെ കുടുംബപാർട്ടി നേതാവ് കീഴൂട്ട് തമ്പുരാൻ ഗണേശ് കുമാറിന്റെ മാടമ്പിത്തരങ്ങൾ മന്ത്രിസഭയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതാണ്. ജനാധിപത്യ ഭരണത്തിലും പഴയ ഫ്യൂഡൽ മനോഭാവത്തോടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കൈയ്യും കാലും മുളച്ചാൽ അതിന്റെ പേരാകും ഗണേശ് കുമാർ എന്നനിലയിലാണ് ഗതാഗത മന്ത്രിയുടെ ബെല്ലും ബ്രേക്കും ഇല്ലാത്ത പ്രവൃത്തികൾ. പിണറായി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയും കാണിക്കാത്ത വിധംതെരുവിൽ പോലും നിറഞ്ഞാടിയിട്ടും അതിനെതിരെ ഒന്ന് പ്രതികരിക്കാൻ പ്രതിപക്ഷ കക്ഷികൾ പോലും മുന്നോട്ട് വന്നില്ലെന്നതാണ് ഏറെ വിചിത്രം. ഇതിനു പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുകയാണ് പൊതുസമൂഹം.

നടുറോഡിൽ കുപ്പി ഷോ
പത്തനാപുരം മുതൽ പത്തനാപുരം വരെ നീളുന്ന ഈർക്കിലി രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റും സെക്രട്ടറിയും എം.എൽ.എയും മന്ത്രിയും എല്ലാമായ കെ.ബി ഗണേശ് കുമാർ ഇടതുമുന്നണിയിലെ ഏകാംഗ എം.എൽ.എ ആയിട്ടും ഘടകകക്ഷിയെന്ന നിലയിൽ മുന്നണി ധാരണ പ്രകാരം അവസാന രണ്ടര വർഷം ഗതാഗത വകുപ്പിന്റെ ചുമതല നൽകുമ്പോൾ ഗതാഗത വകുപ്പിൽ ആരും ഒരത്ഭുതവും പ്രതീക്ഷിച്ചിരുന്നില്ല. ആന്റണി രാജുവിന്റെ പിൻഗാമി എന്നതിനപ്പുറം ഗതാഗത വകുപ്പിൽ മാന്ത്രികവിദ്യകളൊന്നും അദ്ദേഹം കാട്ടുന്നുമില്ല. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലാഭത്തിലാക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന് തന്നെ അറിയാം അതിനുള്ള മാന്ത്രിക ദണ്ഡൊന്നും തന്റെ കൈയ്യിലില്ലെന്ന്. എന്നാൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയെപ്പോലെയോ അതിലുപരിയായോ മാടമ്പിത്തരം കാട്ടുന്നതിൽ പിണറായി മന്ത്രിസഭയിലെ ഏത് മന്ത്രിയെയും വെല്ലുന്നയാളാണ് താനെന്ന് ഗണേശ് കുമാർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിനെ മന്ത്രിവാഹനത്തിൽ സിനിമ സ്റ്റൈലിൽ ചേസ് ചെയ്ത് റോഡിൽ തടഞ്ഞു നിർത്തി ജീവനക്കാരെ പുറത്തിറക്കി പരസ്യമായി ആക്ഷേപിച്ച നടപടിയാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ഒക്ടോബർ 1 ന് പൊൻകുന്നത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് എം.സി റോഡിൽ ആയൂർ ജംഗ്ഷനിൽ തടഞ്ഞു നിർത്തി, ഏതോ ഗുരുതരമായ കുറ്റം കണ്ടുപിടിച്ചുവെന്ന മട്ടിലായിരുന്നു ജീവനക്കാർക്ക് നേരെ മന്ത്രിയുടെ ശകാരം. ഡ്രൈവർ കുടിക്കുന്ന വെള്ളത്തിന്റെ കുപ്പി ബസിന്റെ മുന്നിലെ കണ്ണാടിയുടെ ഉള്ളിൽ ഡാഷ്ബോ‌‌‌ർഡിൽ ഇട്ടുവെന്നതാണ് മന്ത്രി കണ്ടെത്തിയ ഗുരുതരമായ കുറ്റം. പി.ആർ.ഒ വർക്കിന്റെ ഭാഗമായി മന്ത്രി എപ്പോഴും കൂടെക്കൊണ്ടു നടക്കുന്ന പ്രാദേശിക യൂട്യൂബ് ചാനലുകാർ മന്ത്രിയുടെ ‘കുപ്പി ഷോ’ ലൈവായിത്തന്നെ പ്രചരിപ്പിച്ചു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പരസ്യമായി റോഡിൽ നിർത്തി കുറ്റവിചാരണ നടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ കൊടികെട്ടിയ തൊഴിലാളി സംഘടനകൾക്ക് പോലും പ്രതിഷേധമോ മിണ്ടാട്ടമോ ഇല്ലാതായെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഘടാഘടിയന്മാരായ ഒറ്റ തൊഴിലാളി നേതാവ് പോലും മന്ത്രിയുടെ നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടിക്കെതിരെ കമാന്ന് മിണ്ടിയതേയില്ല. ഇതിനെതിരായ വിമർശനവും പരിഹാസവും പൊതുസമൂഹത്തിൽ നിന്നും ഉയർന്നപ്പോൾ അതിനെയും തന്റെ മാടമ്പി സ്റ്റൈലിൽ ധാർഷ്ട്യത്തോടെയാണ് മന്ത്രി നേരിട്ടത്. ”ഒരുത്തനും തന്നെ വിമർശിക്കാൻ വരേണ്ടതില്ല, ഇതൊന്നും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നെഞ്ചത്ത് കയറലല്ല. ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുത്തപ്പോൾ ഒരുത്തനെയും കണ്ടില്ല’. ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം. യാത്രക്കാരുമായി പോകുന്ന ദീർഘദൂര ബസിനെ നടുറോഡിൽ തടഞ്ഞു നിർത്തി ജീവനക്കാരെ പുറത്തിറക്കി കുറ്റവിചാരണ ചെയ്യാൻ മന്ത്രിക്കെന്നല്ല, ആർക്കും അധികാരമില്ല. അത്തരം നിയമവിരുദ്ധ പ്രവർത്തനം ആര് ചെയ്താലും അതിന് കേസെടുക്കേണ്ടതാണ്. ജീവനക്കാർ കുറ്റം ചെയ്തെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാമെന്നല്ലാതെ ഇത്തരം ‘ഷോ’ കാണിക്കൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടാക്കുന്നതാണ്. മന്ത്രി തടഞ്ഞ ബസിലെ യാത്രക്കാരിൽ ആരെങ്കിലും പരാതിയുമായി കോടതിയെ സമീപിച്ചെങ്കിൽ കോടതിയിൽ നിന്ന് ശകാരം കേൾക്കേണ്ടി വരുമായിരുന്നുവെന്നതിൽ തർക്കമില്ല.
മന്ത്രിയുടെ ‘കുപ്പി ഷോ’യ്ക്കെതിരായ വിമർശനം നിലനിൽക്കെ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ് സജീവ്, മെക്കാനിക്കൽ വിഭാഗം ചാർജ് മാൻ വിനോദ് എന്നിവരെ സ്ഥലം മാറ്റി. തൃശൂരിലേക്ക് സ്ഥലം മാറ്റിയ കോട്ടയം സ്വദേശിയായ ജയ്മോൻ ജോസഫ്, തന്റെ സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹ‌ർജിയിൽ വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി സമയം ചോദിച്ചതിനെ തുടർന്ന് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി പിന്നീട് പരിഗണിക്കാനായിക്കാനായി മാറ്റി. ബസിൽ ജീവനക്കാർക്ക് അവരുടെ കുടിവെള്ളവും ബാഗുകളും വയ്ക്കാൻ പോലുമുള്ള സൗകര്യമില്ല. അഞ്ഞൂറ് കിലോമീറ്ററിലധികം ബസോടിക്കുന്ന ഡ്രൈവർ കുടിച്ച വെള്ളത്തിന്റെ കുപ്പികൾ കണ്ടപ്പോഴാണ് ശീതീകരിച്ച കാറിൽ സുഖിച്ച് പോകുന്ന മന്ത്രിയിലെ മാടമ്പിത്തരം ഉറഞ്ഞാടിയത്. തന്റെ ആവശ്യത്തിനായാണ് കുടിവെള്ളം മുന്നിൽ സൂക്ഷിച്ചതെന്നാണ് ജയ്മോൻ തന്റെ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

ആളില്ലാ പരിപാടി റദ്ദാക്കിയും ഷോ
ഗതാഗത വകുപ്പ് പുതുതായി വാങ്ങിയ 52 വാഹനങ്ങളുടെ ഫ്ളാഗോഫ് ചടങ്ങ് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്നുവെങ്കിലും ആളില്ലെന്ന് പറഞ്ഞ് ചടങ്ങ് തന്നെ റദ്ദാക്കുകയും ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിക്കുകയും ചെയ്തതാണ് മന്ത്രിയുടെ അടുത്ത ഷോ. ഈ ചടങ്ങ് രണ്ടാമതും നടത്തിയിട്ടും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്കുള്ള വാഹനങ്ങൾ വിട്ടുനൽകാതെ വകുപ്പ് ജീവനക്കാരെ മുഴുവൻ മന്ത്രി ആക്ഷേപിച്ചു. സെപ്തംബർ 21 നാണ് തിരുവനന്തപുരം കനകക്കുന്നിൽ മന്ത്രിയുടെ നിർദ്ദേശ പ്രകാരം 52 വാഹനങ്ങളുടെ ഫ്ളാഗോഫ് നിശ്ചയിച്ചിരുന്നത്. വാഹനങ്ങൾ സ്വീകരിക്കാൻ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും എത്തി. എന്നാൽ മന്ത്രി മനസിൽ കണ്ടത്രയും കാഴ്ചക്കാർ ചടങ്ങിനെത്തിയില്ലെന്ന കാരണം പറഞ്ഞ് അദ്ധ്യക്ഷ പ്രസംഗം കഴിഞ്ഞയുടനെ ഏവരെയും ഞെട്ടിച്ച് ചടങ്ങ് റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഒക്ടോബർ 10 ന് ഇതേ ചടങ്ങ് കൂടുതൽ ആളെക്കൂട്ടി പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വീണ്ടും സംഘടിപ്പിച്ചത്. മന്ത്രിയെ വരവേൽക്കാൻ ചെണ്ടമേളവും ഗാർഡ് ഓഫ് ഓണറും സംഘടിപ്പിച്ചിരുന്നു. ചടങ്ങ് അവസാനിക്കും വരെ വാഹനങ്ങൾക്ക് സമീപം മൂന്ന് മണിക്കൂറോളമാണ് ഉദ്യോഗസ്ഥരെ പൊരിവെയിലത്ത് നിർത്തിയത്. ഒരുദ്യോഗസ്ഥൻ ഇതിനിടെ കുഴഞ്ഞുവീണിട്ടും മന്ത്രിയുടെ മാടമ്പിത്തരത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ആളെക്കൂട്ടാൻ തിരുവനന്തപുരം ജില്ലയിലെ വിവിധ ആർ.ടി ഓഫീസുകളിൽ നിന്ന് മുഴുവൻ ജീവനക്കാരെയും എത്തിച്ചതിനാൽ അത്രയും സമയം ഈ ഓഫീസുകളിലെ പ്രവർത്തനവും തടസ്സപ്പെട്ടു. എന്നാൽ ചടങ്ങിനു ശേഷവും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് വാഹനങ്ങൾ വിട്ടു നൽകിയില്ല. വാഹനം സ്വീകരിക്കാൻ വിവിധ ജില്ലകളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ സമയം, അദ്ധ്വാനം, ചെലവ് എന്നിവ പാഴായത് മിച്ചം. രണ്ട് തവണ ഉദ്ഘാടന ചടങ്ങ് വച്ചിട്ടും വാഹനങ്ങൾ വിട്ടു നൽകാത്തതിൽ അതൃപ്തിയിലാണ് ഉദ്യോഗസ്ഥരെങ്കിലും അത് പ്രകടിപ്പിക്കാൻ ആ‌ർക്കും ധൈര്യമില്ല.

ഹോൺ മുഴക്കിയ
ഡ്രൈവർ പണിവാങ്ങി
കോതമംഗലം കെ.എസ്. ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനച്ചടങ്ങിനിടെ ഹോൺമുഴക്കിയ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കാൻ സിനിമ സ്റ്റൈലിൽ മന്ത്രികാട്ടിയ തിടുക്കവും മറ്റൊരു ഷോ ആയി മാറി. ഒക്ടോബർ 12 നായിരുന്നു സംഭവം. മന്ത്രി വേദിയിലിരിക്കെ ഹോൺ മുഴക്കി വേഗത്തിൽ സ്റ്റാന്റിലേക്കെത്തിയ സ്വകാര്യ ബസുകൾ പിടിച്ചെടുക്കാനും പെർമിറ്റ് റദ്ദാക്കാനും ഉദ്ഘാടന പരിപാടിക്കിടെ നടപടി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. സ്റ്റാന്റിൽ പരിപാടി നടക്കുന്നത് അറിഞ്ഞില്ലെന്നും ഹോൺ സ്റ്റക്കായിപ്പോയതാണെന്നും ബസ് ഡ്രൈവർ അജയൻ പറഞ്ഞു. ഹോൺ സ്റ്റക്കായത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാൻ ചെന്ന തന്നെ അങ്ങോട്ടോക്ക് അടുപ്പിച്ചില്ലെന്നും അജയൻ പറഞ്ഞു. ഹോൺ മുഴക്കിയ മറ്റു രണ്ട് ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. എന്നാൽ ഹോൺ മുഴക്കിയതിനല്ല, സ്റ്റാന്റിനകത്തേക്ക് അമിതവേഗത്തിൽ കയറിയതിനാണ് നടപടിയെന്നും മാധ്യമങ്ങൾ എന്തെഴുതിയാലും തന്റെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും മന്ത്രി പത്തനാപുരത്ത് പ്രതികരിച്ചു.

എയർഹോൺ പിടിക്കും,
റോഡ്റോളർ കയറ്റും !
കോതമംഗലത്തെ ഹോണടി വിവാദത്തിനു പിന്നാലെ എയർഹോൺ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ഒക്ടോബർ 14 മുതൽ 19 വരെ സ്പെഷ്യൽ ഡ്രൈവിലൂടെ എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ പിടികൂടാനാണ് ഉത്തരവ്. നിയമവിരുദ്ധമായി എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾ സൃഷ്ടിക്കുന്ന കടുത്ത ശബ്ദമലിനീകരണം ന്യായീകരണമില്ലാത്തതാണെങ്കിലും പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്നും തുടർന്ന് ഹോണുകൾ റോഡ്റോളർ കയറ്റി നശിപ്പിച്ചുകളയണമെന്നുമുള്ള മന്ത്രിയുടെ നിർദ്ദേശമാണ് വിചിത്രമായത്. മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വാഹനപരിശോധന നടത്തി എയർഹോൺ ഘടിപ്പിച്ച വാഹനങ്ങളിൽ നിന്ന് അവ ഇളക്കിമാറ്റുന്ന നടപടിക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടക്കമിട്ടു.

പരിഹാസത്തിന്
ചുട്ട മറുപടി നൽകി
യോഗം ജനറൽ സെക്രട്ടറി

ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ മുഴുവൻ കീഴാളരെപ്പോലെ കാണുന്ന മന്ത്രി ഗണേശ് കുമാർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായി നടത്തിയ പരിഹാസത്തിന് അദ്ദേഹം ചുട്ട മറുപടി നൽകി. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവർ മാടമ്പിത്തരം കാട്ടുന്ന മന്ത്രി ഗണേശ് കുമാർ രാജിവയ്ക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രി ഗണേശ് കുമാർ വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചത്. തന്റെ പേര് ചൊല്ലിക്കൊണ്ടിരുന്നാൽ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്നായിരുന്നു പരിഹാസം. ‘വെള്ളാപ്പള്ളി നടേശന് പണ്ട് മുതലേ തന്നോട് പ്രത്യേക സ്നേഹമാണ്. തന്റേത് ദൈവത്തിന്റെ പേരാണ്, ചൊല്ലിക്കൊണ്ടിരുന്നാൽ മോക്ഷം കിട്ടും. തന്റെ പേരിൽ രണ്ട് ദൈവമുണ്ട്. ഗണപതിയും മുരുകനും. വെള്ളാപ്പള്ളി പറഞ്ഞോട്ടെ, നല്ലതാണ്.’

ഒന്നാം തീയതി ശമ്പളം
മന്ത്രിയു‌ടെ ഔദാര്യമോ ?
കെ.എസ്.ആർ.ടിസിയിൽ ഇപ്പോൾ ഒന്നാം തീയതി ശമ്പളം നൽകുന്നുവെന്ന് പറയുന്ന മന്ത്രിയുടെ ഔദാര്യമാണോ ശമ്പളം എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. കോർപ്പറേഷന്റെ ഇപ്പോഴത്തെ പ്രതിമാസവരുമാനം 240 കോടി രൂപയാണ്. ജീവനക്കാർ നന്നായി പണിയെടുത്തിട്ടാണ് ഇത്രയും വരുമാനം ഉണ്ടാക്കുന്നത്. ഒന്നാംതീയതി ശമ്പളം വാങ്ങാൻ തങ്ങൾക്കവകാശം ഉണ്ടെന്നും അല്ലാതെ മന്ത്രിയുടെ ഔദാര്യമല്ലെന്നും ജീവനക്കാർ പറയുന്നു. 44,000 തൊഴിലാളികൾ ഉണ്ടായിരുന്നപ്പോൾ അവർക്ക് ശമ്പളം നൽകാൻ 80 കോടി രൂപ വേണമായിരുന്നു. എന്നാൽ ഇന്ന് സ്ഥിരം ജീവനക്കാർ 22,000 ആയി ചുരുങ്ങിയപ്പോഴും 80 കോടി വേണമെന്ന് പറയുന്നത് എങ്ങനെ പൊരുത്തപ്പെടുമെന്ന് ജീവനക്കാർ ചോദിക്കുന്നു. കഴിഞ്ഞ 8 വർഷമായി വരവ് ചെലവ് കണക്കുകൾ ആഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. 2006 മുതൽ വിരമിച്ച ജീവനക്കാർക്ക് ഇനിയും കൃത്യമായി പെൻഷൻ ലഭിക്കുന്നില്ല. പി.എഫിൽ പിടിച്ച തുകപോലും തിരികെ നൽകാത്തതിനാൽ വിരമിച്ച ജീവനക്കാരുടെ ചികിത്സയ് ക്കോ മക്കളെ വിവാഹം ചെയ്തയക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്. 179 ബസുകളാണ് ഈ സർക്കാർ വന്നശേഷം വാങ്ങിയത്. യു.ഡി.എഫ് ഭരണകാലത്ത് 4800 ബസുകൾ വാങ്ങിയിടത്താണ് 179 പുത്തൻ തലമുറ ബസുകൾ വാങ്ങിയെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത്. സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം വെറും 715 രൂപയാണ്. അന്യസംസ്ഥാന തൊഴിലാളിക്ക് പോലും 1000 രൂപയിലേറെ ശമ്പളം ലഭിക്കുമ്പോഴാണ് കുറഞ്ഞ ശമ്പളത്തിൽ സ്വിഫ്റ്റ് ജീവനക്കാർ ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ മിക്ക കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളും ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. മൂക്ക് പൊത്താതെ ഒരു സ്റ്റേഷനിലും യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാനാകാത്ത സ്ഥിതിയാണ്. ഇത്രയേറെ പ്രശ്നങ്ങൾക്കിടയിലും മന്ത്രിയുടെ മാടമ്പിത്തരത്തിന് ഒരു കുറവും ഇല്ലെന്നാണ് ഗതാഗത വകുപ്പിലെ ജീവനക്കാരും പൊതുസമൂഹവും പറയുന്നത്.

പൊളിഞ്ഞു വീഴാറായ ബസ് സ്റ്റാന്‍ഡ് കെട്ടിടങ്ങൾ

യദുവിന് സംരക്ഷണം
നൽകാത്ത മന്ത്രി
തൊഴിലാളി സ്നേഹം വിളമ്പുന്ന ഗണേശ് കുമാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ചേർന്ന് തടഞ്ഞു നിർത്തിയ ബസിന്റെ ഡ്രൈവർ യദുവിന് സംരക്ഷണം നൽകാത്തതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും യദുവിനെ പുറത്താക്കുകയായിരുന്നു. സംഭവത്തിൽ ശരിയായ ദിശയിൽ അന്വേഷണം നടന്നില്ലെന്ന് കാട്ടി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോൺമെന്റ് എസ്.ഐ എന്നിവർക്ക് വക്കീൽ നോട്ടീസയച്ചിരിക്കുകയാണിപ്പോൾ യദു. കോടതി നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്താൽ അട്ടിമറിക്കപ്പെട്ടുവെന്നും മേയർ ആര്യയെയും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ യെയും കുറ്റവിമുക്തരാക്കിയ നടപടി നീതിയുക്തമല്ലെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മേയർ നടത്തിയ വഴിതടയലിന് സമാനമാണ് മന്ത്രി ഗണേശൻ ആയൂരിൽ ബസ് തടഞ്ഞ് നടത്തിയ ‘കുപ്പി ഷോ’ .
ഈർക്കിലി പാർട്ടിയായ കേരളകോൺഗ്രസ് (ബി) യുടെ ചെയർമാൻ കൂടിയായ ഗണേശ്കുമാർ പിതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയത്. സിനിമ, സീരിയൽ നടനായിരുന്ന ഗണേശൻ, 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായി. പിന്നീട് തുടർച്ചയായി അഞ്ച് തവണ പത്തനാപുരത്ത് നിന്ന് ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേശ് കുമാർ മുമ്പ് രണ്ട് തവണ മന്ത്രിയായതും പിതാവിന്റെ ലേബലിലാണ്. 2001ൽ എ.കെ. ആന്റണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായ ഗണേശ്, 2003 ൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടി രാജിവച്ചു. 2011 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, പരിസ്ഥിതി മന്ത്രിയായിരുന്നു. ആദ്യ ഭാര്യ ഡോ. യാമിനിയുമായുള്ള വിവാഹ മോചന തർക്കത്തെയും വിവാദത്തെയും തുടർന്ന് 2013 ൽ രാജിവയ്ക്കേണ്ടി വന്നു. വിവാദമായ സോളാ‌ർ കേസിലെ വിവാദനായികയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നപ്പോൾ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടി തയ്യാറായില്ല. അതോടെയാണ് യു.ഡി.എഫുമായി തെറ്റി, അച്ഛനും മകനും എൽ.ഡി.എഫിൽ ചേക്കേറിയത്.
ഇടമലയാർ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച് ജയിലിലേക്കയച്ച കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. ജയിലിൽ കിടന്ന പിള്ളയെ കാലാവധി തീരും മുമ്പെ തന്റെ എല്ലാ അധികാരവും ഉപയോഗിച്ച് ഉമ്മൻചാണ്ടി മോചിപ്പിച്ചെങ്കിലും അധികം വൈകാതെ യു.ഡി.എഫ് പാളയം വിട്ട പിള്ളയെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റിയപ്പോൾ പിള്ളയ്ക്ക് ജയിൽ ശിക്ഷ നേടിക്കൊടുക്കാൻ നിയമയുദ്ധം നടത്തിയ ആദർശധീരനായ വി.എസ് അച്യുതാനന്ദൻ പോലും ഞെട്ടിയത് ചരിത്രം. സോളാർ കേസ് കത്തിപ്പടർന്നപ്പോൾ യു.ഡി.എഫ് മന്ത്രിസഭയും ഉമ്മൻചാണ്ടിയും ആരോപണത്തിന്റെ മുൾമുനയിലായപ്പോഴെല്ലാം തങ്ങളെ എക്കാലത്തും സഹായിച്ച കോൺഗ്രസിനെയും യു.ഡി.എഫിനെയും കുതികാൽവെട്ടുന്ന സമീപനമായിരുന്നു ആർ.ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും സ്വീകരിച്ചത്. രാഷ്ട്രീയ സത്യസന്ധതയുടെയും ധാർമ്മികതയുടെയും കണികപോലും തൊട്ടുതീണ്ടാത്ത നേതാവെന്ന വിശേഷണത്തിന് കൂടി അർഹനായ നേതാവാണ് ഗണേശ് കുമാറെന്നത് അതിശയോക്തിയല്ല. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യടേമിൽ തന്നെ മന്ത്രിയാകേണ്ടിയിരുന്ന ഗണേശ് കുമാറിന് അന്ന് വിനയായത് സ്വത്ത് വീതംവയ്ക്കുന്നതിലെ തർക്കം ഉന്നയിച്ച സഹോദരി തന്നെയായിരുന്നു. അങ്ങനെയാണ് ആദ്യ ടേമിൽ ആന്റണിരാജുവിന് നറുക്ക് വീണത് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പിതാവിനെ തള്ളി ഗണേശ് മന്ത്രിയായപ്പോൾ മകനെ തള്ളിപ്പറഞ്ഞതും പിതാവ് തന്നെയായിരുന്നു. ഗണേശിനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്നാണ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പിള്ള തുറന്നടിച്ചത്.

തന്തയ്ക്കിട്ട് പാരവച്ചവനാണ് ഗണേശൻ: വെള്ളാപ്പള്ളി

തന്റെ പേര് ചൊല്ലിക്കൊണ്ടിരുന്നാൽ വെള്ളാപ്പള്ളി നടേശന് മോക്ഷം കിട്ടുമെന്ന മന്ത്രി ഗണേശ് കുമാറിന്റെ പരിഹാസത്തോട് വെള്ളാപ്പള്ളിനടേശൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘തന്റെ പേരിൽ രണ്ട് ദൈവങ്ങളായ ഗണപതിയും മുരുകനും ഉണ്ടെന്നാണ് ഗണേശൻ പറയുന്നത്. വിഘ്നേശ്വരനായ ഗണേശന്റെ തന്തയാണ് നടേശൻ. നടേശനെന്നാൽ ശിവൻ. ശിവ പാർവതീ പുത്രന്മാരാണ് മുരുകനും ഗണേശനുമെങ്കിലും തന്തയ്ക്കിട്ട് പാരവച്ചവനാണ് ഗണേശൻ. ശിവൻ മക്കളായ മുരുകനോടും ഗണേശനോടും ലോകം ചുറ്റി വരാൻ പറഞ്ഞപ്പോൾ മുരുകൻ മയിൽ വാഹനത്തിലേറി ലോകം ചുറ്റി മടങ്ങിവന്നു. എന്നാൽ ഗണേശൻ ശിവനെയും പാ‌ർവതിയെയും വലംവച്ചു. അങ്ങനെ അമ്മയ്ക്കും അച്ഛനും പാരവച്ചവനാണ് ഗണേശന്‍.
ഒറിജിനൽ ഗണേശനും ഡ്യൂപ്ളിക്കേറ്റ് ഗണേശനുമുണ്ട്. ഇത് ഡ്യൂപ്ളിക്കേറ്റ് ഗണേശനാണ്. അച്ഛനും അമ്മയ്ക്കും മാത്രമല്ല, പെങ്ങൾക്കും പാരവച്ചയാൾ. സാക്ഷാൽ ശിവപാർവതീ പുത്രനാണ് ഒറിജിനൽ ഗണേശൻ. ഡ്യൂപ്ളിക്കേറ്റ് ഗണേശൻ ശിവന്റെ മകനല്ല. ശിവ പാർവതിമാരുടെ പുത്രനിൽ നിന്ന് ഇങ്ങനെയുള്ള അപശബ്ദം വരില്ല. തന്നെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നാൽ മോക്ഷം കിട്ടുമെന്ന് ഈ കാലഘട്ടത്തിലും ഇതുപോലെ പമ്പര വിഡ്ഢിത്തം പറയുന്ന ആരെങ്കിലുമുണ്ടോ ?
അഹങ്കാരത്തിന് കൈയ്യും കാലും വച്ചവനല്ലേ. ട്രാൻസ്പോർട്ട് ജീവനക്കാരോട് ഇത്രയും മോശമായും പരുഷമായും പെരുമാറുന്ന ആരുണ്ട് ? എന്നിട്ടും ആരും ഒന്നും മിണ്ടിയില്ലല്ലോ. ഒരു കുപ്പി ബസിലിരുന്നുവെന്ന് പറഞ്ഞ് എന്തെല്ലാം ഷോ കാണിച്ചു. ആ ഡ്രൈവറെ സ്ഥലം മാറ്റിയില്ലേ ? ഇതെന്താ രാജവാഴ്ചയോ ? സാർ ചക്രവർത്തിമാർ പോലും ആരോടും ഇങ്ങനെ പെരുമാറില്ല. പാരമ്പര്യം അതാണല്ലോ. മാടമ്പി സ്വഭാവമല്ലേ, മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും എങ്ങനെയാണ് കിട്ടിയതെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. സരിതയെ ഉപയോഗിച്ച് നേടിയെടുത്തതല്ലേ ഇതെല്ലാം ? എന്നിട്ട് ആ സരിതയുടെ സ്ഥിതി എന്താണിപ്പോൾ ? മരുന്ന് വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയാണ്. ഇയാൾ അന്വേഷിക്കുന്നുണ്ടോ ? ഇയാൾക്ക് അവരെ സഹായിച്ചുകൂടേ ? ട്രാൻസ്പോർട്ട് മന്ത്രിക്ക് മന:സാക്ഷിയുണ്ടെങ്കിൽ ട്രാൻസ്പോർട്ട് ബസുകൾക്ക് പാരലലായി സ്വകാര്യ സർവീസുകൾ നടത്തുമോ ? ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റിൽ കയറിയല്ലേ ആളെടുക്കുന്നത്. അതാണ് ഡ്യൂപ്ലിക്കേറ്റ് ഗണേശൻ. ഇത് നടേശനാണ്. ഗണേശന്റെ ചരിത്രം പറഞ്ഞാൽ നാറും. തറവേല കാട്ടിയതിന്റെ പ്രതിഫലമാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ഡയറക്ടർ ബോർഡംഗമായി മാറിയ ഗണേശ്, ജി.സുകുമാരൻ നായരുടെ അടുത്ത ആളായി മാറി. ഇപ്പോൾ ഗണേശ് പറയുന്നത് തനിക്ക് പിതൃതുല്യനാണ് സുകുമാരൻ നായരെന്നാണ്. മന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗണേശ് കുമാർ ആദ്യമെത്തിയത് പെരുന്നയിലായിരുന്നു. എതിർപ്പുകളുയർന്നിട്ടും പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നിർബ്ബന്ധിതമായതിനു പിന്നിൽ എൻ.എസ്.എസിന്റെ സമ്മർദ്ദമാണെന്നാണ് വിലയിരുത്തൽ. എൻ.എസ്.എസ് അടുത്തിടെ സ്വീകരിച്ച ഇടത് അനുകൂല നിലപാടിനു പിന്നിലും പ്രവർത്തിച്ചതിലെ പ്രധാനി ഗണേശ് കുമാറാണെന്നാണ് പിന്നാമ്പുറ സംസാരം. ഇതിന് സി.പി.എമ്മിനും എൻ.എസ്.എസിനും ഇടയിലെ പാലമായി വർത്തിക്കുന്നത് ഗണേശ്കുമാറാണ്. ഇതിന്റെ ഗർവിലാണ് മന്ത്രിയെന്ന നിലയിൽ കാട്ടിക്കൂട്ടുന്ന ധാർഷ്ട്യവും മാടമ്പിത്തരവുമെന്നും തനിക്കെതിരെ ആരും വാളോങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിലാകാം ഇതെന്നുമാണ് വിലയിരുത്തുന്നത്.

പത്തനാപുരത്തെ
പുതിയ ഹബാക്കി
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയെ പുതിയ ഹബാക്കി മാറ്റുന്ന മന്ത്രിയുടെ വഴിവിട്ട നീക്കത്തിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിലെ നൂറുകണക്കിന് ചെറു ടൗണുകളിൽ ഒന്ന് മാത്രമായ പത്തനാപുരത്തിന് മന്ത്രിയുടെ നിയോജകമണ്ഡലം എന്നതിനപ്പുറം വലിയ പ്രാധാന്യമൊന്നുമില്ല. ഇവിടെ നിന്ന് കേരളത്തിൽ എവിടേക്കും ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ തുടങ്ങിയത് മന്ത്രിയുടെ സ്വാർത്ഥ താത്പര്യം മാത്രമാണെന്നാണ് വിമർശനം. ഇടുക്കിയിൽ നിന്നും വയനാട്ടിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ ഇപ്പോൾ പത്തനാപുരത്തേക്ക് ബസുകളുണ്ട്. ഗണേശന്റെ പിതാവ് ആർ.ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്തുനിന്നുള്ള ഭൂരിഭാഗം ബസ് സർവീസുകളും കൊട്ടാരക്കര വഴിയായിരുന്നു. കെ.എസ്.ആർ.ടി.സിയെ തറവാട് സ്വത്ത് പോലാക്കിയ പിതാവിന്റെ പാതയാണിപ്പോൾ ഗണേശനും പിന്തുടരുന്നത്. പത്തനാപുരം ഡിപ്പോയിൽ നിയമിച്ചിട്ടുള്ള ജീവനക്കാരിൽ ഏറെയും ഗണേശന്റെ വിശ്വസ്തരായ പിണിയാളുകളാണ്. മന്ത്രിയുടെ ‘കുപ്പി ഷോ’ യിൽ പ്രതിഷേധിച്ച് പത്തനാപുരത്തെ കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ അഡ്വ. സാജുഖാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയപ്പോൾ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജീവനക്കാർ തെരുവ്ഗുണ്ടകളെപ്പോലെ സാജുഖാനെ മർദ്ദിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഫിറ്റ്നസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലാത്തതും കണ്ടം ചെയ്യാറായതുമായ ബസുകളുടെ വീഡിയോ പകർത്താൻ ശ്രമിച്ചതിനാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
ലേഖകന്റെ ഫോൺ: 9446564749

Author

143 Views
Scroll to top
Close
Browse Categories