‘ടിപ്പുവിന്റെ പടയോട്ടവും മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ മതശക്തികളുടെ ശ്രമം: വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല, പാണാവള്ളി, അരൂര്‍ മേഖലകളുടെ അഭിമുഖ്യത്തില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം ശാഖാ നേതൃത്വസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: നാടുംക്ഷേത്രങ്ങളും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനു പിന്നില്‍ സംഘടിത മതശക്തിയുടെ ഭരണസ്വാധീനമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല യൂണിയന്‍ ശാഖാ നേതൃസംഗമത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മലബാര്‍ ലഹള നേരില്‍ ബോദ്ധ്യപ്പെട്ട മഹാകവി കുമാരനാശാന്‍ ‘ദുരവസ്ഥ’യെന്ന കവിതയില്‍ അതിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. മലപ്പുറം പറയുമ്പോള്‍ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോള്‍ വഞ്ചിച്ച ചരിത്രമാണ് മുസ്ലീംലീഗിന്റേത്. സമുദായത്തിനും സാധാരണക്കാര്‍ക്കും വേണ്ടി പറയുമ്പോള്‍ തേജോവധം ചെയ്യാനും നാവറുക്കാനുമുള്ള സംഘടിതനീക്കമാണു നടക്കുന്നത്.
ജാതി പറയുന്നവര്‍ കേമനും മതേതരത്വം പറയുന്നവര്‍ വഴിയാധാരവുമാകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് .പഞ്ചായത്തിലോ നിയമസഭയിലോ പാര്‍ലമെന്റിലോ ആയാലും ഇനി സമുദായാംഗങ്ങളുടെ വോട്ട് സമുദായത്തെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കണം. ഈഴവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന പ്രസ്ഥാനങ്ങളെ മാത്രം തിരിച്ചു സഹായിക്കും. വോട്ടിന് വിലയുണ്ടായാലേ സമുദായത്തിനും സമുദായ അംഗങ്ങള്‍ക്കും വിലയുണ്ടാവുകയുള്ളു. താന്‍ ഈഴവത്തി പെറ്റ ഈഴവനാണെന്ന് ആത്മബോധത്തോടെ പറയാന്‍ ഓരോ സമുദായാംഗത്തിനും കഴിയണം. അധികാരമോഹികളായ കാലുവാരികള്‍ ഏതു വഴി നീങ്ങിയാലും സമുദായാംഗങ്ങള്‍ ഒറ്റക്കെട്ടായി നല്‍കുന്ന കരുത്തിലാണ് പ്രസ്ഥാനത്തിന്റെ കുതിപ്പെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നല്‍കി. മേഖലാ നേതാക്കളായ കെ.പി. നടരാജന്‍, വി.പി. തൃദീപ്കുമാര്‍, ബിജുദാസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, പാണാവള്ളി മേഖലാ ചെയര്‍മാന്‍ കെ.എല്‍. അശോകന്‍, ചേര്‍ത്തല മേഖലാ വൈസ്‌ചെയര്‍മാന്‍ പി.ജി. രവീന്ദ്രന്‍, കണ്‍വീനര്‍ പി.ഡി. ഗഗാറിന്‍, അരൂര്‍ മേഖല വൈസ് ചെയര്‍മാന്‍മാരായ എന്‍.ആര്‍. തിലകന്‍, വി.എ. സിദ്ധാര്‍ത്ഥന്‍, പാണാവള്ളി മേഖലാ വൈസ് ചെയര്‍മാന്‍ പ്രകാശന്‍ തച്ചാപറമ്പില്‍ , യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അനില്‍ ഇന്ദീവരം, ബൈജു അറുകുഴി, മേഖലാ കമ്മിറ്റി അംഗങ്ങളായ ജെ.പി. വിനോദ്, ആര്‍. രാജേന്ദ്രന്‍, ടി. സത്യന്‍, ആര്‍. അജയന്‍, പി.പി. ദിനദേവ്, വിനോദ് മാത്താനം എന്നിവര്‍ പങ്കെടുത്തു.

Author

99 Views
Scroll to top
Close
Browse Categories