ധ്യാനം
ധ്യാനിക്കുക എന്നത് ഗൗരവമുള്ള ഒരു വിഷയമല്ല. അല്ലെങ്കില്‍ ഗൗരവമുള്ള വിഷയമാകരുത്. പരിപൂര്‍ണ്ണമായ വിശ്രമത്തിനായാണ് നമ്മള് ഇരിക്കുന്നത്. ശരീരത്തിനും മനസ്സിനും ബുദ്ധിക്കും അയവു കൊടുക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. എന്തെങ്കിലും ആര്ജ്ജിച്ചുകൂട്ടാന് വേണ്ടിയല്ല. മറിച്ച് ആര്‍ജ്ജിച്ചു കൂട്ടിയതൊക്കെ അയച്ചിടാന്‍ വേണ്ടിയാണ്.
ധ്യാനിക്കേണ്ട ഒരു അവസ്ഥയിലേക്ക് നമ്മള് എത്തിയത് എന്തു കൊണ്ടാണ്? മനുഷ്യര്‍ രൂപപ്പെടുത്തിയെടുത്ത ജീവിതശൈലിയും ജീവിതത്തിന്റെ ലക്ഷ്യമാക്കിയ കാര്യങ്ങളും ജീവിതവും അന്വേഷണവും തമ്മില്‍ ഒരു നിലയ്ക്കും ഒത്തു പോകാതെ വരുന്നു എന്നുള്ളതാണ് പ്രധാന പ്രശ്നം. സ്വാഭാവികമായി തന്നെ ഒരുപാട് പ്രശ്നങ്ങള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. സമാധാനത്തോടെ ജീവിക്കാവുന്ന തരത്തില്‍ കൃത്യമായ ഒരു വഴി മനുഷ്യനില്‍ രൂപപ്പെട്ടിട്ടില്ല എന്നതാണ് ഒന്ന്. നമ്മുടെ ബുദ്ധിയും വൈകാരികതയും ഒക്കെ ഉപയോഗിച്ച് നമ്മള് അതിനെ സ്വരലയപ്പെടുത്തി എടുക്കാറുണ്ട്. എന്നാലും നമ്മളെല്ലാവരും ഏതൊക്കെയോ തരത്തില്‍ രോഗികളായിരിക്കുന്നു.
രോഗത്തിന് ‘ഡിസീസ്’ എന്നാണ് പറയുന്നത്. നമ്മുടെ ‘ഈസിനസ്’ നഷ്ടപ്പെട്ട അവസ്ഥയെയാണ് ഡിസീസ് എന്നു പറയുന്നത്. നമ്മുടെ ഈസിനസ് എന്ന സമാധാനത്തിലേക്ക് എത്താന്‍ വേണ്ടിയുള്ള യാത്രയിലെ ഒരു വഴിയാണ് ഇരിക്കുക എന്നു പറയുന്നത്. പല വഴികള്‍ നമ്മള് സ്വീകരിക്കാറുണ്ട്. ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും നിരന്തരമായി ഉപയോഗിക്കുന്നവരാണ് നമ്മള്. എപ്പോഴും ചലിപ്പിക്കുന്നതിനെ ഒന്നു വിശ്രമിക്കാന്‍ അനുവദിക്കണം എന്നത് മാത്രമാവണം നമ്മുടെ ധ്യാനത്തിനായുള്ള ഇരിപ്പിന്റെ പിന്നിലുള്ള ലക്ഷ്യം. ഒരു തുണി ഒരു കുറ്റിയില്‍ തൂക്കിയിട്ടിരിക്കുന്നതു പോലെ നമ്മുടെ ശരീരത്തിനെയും മനസ്സിനെയും ബുദ്ധിയെയും ഒക്കെ അയച്ചിട്ട് ഇരിക്കുക. നമ്മള് ധ്യാനിക്കാന്‍ പോകുന്നില്ല. ധ്യാനിച്ച് ഒന്നും നേടിയെടുക്കാനും പോകുന്നില്ല. സ്വസ്ഥമായിരുന്ന് നമ്മുടെ ഇന്ദ്രിയങ്ങളെ ഒന്നയച്ചു വിടുക മാത്രമാണ് ചെയ്യുന്നത്.
മനസ്സിനോട് പറയുക; കുറച്ചു സമയം അയഞ്ഞിരിക്കൂ. ചിന്തകള്‍ ഉള്ളില്‍ വരട്ടെ. അത് വന്നു പോകട്ടെ. അയഞ്ഞങ്ങനെ ഒഴുകിപ്പോകട്ടെ. പിടിച്ചു വെക്കേണ്ട. കണ്ണ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പറയുക രാവിലെ മുതല്‍ ഇത്രനേരവും നീ നോക്കിക്കൊണ്ടിരിക്കയല്ലേ, ഇനി ഒന്നടഞ്ഞിരുന്ന് വിശ്രമിക്കൂ. ചുറ്റും പല ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ ശബ്ദങ്ങളിലേക്ക് കാതു കൂര്‍പ്പിച്ചിരിക്കുന്നത് നിര്‍ത്തിയിട്ട് കാതിനോട് പറയാം; ശബ്ദം വന്നു പോകട്ടെ. നീ ഒരുപാട് അതിലേക്ക് കൂര്‍പ്പിച്ചു പോകേണ്ട. നീ കുറച്ചുസമയം അയഞ്ഞിരിക്കൂ. അങ്ങനെ നമ്മുടെ ഇന്ദ്രിയങ്ങളോടൊക്കെ വിശ്രമിക്കാന്‍ പറയാം. കുഞ്ഞുങ്ങളെ കട്ടിലില്‍ ഉറക്കി കിടത്തുന്നതുപോലെ, ഓര്‍മ്മവെച്ച നാള് മുതല്‍ നിരന്തരം നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങളെ കുറച്ചുസമയം പൂര്‍ണ്ണമായി വിശ്രമിക്കാന്‍ അനുവദിക്കാം.
അറിഞ്ഞുകൊണ്ട് വിശ്രമിക്കാന്‍ അനുവദിക്കുന്നതിനെയാണ് ധ്യാനം എന്നു പറയുന്നത്. ആ വിശ്രമത്തെ പരിപൂര്‍ണ്ണമായി നാം അനുഭവിക്കുക എന്നുള്ളതാണ്. അങ്ങനെ അവയെ മനസ്സുകൊണ്ട് തലോടി, അതിന്റെ എല്ലാ തീക്ഷ്ണതകളേയും അടക്കി അയഞ്ഞിരിക്കാന്‍ നാം പറയുന്നു. പല തരത്തിലുള്ള നോവുകള്‍, മുറിവുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതാണ് നമ്മുടെ മനസ്സ്. അവഗണനകള്‍ കൊണ്ട്, അമിതമായ പരിഗണനകള്‍ കൊണ്ട്, പല തരത്തിലുള്ള വിഭാഗീയതകളുടെ ഉഗ്രവിഷസ്പര്ശം കൊണ്ട്, ഏതെങ്കിലുമൊക്കെ തരത്തില്‍ നോവേല്ക്കേണ്ടി വരാത്ത ഒരു മനസ്സും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല. അതിനും വേണം കുറച്ചു വിശ്രമം.
സ്നേഹം കിട്ടാതാകുമ്പോള്‍, അതു തേടി നാം അലയാറുണ്ട്. സ്നേഹമുള്ളവരോട് നാം ചേര്‍ന്നിരിക്കാറുണ്ട്. പക്ഷേ, മറ്റുള്ളവരുടെ സമയത്തിനുവേണ്ടി കാത്തുനില്‍ക്കാതെ കുറച്ചുസമയം നമുക്കുവേണ്ടി മാറ്റിവെക്കുക. മറ്റുള്ളവരുടെ സമയത്തിനായി കാത്തിരിക്കുന്ന മനസ്സിനോട് പറയുക, ”നിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി ഞാന്‍ നിന്റെ കൂടെയിരിക്കാം. നീ ഏറ്റുവാങ്ങിയിട്ടുള്ള നോവുകളൊക്കെ കുളിരായി മാറാന്‍ നിന്നെ ഞാന്‍ സഹായിക്കാം. കുറച്ചു സമയം ശാന്തമായിരിക്കൂ. ജീവിതം പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതു തന്നെയാണ്. എല്ലാ പ്രതിസന്ധികളും അവസാനിച്ചിട്ട് സമാധാനത്തില്‍ എത്തിച്ചേരാമെന്ന് തീരുമാനിക്കാന്‍ നമുക്ക് ഒരിക്കലും കഴിയില്ല. പലതരത്തിലുള്ള വിഷമം മനസ്സ് അനുഭവിക്കുന്നുണ്ട്. അതൊന്നും പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല. പക്ഷേ, കുറച്ചുസമയം മനസ്സേ നീയൊന്ന് വിശ്രമിക്കേണ്ടത് ആവശ്യമാണ്.”
എല്ലാ പ്രശ്നങ്ങളില്‍ നിന്നുമുള്ള മുക്തിയല്ല ആവശ്യം. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള അനായാസമായ ശക്തിയാണ്. നമുക്ക് ഊര്‍ജ്ജം കിട്ടണമെങ്കില്‍ വിശ്രമം ആവശ്യമാണ്. രാത്രി കിടന്നുറങ്ങുന്നതു കൊണ്ടാണ് രാവിലെ കര്‍മ്മങ്ങളിലേക്ക് ഊര്‍ജ്ജസ്വലതയോടെ ഉണര്ന്നെഴുന്നേല്ക്കാന് കഴിയുന്നത്. അതുകൊണ്ട് മനസ്സിനോട് നമ്മള് മൗനമായി പറയണം: മനസ്സേ, നീ കുറച്ച് വിശ്രമിക്കൂ. ശരീരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ജീവിക്കണ്ടതുണ്ട് നിനക്ക്. അതുകൊണ്ട് എല്ലാറ്റില്‍ നിന്നും മുക്തി കിട്ടിയതിനുശേഷം സമാധാനിക്കാമെന്ന് ഇനി ഞാന്‍ പറയുന്നില്ല. ഏതുതരത്തിലുള്ള പ്രശ്നമായാലും- വ്യക്തിപരമായാലും സമൂഹികമായാലും പ്രാപഞ്ചികമായാലും അതിനെ അതിജീവിക്കാനുള്ള അയവാര്‍ന്ന ഒരു ശക്തിയാണ് എനിക്കാവശ്യം. അതിന് നിനക്ക് കുറച്ചു വിശ്രമം ആവശ്യമാണ്. നീ വിശ്രമിക്കുന്നത് എനിക്ക് കണ്ടുകൊണ്ടിരിക്കുക കൂടി വേണം. സൗമ്യമായി അത്രയും നാം പറഞ്ഞ് മനസ്സിനെ വിശ്രമിക്കാന്‍ അനുവദിക്കുക.
ഓര്‍മ്മവെച്ച നാള് മുതല്‍ പലതരത്തിലുള്ള ശരിതെറ്റുകള്‍ കേട്ടും തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടും സഞ്ചരിച്ചും ക്ഷീണിച്ചിട്ടുള്ളതാണ് ബുദ്ധി. മറ്റുള്ളവരെ തോല്പിക്കാന് വേണ്ടി, ആരുടെയൊക്കെയോ മുകളില്‍ തന്നെ ജയിപ്പിക്കാന്‍ വേണ്ടി, നിലനില്പിനു വേണ്ടി നമ്മള് ബുദ്ധിയെ എത്രയാണ് ഉപയോഗിച്ചിട്ടുള്ളത്. അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടി പല തരത്തിലുള്ള വഴികള്‍ ആരാഞ്ഞിട്ടാണ് നമ്മള് ഇവിടെ എത്തിയിട്ടുള്ളത്. മനുഷ്യന് എത്രമാത്രം തന്റെ ബുദ്ധിയെ ഉപയോഗിച്ചതു കൊണ്ടാണ് ഇത്രയെങ്കിലും സമാധാനമുള്ള ഒരിടത്തേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഈ ബുദ്ധിയെ കുറച്ചു സമയം ഒന്നു വിശ്രമിക്കാന്‍ അനുവദിക്കുന്നു. എല്ലാ തരത്തിലുമുള്ള വാദമുഖങ്ങളില്‍ നിന്നും ബുദ്ധിയെ നിവര്‍ത്തിച്ച്,
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
എന്ന് ഗുരു പറഞ്ഞത് നാം നമ്മുടെ ബുദ്ധിയോട് പറയേണ്ടതുണ്ട്.
ഞാന്‍ മാത്രമാണ് ശരി എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ബുദ്ധിയോട് പലതരം ശരികളുണ്ടെന്നും നീ മാത്രമല്ല ശരിയെന്നും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. എല്ലാവരും വ്യത്യസ്തമായ വഴികളിലൂടെ സമാധാനം തേടാനാണ് ശ്രമിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നിരന്തരം തര്‍ക്കിക്കുന്ന സ്വഭാവത്തില്‍ നിന്നും പുറത്തുവന്ന്, സമരസപ്പെടാനുള്ള ഒരുപാധിയായി ബുദ്ധിയെ ഉപയോഗിക്കേണ്ടതുണ്ട്. തീരെ പരിചിതമല്ലാത്ത ആ വഴിയേ സഞ്ചരിക്കാന്‍ ബുദ്ധിക്ക് വിശ്രമം ആവശ്യമാണ്.
കാരണം, ഏറ്റവും വിശ്രമത്തോടെ ഇരിക്കുമ്പോഴാണ് ബുദ്ധി ഏറ്റവും നന്മയാര്ന്ന രീതിയില്‍ പ്രവര്‍ത്തിക്കുക. എല്ലാവര്ക്കും സമാധാനമുണ്ടാകുന്ന രീതിയില്‍ ബുദ്ധി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് അയവു കൊടുക്കേണ്ടതുണ്ട്.
ഉറങ്ങാന്‍ കിടന്നു കൊടുക്കുന്നതുപോലെ അയയാന്‍ നാം ഇരുന്നു കൊടുക്കേണ്ടതുണ്ട്. കിടക്കുമ്പോള്‍ ഉറക്കം നമ്മെ വന്നു പുല്കുകയാണ് ചെയ്യുക. അതുപോലെ അയയാന്‍ വേണ്ടി നമ്മള് ഇരുന്നു കൊടുക്കുകയാണ്. നമ്മുടെ ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും നോക്കി സൗമ്യമായിരിക്കുന്ന മുഖം നമ്മില്‍ വിടര്ന്നിരിക്കട്ടെ. ഒരു പിഞ്ചു കുഞ്ഞിനെ കാണുമ്പോള്‍ ഉള്ളില്‍ വിരിയുന്ന മന്ദഹാസം പോലെ. ആ കുഞ്ഞിന്റെ മുന്നില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ അയഞ്ഞു കിടക്കുന്നത് പോലെ നാം ഇരിക്കുമ്പോള്‍ നമുക്ക് ലോകത്തോട് മുഴുവന്‍ സ്നേഹം തോന്നും.
കൂടുതല്‍ സമയമൊന്നും ഇരിക്കേണ്ടതില്ല. നാം കുഞ്ഞിനെ സ്നേഹിക്കുമ്പോള്‍ ഒരു മണിക്കൂര്‍ സ്നേഹിച്ചു, പത്തു മിനുട്ട് സ്നേഹിച്ചു എന്നു പറയാറില്ലല്ലോ. ധ്യാനം പരിപൂര്‍ണ്ണമായ വിശ്രമവും പരിപൂര്‍ണ്ണമായ സ്നേഹവുമാണ്. അവരവരോടും ചുറ്റുപാടിനോടുമുള്ള സ്നേഹത്തിന്റെ പ്രസരണമാണ് ധ്യാനം. അറിയാതെ സ്നേഹാര്‍ദ്രമായി നെഞ്ചില്‍ കൈ വെക്കാന്‍ നമുക്ക് തോന്നണം. ബലം പിടിക്കാതെ വളരെ അനുകമ്പാര്‍ദ്രമായ ഒരു മൗനത്തില്‍ നാമിരിക്കണം.
ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും കോര്‍ത്തിണക്കുന്ന തന്തുവാണ് പ്രാണന്. എല്ലാറ്റിനേയും പാരസ്പര്യപ്പെടുത്തി തരുന്നത് പ്രാണനാണ്. പക്ഷേ, എപ്പോഴെങ്കിലും ആ പ്രാണനെ ഒന്നു ശ്രദ്ധിക്കാനോ പ്രാണനോട് ചേര്‍ന്നിരിക്കാനോ നാം ശ്രമിച്ചിട്ടില്ല. ആഴമേറിയ ഓരോ ബന്ധത്തെ കുറിച്ചും നമ്മള് പ്രാണന് എന്നു ചേര്‍ത്തു പറയും.ആ പ്രാണനിലേക്കുള്ള വഴിയാണ് ശ്വാസം. അതൊരു മൗനാത്മക സാന്നിദ്ധ്യമാണ്.
പ്രാണനെ സ്വരലയപ്പെടത്താനാണ് ശ്വാസഗതിയെ കാരുണ്യത്തോടെ ശ്രദ്ധിച്ച് ഇരിക്കാന്‍ പറയുന്നത്. ഇങ്ങനെയാണ് നമ്മള് ധ്യാനത്തെ മനസ്സിലാക്കേണ്ടത്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും ജയിക്കുകയല്ല വേണ്ടത്. അതിനെ സൗമ്യമായി, മിതമായി ഉപയോഗിക്കാനാണ് പഠിക്കേണ്ടത്. അതിന്റെ വികാരതീവ്രമായ സഞ്ചാരങ്ങളെ കുറച്ചുകൊണ്ടുവന്ന്, ഒരു മദ്ധ്യമനിലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കണം.
‘ധര്‍മ്മവിരുദ്ധമല്ലാത്ത കാമം ഞാന്‍ തന്നെയാണ്’ എന്ന് ഭഗവദ്ഗീത പറയുന്നു. അപ്പോള്‍ അതിനെ ധാര്‍മ്മികതയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്. നമ്മള് നമ്മളെ ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ജീവിതത്തിന് സമാധാനം
ഉണ്ടാകാന്‍ രൂപപ്പെട്ടു വന്നിട്ടുള്ള കരണങ്ങളാണ്. അതിനെ വൃത്തിയായി ഉപയോഗിക്കാനാണ് നമ്മള് പഠിക്കേണ്ടത്.
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന് തന്
തിരുവുരുവാണു തിരഞ്ഞു തേറിടേണം
എന്നാണ് നാരായണഗുരു പറഞ്ഞത്. ആ പരമമായിരിക്കുന്ന സഹജാവബോധത്തിന്റെ തിരുശരീരങ്ങളാണ് നമ്മുടെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും. എപ്പോഴും നമ്മുടെ ഉള്ളില്‍ മനസ്സിന്റെയും ചിന്തയുടെയും സഞ്ചാരം
നടന്നു കൊണ്ടിരിക്കുന്നുണ്ട്. അവയെ നാം നിയന്ത്രിക്കുന്നില്ല. അതിനോട് കൂട്ടുകൂടി അതിന്റെ അപഥസഞ്ചാരങ്ങളെ മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. സ്നേഹം പിടിച്ചു വാങ്ങാന്‍ പറ്റില്ല; സ്നേഹപൂര്‍വം എന്നോടിതു വേണോ എന്ന് ചോദിച്ചാല്‍ മാത്രം മതി. ഇതേ നമ്മള് ഇന്ദ്രിയങ്ങളോടും മനസ്സിനോടും ചെയ്യേണ്ടതുള്ളൂ. ജീവിതത്തിന് സ്വസ്ഥത നല്കുന്ന രീതിയില്‍ മദ്ധ്യമ മാര്‍ഗ്ഗത്തിലൂടെ, മിതത്വത്തിലൂടെ സഞ്ചരിച്ചു തന്നാല്‍ മതി എന്നു നാം പറയേണ്ടതുണ്ട്. വെറുതെ സ്നേഹത്തോടെ, ആര്‍ദ്രതയോടെ, അനുകമ്പാപൂര്‍ണ്ണമായ മനസ്സോടെ ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബുദ്ധിയെയും ആദരിച്ചുകൊണ്ട് നാം ഇരിക്കേണ്ടതുണ്ട്.
നമുക്ക് അത്യാവശ്യമായ മൂന്നു കൂട്ടുകാരാണ് അവരെന്ന് സ്നേഹത്തോടെ പറഞ്ഞ്, പ്രാണന്റെ ഗതിയില്‍ സൗമ്യമായി ശ്രദ്ധിച്ച്, വെറുതെ ഇരുന്നു കൊടുക്കുകയാണ് ചെയ്യേണ്ടത്. കുറച്ചു ദിവസം കഴിയുമ്പോള്‍ ബോധത്തില്‍ ഒരു താളമായി അത് മാറും. വലിയപ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിനെ അഭിമുഖീകരിക്കാനുള്ള ഒരു ശ്രുതി ആ ഇരിപ്പ് നമുക്ക് സമ്മാനിച്ചിട്ടുണ്ടാകും.






