കലങ്ങി മറിഞ്ഞ് രാഷ്ട്രീയം
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളുടെ അറസ്റ്റും അതുണ്ടാക്കിയ വൻ വിവാദവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതിനിടെ പാലക്കാട് എം.എൽ.എ യും കോൺഗ്രസിലെ യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയും യുവതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ശബ്ദസന്ദേശങ്ങളും പുറത്തായത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അസാധാരണമായ വഴിത്തിരിവാണുണ്ടാക്കിയത്.

കേരള രാഷ്ട്രീയം ആകെ കുഴഞ്ഞുമറിയുകയാണ്. പാവങ്ങൾക്കുള്ള ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചും മറ്റാനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ഇടതു മുന്നണി മേൽക്കൈ നേടി നിന്ന സമയത്താണ് ഇടിത്തീ പോലെ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളടക്കം ജയിലിലേക്ക് പോയത്. രണ്ട് മുൻ ദേവസ്വംബോർഡ് പ്രസിഡന്റുമാരടക്കം ജയിലിലായതിനു പിന്നാലെ ഇനിയും ചില പ്രമുഖ നേതാക്കൾ ജയിലിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതായും അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് സി.പി.എമ്മിനെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.
മുൻകാല അനുഭവങ്ങൾ പരിശോധിച്ചാൽ 2010 ലൊഴികെ തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമുന്നണി മേൽക്കൈ നേടിയതാണ് പതിവ്. എന്തൊക്കെ പ്രതികൂല ഘടകങ്ങൾ ഉണ്ടായാലും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ നല്ലൊരു ശതമാനത്തിലേറെയും ഇടതുമുന്നണി വിജയക്കൊടി നാട്ടുന്നതാണ് 2020 വരെയുള്ള അനുഭവം. മുൻകാലങ്ങളെ അപേക്ഷിച്ച് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയും ഇക്കുറി സജീവമായി പോരിനിറങ്ങിയതോടെ ത്രികോണ മത്സരപ്രതീതിയാണ് എവിടെയും. ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളുടെ അറസ്റ്റും അതുണ്ടാക്കിയ വൻ വിവാദവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതിനിടെ പാലക്കാട് എം.എൽ.എ യും കോൺഗ്രസിലെ യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയും യുവതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ശബ്ദസന്ദേശങ്ങളും പുറത്തായത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അസാധാരണമായ വഴിത്തിരിവാണുണ്ടാക്കിയിട്ടുള്ളത്.
ഭരണവിരുദ്ധ വികാരത്തിനു പുറമെ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണിക്ക് വൻ തിരിച്ചടിയും തലവേദനയും സൃഷ്ടിക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി എത്തിയതോടെ പ്രചാരണ രംഗം കീഴ്മേൽ മറിഞ്ഞു. പ്രചാരണ രംഗത്ത് ഇടതുമുന്നണിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു കൊണ്ടിരുന്ന യു.ഡി.എഫും കോൺഗ്രസും വെട്ടിലായെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് ഗോദയിൽ
ഏൽപ്പിച്ച ആഘാതത്തിൽ ഇടിവെട്ടേറ്റതുപോലെയായി. തദ്ദേശ തിരഞ്ഞെടുപ്പിൽ നാടിന്റെ വികസനവും ക്രമസമാധാന പാലനവും പ്രാദേശിക വിഷയങ്ങളുമൊക്കെ പ്രചാരണ വിഷയമാകേണ്ടിടത്ത് പീഡനവും അതുമായി ബന്ധപ്പെട്ട കേസുകളുമായി കളം നിറഞ്ഞിരിക്കുകയാണിപ്പോൾ പ്രചാരണ രംഗം.


രാഹുലും യുവതിയുമായുള്ള
സംഭാഷണം
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി വിലക്ക് ലംഘിച്ച് പാലക്കാട് തിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണരംഗത്തിറങ്ങിയതോടെയാണ് രാഹുലും ഒരു യുവതിയും തമ്മിലുള്ള സംഭാഷണമെന്ന് അവകാശപ്പെടുന്നതിന്റെ ആഡിയോ ക്ലിപ്പും ചാറ്റ് സ്ക്രീൻഷോട്ടുകളും ഓൺലൈനിൽ വൈറലായത്. ഗർഭത്തിന്റെ ആദ്യ മാസത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതിയുടെ സംസാരം ആരോപണത്തിന് മസാലക്കൂട്ടേകി.
ആഡിയോ ക്ലിപ്പ് തന്റേതാണോ എന്ന് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാതെ തന്റെ പ്രതികരണം ആദ്യം തേടാതെ ക്ലിപ്പ് പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങളെ അദ്ദേഹം വിമർശിക്കുകയായിരുന്നു. ഇതിനു പിന്നാലെ അസാധാരണമായൊരു നീക്കത്തിലൂടെ യുവതി, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പീഡന പരാതി നൽകിയതോടെ കേരള രാഷ്ട്രീയത്തിൽ പുതിയൊരു കൊടുങ്കാറ്റായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി മാറിക്കഴിഞ്ഞു.

40 മിനിറ്റോളം സമയം യുവതിയെ കേട്ട മുഖ്യമന്ത്രി, ക്രൈംബ്രാഞ്ച് മേധാവിയെ വിളിച്ചു വരുത്തി പരാതിയെക്കുറിച്ചുള്ള അന്വേഷണ ചുമതല ഏൽപ്പിച്ചതും അസാധാരണമായ നീക്കമായാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് വരെ വിഷയം കത്തിച്ച് നിർത്തേണ്ടത് ഇടതുമുന്നണിയുടെ ആവശ്യമാണ്.
മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതോടെ എം.എൽ.എക്കെതിരെ ബലാത്സംഗം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ രാഹുൽ മുങ്ങി. ഏതാനും മാസങ്ങൾക്ക് മുമ്പും രാഹുലും യുവതിയുമായുള്ള സംഭാഷണത്തിന്റെ ആഡിയോ ക്ലിപ്പുകളുടെയും ചാറ്റ് സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഒരു കേസ് എടുത്തിരുന്നെങ്കിലും അന്ന് പരാതിക്കാരി നേരിട്ട് മുന്നോട്ട് വരാതിരുന്നതിനാൽ കേസ് ബലപ്പെട്ടില്ല. പുതിയ ആഡിയോ ക്ലിപ്പും സ്ക്രീൻഷോട്ടുകളും പുറത്തുവരുകയും യുവതി പരാതി നൽകുകയും ചെയ്തതോടെ എം.എൽ.എക്കെതിരെ നടപടി ശക്തമാക്കാനുള്ള ആവശ്യം ഉയർന്നു. ഈ ആഡിയോ ക്ലിപ്പുകളിൽ തനിക്ക് കുഞ്ഞിനെ വേണമെന്ന് അദ്ദേഹം നിർബന്ധിക്കുന്നതും പിന്നീട് പരാതിക്കാരിയോട് ഗർഭഛിദ്രത്തിന് ആവശ്യപ്പെടുന്നതും കേൾക്കാം. സംഭവവികാസങ്ങളോട് പ്രതികരിച്ച രാഹുൽ, താൻ കേസിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചു. “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് ബോധ്യമുള്ളിടത്തോളം കാലം, നിയമപരമായി പോരാട്ടം തുടരും. കോടതിയിലും ജനങ്ങളുടെ കോടതിയിലും ഞാൻ എല്ലാം തെളിയിക്കും. സത്യം വിജയിക്കും…” രാഹുൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ആദ്യം ആരോപണം ഉയർന്നപ്പോൾ തന്നെ ആഗസ്റ്റ് 25 ന് രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. നിലവിലെ പരാതിക്ക് പുറമെ, ഒരു യുവ നടി, നിരവധി സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ വ്യക്തി എന്നിവരും മുൻപ് രാഹുലിനെതിരെ മോശം പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും രേഖാമൂലം പരാതി നൽകിയില്ല.
ഛിന്നഭിന്നമായി കോൺഗ്രസിലെ
കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി യുവ നേതാവായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും പാലക്കാട് സിറ്റിംഗ് എം.എൽ.എയുമായിരുന്ന ഷാഫി പറമ്പിൽ 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകര സീറ്റിൽ വിജയിച്ചതിനെ തുടർന്ന് പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
യൂത്ത് ബ്രിഗേഡ്
കോൺഗ്രസിലേക്ക് യുവ നേതാക്കളെ കണ്ടെത്താനായി രാഹുൽ ഗാന്ധി നടത്തിയ ‘ലീഡേഴ്സ് ഹണ്ടി’ലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ കടന്നുവരവ്. അന്യാദൃശ്യമായ പ്രസംഗശൈലിയും എപ്പോഴും ചിരിക്കുന്ന നിഷ്കളങ്കമായ മുഖവും ചാനൽ ചർച്ചകളിലെ തീ പാറുന്ന സാന്നിദ്ധ്യവും രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസിൽ മാത്രമല്ല, പൊതുസമൂഹത്തിലും എളുപ്പത്തിൽ താരമാക്കി. ഷാഫി പറമ്പിലിനെപ്പോലെ രാഹുലിന്റെ ഉയർച്ചയും വളരെ വേഗത്തിലായിരുന്നു. ഷാഫി പാലക്കാട് എം.എൽ.എ സ്ഥാനവും യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷ പദവിയും ഒഴിഞ്ഞ് വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ പോയപ്പോൾ രാഹുലായിരുന്നു പിൻഗാമി. രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടായി മാറിയ രാഹുൽ, കോൺഗ്രസിൽ നിന്ന് സീറ്റ് ലഭിക്കാത്തതിനാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. സരിനെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ജനങ്ങൾ കൈയയച്ച് പിന്തുണച്ച ഈ യുവനേതാവ്, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിലും ജനപ്രതിനിധിയെന്ന നിലയിലും തിളങ്ങുന്നതിന് പകരം വിവാദങ്ങളുടെ ചെളിക്കുണ്ടിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കരിയറിനെ അടയാളപ്പെടുത്തുന്നത്. തുടർച്ചയായുണ്ടായ ആരോപണങ്ങൾ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്നതിൽ പോലും രാഹുലിനും പാർട്ടിക്കും വെല്ലുവിളിയായി. പൊലീസ് ലൈംഗിക പീഡന കേസെടുത്തതോടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. രാഹുൽ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ യുവതിക്കെതിരെ മുദ്ര വച്ച കവറിൽ രാഹുലും കോടതിയിൽ ഡിജിറ്റൽ തെളിവുകളടക്കം കൈമാറിയിട്ടുണ്ട്.
രാഹുൽ അടക്കമുള്ള യുവ നേതാക്കളെ കോൺഗ്രസിന്റെ പുതുതലമുറ നേതാക്കളായി വളർത്തിക്കൊണ്ടു വരുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുൻകൈയ്യെടുത്തത്. മുതിർന്ന പല നേതാക്കളും ഇതിൽ അസ്വസ്ഥരായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് സതീശൻ യുവനിരയെ പിന്തുണച്ചത്. എന്നാൽ രാഹുലിനെതിരായി ആദ്യം ലൈംഗികാരോപണം ഉയർന്നപ്പോൾ തന്നെ വി.ഡി സതിശന്റെ കടുത്ത നിലപാടിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവയ്പിച്ചതും തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതും. സതീശന്റെ നിലപാടുകൾ ഷാഫി അടക്കമുള്ള യുവനേതാക്കളെ അദ്ദേഹവുമായി അകറ്റാൻ പര്യാപ്തമായെങ്കിലും സതീശന്റെ നിലപാടിൽ മാറ്റമുണ്ടായില്ല.
രാഹുൽ കൂടുതൽ കുരുക്കുകളിലേക്ക് ചെന്ന് ചാടിയതോടെ കോൺഗ്രസിൽ ഉയർന്നു വന്ന യുവനേതൃനിരതന്നെ ആകെ ഛിന്നഭിന്നമായ അവസ്ഥയിലാണ്. രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തിയത് കോൺഗ്രസിൽ വൻ ആശയക്കുഴപ്പവും സൃഷ്ടിച്ചു. രാഹുലിനെ അനുകൂലിച്ച് പ്രധാന നേതാക്കളൊന്നും രംഗത്ത് വന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം ഇതിന്റെ അനുരണനങ്ങൾ ദൃശ്യമാണ്. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയെങ്കിലും കേസ് മുറുകിയതോടെ അദ്ദേഹവും നിലപാടിൽ നിന്ന് പിന്മാറി. രാഹുൽ നിരപരാധിയെന്നും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയെന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും പറഞ്ഞ സുധാകരനാണ് പിന്നീട് മലക്കം മറിഞ്ഞത്.
കേരളരാഷ്ട്രീയത്തിലെ
പീഡന കഥകൾ
സ്ത്രീബന്ധങ്ങളുടെ പേരിലുളള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ രാജിവയ്ക്കേണ്ടി വന്നത് അഞ്ച് മന്ത്രിമാർക്കാണ്. പി.ടി ചാക്കോ, എ.നീലലോഹിതദാസൻ നാടാർ, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ബി ഗണേശ്കുമാർ, എ കെ. ശശീന്ദ്രൻ എന്നിവർ. കേരള രാഷ്ട്രീയത്തിൽ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പരാതികളും വിവാദവും ഉയരുന്നത് ഇതാദ്യമല്ല. പി. ടി ചാക്കോ മുതൽ ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വരെയുള്ള പരാതികൾ കേരള രാഷ്ട്രീയത്തിൽ പലകാലത്തും വിവാദകൊടുങ്കാറ്റായിട്ടുണ്ട്. കേരള രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിയെഴുതിയതായിരുന്നു പി.ടി.ചാക്കോക്കെതിരായ വിവാദം. 1964 ൽ ഒരു യാത്രയ്ക്കിടെ കാറിന് അപകടം സംഭവിച്ചപ്പോൾ അതിൽ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന ആരോപണത്തെത്തുടർന്ന് ചാക്കോയുടെ രാഷ്ട്രീയഭാവി തന്നെ വഴിമാറി.
1962 ലെ പട്ടം താണുപിളളയുടെ മന്ത്രിസഭയിലും തുടർന്ന് ആർ.ശങ്കർ മന്ത്രിസഭയിലും മന്ത്രിയായിരുന്ന ചാക്കോയ്ക്ക് ആരോപണത്തിൽ പിടിച്ചു നിൽക്കാനായില്ല. 1964 ഫെബ്രുവരി 20ന് രാജിവയ്ക്കേണ്ടി വന്നു. ഇത് കേരളത്തിലെ കോൺഗ്രസിന്റെ തലവര തന്നെ മാറ്റിയെഴുതി. പിന്നീട് സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് 1995 ലെ സൂര്യനെല്ലി കേസാണ്. നിരവധി രാഷ്ട്രീയക്കാർ ഉൾപ്പെട്ട ആ കേസിൽ കോൺഗ്രസ് നേതാവ് പി.ജെ.കുര്യനെതിരായും ആരോപണം ഉയർന്നു. സൂര്യനെല്ലി കേസ് വിവാദം കത്തി നിൽക്കുമ്പോഴാണ് കോഴിക്കോട് ഐസ്ക്രീം പെൺവാണിഭ കേസ് ഉയർന്നുവന്നത്. കേരളത്തിന്റെ വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു ഇതിലെ നായകൻ. എ.കെ ആന്റണി മന്ത്രിസഭയിൽ മന്ത്രിയായിരിക്കുമ്പോഴാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നതെങ്കിലും ആരോപണം കടുത്തത് 1996 ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കേസിലെ പീഡനത്തിനിരയായ സ്ത്രീ നേരിട്ട് ചാനലുകളിൽ വന്ന് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് ആരോപിച്ചെങ്കിലും പിന്നീട് ആരോപണങ്ങൾ പിൻവലിച്ചു. അന്ന് നടന്ന പ്രക്ഷോഭങ്ങളുടെ ഒടുവിൽ കുഞ്ഞാലിക്കുട്ടിക്ക് ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വ്യവസായ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കെ.ടി.ജലീലിനോട് തോൽക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് അട്ടിമറിച്ചതാണെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ റൗഫിന്റെയും അഭിഭാഷകർ വെളിപ്പെടുത്തുന്ന ഒളിക്യാമറ വാർത്ത വന്നു. ഇത് സംഭവിക്കുന്നത് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയുടെ അവസാന കാലത്താണ്. എന്നാൽ ആ വിവാദവും കെട്ടടങ്ങി. 1996 ലെ ഇ. കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന എ. നീലലോഹിതദാസൻ നാടാർക്ക് മന്ത്രിസ്ഥാനം നഷ്ടമായതും ലൈംഗികാപവാദ കേസിലായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നീലന്റെ മന്ത്രിസ്ഥാനം തെറിച്ചത്. നീലനെതിരെ ആ സമയത്ത് തന്നെ മറ്റൊരു ഐ.എഫ്.എസ് ഉദ്യോഗസ്ഥയും പരാതി നൽകിയിരുന്നു.

വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് വിമാന യാത്രയ്ക്കിടെ സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് രാജിവച്ചു. പിന്നീട് ഏറെക്കാലത്തിന് ശേഷം അദ്ദേഹം യു.ഡി.എഫിൽ ചേരുകയും ചെയ്തു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കുത്തൊഴുക്കായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെട്ട് മന്ത്രിയായിരുന്ന കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായത് ഭാര്യ നൽകിയ പരാതിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സരിത നായരുടെ വെളിപ്പെടുത്തലുകൾ കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും ഉറക്കം കെടുത്തിയത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എൽ.ഡി.എഫിനൊപ്പം നിന്ന ജനതാദൾ എസ്. നേതാവും എം.എൽ.എയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ ഇതേ ആരോപണം ഉന്നയിക്കപ്പെട്ടു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു ഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു വിവാദമായ സരിത എസ്. നായരുടെ വെളിപ്പെടുത്തൽ. അതിൽ ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ അടക്കമുള്ളവർ പ്രതിക്കൂട്ടിലായി. ഒന്നാം പിണറായി സർക്കാർ വന്ന് 10 മാസം പിന്നിടുമ്പോഴാണ് മന്ത്രിയും എൻ.സി.പി നേതാവുമായ എ.കെ.ശശീന്ദ്രനെതിരെ ലൈംഗികാപവാദ ആരോപണം ഉയർന്നത്. തുടർന്ന് അദ്ദേഹം രാജിവച്ചെങ്കിലും പിന്നീട് മന്ത്രിസഭയിൽ തിരിച്ചെത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദമായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽകോളിളക്കംസൃഷ്ടിച്ചു.. അക്കാലത്ത് പെരുമ്പാവൂർ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു യുവതി ആരോപണവുമായി രംഗത്തെത്തി.
സി.പി.എം നേതാവും എം.എൽ.എ യുമായിരുന്ന പി.കെ ശശിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത പോലെ രാജിവച്ചില്ല. കോൺഗ്രസ് നേതാവും കൊല്ലം എം.പിയുമായിരുന്ന പീതാംബരക്കുറുപ്പിനെതിരെ നടി ശ്വേത മേനോൻ ഉന്നയിച്ച ലൈംഗിക ആരോപണവും വാർത്താ പ്രാധാന്യം നേടിയിരുന്നു.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടാണ് ഏറെ സ്ത്രീപീഡന കേസുകളും ഉയർന്നു വരുന്നതെന്നത് പ്രബുദ്ധജനതയെന്നവകാശപ്പെടുന്ന കേരള സമൂഹത്തിനുണ്ടായ മൂല്യച്യുതിയായി വിലയിരുത്തപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിൽ എതിരാളികളെ നേരിടാൻ മറ്റൊന്നും ഇല്ലാതെ വരുമ്പോൾ എടുത്ത് പെരുമാറാൻ പറ്റുന്ന തുറുപ്പ് ചീട്ടായി സ്ത്രീപീഡന കഥകൾ മാറുമ്പോൾ രാഷ്ട്രീയ രംഗം എത്രത്തോളം മലീമസമായെന്നതിന്റെ നേർചിത്രം കൂടിയാണ് അത് നൽകുന്നത്.
ലേഖകന്റെ ഫോൺ: 9446564749






