പുതുചരിത്രം സൃഷ്ടിച്ചു
മഹാകവി കുമാരനാശാന്റെ 16 വര്‍ഷം മറികടന്നതോടെ തന്നെ പുതിയ ചരിത്രത്തിലെത്തിയിരുന്നു. ഇനി ആര്‍ക്കും മറികടക്കാന്‍ പറ്റാത്ത പുതിയ റിക്കാര്ഡായിരിക്കുകയാണ്. അത് വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്.

പി. രാജീവ്
(വ്യവസായ ,വാണിജ്യ വകുപ്പ് മന്ത്രി)
എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും നേതൃപദവിയില്‍ വെള്ളാപ്പള്ളി നടേശന് തുടര്‍ച്ചയായി 30 വര്‍ഷം പൂര്‍ത്തിയാക്കി ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മഹാകവി കുമാരനാശാന്റെ 16 വര്‍ഷം മറികടന്നതോടെ തന്നെ പുതിയ ചരിത്രത്തിലെത്തിയിരുന്നു. ഇനി ആര്‍ക്കും മറികടക്കാന്‍ പറ്റാത്ത പുതിയ റിക്കാര്ഡായിരിക്കുകയാണ്. അത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ 60 വര്‍ഷം പിന്നിട്ട ഘട്ടത്തില്‍ അന്നത്തെ ആഘോഷത്തിലും പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ആ യോഗത്തില്‍ അന്ന് ഞാന്‍ ഉദ്ധരിച്ചത് ഗുരുദേവന്റെ ചെറായി പ്രസംഗമാണ്. ഇനി നമുക്ക് വേണ്ടത് വ്യവസായങ്ങളാണെന്ന്. ക്ഷേത്രം, കണ്ണാടി പ്രതിഷ്ഠ, വിദ്യകൊണ്ട് സ്വതന്ത്രരാകുക, ഇനി നമുക്ക് വ്യവസായം. വ്യവസായം തുടങ്ങുകയെന്ന ഗുരുദേവന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് എസ്.എന്‍.ഡി.പിയോഗം സെക്രട്ടറിയും കവിയുമായ കുമാരനാശാന് ആലുവയ്ക്കടുത്ത് ചെങ്ങമനാട് പോയി യൂണിയന് ടൈല്‍സ് കമ്പനി ആരംഭിക്കുന്നത്. ആ കമ്പനിയുടെ അന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അദ്ദേഹം ബോട്ടപകടത്തില്‍ മരണപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഭാനുമതി ടീച്ചറാണ് അത് നടത്തിക്കൊണ്ടു പോയത്. ഏറ്റവുമൊടുവില്‍ 2003 വരെ പേരക്കുട്ടി പ്രദീപ് നടത്തി. മഹാകവി കുമാരനാശാനെ വരെ വ്യവസായി ആക്കി മാറ്റിയ പ്രഖ്യാപനമായിരുന്നു ഗുരുദേവന്റേത്. കേരളത്തിലും ഇന്ത്യയിലും വ്യവസായ പ്രദര്‍ശനം എന്നത് പരിചിതമല്ലാതിരുന്ന കാലത്ത് എസ്.എന്‍.ഡി.പി യോഗത്തിന്റെ സമ്മേളനത്തോടനുബന്ധിച്ച് 1905 ല്‍ കൊല്ലത്താണ് ആദ്യമായി ഒരു വ്യവസായ പ്രദര്‍ശനം നടന്നത്. അന്നത്തെ കാലത്ത് തിരുവിതാംകൂറില്‍ ആദ്യമായി ഒരു വ്യവസായ പ്രദര്‍ശനം നടത്തിയത് എസ്.എന്‍.ഡി.പി യോഗം ആണ്. അതിനു ശേഷം അടുത്ത സമ്മേളനത്തിലും യോഗം വ്യവസായ പ്രദര്‍ശനം സംഘടിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായി വെള്ളാപ്പള്ളി നടേശന് നേതൃസ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ‘ഒരു കുടുംബത്തില്‍ ഒരു വ്യവസായം’ എന്ന കാഴ്ചപ്പാട് സര്‍ക്കാരിനൊപ്പം ചേര്‍ന്നു നിന്ന് നടപ്പാക്കിയതിന് ഈ സന്ദര്‍ഭത്തില്‍ എസ്.എന്‍.ഡി.പി യോഗത്തോടും വെള്ളാപ്പള്ളി നടേശനോടും
സര്‍ക്കാരിനുവേണ്ടി പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. പ്രഖ്യാപനം പരമാവധി പ്രായോഗികമാക്കാന്‍ വ്യവസായ വകുപ്പില്‍ നിന്ന് ഒരുദ്യോഗസ്ഥനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തും. മൂന്ന് ദശകത്തെ നിസ്തുലമായ പ്രവര്‍ത്തനത്തിന് വെള്ളാപ്പള്ളി നടേശനെ പ്രത്യേകം അഭിനന്ദിക്കുന്നു.
(യോഗം നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന് സംഘടിപ്പിച്ച മഹാസംഗമത്തിൽ നടത്തിയ പ്രസംഗം)






