ലീഗിന്റെ ആധിപത്യം സര്‍വനാശം

വെഞ്ഞാറമൂട്: ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ് മുസ്ലീംലീഗെന്നും അവര്‍ മുസ്ലീം രാഷ്ട്രം സ്വപ്‌നം കണ്ടു കഴിയുന്നവരാണെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാരേറ്റ് ആര്‍.കെ.വി. ഓഡിറ്റോറിയത്തില്‍ കല്ലറ, വാമനപുരം, കിളിമാനൂര്‍ യൂണിയനുകളിലെ ശാഖാ നേതൃത്വസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ ക്ഷേമത്തിനായി ഒപ്പം നിന്ന് സമരം ചെയ്ത് അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനമാനങ്ങള്‍ എല്ലാം കരസ്ഥമാക്കിയെന്നും അവകാശങ്ങള്‍ ചോദിച്ചപ്പോള്‍ തന്നെ വര്‍ഗ്ഗീയവാദിയായി ലീഗ് ചിത്രീകരിക്കുകയാണെന്നും മലപ്പുറം പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ലീഗിന്റെ ഊന്നുവടി പിടിച്ചു മാത്രമേ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിയൂ. മുസ്ലീംലീഗിന്റെ മുഖ്യശത്രു എന്‍.എസ്.എസ്. ആണെന്നും ലീഗിന്റെ ആധിപത്യം സര്‍വനാശമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ മതാധിപത്യം കീഴടക്കിയിരിക്കുകയാണ്, മറ്റെല്ലാ സമുദായത്തിനും ജാതി പറയാം എന്നാല്‍ ഈഴവര്‍ക്ക് ജാതി പറഞ്ഞുകൂടാത്ത അവസ്ഥയാണുള്ളത്.
ശബരിമലയിലെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ച ദേവസ്വം മന്ത്രിയെ അഭിനന്ദിക്കുന്നതിന് പകരം രാജി ആവശ്യപ്പെടുകയാണ്. ആര്‍. ശങ്കര്‍ മുതല്‍ പിണറായി വിജയന്‍ വരെ അധികാരത്തിലിരിക്കുന്ന ഈഴവ നേതാക്കളെ തട്ടി താഴെയിടുന്ന രാഷ്ട്രീയ പാരമ്പര്യമാണ് ഇവിടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നല്‍കി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. യോഗം കൗണ്‍സിലറും കല്ലറ യൂണിയന്‍ കണ്‍വീനറുമായ ഡി. വിപിന്‍രാജ് സ്വാഗതം പറഞ്ഞു. കിളിമാനൂര്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. വേണു കാരണവര്‍ യൂണിയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാമനപുരം യൂണിയന്‍ കണ്‍വീനര്‍ റജികുമാര്‍ നന്ദി പറഞ്ഞു. യോഗം കൗണ്‍സിലറും കല്ലറ യൂണിയന്‍ ചെയര്‍മാനും നേതൃസംഗമ പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ പച്ചയില്‍ സന്ദീപ്, വാമനപുരം യൂണിയന്‍ ചെയര്‍മാന്‍ സിതാര രാജേന്ദ്രന്‍ എന്നിവര്‍ ആശംസ അറിയിച്ചു. അനീഷ് തട്ടത്തുമല, അജി കെ. രാജന്‍, കണ്‍മണി വിഷ്ണു, സുനില്‍ ബിന്‍സി, രാജീവ് കെ. ജി.എസ്., രാജേന്ദ്രന്‍ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, ബിനു ചെമ്പകശേരി, സുനില്‍ കൈരളി, അനില്‍ കിളിമാനൂര്‍ എന്നിവര്‍ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയിലും നേതൃസംഗമത്തില്‍ പങ്കെടുത്ത ആയിരങ്ങള്‍ മലയോര മേഖലയിലെ സംഘടനാ കരുത്തിന്റെ സാക്ഷ്യമായി. മികച്ച സംഘാടനത്തിന് യൂണിയന്‍ ഭാരവാഹികളായ ഡി. വിപിന്‍രാജ്, പച്ചയില്‍ സന്ദീപ്, വേണു കാരണവര്‍, രജികുമാര്‍, രാജേന്ദ്രന്‍ സിതാര എന്നിവരെ വെള്ളാപ്പള്ളി നടേശന്‍ അഭിനന്ദിച്ചു.






