ശ്രീനാരായണ ഗുരുവും ആചാര പരിഷ്‌കരണവും മഹാഗുരുവെന്ന അറിവ്

മഹാഗുരുവെന്ന അറിവ് മലയാളികള്‍ക്കു അസാധാരണമായൊരു അനുഭവമായിരുന്നു. ആ മഹത്തായ അറിവിലമര്‍ന്നു മുന്നോട്ടു പോകുവാന്‍ ഇന്നു കേരളീയര്‍ക്കു കഴിയുന്നില്ല. മനുഷ്യമനസ്സുകളെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസങ്ങളും, ആഭിചാര ദുര്‍മന്ത്രവാദക്രിയകളും മലയാളി ഒരു
ജീവിതശൈലീരോഗമാക്കിക്കൊണ്ടിരിക്കുന്നു.

”ഇന്നലെ ചെയ്‌തോരബദ്ധം
മൂഢര്‍ക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം
അതില്‍ മൂളായ്ക സമ്മതം രാജന്‍”

എന്ന മഹാകവി കുമാരനാശാന്റെ വാക്കുകള്‍ ശ്രീനാരായണഗുരുവിനെ ഹൃദയത്തിലേറ്റിയ ശിഷ്യന്റെയായിരുന്നു.
ജാതി വ്യവസ്ഥിതി നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു (1) തീണ്ടലും അതു സൃഷ്ടിച്ച തൊട്ടുകൂടായ്മയും അത്‌പോലെ (2) ആചാരങ്ങളും കീഴ്‌വഴക്കങ്ങളും അന്ധവിശ്വാസങ്ങളും
ജാതി-എന്ന കള്ളനാണയത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു ഇവ. ജാതി മേധാ ശക്തികളുടെയും പൗരോഹിത്യ വര്‍ഗ്ഗത്തിന്റെയും അംഗീകാരത്തോടെ നിലനിര്‍ത്തപ്പെട്ട ആചാരങ്ങളും കീഴ്‌വഴക്കങ്ങളും അന്ധവിശ്വാസങ്ങളും അരുതെന്നു പറയുവാന്‍ അന്നത്തെ സവര്‍ണ രാജാക്കന്മാര്‍ക്ക് കഴിഞ്ഞില്ല എന്ന പോലെ ഇന്നത്തെ ജനാധിപത്യ ഭരണാധികാരികള്‍ക്കും കഴിയുന്നില്ല എന്നതു സത്യം.

തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും തീണ്ടലും തൊട്ടുകൂടായ്മയും നിരോധിക്കുകയും ചെയ്യുന്ന ഭരണഘടനയും, ജാതി അതിക്രമങ്ങളും അന്ധവിശ്വാസങ്ങളും തടയുന്ന നിയമങ്ങളും, നിയമവാഴ്ച ഉറപ്പാക്കുന്ന കോടതികളും ജനങ്ങളുടെ ഭരണകൂടങ്ങളുമൊക്കെ ഉണ്ടായിട്ടും എല്ലാറ്റിനും മേലെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങളെ വിഴുങ്ങുന്നതാണു കാണുന്നത്.
125 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിലും വളരെയേറെ ഭീകരമായ അവസ്ഥ നിലനിന്നിരുന്നപ്പോള്‍ അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ശ്രമിച്ച മഹാഗുരു ഈശ്വരന്റെ അപൂര്‍വമായൊരു നിയോഗമായിരുന്നു.
മറ്റൊരു സന്യാസി ശ്രേഷ്ഠനും ചരിത്രത്തിലൊരിക്കലും നല്‍കുവാന്‍ കഴിയാതിരുന്ന മാനവികതയുടെ പ്രത്യയശാസ്ത്രമാണ് ശ്രീനാരായണഗുരു നല്‍കിയത്. ആ പ്രത്യയശാസ്ത്രം സമ്പൂര്‍ണമായി നടപ്പിലാക്കുവാന്‍ മനുഷ്യവിരുദ്ധമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പരിപൂര്‍ണമായി നിരാകരിക്കണമെന്നു മഹാഗുരു നമ്മെ നിരന്തരം ബോധ്യപ്പെടുത്തുകയും, അതിനായി ഗുരു തന്നെ നേരിട്ട് ഇടപെട്ടു പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ശാരദാ മഠം

ശാസ്ത്ര-സാങ്കേതിക പരിവര്‍ത്തനങ്ങളോടു സഹകരിക്കാതെ ഭൗതിക സാഹചര്യങ്ങളെ മാറ്റമില്ലാതെ നിലനിര്‍ത്തി സമൂഹത്തെയാകെ നിശ്ചലമാക്കിയ (Stand Still or immobile) കേരളത്തിലെ ജാതി-മത സമഗ്രാധിപത്യത്തിനു സഹായകരമായിരുന്നു പല ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഒരുതരം മാനസികവും സാമൂഹികവുമായി രോഗാവസ്ഥ (Psychological and Social Morbidity) ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും സൃഷ്ടിച്ചിരുന്നു.
‘തന്ത്രസമുച്ചയം’ എന്ന ജാതികൃതിയിലൂടെ പരുവപ്പെടുത്തിയ സവര്‍ണക്ഷേത്ര ആചാരശാസ്ത്രത്തെയാണു മഹാഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തകര്‍ത്തത്. ചരിത്രപ്രതിഷ്ഠ നേടിയിരുന്ന പല ആചാരങ്ങളും കീഴ്‌വഴക്കങ്ങളും മഹാഗുരു ഒരു കൃത്യത്തിലൂടെ നിരാകരിച്ചു. ബ്രാഹ്മണനു മാത്രമാണു ക്ഷേത്രപ്രതിഷ്ഠയെന്നും, ബ്രാഹ്മണനു മാത്രമാണു ശ്രീകോവിലിനുള്ളിലെ അധികാരം, ശിവനും വിഷ്ണുവും സരസ്വതിയും മറ്റും സവര്‍ണര്‍ക്കു മാത്രം ആരാധിക്കുവാനുള്ള വിഗ്രഹസങ്കല്‍പങ്ങളാണ്, അവര്‍ണന്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ കയറുന്നതു പാപവും അയിത്തവും ആണ്, ശ്രീകോവില്‍ വെളിച്ചവും ജനാലകളുമില്ലാത്തതായിരിക്കണം തുടങ്ങിയ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും എത്ര അനായാസമായിട്ടാണു മഹാഗുരു നിഷേധിച്ചത്.
”സ്വാമിയുടെയും യോഗത്തിന്റെയും ശ്രദ്ധ പതിഞ്ഞതു ദുര്‍വ്യയ ഹേതുകങ്ങളായിരുന്ന സമുദായാചാരങ്ങളെ പരിഷ്‌കരിക്കുന്നതിലായിരുന്നു. സ്വാമിയുടെ അദ്ധ്യക്ഷതയില്‍ തന്നെ കൊല്ലവര്‍ഷം 1080നു (1904) കൊല്ലം പരവൂരില്‍ വച്ചു കൂടിയ ഒരു മഹായോഗത്തില്‍ വച്ചു ‘താലി കെട്ട്’, ‘തിരണ്ടുകുളി’, ‘പുളികുടി’ എന്നീ മൂന്നടിയന്തിരങ്ങളും നിശ്ശേഷം നിറുത്തല്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും വിവാഹം, അപരക്രിയ അഥവാ മരണാനന്തര കര്‍മ്മങ്ങള്‍ ഇവയുടെ അനുഷ്ഠാനക്രമങ്ങള്‍ നവീകരിച്ചു നിര്‍ദ്ദേശിക്കുകയും ചെയ്തു” (സി.വി. കുഞ്ഞുരാമന്‍)

ആചാര പരിഷ്‌കരണത്തിന്റെ
ലക്ഷ്യങ്ങള്‍

1904 മിഥുനം വിവേകോദയം ലക്കത്തില്‍ ആചാര പരിഷ്‌കരണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ”ഒന്ന് അര്‍ത്ഥശൂന്യങ്ങളായിക്കാണുന്ന ചില പൂര്‍വാചാരങ്ങളെ പുലര്‍ത്തിക്കൊണ്ടു പോരുന്നതില്‍ നേരിട്ടു വരുന്ന അമിതമായ ധനവ്യയവും മറ്റു തരത്തിലുള്ള കഷ്ടനഷ്ടങ്ങളും നിമിത്തം സാമുദായികാഭിവൃദ്ധിക്കു സംഭവിക്കുന്ന ഭയങ്കരമായ പ്രതിബന്ധത്തെ പാടെ തടുക്കണം. മറ്റൊന്നു സമുദായ സ്ഥിതി ഉയര്‍ന്നു കൊണ്ടു പോകുന്തോറും ആചാരങ്ങളും നടപടികളിലും കാലാനുരൂപമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്താത്ത നിമിത്തം ഉണ്ടാകുന്ന ഹാനിയിലും പരപരിഹാസത്തിലും നിന്നും സമുദായത്തിന്റെ അഭിമാനത്തെ സംരക്ഷിക്കേണ്ടതും ആകുന്നു. നമ്മുടെ ഗുരുനാഥനും മഹാനുഭാവനുമായ സ്വാമി അവര്‍കളുടെ ആരാധനീയമായ അഭിപ്രായം ഈ ആചാരങ്ങള്‍ കഴിയുന്ന വേഗത്തില്‍ ഇല്ലാതാക്കണമെന്നാണ്”.
മഹാഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ ധനികരില്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. 1081 ചിങ്ങം 26ന് ചേര്‍ത്തല പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ക്ക് അയച്ച കത്തില്‍ ഗുരുകുടുംബ പരിഷ്‌കരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കി.
”ഈഴവരുടെ ആചാരനടപടികള്‍ക്ക് ഒരു ഐക്യരൂപവും കാലാനുസൃതമായ പരിഷ്‌കരണവും വരുത്തേണ്ടത് അവരുടെ ഭാവിശ്രേയസ്സിന് ആവശ്യമാണെന്നു തോന്നുകയാല്‍ പഴയ നടപടികളില്‍ കളയേണ്ട ഭാഗത്തെ കളഞ്ഞും എടുക്കേണ്ടവയെ എടുത്തും അനുഷ്ഠിക്കേണ്ട ആചാരങ്ങളെക്കുറിച്ചു വിവേകോദയം മാസികയില്‍ നമ്മുടെ അനുവാദപ്രകാരം പ്രസിദ്ധപ്പെടുത്തി വരുന്നതാകുന്നു.
ഈ കൂട്ടത്തില്‍ താലികെട്ട് എന്ന അടിയന്തിരം ഈ ജാതിയുടെ ഇടയില്‍ അനുഷ്ഠിക്കപ്പെട്ടു വരുന്നത് വിവാഹകര്‍മ്മം വേറെ ഉണ്ടായിരിക്കുന്ന സ്ഥിതിക്ക് ആവശ്യമില്ലെന്നും വിവാഹം തന്നെ വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തി വരുന്ന മാതൃകയില്‍ നടത്തണം എന്നും നമ്മുടെ തന്നെ താത്പര്യപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ളതാകുന്നു.
നിങ്ങള്‍ക്കും ഈ സംഗതിയില്‍ നാം നേരിട്ടറിയിച്ചെങ്കിലല്ലാതെ ഉറപ്പു തോന്നുന്നില്ലെന്ന കരപ്പുറം ഈഴവ സമാജക്കാരുടെ ഒരു കത്തുമൂലം അറിയുന്നതിനാല്‍ ഈ എഴുത്തു എഴുതുന്നതാകുന്നു.
സമുദായത്തിന്റെ നന്മയെ ഓര്‍ത്ത് നിങ്ങളും മേലാല്‍ ഈ പുതിയ രീതിയെ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമെന്നു വിശ്വസിച്ചു കൊള്ളുന്നു…..
നിങ്ങളുടെ ശ്രീനാരായണഗുരു”
ശ്രീനാരായണഗുരു ആചാരപരിഷ്‌കരണം ആവശ്യപ്പെടുവാന്‍ കാരണം 1. അത്തരം ആചാരാഘോഷങ്ങള്‍ക്കു ശാസ്ത്രീയമായ അടിത്തറയില്ല എന്നു മാത്രമല്ല യുക്തിക്കു നിരക്കാത്തതുമായിരുന്നു. 2. ഇത്തരം ആചാരാഘോഷങ്ങള്‍ സാമ്പത്തിക തകര്‍ച്ചക്കു കാരണമായി. 3. അവ ആധുനികതയ്ക്കും മനുഷ്യപുരോഗതിക്കും തടസ്സമായിരുന്നു. 4. സ്ത്രീകളെ അടിമകളെപ്പോലെ കണ്ട് അവരുടെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും ചൂഷണോപാധിയാക്കി.
ആചാര പരിഷ്‌കരണത്തെ എതിര്‍ത്തവര്‍ എല്ലാ സമുദായത്തിലുമുണ്ടായിരുന്നു. അതിനു ചരിത്രപരമായ കാരണങ്ങളുമുണ്ടായിരുന്നു.

ജാതിത്തലവന്മാരും
ആചാരങ്ങളും

ഓരോ ജാതി വിഭാഗത്തിലും ആചാരങ്ങളുടെയും നല്ലനടപ്പിന്റെയും സംരക്ഷകരായി അഥവാ മേല്‍നോട്ടക്കാരായി ചിലര്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചിരുന്നു. നായരുടെ താലികെട്ടു കല്യാണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത് കരയിന്മേല്‍ ആശാന്‍ എന്നയാളായിരുന്നു. മേല്‍നോട്ടവകാശമായി 64 പുത്തനും അയാള്‍ക്കു കിട്ടുമായിരുന്നു. ഈഴവരെ സംബന്ധിക്കുന്ന സകലകാര്യങ്ങളിലും തീരുമാനം എടുത്തിരുന്നത് നാടുവാഴികള്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന തണ്ടാന്മാരും ചാന്നാന്മാരും പണിക്കന്മാരുമായിരുന്നു. ഓരോ ജാതിവിഭാഗത്തിനും പുറംലോകവുമായുള്ള ബന്ധങ്ങള്‍ ക്രമീകരിച്ചിരുന്നത് ജാതിത്തലവന്മാരിലൂടെയായിരുന്നു. തണ്ടാനെ അറിയിച്ചു കാഴ്ചകള്‍ കൊടുത്ത് അനുവാദം വാങ്ങാതെ താലികെട്ട്, തിരണ്ടുകുളി, പുളികുടി, മരണാനന്തരചടങ്ങ് തുടങ്ങിയ ഒരു കാര്യവും ഈഴവര്‍ക്കു നടത്താന്‍ പാടില്ല. ചെറുമര്‍ക്കു ഇത്തരം കാര്യങ്ങളില്‍ ജാതിത്തലവന്മാരായ വള്ളോന്റെ അനുവാദം വേണം. തണ്ടാന്‍ ജാതിഭ്രഷ്ട് കല്പിച്ചാല്‍, തണ്ടാന്‍ തന്നെ അതു നീക്കാത്ത കാലത്തോളം ഈഴവനു ജീവിതം തന്നെ അസാധ്യമായിരുന്നു. ”നാടുവാഴിക്കു 64 പുത്തന്‍ ആണ്ടുകാഴ്ച കൊടുത്ത് (ഒരു പുത്തന്‍ പത്തുപൈസ) സ്ഥാനം വാങ്ങുന്ന തണ്ടാനു ഓരോ കുടുംബാചാരത്തിനും, മനുഷ്യജീവിതത്തിലെ ഓരോ ചര്യയ്ക്കും ഈഴവന്‍ പുത്തന്‍ കൊടുക്കണം. തണ്ടാനെ ചെന്നു തൊഴുതു ഓച്ഛാനിച്ചു കൊണ്ടുവന്നു പൂജിച്ചിരുത്തണം (പി.കെ. ബാലകൃഷ്ണന്‍)
ഈ ചെറു സംഘങ്ങള്‍ തന്നെയായിരുന്നു ജാതിസമ്പ്രദായത്തിന്റെ കാവല്‍നായ്ക്കളായി 20-ാം നൂറ്റാണ്ടിലും അഹങ്കരിച്ചിരുന്നത്. ഗുരു പ്രതിഷ്ഠ നടത്തിയ പല ക്ഷേത്രങ്ങളിലും ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി മറ്റു ‘ജാതി’ മനുഷ്യരെ കയറ്റുവാന്‍ സമ്മതിക്കാതിരുന്നത് ഈ ധനിക മൂപ്പന്മാര്‍ തന്നെയായിരുന്നു.
ഗുരുവിന്റെ കുടുംബ പരിഷ്‌കാരങ്ങള്‍ ഓരോ ജാതിയിലുമുള്ള ഈ ജാതികോമരങ്ങളുടെ അധികാരശില പിഴുതെറിഞ്ഞു.
ഇത്തരം ആചാരങ്ങള്‍ വരുത്തുന്ന സാമ്പത്തിക നഷ്ടത്തെ 1904-ല്‍ വിവേകോദയം വിലയിരുത്തി. ”സ്വന്തം സമുദായത്തിന്റെയോ കുടുംബത്തിന്റെയോ നന്മയ്ക്കു വേണ്ടിയോ തന്റെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന്നായോ കൂടി കാല്‍കാശു ചിലവു ചെയ്യാത്ത ചില കാരണവന്മാര്‍ ഈ അന്ധപരമ്പരാസിദ്ധമായ അസംബന്ധത്തിനു വേണ്ടി സമ്പാദ്യം ചെലവഴിക്കുന്നു. ആയിരമോ രണ്ടായിരമോ ഉറുപ്പികയില്‍ അധികം കൂടുതലായും ഇരുന്നൂറോ നൂറോ ഉറുപ്പികയില്‍ ഒട്ടും കുറയാതെ ചെലവഴിച്ച ധനികന്മാരും ദരിദ്രന്മാരും ഈ അസംബന്ധത്തെ കൊണ്ടാടുന്നു. ഓരോ താലൂക്കിലും ആണ്ടൊന്നിനു നൂറോ അമ്പതോ അടിയന്തിരങ്ങള്‍. ശരാശരി പതിനായിരം രൂപ ഓരോ താലൂക്കിലും സമുദായത്തിനു സാമ്പത്തിക ചോര്‍ച്ച. കേരളം മുഴുവന്‍ എത്ര ലക്ഷം രൂപ ആണ്ടൊന്നിനു ചെലവഴിക്കുന്നു.
ഇപ്രകാരം ദുര്‍വ്യയപ്പെട്ടു പോകുന്ന അനവധി ധനങ്ങളെ നാം അതാതു താലൂക്കുകളില്‍ ഒരു പ്രത്യേക വരുമാനമായി സ്വരൂപിക്കുകയും സംരക്ഷിക്കുകയും അതതു സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സംബന്ധമായോ മറ്റു വല്ല പ്രകാരണയൊ സമുദായാഭിവൃദ്ധികരങ്ങളായ കാര്യങ്ങളില്‍ വിവേകപൂര്‍വം വിനിയോഗിക്കുകയും ചെയ്യുന്നതായാല്‍ നന്ന്”
കെട്ടുകല്യാണം നിര്‍ത്തലാക്കണമെന്ന ഗുരുവിന്റെ നിര്‍ദ്ദേശം പരക്കെ സാധുജനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയെങ്കിലും, ചില ധനവാന്മാരായ ഈഴവ കാരണവന്മാര്‍ അവരുടെ കുടുംബങ്ങളില്‍ ഈ ആചാരം ആഘോഷിച്ചിരുന്നു. ഗുരു നേരിട്ടെത്തി കെട്ടുകല്യാണം മുടക്കിയത് ചരിത്രരേഖയാണ്. ഗുരുവിന്റെ നേരിട്ടുള്ള ഇടപെടലും അവിടെ അദ്ദേഹം മൊഴിഞ്ഞ വാക്കുകളും നിര്‍ദ്ദേശങ്ങളും തള്ളിക്കളയുവാന്‍ ജനങ്ങള്‍ക്കു കഴിയുമായിരുന്നില്ല.
കെട്ടുകല്യാണം നിരാകരിച്ച ഗുരു 1905-ല്‍ വിവേകോദയത്തിലൂടെ പുതിയ വിവാഹരീതി വെളിപ്പെടുത്തി. പുതിയ രീതിയിലുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഗുരു ആവശ്യപ്പെട്ടു. വിവാഹം ആഡംബര രഹിതമായിരിക്കണമെന്നു ഗുരു നിര്‍ദ്ദേശിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമാകണമെന്നു ഗുരു അഭിപ്രായപ്പെട്ടു. ”ഒരു വിവാഹത്തിനു കൂടിയാല്‍ പത്തുപേര്‍ മാത്രമേ ആകാവൂ. വധൂവരന്മാര്‍, അവരുടെ മാതാപിതാക്കള്‍, ദമ്പതികളുടെ ഓരോ സഖികള്‍, ഒരു പുരോഹിതന്‍, ഒരു പൗരപ്രധാനി ഇപ്രകാരം പത്തുപേര്‍”
ഗുരുവിന്റെ ആചാരപരിഷ്‌കാര നിര്‍ദ്ദേങ്ങള്‍ എല്ലാ സമുദായങ്ങളിലെയും ഉല്പതിഷ്ണുക്കള്‍ ഏറ്റെടുത്തു. എല്ലാ സമുദായങ്ങളിലും ആചാര പരിഷ്‌കരണമുണ്ടായി. സമൂഹത്തിന്റെയാകെയുള്ള ശുദ്ധീകരണമായിരുന്നത്. സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്ന, വിവാഹബന്ധങ്ങള്‍ നിയമപരമാക്കുന്ന പ്രക്രിയ തുടര്‍ന്നു.
നമ്മുടെ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും അറിഞ്ഞോ അറിയാതെയോ അനുവര്‍ത്തിച്ചു പോന്ന അരുതാത്തതൊക്കെ ഗുരു ഇടപെട്ടു പരിഹരിച്ചിരുന്നു. അതൊരു പക്ഷേ ആരാധന സംബന്ധിച്ചാകാം, മരണാനന്തര കര്‍മ്മങ്ങള്‍ സംബന്ധിച്ചാകാം, ദൈനംദിന ജീവിതചര്യയെക്കുറിച്ചാകാം, ദുര്‍ദ്ദേവതാരാധനയും ജന്തുബലിയും, പൂരപ്പാട്ടും, ദുര്‍മന്ത്രവാദവും ഗുരു നേരിട്ടിടപെട്ടു മനുഷ്യജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രേരിപ്പിച്ചു.
മഹാഗുരുവെന്ന അറിവ് മലയാളികള്‍ക്കു അസാധാരണമായൊരു അനുഭവമായിരുന്നു. ആ മഹത്തായ അറിവിലമര്‍ന്നു മുന്നോട്ടു പോകുവാന്‍ ഇന്നു കേരളീയര്‍ക്കു കഴിയുന്നില്ല. മനുഷ്യമനസ്സുകളെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസങ്ങളും, ആഭിചാര ദുര്‍മന്ത്രവാദക്രിയകളും മലയാളി ഒരു ജീവിതശൈലീ രോഗമാക്കിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നും മഹാഗുരുവിനെ എത്രമാത്രം അകറ്റുന്നുണ്ട് എന്ന് തിരിച്ചറിയാതെയാണു നാം ജീവിക്കുന്നത്. 1904ല്‍ ആചാരാഘോഷങ്ങള്‍ സമുദായത്തിനു നല്‍കുന്ന സാമ്പത്തികാഘാതവും അതിനുള്ള പരിഹാരവും നിര്‍ദ്ദേശിച്ചത്, തിരണ്ടുകുളി ആഘോഷവും, പുളികുടി ആഘോഷവും, കെട്ടുകല്യാണവും ഇന്നില്ലെങ്കില്‍ കൂടി, പ്രസക്തമല്ലെ. വിവാഹാഘോഷങ്ങള്‍ക്കും പിറന്നാള്‍ ആഘോഷങ്ങള്‍ക്കും, വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്കും മറ്റും എത്ര കോടികളാണു നാം ചെലവഴിക്കുന്നത് കൂടാതെ ആഡംബര വസ്തുക്കള്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ ചെലവഴിക്കുന്നു.
മഹാഗുരു ഒരു ജീവിതാനുഭവമാണ്, ആരാധനയ്ക്കും ആഘോഷത്തിനും മാത്രമുള്ളതല്ല.
93870 36991

Author

120 Views
Scroll to top
Close
Browse Categories