സമസ്തമേഖലയിലും സംവരണ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നു

എസ്.എന്‍.ഡി.പി യോഗത്തിന്റെയും വിവിധ പോഷകസംഘടനാ ഭാരവാഹികളുടെയും സംസ്ഥാന നേതൃയോഗം അംഗീകരിച്ച പ്രമേയത്തിൽ വിമർശനം

ആലപ്പുഴ: പിന്നാക്കക്കാരന്റെ പ്രാണവായു ആയ സംവരണം കേരളത്തില്‍അട്ടിമറിക്കപ്പെടുന്നുവെന്നും വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും വേണ്ടി സ്കൂളുകളിൽ സർക്കാർ നടപ്പാക്കുന്ന സൂംബാ ഡാൻസിനെതിരെ ഉയരുന്ന എതിർപ്പ് തീരെ ബാലിശമാണെന്നുംഎസ്.എന്‍.ഡി.പി യോഗത്തിന്റെയും വിവിധ പോഷകസംഘടനാ ഭാരവാഹികളുടെയും സംസ്ഥാന നേതൃയോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു
യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ , വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗണ്‍സിലര്‍മാരായ പി.ടി. മന്‍മഥന്‍, സുന്ദരന്‍, പ്രസന്നന്‍, ബാബു കടുത്തുരുത്തി, പി.എസ്.എന്‍.ബാബു, ഷീബ, എബിന്‍ അമ്പാടി, ബിപിനന്‍, സന്ദീപ് പച്ചയില്‍, എ.ജി. തങ്കപ്പന്‍, ബേബിറാം എന്നിവരും പങ്കെടുത്തു. പ്രമേയങ്ങള്‍ സിനില്‍ മുണ്ടപ്പള്ളി അവതരിപ്പിച്ചു.

പ്രമേയം തുടരുന്നു:
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ശാക്തികരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വവും വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവും, അധികാരത്തില്‍ പങ്കാളിത്തവുമുള്ള കെട്ടുറപ്പുളള ഒരു ജനതയെയും, സമൂഹത്തേയും, തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സംവരണം. എന്നാല്‍ ഇന്ന് സമസ്തമേഖലയിലും സംവരണ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തില്‍സാമ്പത്തിക പൊതുതൊഴില്‍ മേഖലകളില്‍ പിന്നാക്ക സംവരണം അട്ടിമറിക്കപ്പെടുന്നു. ജനസംഖ്യയുടെ മുന്നില്‍ ഒന്നുമാത്രമായ മുന്നാക്ക സമുദായങ്ങള്‍ക്ക് കൗശലപൂര്‍വ്വം സംവരണം ചില മേഖലയില്‍ അനുവദിക്കുകയും ചെയ്യുന്നു. അനര്‍ഹര്‍ക്കും, സംഘടിത ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാരന്റെ സംവരണം കവര്‍ന്നു നല്‍കുന്ന സമീപനം മൂലം പിന്നോക്ക സമുദായങ്ങള്‍ക്ക് അവസരങ്ങള്‍ കുറവ് വരുന്നത് പ്രതിഷേധാര്‍ഹവുമാണ്.
1980- ലെ മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഇന്ത്യയില്‍ ഒ.ബി.സി സംവരണം ആദ്യമായി നിര്‍വ്വചിച്ചത്. ഇതിന് സമാനമായി കേരളത്തിൽ പിന്നാക്ക സംവരണം ഇന്ന് പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്നുവോ എന്ന് പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്ന് ഈ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഒപ്പം സംവരണ തോതിലെ വിവേചനവും അനീതിയും അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും വേണ്ടി സ്കൂളുകളിൽ സർക്കാർ നടപ്പാക്കുന്ന സൂംബാ ഡാൻസിനെതിരെ ഉയരുന്ന എതിർപ്പ് തീരെ ബാലിശമായി. മുസ്ളീം ജനവിഭാഗത്തെ സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നതാണ് ഇത്തരം നിലപാടുകൾ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. .മുസ്ളീം രാജ്യങ്ങൾ പോലും പുരോഗമന ചിന്തയിലേക്ക് പോകുമ്പോൾ നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ചില വിവരദോഷികളായ പുരോഹിതരുടെ തീട്ടൂരങ്ങൾക്ക് മുസ്ളീം ജനത നിന്നുകൊടുക്കരുത്. മതത്തിന്റെ കാഠിന്യവും മതശാസനകളും പുതിയ തലമുറയെ മതങ്ങളിൽ നിന്ന് അകറ്റാനേ ഉപകരിക്കൂ. സാമൂഹ്യബോധമുള്ള ഉത്തരവാദപ്പെട്ട മുസ്ളീം മതനേതൃത്വങ്ങൾ ഇത്തരം അപക്വവും തീവ്രവും അപരിഷ്കൃതവുമായ നിലപാടുകളെ തള്ളിപ്പറയണം. മൗനം പാലിക്കുന്നത് ഇവരെ അംഗീകരിക്കുന്നതിന് തുല്യമാണ്. മദ്യവും മയക്കുമരുന്നും കാർന്നു തിന്നുന്ന നമ്മുടെ പുതുതലമുറയെ അവയിൽ നിന്നൊക്കെ രക്ഷിക്കാനുള്ള മാർഗങ്ങളിൽ ഒന്നായി ഇതിനെ കണ്ടാൽ മതി. കുട്ടികൾ കളിച്ചും ചിരിച്ചും ചിന്തിച്ചും വളരട്ടെ. അവരുടെ മനസുകളിൽ അമിതമായ മതചിന്തകളും മതവൈരവും കുത്തിവയ്ക്കുന്ന പുരോഹിത വർഗത്തെ അവർ ഏതു മതത്തിൽപ്പെട്ടവരായാലും പടിയടച്ച് പിണ്ഡം വയ്ക്കാൻ ജനം തയ്യാറാകണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവരുൾ ഇക്കൂട്ടരുടെ മനസുകളിലേക്ക് കടത്തിവിടാനുള്ള എന്തെങ്കിലും പദ്ധതി കൂടി സർക്കാർ ആലോചിക്കണം. സൂംബാ ഡാൻസ് നിശ്ചയിച്ച പോലെ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് ശുഭകരമാണ്. ഇത്തരം സാഹചര്യങ്ങളിൽ ന്യൂനപക്ഷ മതസമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന രീതിയാണ് കാലാകാലങ്ങളായി കണ്ടുവരുന്നത്. അതിനി ഉണ്ടാകരുത്- പ്രമേയത്തിൽ ആവശ്യപ്പെട്ടു.

യൂണി. അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവുകള്‍
അധികാര പരിധിക്ക് പുറത്തെന്ന് വിധി

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഉത്തരവും പ്രോസിക്യൂഷന്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി.
അഞ്ചുലക്ഷം രൂപ പിഴയും ഒഴിവാക്കി. സസ്‌പെന്‍ഷനിലുള്ള തന്നെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പറഞ്ഞ് വര്‍ക്കല നെടുങ്കണ്ട എസ്.എന്‍. ട്രെയിനിംഗ് കോളേജ് മാനേജര്‍ കൂടിയായ വെള്ളാപ്പള്ളി നടേശനെതിരെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍ നല്‍കിയ പരാതിയിലായിരുന്നു 2024 ആഗസ്റ്റിലെ ട്രൈബ്യൂണല്‍ ഉത്തരവ് .അച്ചടക്ക ലംഘനത്തിന് പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ ചാര്‍ജ് മെമ്മോയും സസ്‌പെന്‍ഷനും റദ്ദാക്കി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട ട്രൈബ്യൂണല്‍ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ വ്യക്തമാക്കി. കേരള യൂണിവേഴ്‌സിറ്റി ആക്ടിലെ 60 (7)-ാം വകുപ്പ് പ്രകാരം ശിക്ഷാ നടപടികളിലെ അന്തിമ ഉത്തരവിനെതിരെ മാത്രമേ അദ്ധ്യാപകന് അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനാവൂ. കോടതിയുടെ അധികാര പരിധിയില്ലാത്ത ട്രൈബ്യൂണലിന് നിശ്ചിത കാര്യങ്ങളിലേ ഇടപെടാനാകൂ എന്ന സുപ്രീം കോടതി ഉത്തരവും ചൂണ്ടിക്കാട്ടി. കോളേജ് സ്ഥിതി ചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ്‌കോടതിയാണ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കേണ്ടതും. ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് മാനേജര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ട്രൈബ്യൂണല്‍ മുതിര്‍ന്നത്. ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അധികാര പരിധിക്കപ്പുറമുള്ള നടപടികളിലേക്ക് കടക്കരുതായിരുന്നെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പ്രവീണിനെ എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നു മാസത്തിനകം സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനുവേണ്ടി അഡ്വ. എ.എന്‍. രാജന്‍ബാബു ഹാജരായി.

Author

82 Views
Scroll to top
Close
Browse Categories