പെൻഷനേഴ്സ് കൗൺസിൽ സ്കോളർഷിപ്പ് വിതരണം

കണിച്ചുകുളങ്ങര: മാറി വരുന്ന വിദ്യാഭ്യാസ- തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ആവശ്യമായ എല്ലാവിധ പിന്തുണയും എസ്.എൻ.ഡി.പി യോഗം നൽകുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കണിച്ചുകുളങ്ങരയിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
5-ാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലാണ് പ്രാഥമിക സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചത്. 62 യൂണിയനുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയുടെ രണ്ടാം ഘട്ടത്തിൽ 36 പേർ റാങ്കുകളോടെ മികച്ച വിജയം കൈവരിച്ചു. കൂടാതെ 67 കുട്ടികൾ 85% ന് മുകളിൽ മാർക്ക് വാങ്ങി മികവ് പുലർത്തി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ 10 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പ്രത്യേക അഭിനന്ദനങ്ങളും ഉപഹാരങ്ങളും നൽകി.
രണ്ടാം ഘട്ട പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്ക് യോഗം ജനറൽ സെക്രട്ടറി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നാം റാങ്ക് ജേതാക്കൾക്ക് 10,000 രൂപ വീതവും, രണ്ടാം റാങ്ക് നേടിയവർക്ക് 5,000 രൂപ വീതവും, മൂന്നാം റാങ്ക് നേടിയവർക്ക് 3,000 രൂപ വീതവുമാണ് സമ്മാനമായി നൽകിയത്. ശ്രീനാരായണ സ്കോളർഷിപ്പ് എക്സാമിനേഷൻ ഫൈനൽ പരീക്ഷയിൽ 85% നേടിയ വിദ്യാർത്ഥികൾക്ക് 1,500 രൂപ വീതവും സ്കോളർഷിപ്പായി നൽകി. വിദ്യാർത്ഥികളെ മികച്ച രീതിയിൽ പങ്കെടുപ്പിച്ച എസ്.എൻ.ഡി.പി യൂണിയനുകൾക്കുള്ള മെമെന്റോയും, അമ്പതിലധികം കുട്ടികളെ പങ്കെടുപ്പിച്ച യൂണിയൻ ഭാരവാഹികൾക്കുള്ള പ്രത്യേക ആദരവും ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ സമ്മാനിച്ചു.
കുട്ടികളുടെ ബൗദ്ധികവും വ്യക്തിത്വപരവുമായ വളർച്ചയ്ക്കായി എല്ലാ മൂന്ന് മാസം കൂടുമ്പോഴും പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. 2027 വർഷത്തെ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.
പെൻഷനേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് കെ.എം. സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം കൗൺസിലർമാരായ സി.എം. ബാബു , പി.എസ്.എൻ. ബാബുഎന്നിവർ സംസാരിച്ചു. എസ്.എൻ.പി.സി കേന്ദ്രസമിതി സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ സ്വാഗതവും, ട്രഷറർ ഡോ. ആർ. ബോസ് നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories