നിരീക്ഷണ ദിനങ്ങൾ
എല്ലാ മനുഷ്യരും തുല്യരാണെന്ന ചിന്തയാണ് നാണുവിനുള്ളത്. മാടനാശാനും കുട്ടിയമ്മയും മകന്റെ മനസ്സറിയുന്നവരാണ്. നാണുവിനോളം പഠിപ്പുള്ള ആരും ചെമ്പഴന്തിയിലില്ല. പുതുപ്പള്ളിയില്‍നിന്നും പഠിച്ചതിലേറെ പുസ്തകങ്ങളില്‍നിന്നറിഞ്ഞിട്ടുണ്ട്. വാദിച്ച് ജയിക്കാന്‍ മാത്രമുള്ള പാണ്ഡിത്യം ഇവിടെയാര്‍ക്കുമില്ല. എന്നിട്ടും ജാതി പറഞ്ഞു വന്നവരുടെ എതിര്‍പ്പുകാരണം നാടുവിട്ടു പോകേണ്ടിവന്നു.

കുട്ടിയമ്മ നാണു പോയതിലുള്ള സങ്കടം മാടനാശാനോടു പറഞ്ഞു. എല്ലാം ശരിയാണ്. എന്നാല്‍ അഞ്ചുതെങ്ങിലേക്ക് നാണു പോയതില്‍ മാടനാശാന് അല്പം സന്തോഷമുണ്ട്. നാണുവിന് വിവാഹപ്രായം കഴിഞ്ഞു എന്നാണ് കുട്ടിയമ്മയുടെ പരാതി.
”അയല്പക്കത്തെ വീടുകളില്‍ നാണുവിന്റെ പ്രായത്തിലുള്ളവര്‍ വിവാഹം കഴിഞ്ഞ് ഭാര്യയും മക്കളുമൊത്താണ് കഴിയുന്നത്. നാണുവിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും ആര്‍ക്കുമില്ല.”
സഹോദരന് കൃഷ്ണന്‍വൈദ്യര്‍ കൂടി കേള്‍ക്കാനാണ് ഇങ്ങനെ പറഞ്ഞത്. അതോടൊപ്പം ഒരു കാര്യംകൂടി വ്യക്തമാക്കി.
”നാണുവിന് ഒരു പെണ്ണിനെ കാണണം.”
കുട്ടിയമ്മ പറഞ്ഞത് ശരിയാണ്. എന്നാല്‍ നാണുവിന്റെ ചിന്തയില്‍ വിവാഹം എന്നൊരു വിഷയം ഇല്ല. സ്വതന്ത്രനായി നടക്കാനാണിഷ്ടം. എന്നാല്‍ അങ്ങനെ സ്വന്തം ഇഷ്ടത്തിന്നനുസരിച്ച് ജീവിക്കാന്‍ വിടുന്നതും ശരിയല്ല എന്നു മാടനാശാനറിയാം.
”എന്റെ സഹോദരിയുടെ മകളെ വിവാഹംചെയ്തു കൊണ്ടുപോയത് അഞ്ചുതെങ്ങിലാണ്. നാണുവിന് അവിടെ താമസിക്കാം. വേണ്ട സൗകര്യങ്ങളൊക്കെ അവര്‍ ചെയ്യും.”
ഭക്തി വേണം. എന്നാല്‍ ജീവിതം മറന്നുള്ള ഭക്തിയാണ് നാണുവിനുള്ളതെന്ന് കൃഷ്ണന്വൈദ്യര്ക്കു തോന്നി. മാടനാശാനും അതുതന്നെയാണ് അഭിപ്രായം.
വിവാഹത്തെപ്പറ്റി പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നുപോവും. അഞ്ചുതെങ്ങിലെ അനന്തരവള്‍ കുഞ്ഞിയമ്മയുടെ മകള്‍ കാളിക്കുട്ടി നല്ല മുഖപ്രസാദവും കഴിവുമുള്ള കുട്ടിയാണ്. നാണുവിനെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നു മാറ്റിയെടുക്കാന്‍ കാളിക്കുട്ടിക്ക് കഴിയും. മാടനാശാന് ഇങ്ങനെ ചിന്തിച്ചു.
നാണുവിന്റെ മനസ്സില്‍ അനേക സംശയങ്ങളുണ്ടായിരുന്നു. എല്ലാ ചരാചരങ്ങളും ബ്രഹ്മാംശം നിറഞ്ഞതാണെന്ന് അദ്വൈത വേദാന്തം പറയുന്നു. രണ്ടല്ലാത്തതും രണ്ടില്ലാത്തതുമായ അവസ്ഥയില്‍ എങ്ങനെയാണ് ഭേദചിന്ത മനസ്സിലുണ്ടാവുന്നത്.
എല്ലാവര്ക്കും മാന്യമായി ജീവിക്കാന്‍ ആവശ്യമായതെല്ലാം ഭൂമിയില്‍ പഞ്ചഭൂതങ്ങള്‍ പരസ്പരം ചേര്‍ന്നും അലിഞ്ഞും അകന്നും സ്വയം ചേര്‍ന്നും വിഘടിച്ചും വീണ്ടും കൂടിക്കലര്‍ന്നും പ്രപഞ്ചനാഥന് ഒരുക്കിവെച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കുറേപ്പേര് എന്നും പിന്നിലായിപ്പോകുന്നത്.
നാണു ആശാന് രണ്ടു കണ്ണുകളും കാതുകളും തുറന്നുതന്നെയാണ് സമൂഹത്തെ കാണുന്നത്. എത്ര ജാതികള്‍, എന്തെല്ലാം ആചാരങ്ങള്‍. ശരിയേത്, തെറ്റേത് എന്ന ചിന്തയാണ് മുന്നോട്ടു നയിക്കുന്നത്.
കീര്‍ത്തനങ്ങളും ശ്ലോകങ്ങളും മുമ്പേ എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുണ്ട്. ദൈവത്തെപ്പറ്റി കൂടുതല്‍ ആലോചിച്ചപ്പോള്‍ ‘ദൈവചിന്തനം’ എന്ന പേരില്‍ ഒരു ലേഖനം എഴുതി. അതു പോരെന്നു തോന്നിയപ്പോള്‍ വീണ്ടും തുടര്‍ന്നെഴുതി.
ആത്മാവ് എന്താണ്? അതിന്റെ ഭാവപരിണാമങ്ങള്‍ എങ്ങനെയാണ്? അതേപ്പറ്റിയും എഴുതി ‘ആത്മവിലാപം’ എന്ന പേരില്‍ ഒരു പ്രബന്ധം. കണ്ടും അറിഞ്ഞതും മനസ്സില്‍ നിറഞ്ഞതുമായ ആശയങ്ങള്‍ ഗദ്യപദ്യങ്ങളായി എഴുതിവെച്ചുകൊണ്ടിരുന്നു. ധാരാളം കീര്‍ത്തനങ്ങളും എഴുതി.
മാടനാശാനും കുട്ടിയമ്മയും നാണുവിനെപ്പറ്റി സംസാരിച്ചു തുടങ്ങിയാല്‍ അത് അവസാനിക്കുന്നത് വിവാഹകാര്യത്തിലായിരിക്കും. നാണുവിന്റെ വിവാഹം രണ്ടുപേരുടെയും മനസ്സിലുണ്ട്.
കുട്ടിയമ്മ പറഞ്ഞു.
”നിങ്ങളുടെ അനന്തരവളുടെ മകളില്ലേ അഞ്ചുതെങ്ങില്‍? കാളി. പ്രായംകൊണ്ട് നാണുവിനു നല്ല ചേര്‍ച്ചയായിരിക്കും.”
”അതെ. അതുകൊണ്ടുതന്നെയാണ് നാണു അഞ്ചുതെങ്ങിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചത്.”
മാടനാശാന് ഭാര്യയുടെ അഭിപ്രായത്തെ ശരിവെച്ചു. ഒപ്പം അത് താന്‍ മുമ്പേ തീരുമാനിച്ചതാണെന്ന് അറിയിക്കുകയും ചെയ്തു.
നാണു ബന്ധുവീട് ഒരിക്കല്‍ ചെന്നുകണ്ടു. പക്ഷെ അവിടെ താമസിക്കാന്‍ തയ്യാറായില്ല. ധ്യാനത്തിനും ജപത്തിനും പറ്റിയ അന്തരീക്ഷമല്ല അവിടെയെന്നു കണ്ടു പള്ളിക്കൂടത്തിന്നടുത്ത് ഒരു കൊച്ചുപുരയില്‍ ഏകനായി കഴിഞ്ഞു.
അതു നന്നായി. സൗകര്യമുണ്ട്. എന്തെങ്കിലും കീര്‍ത്തനമോ പദ്യ മോ എഴുതാന്‍ തോന്നിയാല്‍ അതിനും സൗകര്യമുണ്ട്. ആരുടെ ശല്യവുമില്ലാതെ വായിക്കാം. ഇഷ്ടത്തിന്നനുസരിച്ച് വരാം പോകാം.
മാടനാശാന്റെ അനന്തരവളും ഭര്‍ത്താവും വന്നു ക്ഷണിച്ചിട്ടും നാണു അവരുടെ വീട്ടില്‍ താമസിക്കാന്‍ തയ്യാറായില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവര്ക്കും പ്രയാസമായി. അങ്ങനെയെങ്കില്‍ അനന്തരവളുടെ മകള്‍ കാളിയെ നാണു വിവാഹം ചെയ്യട്ടെ. അപ്പോള്‍ കാര്യങ്ങളെല്ലാം ശുഭമായിത്തീരും എന്നാണ് അമ്മാവന്മാര് തീരുമാനിച്ചത്.
വയല്‍വാരം വീട്ടില്‍ നാണുവിന്റെ കല്യാണത്തെപ്പറ്റിയുള്ള ആലോചനകള്‍ മുറുകി. എന്നാല്‍ അതൊന്നും നാണു അറിഞ്ഞില്ല. അറിയാന്‍ ശ്രമിച്ചതുമില്ല






