തുടരണം, കാവ്യകലാപങ്ങളും അക്ഷരസമരങ്ങളും ജനായത്തപോരാട്ടങ്ങളും
1946ല്‍ ഒന്നാം കുട്ടംകുളം സമരത്തിലൂടെ സഹോദരനടക്കം നേരിട്ടുപോയിപ്പോരാടി തുറന്ന ഇരിങ്ങാലക്കുടയിലെ അമ്പലതെക്കന്വഴിയാണ് 2015ല്‍ ദേവസ്വം അധികാരികള്‍ അടച്ചുകെട്ടിയത്. 2020ല്‍ ഹൈക്കോടതിയില്‍ നടന്ന നിയമ പോരാട്ടത്തിലൂടെയാണ് അതുവീണ്ടും തുറന്നത്.

മുഖ്യമന്ത്രിമാരും ദേവസ്വം മന്ത്രിമാരും സംസ്കാരിക പ്രവര്‍ത്തകരും കലാകാരൻമാരും അധ്യാപകരും തൊഴിലാളികളും വരെ അനുദിനം തൊഴിലിടങ്ങളില്‍പ്പോലും ജാതിത്തെറിയും ജാതിമര്ദ്ദനവിവേചനങ്ങളും ജാതിഅനീതികളും ഭരണഘടനയ്ക്കും ജനായത്തത്തിനും മാനവികതയ്ക്കും നിരക്കാത്ത ഭൗതികപ്രതിനിധാന ഹിംസകളും പകവ്യവഹാരങ്ങളും അപരവല്‍ക്കരണ അപമാനവീകരണങ്ങളും ജാതികുറ്റകൃത്യങ്ങളും നേരിടുന്ന ജാതിഹൈന്ദവമാക്കി മാറ്റപ്പെട്ട, പുരാണപട്ടത്താനികളും ഗീതാഗിരിനായകന്മാരും ഗീര്വാണപൈങ്കിളിനായകന്മാരും കൂടി തനി വര്ണാശ്രമഹിന്ദുസ്വരാജ്യമാക്കി തീണ്ടാരിലഹളയുടെ സ്വരാജ്യമാക്കി മാറ്റിയ കേരളത്തിലാണ് ബുദ്ധവചനത്തിന്റെ വര്‍ത്തമാന ഭവിഷ്യോന്മുഖ പ്രസക്തി. ഗുരുവും മൂലൂരും സഹോദരനും കറുപ്പനും അയ്യനും അംബേദ്കറും നിര്ണായകമാകുന്നതങ്ങനെയാണ്.
ഗുരുവിനും അയ്യനുമെതിരായ പകവ്യവഹാരങ്ങളും കേരളത്തില്‍ സവര്ണക്കുത്തക ഒളിഗാര്ക്കിപോലെ പെരുക്കുന്നു. അയ്യങ്കാളിയുടെ തലവെട്ടി പട്ടിക്കിട്ടു പടം പ്രചരിപ്പിച്ച കുകുച്ചകളെന്ന കുലീനകുത്തകച്ചൂത്തിരക്കുത്താടികള്, സൈബര്‍ക്രിമിനലുകള്‍ ഇന്നും നിയമത്തിനു മുന്നില്‍ വന്നിട്ടില്ല. മണിപ്പിള്ളയും മറ്റും നിയമപരമായി മാതൃകാപരമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. ശാസ്തമംഗലം, മുതുകുളം, പഴവങ്ങാടിയിങ്ങനെ നൂറുകണക്കിനു ജാതിവംശീയവര്ണവെറിയന് കൊലവിളി-വംശഹത്യാവെറി പ്രസംഗങ്ങള്‍ (വാസവപ്പണിക്കര്‍ 1976) ഭരണഘടനയെ നോക്കുകുത്തിയാക്കി നടത്തിയ വിമോചനസമരനായകരെ നവനവോത്ഥാനനായകരാക്കി പൊതുഅവധി കൊടുക്കുന്നു. 2018ല്‍ കേരളമുഖ്യമന്ത്രി തന്നെ തെരുവില്‍ മണിപ്പിള്ളയെന്ന തൊഴിലുറപ്പുകാരി കുലീനവനിതയുടെ മണിപ്രവാളം തോല്‍ക്കുന്ന,അശോകകേരളത്തെ അപമാനിക്കുന്ന ജാതിത്തെറികേട്ട് സവര്ണസംവരണത്തിനായുള്ള ഭരണഘടനയുടെ ജനായത്തപ്രാതിനിധ്യാടിത്തറ തകര്‍ക്കുന്ന ദേവസ്വം ഓഡിനന്‍സ് പാസാക്കുകയും യൂണിയന് ഭരണകൂടത്തെ അതിനായി വെല്ലുവിളിക്കുകയും,ദേവസ്വം മന്ത്രിമാരെപ്പോലും പൊതുവേദിയില്‍ ജീവനക്കാരായ പൂജാരിമാര്‍ ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു വിളക്കു കയ്യില്‍ കൊടുക്കാതെ തറയില്വച്ചപമാനിക്കയും അവര്‍ണ കലാപ്രവര്‍ത്തകരും കഴകക്കാരും പാചകക്കാരും കുതാന്ത്രികരുടെ പുല്ലുവെട്ടികളാക്കിമാറ്റപ്പെട്ട അമ്പലവാസികളുംമറ്റും നിത്യാപമാനങ്ങളും ജാത്യാധിക്ഷേപങ്ങളും നേരിടേണ്ടിവരുകയും ചെയ്യുന്ന ദുരവസ്ഥ കേരളത്തില്‍ വര്ത്തമാനകാലത്തുണ്ടാകുന്നത് ഇത്തരം ബ്രാഹ്മണികക്ഷുദ്രപണ്ഡിതപരിവാരങ്ങളുടെ കാല്‍നൂറ്റാണ്ടായ പരിശ്രമത്തിലൂടെയാണ്.
മാവാരത രാമായണപട്ടത്താനങ്ങളും ഗീതാഗിരികളുമാടി ഭരണഘടനയുടെ ജനായത്തമൂല്യങ്ങളെ തകര്‍ത്ത് ശൂദ്രലഹളയ്ക്കരങ്ങൊരുക്കിയവര് ഇന്ന് ഗാന്ധിഗുരുമന്ത്രണങ്ങളുമായി മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്. സ്വാതന്ത്ര്യസമത്വസാഹോദര്യങ്ങള്ക്കും ആധുനികജനായത്തപ്രാതിനിധ്യസംസ്കാരത്തിനും നിതാന്തഭീഷണിയായ ഹൈന്ദവസംസ്കൃതപുരാണങ്ങള് ഡൈനമൈറ്റുവച്ചു തകര്‍ക്കണമെന്നു പറഞ്ഞ ജനായത്തഭരണഘടനാശില്പിയായ അംബേദ്കറേയും ഇവര്‍ സ്തുതികളിലും കുഴലൂത്തുകളിലും പുട്ടിനു തേങ്ങയെന്നപോലെ തിരുകിക്കയറ്റുന്നു. കള്ളനുകഞ്ഞിവയ്ക്കുന്ന ഈ ക്ഷുദ്രപുരോഹിതരുടെ ഗീര്വാണമാണിന്ന് കേരളവും ലോകവും നേരിടുന്ന കൊടിയവിഷം. ദേവസ്വം ബോർഡുതന്നെ ഹൈന്ദവസംസ്കൃതപുരാണങ്ങളടിച്ചു സൗജന്യവിതരണത്തിനുമെത്തിക്കുന്നു. ഗാന്ധിയുടെ വര്‍ണാശ്രമധര്‍മവും ആദര്ശവാനായതോട്ടിയുംകൂടി കുലീനജാതിത്തൊഴിലാളികളുടെ വക്താക്കളടിച്ചിറക്കിയാല് ഹിന്ദുസ്വരാജും രാമരാഷ്ട്രവും കൃതാര്‍ഥമായി.
ഗുരുവിനു നേരിട്ട തീണ്ടലിനെതിരായ പ്രതികരണമായുയര്ന്ന വൈക്കം പോരാട്ടവുമായി ബന്ധപ്പെട്ട ”സാഹോദര്യം,” ചിദംബരംപിള്ളയുടെ കത്തും അതിനുമറുപടിയും” തുടങ്ങിയ ചരിത്രപരമായ സംസ്കാര രാഷ്ട്രീയരചനകള്‍ (ശേഖര്‍ 2023) പോലെ ഏറെ പ്രസക്തവും വര്ത്തമാനഭാവികളില് അധീശസംസ്കാരദേശീയവാദ സന്ദര്‍ഭങ്ങളില്‍ നിര്‍ണായകമായ രചനയാണ് 1925ലെ ധര്‍മ്മപദം. 1924ലെ സാഹോദര്യത്തിലും കത്തുകവിതയിലുമാണ് മൂലര്‍ ചോദിക്കുന്നത് ഹിന്ദുക്കളല്ലാത്തോര്ക്കു സഞ്ചരിക്കാവുന്ന അമ്പലവഴികളില്‍ നടക്കാനാവാത്ത അവര്‍ണര്‍ക്ക് എന്തിനീ ഹിന്ദുമതം എന്ന വര്‍ത്തമാനപ്രസക്തമായ ചോദ്യം. 1946ല്‍ ഒന്നാം കുട്ടംകുളം സമരത്തിലൂടെ സഹോദരനടക്കം നേരിട്ടുപോയിപ്പോരാടി തുറന്ന ഇരിങ്ങാലക്കുടയിലെ അമ്പലതെക്കന്വഴിയാണ് 2015ല്‍ ദേവസ്വം അധികാരികള്‍ അടച്ചുകെട്ടിയത്. 2020ല്‍ ഹൈക്കോടതിയില്‍ നടന്ന നിയമ പോരാട്ടത്തിലൂടെയാണ് അതുവീണ്ടും തുറന്നത്. ഹിന്ദുസാമ്രാജ്യം എന്ന നിര്‍ണായക പ്രയോഗവും 1924ല്‍ ഈ കവിതയില്‍ മൂലൂര്‍ നടത്തുന്നു (ശേഖര്‍ 2024). 1942 ലാണ്നാണുഗുരുവില് നിന്നു ദീക്ഷയെടുത്ത ജോണ്‍ ധര്മ്മതീര്ഥരുടെ ഹൈന്ദവദുഷ്പ്രഭുത്വചരിത്രം വരുന്നത്. ഇതെല്ലാമാണ് നവദേശീയവിദ്യാഭ്യാസനയകാലത്ത് കേരളത്തിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാകേണ്ടത്. അല്ലാതെ ഗുരുവിനെ വീണ്ടും വൈദികവേദാന്തവല്ക്കരിക്കുന്ന വര്ണാശ്രമജാതി ഹൈന്ദവ സംസ്കൃതീകരണ അധീശപദ്ധതികളല്ല. ഓപ്പണ്‍ സര്‍വകലാശാല ഇത്തരത്തിലൂള്ള ഗുരുശിഷ്യമോചനത്തിന് തുടക്കം കുറിക്കണം.
കവിയുടെ ജനനമരണങ്ങളും ധർമ്മപദ വിവര്ത്തനപൂര്ത്തീകരണവും മാര്‍ച്ചുമാസം അഥവാ കുംഭമാസത്തിലാണു വരുന്നത്. 1916ലെ തേലപ്പുറത്തുനമ്പിയുടെ വിവര്‍ത്തനം മുതലിങ്ങോട്ട് നിരവധി ധമ്മപദമൊഴിമാറ്റങ്ങള് മലയാളഗദ്യപദ്യങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും നിലനില്ക്കുകയും ബുദ്ധവചനത്തോട് നീതിപുലര്‍ത്തുകയും കാലത്തെ അതിജീവിക്കുന്ന നിത്യവായനയെ ആകര്‍ഷിക്കുകയും ചെയ്യുന്ന കാവ്യവിവര്‍ത്തനം കിളിപ്പാട്ടിലുള്ള മൂലൂരിന്റെ ധര്മ്മപദമാണ്.ബുദ്ധധമ്മവഴി, അഷ്ടാംഗമാര്‍ഗം, അഥവാ സത്യനീതിയുടെ പാത, സത്യനീതികളുടെ പദം, ഇടം, ഉപായം എന്നുതന്നെയാണ് ധർമ്മപദത്തിന്റെ തലക്കെട്ടിലെ അര്‍ഥസൂചനകള്‍ (ബാലരാമപ്പണിക്കര്‍, ഒന്നാംപതിപ്പിലെ അവതാരിക 1960).
1998 ലെ രണ്ടാം പതിപ്പിനു പ്രസാധകക്കുറിപ്പെഴുതിയ മൂലൂര്‍ സ്മാരകസമിതിയധ്യക്ഷനായിരുന്ന കവി കടമ്മനിട്ട ധർമ്മപദത്തെ ”വേദോപമ”മായി വായിക്കുന്നു. വേദത്തിലെ പുരുഷസൂക്തത്തിലാണ് ചാതുര്‍വര്‍ണ്യത്തിന്റെ ഉല്പ്പത്തികഥയും ദൈവീകസാധൂകരണവും എന്നതുകവിയോര്ത്തില്ല.”ബുദ്ധമതത്തിലെ ഭഗവദ്ഗീത”യായാണ്എഡിറ്റിങ്ങ് നടത്തിയ ഭാഷാശാസ്ത്രകാരനായ വി. ആര്. പ്രബോധചന്ദ്രന്‍നായര്‍ ധർമ്മപദത്തെ വ്യാഖ്യാനിക്കുന്നത്. ഗുരുവടക്കം നിരാകരിച്ച ഗുണകര്മ്മസിദ്ധാന്തവും വര്ണസിദ്ധാന്തവുമടങ്ങുന്ന,ചാതുര്‍വര്‍ണത്തിന്റെ ദൈവീകസാധൂകരണവും വര്ണസങ്കരനിരോധവുമടങ്ങുന്ന ഗീത, ബി. സി. ഇ. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ബുദ്ധന് ആയിരത്തഞ്ഞുറോളം വര്‍ഷങ്ങള്‍ക്കുശേഷം സി. ഇ.എട്ടാം നൂറ്റാണ്ടോടെയാണിന്നത്തെ രൂപത്തില്‍ മാവാരതത്തിലൂടെ വ്യാപകമായി സ്ഥാപനവല്ക്കരിക്കപ്പെടുന്നതെന്നാണ് ഡി. ഡി. കോസാമ്പിയടക്കമുളള ചരിത്രകാരന്മാരുടെ വിശകലനം.
ബുദ്ധപ്പള്ളികളേയും ജൈനപ്പള്ളികളേയും നിരന്തരം നടന്ന മാവാരതരാമായണ ഹിന്ദുപുരാണപട്ടത്താനങ്ങളിലൂടെയാണ് ബ്രാഹ്മണികയാണ്കോയ്മയും ക്ഷുദ്രാധികാരവും കൂടി ഹൈന്ദവീകരിച്ചെടുത്തതെന്ന് ഇളംകുളം ഏറെ എഴുതിയിട്ടുണ്ട്. മാവാരതപട്ടന്മാരെക്കുറിച്ചും ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുമുള്ള ഇളംകുളത്തിന് 1950കളിലെ വിമര്ശനര്മം ഏറെ വര്ത്തമാനപ്രസക്തമാകുന്നു (ഇളംകുളം 2005). ഭക്തിയുടെ ലഹരിമോന്തിയാല് കഴുവേറ്റലടക്കമുള്ള മനുഷ്യവംശഹത്യയ്ക്കും അരുംകൊലയ്ക്കും കാരണമാകുമെന്ന നീരീക്ഷണം ഏറെ നിര്‍ണായകമാകുന്നു. ഗീതയിലെ ദാര്ശനികപ്രശ്നമായ അര്ജുനവിഷാദയോഗത്തിന് കാരണം വംശഹത്യചെയ്യണമെന്നതല്ല വര്ണസങ്കരഭീതിയാണെന്നതാണ് ഭീകരമായ കഷ്ടം. അതാണ് മാവാരത്തിലൂടെ കേരളദേവസ്വം ബോഡ് ജനങ്ങളുടെ ചിലവില്‍ അച്ചടിച്ചുവിതരണംചെയ്യാന് പോകുന്നത്. മാവാരതത്തിലെ ഗീതപോലെ വേദത്തിലാണ് പുരുഷസൂക്തമിരിക്കുന്നതെന്നും കൂടി ജനങ്ങള്‍ മറക്കാതിരിക്കട്ടെ. ചാതുര്‍വര്‍ണ്യത്തെ ബ്രഹ്മപുരുഷനിലൂടെ ചവിട്ടിയുറപ്പിക്കുന്ന വൈദികപുരുഷസൂക്തത്തേയും ഗീതയുടെ ഗുണകര്മ്മവര്ണസിദ്ധാന്തത്തേയും വിമര്ശിച്ചുതള്ളിയ ഗുരുവിനെയാണ് വൈദികവേദാന്തിയും ശാങ്കരാദ്വൈതിയുമാക്കുന്നതെന്നും കൂടിയോര്ക്കാം. 1918 ലെ ആദ്യ ഈഴസന്ദര്ശനത്തില് തന്നെ യഥാര്‍ഥ ആദിമ അദ്വയവാദിയായ വിനായകനായ പുത്തരുടെ വഴിയിലാണ് താനെന്നു ഗുരു വ്യക്തമാക്കിയതും വീണ്ടുംവീണ്ടും ഓര്മിപ്പിക്കേണ്ടതാകുന്നു.
കൊല്ലുന്നവനില്ല ശരണ്യതയെന്ന, കൊലപാതകികളായ ദൈവനായകന്മാരെ മൃഗത്തിനുതുല്യമാക്കുന്ന ഗുരുമൊഴിയില്‍ ജീവകാരുണ്യപഞ്ചക,അനുകമ്പാജീവിതസംസ്കാരത്തില്നോക്കിയാലും വംശഹത്യയേയും ഹിംസയേയും സാധൂകരിക്കുന്ന ഗീതയേയും കരുണാമൈത്രീമുദിത്തങ്ങളെയുണര്ത്തുന്ന ധർമ്മപദത്തേയും താരതമ്യംചെയ്യുക വയ്യ. തികച്ചും ഹിംസാത്മകവും അധീശപരവുമാണ്, ജാതിഹൈന്ദവമാണ് വർത്തമാനകാലത്തും മലയാളിപൊതുബോധവും അമിതപ്രാതിനിധ്യക്കുത്തകയാക്കപ്പെട്ട സംസ്കാരരംഗവും പ്രസാധനവൃന്ദവും എന്നതാണീ സമീപകാല കുലീനജാതിഹിന്ദു നോക്കുപാടുകളും താരതമ്യങ്ങളും വ്യക്തമാക്കുന്നത്.
സംസ്കാരദേശീയവാദത്തിലേക്കും ഭാഷാമൗലികവാദത്തിലേക്കുംസമഗ്രാധിപത്യത്തിലേക്കും ജനതയെ നയിക്കുന്നത് പാണ്ഡിത്യം, സൗന്ദര്യശാസ്ത്രം, ഭാഷാശുദ്ധിവാദംഎന്നിത്യാദിഅമിതപ്രാതിനിധ്യ ജാതിഹിന്ദു ഒളിഗാര്‍ക്കിയുടെ മാധ്യസ്ഥഅധീശവ്യവഹാരങ്ങളാണ്.
മൂലൂര്‍ തുടങ്ങിയ കാവ്യകലാപങ്ങളും അക്ഷരസമരങ്ങളും ജനായത്തപ്പോരാട്ടങ്ങളും തുടരേണ്ടത് ഭാഷയുടേയും സമൂഹത്തിന്റേയും സംസ്കാരത്തിന്റേയും അനിവാര്യതയാകുന്നു. കേരളദേവസ്വംബോഡുതന്നെ ബഹുജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ഹൈന്ദവപുരാണങ്ങള്‍ മാവാരതരാമായണങ്ങള് അച്ചടിച്ചു സൗജന്യമായി വിതരണം ചെയ്യാനാകുന്ന വര്‍ത്തമാന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. മാവാരതരാമായണപട്ടത്താനങ്ങളും ഗീതാഗിരിശിബിരങ്ങളും ബഹുജനനികുതിപ്പണം ദുരുപയോഗംചെയ്തു അക്കാദമികളുടെ വേദികളുപയോഗിച്ചു നിരന്തരം നടത്തിയാണ് 2018ലെ ലിംഗസാമൂഹ്യനീതിക്കായുള്ള സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ ഒരുമയോടുള്ള വിധിക്കെതിരായ വിശ്വാസിലഹളയും തീണ്ടാരിലഹളയും നാമജപഘോഷയാത്രയും നടത്തി ജനായത്തഭരണഘടനയുടെ ആധാരമായ സാമൂഹ്യപ്രാതിനിധ്യത്തെ മുന്നാക്കജാതികള്ക്കുമാത്രമുള്ള സാമ്പത്തികസംവരണത്തിലൂടെ അട്ടിമറിച്ചതെന്ന വര്‍ത്തമാനചരിത്രവും ഇവിടെ ഓര്‍ക്കാവുന്നതാണ്.
ഇന്ത്യന്‍ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന അമിതപ്രാതിനിധ്യമുള്ളവര്ക്കുമാത്രമായി സാമ്പത്തികയുക്തി പറഞ്ഞുനടത്തിയ ഈ മാരകമായ പ്രഹരവും കേരളത്തിലൂടെയാണ് അരങ്ങേറിയത്. വിമോചനസമരനായകന്മാരും ശാസ്തമംഗലം, പഴവങ്ങാടി, മുതുകുളം അടക്കമുള്ള പ്രസംഗകേസരിമാരും (വാസവപ്പണിക്കര്‍) നവനവോത്ഥാന നായകരായി ദൈവവല്ക്കരിക്കപ്പെട്ട് ക്ഷേത്രപ്രതിഷ്ഠകളായി ബഹുജനങ്ങളുടെ ചിലവില്‍ പൊതുഅവധിനേടുന്നതും വര്‍ത്തമാന കേരളത്തിലാണ്.
കേരളാധുനികതയേയും അറിവൊളിയെയും യൂറോപ്യന്‍ ജ്ഞാനോദയചിന്തയേയും സാമൂഹ്യമാറ്റത്തേയും സമഗ്രമായി വിലയിരുത്താനും വിശകലനം ചെയ്യാനും വിമര്ശവിനിമയം ചെയ്യാനും വിദ്യാഭ്യാസബോധനമാധ്യമ പദ്ധതികളും അജണ്ടകളും നിര്‍ണയിക്കാനും, സംസ്കാരനയസമീപനങ്ങള് സമഗ്രാധിപത്യ അമിതപ്രാതിനിധ്യകാലത്ത് സാധ്യമാക്കാനും ധാര്‍മികവും നൈതികവുമായ മൂല്യമണ്ഡലവും സാഹിതീയവും സാംസ്കാരികവുമായ ആര്‍ജവവും സാമൂഹ്യമായ ഊര്‍ജവും പകരുന്ന വര്ത്തമാനഭാവികളുടെ പാഠമാണ് മൂലൂരിന്റെ നൂറ്റാണ്ടുതികച്ച ധർമ്മപദ മൊഴിമാറ്റം. തൊട്ടുകൂടാത്തവരുടെ ദമിതവും തകര്‍ക്കപ്പെട്ടതും മറച്ചതും മറപ്പിച്ചതും മായിക്കപ്പെടതുമായ പ്രബുദ്ധമായ വംശാവലീചരിത്രങ്ങള് തിരയാനും മറനീക്കാനും ബഹുജനോന്മുകമാക്കാനുമുള്ള തുറവിയാണ് മൂലൂരിന്റേയും സഹോദരന്റേയും പാഠങ്ങള്‍. അവ പാഠ്യപദ്ധതികളുടെ കാതലാകണം ഹിന്ദുസാമ്രാജ്യത്തിന്റെ രണ്ടാംവരവില്‍. ആശാന് അമ്പതുകഴിഞ്ഞു പറഞ്ഞപോലെ ശാക്യമുനിയുടെ ചിന്തയ്ക്കും ആശയങ്ങള്‍ക്കും മാത്രമേ ജാതിയേയും വര്ണാശ്രവൈദികബ്രാഹ്മണ്യത്തേയും ചെറുക്കാനാവൂ. ഗുരുവിന്റെ സമുദായത്തിനുമാത്രമേ സഹോദരനെപ്പോലൊരു ധമ്മധീരനെ സൃഷ്ടിക്കാനാവൂ. കേരളത്തിന്റെ പ്രബുദ്ധതയുടെ ആധാരമായ മറവിയിലേക്കു മാബലിയെപ്പോലെ വൈഷ്ണവബ്രാഹ്മണ്യവും ശൈവഭക്തിലഹരിയും ജാതിക്ഷുദ്രതയും ചവിട്ടിത്താഴ്ത്തിയ മഹാബലിയും ധമ്മചക്രപ്രവര്ത്തകനുമായ നീതിയുടെ ചക്രവര്‍ത്തി മൗര്യസാമ്രാട്ട് അശോകനും മക്കളായ സംഘമിത്തയും മഹിന്ദതേരനും ബോധകഭിക്കൂനീഭിക്കു സംഘങ്ങളും ആധാരം കൊടുത്തുപാകിവളര്ത്തിയ ചേര, പാണ്ഡ്യ, ചോള, പല്ലവ, ആന്ധ്രന്‍ നാടുകളിലെ, തെന്നിന്ത്യയുടെ കേരപുത്തോ എന്ന് അശോകൻ വിളിച്ച ബൗദ്ധസംസ്കാരധാരകളേയും ബഹുസ്വരവും ജനായത്തപരവുമായ ബുദ്ധധർമ്മത്തേയും വിമര്‍ശാത്മകമായി ഹൈന്ദവദേശീയവാദത്തിന്റെ സംസ്കാരദേശീയാധീശ സന്ദര്‍ഭങ്ങളില്‍ വീണ്ടെടുക്കാനും വിമോചനത്തിനും സംസ്കാര ജനകീയ പ്രതിരോധത്തിനും അനിവാര്യമാകുന്നു. മൂലൂരിന്റെ കേരളമൊഴിയിലെ ധർമ്മപദത്തെക്കുറിച്ചുള്ള പുതുനോക്കുകളും വാക്കുകളും മുളയുംനാമ്പുമിടട്ടെ.
മരംപൊട്ടിമുളയ്ക്കുംപോലെയോ എന്ന വേദവിമര്ശമാര്ന്ന ഗുരുവരുളും ഓര്‍മിക്കാം, ഓര്‍മിപ്പിക്കാം.അറിയാനും അറിയിക്കാനുമുള്ള ധർമ്മപാതയിലൂടെ ധർമ്മപദത്തിലേക്കു നടക്കാം.ഹിംസകളും ജാത്യാധിക്ഷേപങ്ങളും മതഹിംസകളും മൗലികാവകാശ ലംഘനങ്ങളും സനാതനികളുടെ വര്ണശ്രമധര്മഹിംസകളും അനുദിനം ഏറുന്നു. ബഹുജനങ്ങളെ ഹിന്ദുവല്ക്കരിച്ചുകൊണ്ടാണിതെല്ലാം നടക്കുന്നത്. സ്വന്തം അശോകന് പ്രബുദ്ധപാരമ്പര്യത്തെ വിദ്യാഭ്യാസ, അക്കാദമിക, പ്രസിദ്ധീകരണ, മാധ്യമവേലകളിലൂടെ ജനതയില്‍ നിന്നും വെട്ടിമാറ്റി, മറച്ചു മായിച്ചു വയ്ക്കുന്നു. സഹോദരനും മൂലൂരും ഗുരുവും പോലും സമഗ്രമായി പഠിപ്പിക്കപ്പെടുന്നില്ല.
2600 വര്‍ഷംമുമ്പ് ബുദ്ധന് ബോധോദയം നേടിയ മഹാബോധിമരം വളരുന്ന ഗയയിലെ അശോകന് സ്ഥാപിച്ച മഹാബോധിമഹാവിഹാരമെന്ന ബൗദ്ധ പെരുംപള്ളിയില്‍ ഭൂരിപക്ഷമതാംഗങ്ങളെ കൗടില്യകൌശലത്തോടെ കുത്തിത്തിരുകിബൗദ്ധരുടെ മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടു1949ലെ ഗയ ആക്റ്റ്. അയ്യോതിതാസരെ പ്രബുദ്ധതയിലേക്കു നയിച്ച ആധുനികബുദ്ധഭിക്ഷു അനഗാരിക ധമ്മപാലയാണ് നീണ്ട നിയപോരാട്ടങ്ങളിലൂടെ ബോധ്ഗയയിലെ സംബോധി വിഹാരത്തെ പാതിയോളം ശൈവബ്രാഹ്മണിക പൗരോഹിത്യത്തില്‍ നിന്നും മോചിപ്പിച്ചത്. ഗയ ആക്റ്റ് ഭേദഗതിക്കുവേണ്ടിയുള്ള ബൗദ്ധരുടെ പോരാട്ടം തുടരുകയാണ്. ഭരണഘടനാപരമായ മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും മതേതരത്തത്തിനും വേണ്ടി ബൗദ്ധബഹുജനങ്ങളും ഭിക്കുക്കളും അവിടെ നീണ്ട നിരാഹാരസമരത്തിലാണ്.
വഖഫ് ഭേദഗതി നിയമത്തിലൂടെ മുസ്ലീം സമുദായത്തിന്റെ മതസ്വാതന്ത്ര്യത്തേയും സാമുദായികമായ സ്വയംനിര്‍ണയന പ്രാതിനിധ്യ സ്വാഛന്ദ്യത്തേയുമാണ് ഇല്ലായ്മചെയ്യുന്നത്.
പ്രബല ന്യൂനപക്ഷമായ മുസ്ലീങ്ങളേയും ക്രൈസ്തവരേയും ഇപ്പേരില്‍ അടിപ്പിക്കാനും മുനമ്പം വിഷയം മുന്‍നിര്‍ത്തി പണിയെടുക്കുന്നു. ന്യൂനപക്ഷസോദരങ്ങള് തമ്മിലടിക്കുമ്പോള്‍ ചോരകുടിക്കുന്നത് ഹിന്ദുത്തദേശീയവാദ ശക്തികളാണ്. ബൗ ദ്ധരോടു ചെയ്ത ചതിയാണ് വഖഫിലൂടെ മുസ്ലീങ്ങളോടും ചെയ്യുന്നത്. ഹിന്ദുക്ഷേത്രഭരണത്തിലോ ക്രൈസ്തവപള്ളി ഭരണത്തിലോ ഹിന്ദുക്കളെ കടത്തിവയ്ക്കാന് അവരനുവദിക്കുമോ. വഖഫ് ഭേദഗതിക്കായി രംഗത്തിറങ്ങിയ ക്രൈസ്തവ മതമേലധ്യക്ഷന്മാര് ഓര്‍ക്കേണ്ടത് ചര്‍ച്ച് ആക്റ്റാണ് അടുത്തതെന്ന യാഥാര്‍ഥ്യമാണ്. മണിപ്പൂരും ഓഡീസയും ഛത്തീസ്ഘട്ടും മറക്കാനായിട്ടില്ല. ക്രൈസ്തവപ്പള്ളികളും യഥേഷ്ടം ഹിന്ദുക്ഷേത്രങ്ങളാക്കി വരുന്നു പരിവാരം. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് സനാതനികളുടെ ചാതുര്വര്ണ്യഭരണത്തിന് ക്രിയാതന്ത്രം.
ഭരണഘടനാ ജനായത്തത്തിന്റെ ആധാരമായ ജനായത്തപരമായ പ്രാതിനിധ്യത്തെ തകര്‍ക്കുന്ന പ്രാതിനിധ്യത്തില്‍ മുന്നാക്കമായവര്ക്കുമാത്രമായുള്ള സാമ്പത്തികസംവരണമെന്ന സവര്ണസംവരണത്തിനായി 2019ല്‍ നടത്തിയ ഇ. ഡബ്ല്യൂ. എസ്. ഭേദഗതിപോലെ ഇന്ത്യന്‍ ആധുനികജനായത്ത ഭരണഘടനയുടെ മറ്റൊരാധാരമായ മതേതരചിന്തയേയും മതസ്വാതന്ത്ര്യത്തേയും തകര്‍ക്കുന്ന കൗടില്യതന്ത്രമാണ് വഖഫ് ഭേദഗതി 2025. രണ്ടും കേരളത്തിലൂടെയാണിറക്കി തകര്ത്തുവാരിയതെന്നും ഓര്‍ക്കാം. ഭരണഘടനാ മതേതര ജനായത്തമാണ് ജാതിഹിന്ദുത്തത്തിന്റെമുഖ്യശത്രു എന്ന സത്യവും ജനങ്ങള്‍ ഓര്‍ക്കേണ്ടതാണ്.സവര്ണസാമ്പത്തികസംവരണ ഭേദഗതിപോലെ ഗയാ ആക്റ്റും വഖഫ് ഭേദഗതി ആക്റ്റും റദ്ദാക്കിയാലേ ജനായത്ത ആധുനിക റിപ്പബ്ലിക്കിനു മുന്നോട്ടു പോകാനാവൂ. ബഹുജനങ്ങള്‍ സാഹോദര്യത്തോടെ ജനായത്തബോധത്തോടെ ഒന്നിക്കേണ്ട സാഹചര്യമാണിത്.
(അവസാനിച്ചു)
9895797798

പുസ്തകസൂചി
അതിയമാന്‍, പഴ. വൈക്കം പോരാട്ടം. വിവര്‍ത്തനം, ഷിജു കെ., ഡി. സി. ബുക്സ്, 2023 (2020).
അയ്യപ്പന്, കെ. സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍. പൂയപ്പള്ളി തങ്കപ്പന് എഡിറ്റഡ്. കേരള സാഹിത്യ അക്കാദമി, 2001 (1934).
അശോകന്, എ. വി. എഡിറ്റര്‍, കെ. ആര്. നാരായണന്, ശ്രീനാരായണധര്മ്മത്തിന് വാഗ്ജ്വാല. തലയോലപ്പറമ്പ് കെ. ആര്. എന്‍. സ്മാരക എസ്. എന്‍. ഡി. പി. യൂണിയന്, 2018.
ഇളംകുളം. ഇളംകുളംകുഞ്ഞന്പിളളയുടെ തിരഞ്ഞെടുത്തരചനകള് 1, ചരിത്രലേഖനങ്ങള്‍. എഡി. എന്‍. സാം. കേരളസര്‍വകലാശാല, 2005.
കിങ്ങ്, മേരി. ഗാന്ധിയന്‍ നോണ്‍വയലന്റ് സ്ട്രഗിള്‍സ് ആന്‍ഡ് അണ്റ്റച്ചബിലിറ്റി ഇന്‍ സൌത്തിന്ത്യ: വൈക്കം സത്യഗ്രഹ ആന്‍ഡ് ദ മെക്കനിസംസ് ഓഫ് ചെയിഞ്ച്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്, 2015.
കുമാരന്, മൂര്‍ക്കോത്ത്. സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. ഇലവംതിട്ട മൂലൂര്‍ സ്മാരക കമ്മിറ്റി, 1998.
കൊച്ച്, കെ. കെ. ദലിതന്. ഡി. സി. ബി. 2018.
ക്രാംറിച്ച്, സ്റ്റെല്ല. ദ ഹിന്ദു റ്റെമ്പിള്‍. കൊല്‍ക്കത്ത, സൌത്തേഷ്യ ബുക്സ്, 1980 (1946).
ദ്രാവിഡ ആന്‍ഡ് കേരള, ഇന്‍ ദ ആര്‍ക്കിടെക്ചര്‍ ഓഫ് ട്രാവന്കോര്. ആര്ട്ടിബസ് ഏസ്യ, 1953.
ഗുരുവംശി, രാജന്‍പി. ദ ലെഫ്റ്റോവര്‍, എ റിലൂക് ഓണ്‍ ദ ലെഫ്റ്റോവര്‍ ബുദ്ധിസ്റ്റ് ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനന്റ് ത്രൂ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. നോഷന്‍ പ്രസ് ചെന്നൈ, 2018.
ഗോപാലകൃഷ്ണന്. പി. കെ. കേരളത്തിന്റെ സാംസ്കാരികചരിത്രം. കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 2008.
ജഫ്രി, റോബിന്. ഡിക്ലൈന്‍ ഓഫ് നായര്‍ ഡോമിനന്സ്. മനോഹര്‍, 2023.
ദലിത്ബന്ധു. ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും. വൈക്കം, ഹോബി പബ്ലീഷേസ്, 2006.
—. ദളവാക്കുളം (രണ്ടാം പതിപ്പ്). വൈക്കം, ഹോബി പബ്ലീഷേസ്, 2016.
—. മുലച്ചിപ്പറമ്പ്. വൈക്കം അംബികാച്ചന്ത, ഹോബി പബ്ലീഷേസ്, 2018.
—. ശൂദ്രലഹള. വൈക്കം, ഹോബി പബ്ലീഷേസ്, 2019.
നമ്പൂതിരി, ഉണ്ണികൃഷ്ണന്. ”ഗാന്ധിജിവന്നത് ഈ ഇല്ലത്താണ്.”യോഗക്ഷേമസഭ സ്വസ്തി ത്രൈമാസിക. 2023 ജൂലൈ 1. പുസ്തക 2, ലക്കം 3. യോഗക്ഷേമസഭ കോഴിക്കോട് ജില്ലാക്കമ്മറ്റി പ്രസിദ്ധീകരണം. 14-21.
നാരായണന്, കെ. ആര്. ”വൈക്കത്തുനടന്നിട്ടുള്ള അയിത്തോച്ചാടന ശ്രമങ്ങള്‍ ഒരു തിരിഞ്ഞുനോട്ടം.” എ. വി. അശോകന്. കെ. ആര്. നാരായണന്. കെ. ആര്. നാരായണന് സ്മാരക തലയോലപ്പറമ്പ് എസ്. എന്‍. ഡി. പി. യൂണിയന്, 2018. 127-134.
ബാലകൃഷ്ണന്, പി. കെ. എഡിറ്റര്‍, നാരായണഗുരു. ഡി. സി. ബി. 2020.
ദാമോദരന്‍, എന്‍. കെ. മൂലൂര്‍ പ്രദീപം. എഡി. വി. ആര്. പ്രബോധചന്ദ്രന്‍നായര്‍. ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1995.
ഭാസ്കരന്, ടി. എഡിറ്റര്‍, ശ്രീനാരായണഗുരുവൈഖരി. കുന്നത്തുനാട് ശ്രീനാധപ യൂണിയന്, 2010 (1994).
മാധവന്, ഇ. സ്വതന്ത്രസമുദായം. മൈത്രി, 2021 (1934).
മൂലൂര്‍. മൂലൂര്‍ സാഹിത്യവല്ലരി 1.എന്‍. കെ. ദാമോദരന്‍ എഡിറ്റര്‍, ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1994.
—. മൂലൂര്‍ സാഹിത്യവല്ലരി 2. എന്‍. കെ. ദാമോദരന്‍ എഡിറ്റര്‍, ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1996.
—. പുലവൃത്തം. സമ്പാദനം, പി. കെ. ദിവാകരന്. എഡിറ്റര്‍, എന്‍. കെ. ദാമോദരന്‍. ഇലവംതിട്ട മൂലൂര്‍ സ്മാരക കമ്മിറ്റി, 1999.
—. ധര്‍മ്മപദം. ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1998 (1960).
—. മൂലൂരിന്റെ പദ്യകൃതികള്‍. എഡിറ്റര്‍, പുത്തന്‍കാവ് മാത്തന് തരകന്. ഏഷ്യന്‍ബുക്സ് പത്തനംതിട്ട, 1980.
—. കവിരാമായണം. ഇലവംതിട്ട മൂലൂര്‍ സ്മാരക കമ്മിറ്റി, 2004.
രഘു, ജെ. ”നാരായണഗുരുവും കേരള അറിവൊളിപ്രസ്ഥാനവും.”മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്. 20024, ജൂണ്‍ 30.
രവീന്ദ്രന്. റ്റി. കെ. എയിറ്റ് ഫര്ലോങ്ങ്സ് ഓഫ് ഫ്രീഡം.ലൈറ്റ് ആന്‍ഡ് ലൈഫ്, 1980.
വാസവപ്പണിക്കര്‍, കുമ്പളംചിറ. സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. ഗ്രന്ഥകര്ത്താ, 1976 (1944).
ശേഖര്‍, അജയ്. സഹോദരനയ്യപ്പന് റ്റുവേഡ്സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍, അതര്‍ ബുക്സ്, 2012.
—. ഡോ. ബി. ആര്. അംബേദ്കര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2015.
—. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതരബഹുസ്വരദര്‍ശനവും. മൈത്രി, 2016.
—. കേരളനവോത്ഥാനം, പുതുവായനകള്‍. എഡിറ്റര്‍. എസ്. ആര്. ചന്ദ്രമോഹനന്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2021 (2018).
—. പുത്തന്‍ കേരളം കേരളസംസ്കാരത്തിന്റെ ബൌദ്ധ അടിത്തറ. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2018.
—. റെപ്രസന്റിങ്ങ് ദ മാര്‍ജിന്‍: കാസ്റ്റ് ആന്‍ഡ് ജെന്‍ഡര്‍ ഇന്‍ ഇന്ത്യന്‍ ഫിക്ഷന്‍. കാല്‍പാസ് ഗ്യാന്‍, 2008.
—. എഡിറ്റര്‍. ബുദ്ധിസം ആന്‍ഡ് കേരള. ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രസ്, 2021.
—. ”ആശാനും അശോകരും: ആശാന് കവിതയിലെ അശോക ബുദ്ധബിംബങ്ങള്‍.” സാഹിത്യലോകം. നവമ്പര്‍-ഡിസമ്പര്‍ 2022. 7-22.
—. ”അവസാനിക്കാത്ത വൈക്കം പോരാട്ടം: സാഹിത്യത്തിലും സംസ്കാരത്തിലും.”സാഹിത്യലോകം 53, 1. 2024. 7-18.
—. ”മൂലൂരിന്റെ കാവ്യകലാപങ്ങള്‍.”ഭാഷാപോഷിണി. മെയ് 2020. 14-21.
—. ”ധർമ്മപദത്തിനു മലയാള പരിഭാഷ.”ഭാഷാപോഷിണി.ഏപ്രില്‍ 2025. 74-78.
സത്യപ്രകാശം, എം. മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പ്, 1998.






