ശ്രീനാരായണഗുരു മഹാനിഘണ്ടു

വൈക്കം സത്യഗ്രഹം

1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 23 വരെ നീണ്ടുനിന്നു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുവഴികളിലൂടെ അവര്‍ണ്ണര്‍ക്കും സഞ്ചരിക്കാനുള്ള അവകാശത്തിനായി നടന്ന അഹിംസാത്മക സമരം. ടി.കെ. മാധവന്‍, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍, ജോര്‍ജ്ജ് ജോസഫ്, ഇ.വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു സത്യാഗ്രഹം.
1923 ലെ അഖിലേന്ത്യാ കോണ്‍ഗ്രസ് കാക്കിനാഡ സമ്മേളനം കേരളത്തിലെ അയിത്തവിരുദ്ധസമരത്തിനു പിന്തുണ അറിയിച്ചു. കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനനുസരിച്ച് 1924 ല്‍ കേരള കോണ്‍ഗ്രസ് പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി എറണാകുളത്ത് ചേരുകയും കെ. കേളപ്പന്‍ കണ്‍വീനറായി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം,സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയവ കമ്മറ്റിയുടെ ലക്ഷ്യമായിരുന്നു. അവിടെ വെച്ചുള്ള തീരുമാനപ്രകാരമാണ് വൈക്കം ക്ഷേത്രപ്രവേശനം മുഖ്യ ലക്ഷ്യമാക്കിയത്. നാരായണഗുരുവിന്റെ വെല്ലൂര്‍മഠം, സത്യാഗ്രഹികളുടെ താമസത്തിനായി വിട്ടുകൊടുത്തു. ടി.കെ. മാധവനും അനുയായികളും സജീവമായി പങ്കെടുത്തു. വര്‍ക്കലയില്‍ വെച്ചു കുമാരനാശാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഈഴവമഹായോഗം വൈക്കം സത്യാഗ്രഹത്തിനു സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ശിവഗിരി ആശ്രമവാസികള്‍ ഫണ്ട് കമ്മറ്റി രൂപീകരിച്ച്, ജനങ്ങള്‍ക്കിടയിലിറങ്ങി പണം പിരിച്ച് സത്യാഗ്രഹികള്‍ക്കെത്തിച്ചുകൊടുത്തു. നാരായണഗുരു സ്വന്തം വകയായി ആയിരം രൂപ സമരസഹായത്തിനു നല്‍കുകയുണ്ടായി.
1924 മാര്‍ച്ച് 30 ന് കോണ്‍ഗ്രസ് അഖിലേന്ത്യാനേതാവ് മഹാത്മാഗാന്ധിയുടെ അനുമതി ലഭിച്ചതോടെ സമരം തുടങ്ങി. 1924 സെപ്തംബര്‍ 27 നു നാരായണഗുരു സത്യാഗ്രഹക്യാമ്പ് സന്ദര്‍ശിച്ച് പിന്തുണയറിയിച്ചത് ചരിത്രസംഭവമായി. 1925 മാര്‍ച്ചില്‍ മഹാത്മാഗാന്ധി വൈക്കത്തെത്തി. നിരവധി ദേശീയ നേതാക്കള്‍ സമരസഹായവുമായെത്തി. സത്യാഗ്രഹസമരം കേരളസമൂഹത്തെ ആകമാനം ഇളക്കിമറിച്ചു.
മാസങ്ങള്‍ നീണ്ടുനിന്ന സത്യാഗ്രഹത്തിനു അറുതി വരുത്താന്‍ അവസാനം ഗവണ്‍മെന്റ് നടപടി കൈക്കൊണ്ടു. നാലു റോഡുകളില്‍ മൂന്നു റോഡുകള്‍ സഞ്ചാരസ്വാതന്ത്ര്യത്തോടെ അവര്‍ണ്ണര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനമായി. 1925 നവംബര്‍ 25 നു സമരം അവസാനിപ്പിച്ചു. സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയെന്ന ആവശ്യം ഭാഗികവിജയം നേടിയെന്നു പറയാം. കാരണം ക്ഷേത്രപ്രവേശനത്തിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. 1936 നവംബര്‍ 12 ലെ ക്ഷേത്രപ്രവേശന വിളംബരം വരെ.

വൈദികമഠം:

നാരായണഗുരു ശിവഗിരിയിലെ വിശ്രമത്തിനും ഏകാന്തധ്യാനത്തിനും മറ്റുമായി ഉദ്ദേശിച്ച പാഠശാലയാണ് വൈദികമഠം എന്നറിയപ്പെട്ടത്. കാശിയില്‍ നിന്നു വേദങ്ങളില്‍ ഉപരിപഠനം നടത്തി നാട്ടിലെത്തിയ ശങ്കരന്‍ പരദേശിയെ ആണ് ഇവിടെ വൈദികാദ്ധ്യക്ഷനായി നിയമിച്ചത്. അരുവിപ്പുറം ഭൈരവന്‍ ശാന്തി, നാഗമ്പടം ഗോപാലന്‍ തന്ത്രി, ഷണ്‍മുഖദാസ സ്വാമി, ഗോവിന്ദന്‍ തമ്പി ഇങ്ങനെ ഈ രംഗത്ത് പില്ക്കാലം പ്രഗത്ഭരായ ഒട്ടേറെ പേര്‍ അവിടെ പഠിച്ചിരുന്നു. ഗുരു മഹാസാമാധിയടഞ്ഞതും വൈദികമഠത്തിലെ വിശ്രമസ്ഥലത്തുവെച്ചാണ്. ഇവിടെ ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന ചാരുകസേര, കട്ടില്‍, മെതിയടി, ദണ്ഡ് മുതലായവ സൂക്ഷിച്ചിരിക്കുന്നു.

വൈദ്യശാല (മാമ്പലം):
മാമ്പലത്തെ ഈശ്വരന്‍ കോവിലിനു സമീപം വാടകമുറിയില്‍ 1928 ല്‍ ഒരു സൗജന്യ വൈദ്യശാല ഗുരു സ്ഥാപിച്ചു. മരുന്നും വൈദ്യോപദേശവും സൗജന്യമായിരുന്നു. വിദ്യാനന്ദസ്വാമികളുടെ അപേക്ഷയാണ് വൈദ്യശാല സ്ഥാപനത്തിനു നിമിത്തമായത്.

വൈരാഗ്യദശകം:
മനനാതീതം കാണുക.

വൈരാഗ്യോത്പാദകം:
മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാവ്യം. ഗുരുവിനു ചെറുപ്പത്തില്‍ വസൂരി പിടിപെട്ടപ്പോള്‍ വീട്ടില്‍ നിന്നു മാറിനില്‍ക്കുകയും അടുത്തുള്ള മണയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ചെമ്പഴന്തിയിലെ നരിയന്‍കാട് എന്നും കോടന്‍വിളാകം എന്നും വിളിച്ചിരുന്ന സ്ഥലം അന്ന് ഹീനജാതിക്കാരുടെ കോളനി ആയിരുന്നു. ഒരിക്കല്‍ അവിടെ വസൂരി പടര്‍ന്നു പിടിച്ചു. മറ്റുള്ളവര്‍ വസൂരി പേടിച്ച് ആ പ്രദേശത്തുകൂടി കടന്നു പോകുന്നതുവരെ ഒഴിവാക്കിയപ്പോള്‍ നാണു അവിടെ ചെന്ന് അവരെ പരിചരിച്ചു. അതിന്റെ ഫലമായാണ് നാണുവിനും വസൂരി പിടിപെട്ടതും ഭഗവതിക്ഷേത്രത്തില്‍ അകന്നു താമസിക്കേണ്ടി വന്നതും. സ്വയം ചികിത്സയിലൂടെ രോഗം ഭേദമാക്കി. 18 ദിവസം ഇപ്രകാരം അകന്നു താമസിക്കേണ്ടിവന്നു. ഇക്കാലത്ത് ഗുരു പ്രധാനമായും ചെയ്തത് മേല്പത്തൂരിന്റെ വൈരാഗ്യോത്പാദകമെന്ന ഗ്രന്ഥം മുഴുവന്‍ ഹൃദിസ്ഥമാക്കലായിരുന്നു.

വൃത്തങ്ങള്‍:
സംസ്‌കൃതം, തമിഴ്, മലയാളം ഭാഷകളില്‍ ഗുരു കാവ്യരചനകള്‍ നടത്തി. കാവ്യങ്ങള്‍ താളാത്മകതയോടെ ചൊല്ലാന്‍ കഴിയുമാറ് അനുയോജ്യമായ വൃത്തങ്ങള്‍, ഈ മൂന്നു ഭാഷകളില്‍ നിന്നും ഉപയോഗിച്ചു പാടി സ്തുതിക്കാനുള്ളവ ആയതുകൊണ്ട് അവയ്ക്കു താളവും സംഗീതവും അനുഗ്രഹമാണല്ലോ. കൂടുതലും കാവ്യരചനകള്‍ നടത്തിയിട്ടുള്ളത് സംസ്‌കൃതവൃത്തങ്ങളിലാണ്. അവയില്‍ തന്നെ അനുഷ്ടുപ്പ് വൃത്തത്തിനു പ്രാമുഖ്യമേറും.
ഉദാഹരണമായി സ്‌തോത്രങ്ങളില്‍ ദൈവദശകം, നവമഞ്ജരിയിലെ ആദ്യശ്ലോകം. അനുശാസനകൃതികളില്‍ ദര്‍ശനമാല, ധര്‍മ്മം, ശ്ലോകത്രയീ, ദത്താപഹാരം, സദാചാരം എന്നിവ. ലാളിത്യമാണ് ഈ വൃത്തത്തിന്റെ പ്രത്യേകത. താളപ്രധാനമായ ഭുജംഗപ്രയാതം (വിനായകാഷ്ടകം, കാളി
നാടകം) സ്രഗ്ദ്ധര (ഷണ്‍മുഖദശകം, സുബ്രഹ്‌മണ്യകീര്‍ത്തനം, ബാഹുലേയാഷ്ടകം), ശാര്‍ദൂലവിക്രീഡിതം (ഭദ്രകാല്യാഷ്ടകം, അര്‍ദ്ധനാരീശ്വരസ്തവം, ശ്രീകൃഷ്ണദര്‍ശനം), മത്തേഭം (ഷണ്‍മാതുരസ്തവം, നവമഞ്ജരി, ജനനീനവരത്‌നമഞ്ജരി), നര്‍ക്കുടകം (ശിവസ്തവം), മല്ലിക (ഷണ്‍മുഖസ്‌തോത്രം), വസന്തതിലകം (പിണ്ഡദന്ദി, ഇന്ദ്രിയവൈരാഗ്യം, ശ്രീവാസുദേവാഷ്ടകം), മദനാര്‍ത്ത (കോലതീരേശസ്തവം), തോടകം (ശിവപ്രസാദപഞ്ചകം, ചിജ്ജഡചിന്തനം ( പഞ്ചചാമരം) സദാശിവദര്‍ശനം, ദോധകം (ചിദംബരാഷ്ടകം), പത്ഥ്യാവൃത്തം (ദേവീസ്തവം), ഗീതി (സ്വാനുഭവഗീതി), ഉപജാതി (വിഷ്ണ്വഷ്ടകം) മണ്ണന്തല ദേവീസ്തവം, ശിവശതകം എന്നിവയില്‍ ഒന്നിലേറെ കൂടുതല്‍ വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
തമിഴ് വൃത്തങ്ങളായ അറുചീര്‍ അശിരിയ, കലിത്തുറ, കലിവിരുത്തം എന്നിവ തേവാരപ്പതികളില്‍ ഉപയോഗിച്ചിരിക്കുന്നു.

ശങ്കരന്‍കുഴി :

അരുവിപ്പുറത്ത് പ്രതിഷ്ഠിക്കാനുള്ള ശിലാഖണ്ഡം ഗുരു മുങ്ങിയെടുത്തത് നെയ്യാറിലെ ശങ്കരന്‍കുഴി എന്ന പേരിലറിയപ്പെടുന്ന ആഴമുള്ള കയത്തില്‍ നിന്നാണ്.
(അരുവിപ്പുറം പ്രതിഷ്ഠ, ഈഴവശിവന്‍ എന്നിവ കാണുക).

ശങ്കരക്കുറുപ്പ്, ജി:

ജ്ഞാനപീഠം നേടിയ മലയാളമഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. വിദ്യാര്‍ത്ഥിയായിരിക്കെ സഹപാഠികളുമൊത്ത് ആലുവയില്‍ ഗുരുവിനെ സന്ദര്‍ശിച്ചു. ആ സന്ദര്‍ശത്തിന്റെ ഓര്‍മ്മ പിന്നീടു കവിതയായി എഴുതി ശിവഗിരി മാസിക (വാല്യം 10, ലക്കം 4, 1967) യില്‍ പ്രസിദ്ധീകരിച്ചു.

ശങ്കരന്‍ ചട്ടമ്പി:

ഗുരുവിനു വിദ്യാരംഭം കുറിച്ചത് സംസ്‌കൃത പണ്ഡിതനായിരുന്ന ശങ്കരന്‍ ചട്ടമ്പിയാണ്. 1860 ഒക്‌ടോബര്‍ 2നു വിജയദശമി ദിനമായിരുന്നു അന്ന്.

ശങ്കരന്‍ പരദേശി-
കാശി ശങ്കരാനന്ദ: കൊടുങ്ങല്ലൂര്‍ അഴീക്കോട് തറവാട്ടില്‍ ജനനം. മാതാപിതാക്കള്‍ ശ്രീമതി കൊച്ചിട്ടിരി, ശ്രീ കുഞ്ഞുണ്ണി.
പഠിക്കാന്‍ മിടുക്കനായ ശങ്കരന്‍ സംസ്‌കൃതത്തില്‍ ആവശ്യത്തിന് അറിവ് നേടിയ ശേഷം പെട്ടെന്നൊരു ദിവസം ഗുരുവിനെ കാണാന്‍ വര്‍ക്കലയ്ക്ക് പുറപ്പെട്ടു. ആദ്യശ്രമം വിജയിച്ചില്ല. പിന്നെയും കുറച്ചുനാള്‍ കഴിഞ്ഞു ശിവഗിരിയിലെത്തി ഗുരുദര്‍ശനം നേടി. വേദം പഠിക്കണമെന്ന ആഗ്രഹം ഗുരുവിനോടു പറഞ്ഞപ്പോള്‍ അനുഗ്രഹിക്കുകയും കാശിക്ക് പോയി വേദവും യജ്ഞവിധികളും പഠിക്കുന്നതാണു നല്ലതെന്നുപദേശിക്കുകയും ചെയ്തു. ഇതിനായി വീടുവിട്ടിറങ്ങി കാശിയിലെത്തി ഗുരുക്കന്മാരില്‍ നിന്നു വേദം പഠിച്ചു. യജ്ഞവിധികളും വൈദികവൃത്തിയും പഠിച്ചു. ഗംഗാതീരത്ത് സ്വന്തമായി മഠം സ്ഥാപിച്ചു. ശിവഗിരിയില്‍ തിരിച്ചെത്തി ഇവയെല്ലാം അന്തേവാസികളെ പഠിപ്പിച്ചു. സന്യാസദീക്ഷക്കു ശേഷം കാശി ശങ്കരാനന്ദ എന്നറിയപ്പെട്ടു.

Author

109 Views
Scroll to top
Close
Browse Categories