പാക്കീഴടങ്ങൽ സമ്പൂർണം
കളിക്കളത്തിലും തെമ്മാടിത്തം കാട്ടിയ പാകിസ്ഥാനെ ഇന്ത്യൻ താരങ്ങൾ അടിച്ചാെതുക്കി

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാടകീയതകള്‍ ഏറെയായിരുന്നു. ദുബായിലെ ഏഷ്യാകപ്പ് പോരാട്ടത്തില്‍ മൂന്നു മത്സരങ്ങളിലും പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ ആധിപത്യം നിലനിര്‍ത്തി. ഗ്രൗണ്ടില്‍ ഒരിക്കലും ആഹ് ളാദപൂത്തിരികള് വിരിഞ്ഞില്ല. ഇന്ത്യ ട്രോഫി ഏറ്റുവാങ്ങിയില്ല. തോൽവിക്ക് ശേഷവും പാക് താരങ്ങൾ അവരുടെ പതിവ് തെമ്മാടിത്തം തുടർന്നു. തല ഉയർത്തി പിടിച്ച് ഇന്ത്യ അതിനെ നേരിട്ടു.

സെപ്തംബര്‍ 14ന് നടന്ന ഏഷ്യാകപ്പ് ആദ്യ ഇന്ത്യാ-പാക് പോരാട്ടത്തില്‍ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ നിശ്ചിത 20 ഓവറില്‍ 127/9 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയ ശേഷം 15.5 ഓവറില്‍ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തി. സെപ്തംബര്‍ 21ന് നടന്ന രണ്ടാം പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ 171 റണ്‍ ഉയര്‍ത്തിയെങ്കിലും 18.5 ഓവറില്‍ 174/4 എന്ന സ്കോറില്‍ ഇന്ത്യ വീണ്ടും പാകിസ്ഥാനെ നാണം കെടുത്തി. ഫൈനലില്‍ ജയിക്കാന്‍ 147 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാക്വധം പൂര്‍ത്തിയാക്കി. അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാനെ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കീഴടക്കിയത്. മുന്‍നിര ബാറ്റര്‍മാരെ തുടക്കത്തില്‍ നഷ്ടമായപ്പോള്‍ തെല്ലൊന്നു പതറിയ ഇന്ത്യയെ അര്‍ദ്ധസെഞ്ച്വറിയുമായി പൊരുതിയ തിലക് വര്‍മ്മയാണ് വിജയത്തിലെത്തിച്ചത് . ഒരു ഘട്ടത്തില്‍ ഇരുപത് റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ സഞ്ജുസാംസനെ കൂട്ടുപിടിച്ച് കരകയറിയ തിലക് പിന്നീട് ദുബെയ്ക്ക് ഒപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് സൂര്യകുമാറും സംഘവും കിരീടത്തില്‍ മുത്തമിട്ടത്.

ഏഷ്യാകപ്പില്‍ നിന്നുള്ള മാച്ച് ഫീ രാജ്യത്തെ സായുധ സേനകള്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നല്‍കുമെന്ന് ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഓപ്പറേഷന് സിന്ദൂറില്‍ ദുരിതമനുഭവിച്ചവര്‍ക്ക് തങ്ങളുടെ മാച്ച് ഫീ നല്‍കുമെന്ന് പാക് ക്യാപ്റ്റനും തിരിച്ചടിച്ചു.






