വിവാഹം
നല്ല വാക്‌സാമര്‍ത്ഥ്യമുള്ളവനാണ് വാത്തി. ഒരുകാര്യം ഏല്പിച്ചാല്‍ അതു ചെയ്തു പൂര്‍ത്തിയാക്കും. മാടനാശാനും കുട്ടിയമ്മയും വിവാഹക്കാര്യത്തില്‍ നാണുവിനെക്കൊണ്ട് വാത്തി അനുകൂല തീരുമാനമെടുപ്പിക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നു.

വാത്തി വന്നത് തലയും താഴ്ത്തിയാണ്. അതു കണ്ടപ്പോഴേ മാടനാശാന് കാര്യം മനസ്സിലായി. അതു കുട്ടിയമ്മയോട് പറയുകയും ചെയ്തു.
”നാണു സമ്മതിച്ചില്ല.”
മുറ്റത്തുനിന്നു വാത്തിയും അതുതന്നെ പറഞ്ഞു.
”മകന്‍ നാണു ആശാന്‍ കല്യാണത്തെപ്പറ്റി ആലോചിച്ചിട്ടില്ല എന്നു പറയുന്നു.”
മാടനാശാനും കുട്ടിയമ്മയും ഇനി എന്ത് എന്ന ഭാവത്തില്‍ പരസ്പരം നോക്കി സങ്കടത്തില്‍നിന്നു. അതുകണ്ടപ്പോള്‍ വാത്തി പറഞ്ഞു.
”കല്യാണക്കാര്യത്തില്‍ ആണിന്റെയും പെണ്ണിന്റെയും സമ്മതം ആരെങ്കിലും ചോദിക്കുമോ? ഇല്ല. നമ്മുടെയെല്ലാം കല്യാണം നടന്നത് എങ്ങനെയാണ്? രക്ഷിതാക്കള്‍ പരസ്പരം തീരുമാനിച്ച് കല്യാണം ഉറപ്പിക്കും. പെങ്ങളും ഇണങ്ങത്തിയും നാട്ടിലെ നാലഞ്ചു പെണ്ണുങ്ങളും കൂടി ഒരു ദിവസം പെണ്ണിന്റെ വീട്ടില്‍ പോയി കച്ച കൊടുത്ത് ഉടുപ്പിച്ച് വധുവിനെ കൂട്ടിക്കൊണ്ടുവരണം. അതല്ലേ പതിവ്. നാണു ആശാന്റെ കല്യാണവും ഇതുപോലെ മതി. അതേ നടക്കൂ.”
അതു മതിയെന്ന് കുട്ടിയമ്മക്കും തോന്നി. എന്നാല്‍ മാടനാശാന് നാണുവിനെപ്പറ്റി ആലോചിച്ചപ്പോള്‍ അതുപോരെന്നു തോന്നി.
”നാണു പഠിപ്പുള്ളവനാണ്. പഴയ ആചാരങ്ങള്‍ അനുസരിക്കാത്തവനാണ്. അവന്റെ സമ്മതം കൂടി ഒന്നറിയുന്നത് നല്ലതാണെന്ന് തോന്നുന്നു.
”ആനയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി നടയിരുത്തുമ്പോള്‍ ആരെങ്കിലും ആനയുടെ സമ്മതം ചോദിക്കുമോ? ഏതെങ്കിലും ദേവന്‍ ആന വേണ്ടെന്നു പറയുമോ?”
വാത്തി സരസമായ ഒരു ഉദാഹരണം പറഞ്ഞു ചിരിച്ചു. അപ്പോഴവിടെയെത്തിയ കൃഷ്ണന്‍ വൈദ്യരും വാത്തിയെ അനുകൂലിച്ചു തലയാട്ടി ചിരിച്ചു. കടയ്ക്കാവൂരിലെ കാളിക്കുട്ടി തന്നെ നാണുവിന്റെ കല്യാണപ്പെണ്ണ്. ആ കാര്യം തീരുമാനിച്ചു. നാട്ടുനടപ്പനുസരിച്ച് മാടനാശാന്റെ അനന്തരവളുടെ മകള്‍ നാണുവിന്റെ വധുവാകുന്നത് നന്ന്.
രാമന്‍വൈദ്യരും ബന്ധുക്കളും അയല്‍ക്കാരുമായ നാലഞ്ചുപേരും കൂടി കാളിക്കുട്ടിയുടെ വീട്ടിലെത്തി കല്യാണക്കാര്യം സംസാരിച്ചു. തീരുമാനിച്ചു.
വീട്ടില്‍ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്നത് നാണു കണ്ടു. അറിഞ്ഞു. അച്ഛനോടും അമ്മയോടും എതിര്‍ത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. അവരുടെ സന്തോഷവും ഉത്സാഹവും സങ്കടമായിമാറുന്നത് ആലോചിക്കാനേ വയ്യ. നാണു വീടുവിട്ടിറങ്ങി സഞ്ചാരിയായി പല സ്ഥലങ്ങളില്‍ ചെന്നു. മാടനാശാന്‍ വേണ്ട കാര്യങ്ങളെല്ലാം കൃഷ്ണന്‍വൈദ്യരുമായി ആലോചിച്ചു ചെയ്തു. വിവാഹദിവസം നാണു സ്ഥലത്തെത്തിയില്ല. അതു വേണ്ടതില്ല. പെണ്‍വീട്ടിലേക്ക് സഹോദരിമാരും ബന്ധുക്കളും അയല്‍ക്കാരുമായ സ്ത്രീകളാണ് പോകുന്നത്.
കാളിക്കുട്ടിക്ക് നാണുവിന്റെ പെങ്ങള്‍ പുടവകൊടുത്തു. വിവാഹം കഴിഞ്ഞു. വധുവിനെ ആചാരപ്രകാരം ചെമ്പഴന്തിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വധുവായ കാളിക്കുട്ടി തന്റെ വരനെ അവിടെയെല്ലാം നോക്കി. കണ്ടില്ല. കാത്തിരുന്നു. വന്നില്ല. എങ്കിലും പ്രതീക്ഷയോടെ വയല്‍വാരം വീട്ടില്‍ കഴിഞ്ഞു.
വരന്‍ നാണു ആശാനാണെന്ന് അറിഞ്ഞപ്പോള്‍ പലരും നല്ല അഭിപ്രായം പറഞ്ഞു. കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ ശിഷ്യന്‍, നല്ല യുവാവ്. പേരുകേട്ട തറവാട്ടുകാര്‍. വയല്‍വാരം വീട്ടിലെ കൃഷ്ണന്‍ വൈദ്യരും ജ്യേഷ്ഠന്‍ രാമന്‍വൈദ്യരും പ്രസിദ്ധരായ ചികിത്സകരാണ്. മാടനാശാനെപ്പറ്റിയും നല്ലതേ പറഞ്ഞുകേട്ടിട്ടുള്ളു.
നാണു കാളിക്കുട്ടിയെ പലതവണ കണ്ടിട്ടുണ്ട്. ആ കാഴ്ചകളിലൂ ടെ കാളിക്കുട്ടി മൗനമായി ഒരിഷ്ടം മനസ്സില്‍ വളര്‍ത്തിയെടുത്തിരുന്നു. മാത്രമല്ല ബന്ധുവീട്ടിലേക്കാണ് വധുവായി വന്നത്. അതുകൊണ്ട് ഒട്ടും ഭയം തോന്നിയില്ല.
വിവാഹദിവസം വന്നെത്തിയവരില്‍ ചിലര്‍ നാണുവിനെ ചടങ്ങില്‍ കാണാതായപ്പോള്‍ ചില സംശയങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ സഹോദരി പുടവ കൊടുത്തുകഴിഞ്ഞാല്‍ അതു കല്യാണചടങ്ങിനു സമമാണ് എന്ന് മറുപടിയുണ്ടായി. അവിടെ വന്നവരില്‍ പലരുടെയും വിവാഹം അങ്ങനെയാണ് കഴിഞ്ഞിട്ടുള്ളത്. അവരാരും പിന്നെ മിണ്ടിയില്ല.
നാണു ആശാന്റെ ഊരുചുറ്റലും ധ്യാനവും സന്ന്യാസമാര്‍ഗ്ഗത്തിലേക്കുള്ള താല്പര്യവും അറിയുന്നവര്‍. ആദ്യം സംശയിച്ചെങ്കിലും പെണ്ണ് വിചാരിച്ചാല്‍ ഏതു വിശ്വാമിത്രന്റെയും തപസ്സിളക്കാന്‍ കഴിയുമെന്ന ചിന്ത അവരെ ആശ്വസിപ്പിച്ചു.
സാധാരണ യുവാക്കളെപ്പോലെയല്ല നാണു ആശാന്‍ എന്നറിയുന്നവര്‍ അത് നല്ല ഗുണമാണെന്ന് പറഞ്ഞത് പെണ്‍വീട്ടുകാരെ സന്തോഷിപ്പിച്ചു. ആദ്ധ്യാത്മികചിന്തയുള്ളവര്‍ ചീത്ത കൂട്ടുകെട്ടിലൊന്നും പെടുകയില്ല. കാളിക്കുട്ടിയുടെ മാതാപിതാക്കള്‍ക്കും അതു നല്ലതുതന്നെ എന്നു തോന്നി.






