ശ്രീനാരായണഗുരു മഹാനിഘണ്ടു

ശിവലിംഗദാസ സ്വാമികള്‍ :
(1867-1919) നാരായണഗുരുവിന്റെ പ്രഥമശിഷ്യന്‍. യഥാര്‍ത്ഥ പേര് കൊച്ചപ്പിപ്പിള്ള. അരുവിപ്പുറം ക്ഷേത്രത്തിന് ഒന്നരനാഴിക കിഴക്ക് മണ്ണറത്തല എന്ന വീട്ടിലെ അംഗമാണ്. നദീതീരത്തെ ഊടുവഴിയിലൂടെ ചന്തയിലേക്കു പോവുകയായിരുന്ന കൊച്ചപ്പിപ്പിള്ള നെയ്യാറ്റിന്‍കര കാട്ടില്‍ വെള്ളമുണ്ടുടുത്ത ഒരാള്‍ നില്ക്കുന്ന കണ്ടു. അതുപൊലൊന്നു പുതച്ചിട്ടുമുണ്ട്. നാരായണഗുരുവായിരുന്നു അത്. ആ ദിവ്യപുരഷനില് ആകൃഷ്ടനായ കൊച്ചപ്പിപ്പിള്ള തനിക്കു ദര്‍ശനം കിട്ടിയ സ്ഥലത്തു അടുത്ത ദിവസം തിരഞ്ഞു ചെന്നു. അവിടെ തപസ്സിലിരിക്കുന്ന ഗുരുവിനെ കണ്ടു പിന്നീടു ശിഷ്യത്വം സ്വീകരിച്ചു.
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു ശിവഗിരിയിലേക്ക് പോയപ്പോള്‍ ശിവലിംഗദാസസ്വാമികളെയും കൂടെ കൂട്ടി. പിന്നീട് ഗുരുവിന്റെ വാക്കനുസരിച്ച് തൃശ്ശൂരിലെ പെരിങ്ങോട്ടുകരയില്‍ പോയി ധര്‍മ്മത്തിന്റെ പ്രചാരണത്തില്‍ മുഴുകി. അവിടെ ശ്രീനാരായണാശ്രമവും സോമശേഖര ക്ഷേത്രവും പണിയിച്ചു. സുബ്രഹ്മണ്യശതകം, വിഷ്ണുവിംശതി, യഥാര്ത്ഥഭാരതി, വേദാന്ത സാരാവലി, ശാരദാഷ്ടകം, ശ്രീനാരായണഗുരുവര്യ പഞ്ചകം തുടങ്ങിയ കൃതികള്‍ രചിച്ചു.
ശിവഗിരി:
ദക്ഷിണകാശി എന്ന പേരില്‍ അതിപുരാതന കാലം മുതലെ അറിയുന്ന പ്രദേശമാണ് വര്‍ക്കല. പാപം നശിപ്പിക്കുന്നതായി വിശ്വസിക്കുന്ന പാപനാശവും ഇവിടെയുണ്ട്. സമുദ്രസ്നാനം ചെയ്ത് പാപം പോക്കുന്നതിനു മരിച്ചവരുടെ ആത്മാക്കളുടെ മോചനത്തിനും പിതൃബലിക്കും മറ്റുമായി അനേകായിരം പേര് വര്‍ക്കല കടല്‍ത്തീരത്തെത്തുന്നു.
അനന്യസുന്ദരമായ പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഈ സ്ഥലം ഗുരുവിനെ ആകര്‍ഷിച്ചു. ഏകാന്തമായ തപസ്സിനും സന്യാസജീവിതത്തിനും ഉചിതമായ സ്ഥലമായി ശിവഗിരിക്കുന്ന്. അരുവിപ്പുറത്തെ ദൗത്യം ഏകദേശം പൂര്‍ത്തീകരിച്ചാണ് ഗുരുസ്വാമികള്‍ വര്‍ക്കലയില്‍ ആശ്രമം പണിതു താമസിക്കാന്‍ തീരുമാനിച്ചത്. 1904ല്‍ ശിവഗിരിക്കുന്നില്‍ ഗുരു പര്‍ണ്ണശാല കെട്ടി. കുന്നിന്‍പ്രദേശം ഭക്തരുടെ സഹായത്തോടെ ഗുരുവിന്റെ പേരില്‍ പതിപ്പിച്ചു വാങ്ങുകയും പിന്നീടു സമീപപ്രദേശങ്ങള്‍ ദാനമായും മറ്റും അതിനോടു ചേര്‍ക്കുകയും ചെയ്തു. കൈതക്കോണം എന്ന പേരുണ്ടായിരുന്ന ആ സ്ഥലം പിന്നീടു ശിവഗിരി എന്നറിയപ്പെട്ടു. തദ്ദേശവാസികളുടെ അപേക്ഷ പ്രകാരം ഗുരുതന്നെയാണ് ആ പ്രദേശത്തിനു ശിവഗിരി എന്നു പേരു നല്‍കിയത്.
ശിവഗിരി തീര്‍ത്ഥാടനം:

ഗുരുവിന്റെ അനുവാദവും നിര്‍ദ്ദേശവും അനുസരിച്ച് നടന്നുപോരുന്ന പ്രസ്ഥാനങ്ങളില്‍ അതിപ്രധാനമാണ് തീര്‍ത്ഥാടനം. ആത്മശുദ്ധീകരണമാണ് തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. വിവിധ മതസ്ഥര്‍ കാശി രാമേശ്വരം, മക്ക, ജറുശലേം തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തുന്നത് ഉദാഹരണം. കാശി വരെ പോകാന്‍ പല കാരണങ്ങളാല്‍ ശേഷി ഇല്ലാത്തവര്‍ ദക്ഷിണകാശി എന്നറിയപ്പെടുന്ന വര്‍ക്കലയിലെ പാപനാശത്തും സമീപമുള്ള ജനാര്ദ്ദനക്ഷേത്രത്തിലും വന്നു പോകാറുണ്ട്. എന്നാല്‍ ജനാര്‍ദ്ദനക്ഷേത്രത്തില്‍ ഈഴവാദികള്ക്കു പ്രവേശനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കിക്കൂടാ എന്ന ആലോചനയില്‍ നിന്നാണ് ശിവഗിരി തീര്‍ത്ഥാടനം ആരംഭിച്ചത്.
എസ് എന്‍ ഡി പി യോഗത്തിന്റെ ഭാരവാഹിയും ഗുരുശിഷ്യനുമായിരുന്ന വല്ലഭശ്ശേരി ഗോവിന്ദന് വൈദ്യരും യോഗത്തിന്റെ സജീവാംഗമായിരുന്ന കെ കിട്ടന് റൈറ്ററും കൂടി ആലോചിച്ചശേഷമാണ് ഈ ആശയം ഗുരുവിന്റെ മുന്‍പാകെ അവതരിപ്പിച്ചത്. ഗോവിന്ദന് വൈദ്യര് തന്റെ ഗുരു കൂടിയായ മൂലൂര്‍ പത്മനാഭപണിക്കരില് നിന്നും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു.
കോട്ടയത്ത് നാഗമ്പടം ശിവക്ഷേത്രത്തില്‍ വിശ്രമിക്കുകയായിരുന്ന (1928 ജനു. 16ന്) ഗുരുവിനെ ഗോവിന്ദന് വൈദ്യരും കിട്ടന് റൈറ്ററും കൂട്ടരും ചെന്നു വണങ്ങുകയും ആശയം സമര്‍പ്പിക്കുകയും ചെയ്തു.
ഗുരുവിന് ഈ ആശയം നന്നെ ബോധിച്ചു. ശിവഗിരി തീര്‍ത്ഥാടനം എന്ന ആശയത്തിന് ‘കൊള്ളാം’ എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. അന്നും തുടര്‍ന്നു ശിവഗിരിയില്‍ വെച്ചും ഗുരു നല്കിയ അനുമതിയും തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങളുമാണ് ശിവഗിരി തീര്‍ത്ഥാടനത്തിനു രൂപരേഖയായത്.
തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നു കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പായ ജനുവരി 1-ാം തീയ്യതിയാകാമെന്നാണ് ഗുരു കല്പിച്ചത്. അതുപ്രകാരം ആദ്യ തീര്‍ത്ഥാടനം വരേണ്ടത് 1929 ജനുവരി ഒന്നിനാണ്. എന്നാല്‍ ഗുരു സമാധിയടഞ്ഞത് പ്രധാന തടസ്സമായി. 1933 ജനുവരി ഒന്നിനാണ് വല്ലഭശ്ശേരിയുടെയും റൈട്ടറുടെയും നേതൃത്വത്തില്‍ ആദ്യ തീര്‍ത്ഥാടനം നടന്നത്. ആദ്യ തീര്‍ത്ഥാടനത്തില്‍ 9 പേരാണ് പങ്കെടുത്തത്. ഓരോ വര്‍ഷവും ഭക്തന്മാരുടെ എണ്ണം കൂടികൂടി വന്നു. ഇന്നതു മഹാപ്രസ്ഥാനമായി മാറി. ഡിസംബര്‍ 30, 31 തീയതികളിലും ജനുവരി 1-ാം തീയ്യതിയും വര്‍ക്കല ശിവഗിരിയില്‍ വലിയ ആഘോഷമായി തീര്‍ത്ഥാടനം കൊണ്ടാടുന്നു.
കഠിനപ്രയത്നം ഇക്കാലത്തു കഴിയില്ല. പത്തു ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിച്ചാല്‍ മതിയാവും. തീര്‍ത്ഥാടകരുടെ വസ്ത്രധാരണരീതി മഞ്ഞവസ്ത്രം (പീതാംബരം) നിശ്ചയിച്ചു. വെള്ളവസ്ത്രം ഗൃഹസ്ഥന്മാര്‍ക്കും കാഷായം സന്യാസിമാര്‍ക്കും കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്ക്കുമാണ്. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട് ആണല്ലോ മഞ്ഞവസ്ത്രം. തീര്‍ത്ഥാടനത്തിന് അതുമതിയെന്നും ഗുരു കല്പിച്ചു. യാത്രാരീതി വരുന്നവുടെ സൗകര്യമനുസരിച്ച് നടന്നിട്ടോ വാഹനങ്ങളിലോ ആകാം. മഞ്ഞവസ്ത്രത്തിനു പകരം മഞ്ഞപ്പട്ടോ കോടി വസ്ത്രമോ വാങ്ങാന്‍ തുനിയരുതെന്നും ഉപയോഗിക്കുന്ന വെള്ളവസ്ത്രം മഞ്ഞളില്‍ മുക്കി അലക്കി തെളിച്ചെടുത്താല്‍ മതിയെന്നും യാത്ര ആര്ഭാടരഹിതമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടനത്തിന്റെ രീതികളെല്ലാം വിശദീകരിച്ചശേഷം തീര്‍ത്ഥാടനം നടത്തുന്നതിന്റെ ലക്ഷ്യങ്ങള്‍ എന്താകണമെന്നും വിശദീകരിച്ചു.
ലക്ഷ്യങ്ങള്‍: 1) തീര്‍ത്ഥാടനം, 2) ശുചിത്വം, 3) ഈശ്വരഭക്തി, 4) സംഘടന 5) കൃഷി 6) കച്ചവടം, 7) കൈത്തൊഴില്‍
8) സാങ്കേതിക ശാസ്ത്രപരിശീലനങ്ങള്. ഈ വിഷയങ്ങളെപ്പറ്റി പ്രസംഗ പരമ്പര നടത്തിക്കണമെന്നും ജനങ്ങള്‍ അച്ചടക്കത്തോടെ ശ്രദ്ധിച്ചു കേട്ടു നടപ്പില്‍ വരുത്തണമെന്നും അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമെന്നും ഗുരു അഭിപ്രായപ്പെട്ടു.
ശിവഗിരി മാസിക:
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ മുഖപത്രം. 1947 ല്‍ നിജാനന്ദസ്വാമികള്‍, മംഗളാനന്ദസ്വാമികള്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചു. 1953 ല്‍ പ്രസിദ്ധീകരണം നിലച്ചു. 1982 ല്‍ ശാശ്വതീകാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചു.






