ഗുരുവിന്റെ ഈശ്വരീയത ജനങ്ങളില്‍ എത്തിക്കണം

ചെമ്പഴന്തി: ശ്രീനാരായണഗുരുവിന്റെ ദര്‍ശനവും സന്ദേശവും പഠിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഈശ്വരീയത കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗുരു വിപ്ലവകാരിയും സാമൂഹിക പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമൊക്കെ ആയിരിക്കുമ്പോള്‍ തന്നെ ഈശ്വരനുമാണ്. ഗുരുദര്‍ശനം ഈശ്വരാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ ഗുരുകുല കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്. ആത്മീയ അടിത്തറയില്‍ നിന്നുകൊണ്ടുവേണം ഭൗതികമായി വളരാനും ഉയരാനും. ഗുരുവിന്റെ ആത്മീയ ദര്‍ശനം പ്രാവര്‍ത്തികമാക്കാന്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും ഭൗതികമായ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. യോഗവുമുണ്ട്. യോഗം സമര സംഘടനകൂടിയാണ് .നിവര്‍ത്തന പ്രക്ഷോഭത്തിനും വൈക്കം സത്യഗ്രഹത്തിനും നേതൃത്വം കൊടുത്ത സംഘടനയാണ്.ക്രിസ്തുവും മുഹമ്മദ്നബിയും ബുദ്ധനുമൊക്കെ ആരായിരുന്നു. അവർ എങ്ങനെ ദൈവങ്ങളായി. കര്മ്മശുദ്ധിയിലൂടെയും തപ:ശുദ്ധിയിലൂടെയുമാണ് അവര്‍ ദൈവങ്ങളായത്. ശ്രീനാരായണഗുരുവിന്റെ കാര്യവും വ്യത്യസ്തമല്ല. പക്ഷെ, ഗുരുവിന്റെ ഈശ്വരീയതയെ പലപ്പോഴും മറക്കുന്നു. ഗുരു ഈശ്വരനാണെന്ന് കുണ്ഡലിനിപ്പാട്ടില്‍ വ്യക്തമാക്കുന്നുണ്ട്. താനും ദൈവവും ഒന്നായിത്തീര്ന്നുവെന്ന് ആത്മവിലാസത്തിലും എഴുതിയിട്ടുണ്ട്.
ഗുരു സ്ഥാപിച്ച യോഗവും ധര്‍മ്മസംഘം ട്രസ്റ്റും യോജിച്ച് മുന്നോട്ട് പോകണം. ഇടതുപക്ഷ സര്‍ക്കാര്‍ യോഗത്തിനും ട്രസ്റ്റിനും കാരുണ്യപരമായ സഹായങ്ങള്‍ നല്‍കിവരുന്നത് നന്ദിപൂര്‍വം സ്മരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. വി.കെ. പ്രശാന്ത് എം.എല്‍.എ., നഗരസഭ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, എസ്.എന്‍.ഡി.പി യോഗം പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയന് സെക്രട്ടറി ആലുവിള അജിത്ത്, എസ്.എന്‍.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന് വൈസ്പ്രസിഡന്റ് എന്‍. സുധീന്ദ്രന്‍, മുരുക്കുംപുഴ ഗുരുദേവ ദര്‍ശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി. രാജേന്ദ്രന്, സ്വാമി അഭയാനന്ദ ,കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമന്, എന്നിവര്‍ പങ്കെടുത്തു. 11 വയസ്സിനുള്ളില്‍ ഗുരുദേവ ചരിത്ര പ്രഭാഷണത്തില്‍ 90 വേദികള്‍ പൂര്‍ത്തിയാക്കിയ മലയാറ്റൂര്‍ സ്വദേശി കുമാരി എസ്. ഗൗരിനന്ദയെ വെള്ളാപ്പള്ളി നടേശന് അനുമോദിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഷൈജു പവിത്രന് ചെമ്പഴന്തി നന്ദിയും പറഞ്ഞു.






