മഹാസമാധി

അരുവിപ്പുറത്ത് ഗുരുവായ – ആദിഗുരുവായ – മംഗളകാരിയായ ശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് സഞ്ചാരമാരംഭിച്ച ക്ഷേത്രസ്ഥാപന പ്രക്രിയാ തീര്‍ത്ഥയാത്ര ഉല്ലലയിലെ ബ്രഹ്മസ്വരൂപമായ പ്രണവത്തെ – ഗുരുനാദമായ – നാമമായ ഓങ്കാരത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പരബ്രഹ്മസ്വരൂപനായ ഓങ്കാരപൊരുളായ – നാരായണഗുരു അവസാനിപ്പിച്ചത്. അതോടെ ആ ജ്ഞാനസൂര്യന്റെ അസ്തമയവും ആരംഭിച്ചു.ശരീരം ഇല്ലാതെപോയാലും നാം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും എന്നു വെളിവാക്കിയ ഗുരു മഹാസമാധിയിലും പരിശോഭിതമായി പ്രകാശിച്ചുകൊ ണ്ടിരിക്കെ ഗുരുവിന്റെ മഹാസമാധി ദുഃഖദായകമല്ല. അവലംബം: ശ്രീനാരായണ ലീലാമൃതം, വിശ്വപ്രകാശം എസ് .വിജയാനന്ദ്

മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറിന്റെ കിഴക്കേകരയിലുള്ള പ്രദേശമാണ് വൈക്കം താലൂക്കില്‍ പെടുന്ന ഉല്ലല. ഉല്ലയില്‍ നടത്തിയ ഓങ്കാരേശ്വര പ്രതിഷ്ഠയായിരുന്നു ഗുരുവിന്റെ അവസാനത്തെ ക്ഷേത്രപ്രതിഷ്ഠ .
മിഥുനം 11ന് കൃത്യം അഞ്ചുമണിക്കു ഗുരു സ്ഥലത്തെത്തുകയും ഭക്തജനങ്ങളോടൊപ്പം നടന്നു ക്ഷേത്രനിര്‍മ്മാണ സ്ഥലത്തെത്തി എല്ലാം വീക്ഷിച്ചതിനുശേഷം ക്ഷേത്രത്തിനു വടക്കുള്ള മുല്ലേ പറമ്പിലേക്കുപോയി. അവിടെ വിശ്രമിച്ചിരുന്ന തൃപ്പാദങ്ങള്‍ ക്ഷേത്രനിര്‍മ്മാതാവായ കോമപ്പണിക്കരെ വിളിച്ചുവരുത്തിയിട്ട് പ്ലാവിന്‍ തടികൊണ്ട് കണ്ണാടിയുടെ ഫ്രെയിമിലും പ്രതിഷ്ഠയുറപ്പിക്കാനുള്ള പീഠവും നിര്‍മ്മിക്കുന്നതിനുള്ള മാതൃകയും കണക്കും നല്‍കി. എസ്.കെ. വൈദ്യരെന്നു വിളിക്കുന്ന പ്രസിദ്ധ ആയുര്‍വേദഡോക്ടറോട് ഗുരു നിര്‍ദ്ദേശിച്ചതനുസരിച്ചു കൃത്യമായ അളവനുസരിച്ചുള്ള കണ്ണാടിയിലെ രസഭാഗം ചുരണ്ടി ബ്രഹ്മമന്ത്രരൂപമായ പ്രണവം (ഓം) എഴുതി. അതിനുശേഷം തൃപ്പാദങ്ങള്‍ സ്വന്തമായി അരച്ചെടുത്ത ചന്ദനം അതിനുമുകളില്‍ ചാര്‍ത്തി. കണക്കനുസരിച്ച് കോമപ്പണിക്കര്‍ തയ്യാറാക്കിയ ഫ്രെയിമിനുള്ളില്‍ കണ്ണാടി ഉറപ്പിച്ചു. തുടര്‍ന്ന് കണ്ണാടിയും പീഠവും ക്ഷേത്രത്തിനകത്ത് വയ്ക്കുവാന്‍ നീലകണ്ഠന്‍ശാന്തിയെ പറഞ്ഞ് ഏര്‍പ്പാടാക്കിയശേഷം തൃപ്പാദങ്ങള്‍ മുല്ലേപ്പറമ്പില്‍വച്ചു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി പോയി.

യോഗാനന്തരം ഗുരു അവിടെ വിശ്രമിക്കുകയായിരുന്നു. എന്നാല്‍ അല്പനേരം കഴിഞ്ഞപ്പോള്‍ ഗുരു അവിടെനിന്നു അപ്രത്യക്ഷനായി. എല്ലാവരും ഉത്കണ്ഠാകുലരായി. പ്രതിഷ്ഠാസമയം എപ്പോഴാണെന്നോ എങ്ങനെയാണെന്നോ ഒന്നും ആര്‍ക്കും അറിയില്ല എന്നുമാത്രമല്ല; സമയം അസ്തമയത്തോടടുത്തപ്പോള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കേണ്ട ഗുരു അപ്രത്യക്ഷനുമായിരിക്കുന്നു. ഭക്തജനങ്ങള്‍ ഗുരുവിന്റെ ആഗമനം പ്രതീക്ഷിച്ച് നാലു പാടും ശ്രദ്ധിച്ചു ആശങ്കയോടെ നില്‍ക്കുമ്പോള്‍ ക്ഷേത്രകവാടം തുറക്കുന്ന ശബ്ദംകേട്ടു. എല്ലാവരും ക്ഷേത്രസമീപത്തേക്ക് ഓടിയെത്തിയപ്പോള്‍ മണിയടിച്ചു ക്ഷേത്രത്തില്‍നിന്നു സ്വാമിതൃപ്പാദങ്ങള്‍ ഇറങ്ങിവരുന്നതാണ് കണ്ടത്. തൃപ്പാദങ്ങള്‍ അത്യധികം ക്ഷീണിതനായി കാണപ്പെട്ടു. പുറത്തുവന്ന ഗുരു നീലകണ്ഠന്‍ശാന്തിയെ വിളിച്ചു അടുത്തുവരുത്തിയിട്ടു ‘ബ്രഹ്മഗായത്രി മന്ത്രം’ മൂലമന്ത്രമായി ചൊല്ലി പൂജാദികര്‍മ്മങ്ങള്‍ നടത്തിക്കൊള്ളൂ എന്നുപദേശിച്ചു. സകലവേദങ്ങളും ഏതൊന്ന് പ്രാപ്യസ്ഥാനമായി പറയുന്നുവോ, സകലതപസ്സുകളും എന്തിനെ ലക്ഷ്യമാക്കുന്നുവോ, യാതൊന്നു ലഭിക്കാനാണോ ബ്രഹ്മചര്യാദികളനുഷ്ഠിക്കുന്നത് ആ പദം ‘ഓം എന്ന പ്രണവമാണത്.’ ആ പരമസത്യത്തെയാണ് ഗുരു ഉല്ലലയില്‍ പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിന് ഗുരു ഓങ്കാരേശ്വരക്ഷേത്രം എന്ന് നാമകരണവും ചെയ്തു.
തുടര്‍ന്ന് വിശ്രമിക്കുന്നതിനിടയില്‍ എസ്.കെ. വൈദ്യരെ വിളിച്ചുവരുത്തിയിട്ടു നമുക്കു അല്പം മരുന്നു വേണമല്ലോ എന്നുപറഞ്ഞു. വൈദ്യര്‍ ഗുരുവിന്റെ നാഡി പിടിച്ചു നോക്കിവൈദ്യശാലയില്‍ പോയി മരുന്ന് എടുത്തുകൊണ്ടുവന്നു ഗുരുവിന് നല്കി. അതോടെ ഗുരുവിനു ചികിത്സകളാരംഭിക്കുകയായിരുന്നു. അരുവിപ്പുറത്ത് ഗുരുവായ – ആദിഗുരുവായ – മംഗളകാരിയായ ശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് സഞ്ചരമാരംഭിച്ച ക്ഷേത്രസ്ഥാപനപ്രക്രിയാതീര്‍ത്ഥയാത്ര ഉല്ലലയിലെ ബ്രഹ്മസ്വ രൂപമായ പ്രണവത്തെ – ഗുരുനാദമായ – നാമമായ ഓങ്കാരത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പരബ്രഹ്മസ്വരൂപനായ ഓങ്കാരപൊരുളായ – നാരായണഗുരു (ഓമെന്നു തൊട്ടൊരു കോടിമന്ത്രപ്പൊരുള്‍; നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ) അവസാനിപ്പിച്ചത്. അതോടെ ആ ജ്ഞാനസൂര്യന്റെ അസ്തമയവും ആരംഭിച്ചു.

കൂർക്കഞ്ചേരിയിൽ ശിഷ്യരോടൊപ്പം

പരിക്ഷീണനായ ഗുരു വൈക്കത്തുനിന്ന് ആലുവ അദ്വൈതാശ്രമത്തിലേയ്ക്കു പോയി. അവിടെ തികഞ്ഞ വിശ്രാന്തിയില്‍ വിരാജിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ അവിടെ വിശ്രാന്തിയില്‍ വിരാജിക്കുമ്പോഴും അനേകം ഭക്തര്‍ പരമശാന്തി തേടിയും രോഗപീഡകളില്‍ നിന്നു മോചനം തേടിയും എത്തിക്കൊണ്ടിരുന്നു. ശാരീരികമായി ക്ഷീണിതനായിരുന്ന ഗുരു തന്നെ സമാശ്രയിച്ചെത്തുന്ന എല്ലാവരെയും സാനന്ദസന്ദായകമായി സ്വീകരിച്ചു ശാന്തിയും സമാധാനവും നല്‍കിവിട്ടിരുന്നു. ഗുരുവിന്റെ വാക്കും നോക്കും സര്‍വ്വദാ അനുഗ്രഹദായകം ആയിരുന്നു.
കോട്ടയത്ത് എസ്. എന്‍.ഡി.പി.യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗത്തില്‍ പങ്കെടുത്തശേഷം ഗുരു വിശ്രമാര്‍ത്ഥം വൈക്കം വെല്ലൂര്‍ മഠത്തിലേക്ക് പോയി. അതു സംബന്ധിച്ചു ധര്‍മ്മം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്
”സ്വാമിതൃപ്പാദങ്ങള്‍ ഇയ്യിടെ വൈക്കത്ത് വെല്ലൂര്‍ മഠത്തില്‍ കുറേദിവസം വിശ്രമിക്കുകയുണ്ടായി. അവിടെ നീലകണ്ഠന്‍ ബ്രഹ്മചാരിയുടെ ഉത്സാഹത്തില്‍ വിശാലമായി ഒരു കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകാതെയിരിപ്പുണ്ട്. ഒരു നല്ല വിദ്യാലയമോ കൈത്തൊഴില്‍ശാലയോ സ്ഥാപിച്ചു നടത്തുന്നതിനു വളരെ യോജിച്ച സ്ഥലമാണത്. പണിപൂര്‍ത്തിയാക്കുന്നതിന് ഉദ്ദേശം മൂവായിരത്തോളം ഉറുപ്പിക വേണ്ടിവരും. പുരയിടങ്ങളില്‍ നിന്നും ഓരോ തെങ്ങുവീതം ഈ ആവശ്യത്തിലേക്കായി വിട്ടുകൊടുത്താല്‍ ഒന്നോ രണ്ടോ ഒഴിവിലുള്ള തേങ്ങ കൊണ്ട് ഈ സംഖ്യ ഉണ്ടാക്കാവുന്നതാണ്. സ്വാമി തൃപ്പാദങ്ങള്‍ അവിടെ വിശ്രമിച്ചിരുന്ന അവസരത്തില്‍ പൊതുജനങ്ങളുടെ ഒരു യോഗം ആശ്രമത്തില്‍വെച്ചു കൂടുകയും തേങ്ങയിടുന്നതിനു കരകള്‍ തോറും ഓരോ കമ്മിറ്റിയെ നിശ്ചയിച്ചു ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ശ്രീനരസിംഹസ്വാമികള്‍, നീലകണ്ഠന്‍ ബ്രഹ്മചാരി, അയ്യപ്പന്‍വക്കീല്‍, മാധവന്‍ വക്കീല്‍ ഇവര്‍ അടങ്ങിയ ഒരു കമ്മിറ്റിയെ ശ്രീനാരായണധര്‍മ്മസംഘത്തില്‍ നിന്നും കെട്ടിടം പൂര്‍ത്തിയാക്കുവാനായി നിശ്ചയിച്ചിട്ടുണ്ട്”.
വെല്ലൂര്‍ മഠത്തില്‍ വിശ്രമിച്ചിരുന്ന അവസരത്തില്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ കലശലായി ഉണ്ടായിത്തുടങ്ങി. മുമ്പു ആന്ത്രരോഗം ഉണ്ടായിരുന്നു. ഇപ്പോള്‍ മൂത്രതടസ്സമാണ് പ്രധാനമായും ഉണ്ടായത്. വൈക്കം ഗവ. ആശുപത്രിയിലെ ഡോക്ടര്‍ ദാസ് വന്നു പരിശോധിച്ചു മൂത്രമെടുത്തപ്പോഴാണ് അല്പം ആശ്വാസം ഉണ്ടായത്. കൂടുതല്‍ വിശ്രമത്തിനും മറ്റുമായി ആലുവയിലേക്കു പോന്നു. യാത്രാമദ്ധ്യേ എറണാകുളം റെയില്‍വേസ്റ്റേഷനില്‍ വിശ്രമിച്ചപ്പോള്‍ തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് അംബാസഡറായിരുന്ന കോട്ടണ്‍ സായ്പ്പ് ഗുരുവിനെ സന്ദര്‍ശിക്കുകയും, ക്ഷേമാന്വേഷണങ്ങള്‍ക്കുശേഷം ഗുരുവിനു ട്രെയിന്‍ യാത്രയ്ക്കു വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തു കൊടുക്കുകയും ചെയ്തു.

ആലുവയിലെത്തിയപ്പോള്‍ വേദന കലശലായി. അപ്പോള്‍ പാലക്കാട്ടുള്ള ഡോക്ടര്‍ കൃഷ്ണനെ വിവരം അറിയിച്ചു. അദ്ദേഹം മകന്‍ ഡോ. രാഘവനെ ഉടന്‍തന്നെ ആലുവയിലേക്കു അയച്ചു. അദ്ദേഹം ആലുവയിലെത്തി പരിശോധിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കു പാലക്കാട്ടേക്കു ഗുരുവിനെ ക്ഷണിച്ചു. ഗുരു അതിനു തയ്യാറായില്ല. ഡോ. രാഘവന്‍ തുടര്‍ന്നു നടത്തേണ്ട പരിചരണങ്ങളെക്കുറിച്ചു ആലുവ ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി മടങ്ങി. എന്നാല്‍ അല്പം ദിവസം കഴിഞ്ഞപ്പോള്‍ വേദന വീണ്ടും കലശലായി. അതോടെ പാലക്കാട്ടേക്കുപോകാം എന്നു തീരുമാനിച്ചു. യാത്രാമദ്ധ്യേ തൃശ്ശൂരില്‍ ഇറങ്ങി അനവധി ഭക്തന്മാര്‍ ഗുരുവിനെ അവിടെകൂടി സ്വീകരിച്ച് കൂര്‍ക്കഞ്ചേരിയിലേക്കു കൊണ്ടുപോയി. അവിടെ പ്രശസ്തനും പ്രഗത്ഭനുമായ ഡോ. റാവു ഗുരുവിനെ ചികിത്സിച്ചു. അതോടൊപ്പം സിദ്ധവൈദ്യന്മാരും ആയുര്‍വേദവൈദ്യന്മാരും ഗുരുവിനെ ചികിത്സിച്ചു. കൊച്ചി മഹാരാജാവിന്റെ പ്രധാന വൈദ്യനായിരുന്ന മാമിവൈദ്യരും രാമാനന്ദസ്വാമികളും ഗുരുവിനെ ചികിത്സിച്ചു. രോഗം അല്പവും ഭേദമാകാത്തതിനാല്‍ പെട്ടെന്നുതന്നെ പാലക്കാട്ടേക്കു യാത്രയായി. അവിടെ ഡോ. കൃഷ്ണന്റെ സര്‍വ്വകഴിവുകളും ഗുരുവിനു വേണ്ടി ഉപയോഗിച്ചു. എന്നാല്‍ അല്പദിവസത്തെ ആശ്വാസത്തിനുശേഷം രോഗലക്ഷണങ്ങള്‍ ആകെ മാറി. ഈ അവസരത്തില്‍ ഗോവിന്ദാനന്ദസ്വാമികള്‍ മദ്രാസില്‍ നിന്നും ഡോ.പണ്ടാലയെ കൊണ്ടുവന്നു. എല്ലാ പരിശോധനകള്‍ക്കും ശേഷം ഗുരുവിനെ വിദഗ്ദ്ധചികിത്സാര്‍ത്ഥം മദ്രാസിലേക്കു കൊണ്ടുപോയി.
ഗുരുവിന്റെ സുഖക്കേട് സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും അനുദിനമുണ്ടായിരുന്ന കാര്യങ്ങള്‍ ‘ധര്‍മ്മം’ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു:
തൃപ്പാദങ്ങള്‍ പാലക്കാട്ട് ഡോക്ടര്‍ കൃഷ്ണന്റെ ചികിത്സയിലായിരിക്കുന്ന വിവരം വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. സുഖക്കേടിന് പറയത്തക്ക ആശ്വാസമായിട്ടില്ല. ക്ഷീണം കുറെ അധികമാണ്. പനിയും ഉണ്ട്. മദ്രാസില്‍ നിന്നു ഡോക്ടര്‍ പണ്ടാല വന്നു ദീനം പരിശോധിച്ചു തൃപ്പാദങ്ങളെ അങ്ങോട്ടു കൊണ്ടുപോയി രിക്കുന്നു. ഇപ്പോള്‍ രോഗത്തിനു വര്‍ദ്ധനയില്ലെന്നു പറയാം. ദിവ്യശ്രീ ബോധാനന്ദസ്വാമികള്‍, ഗോവിന്ദാനന്ദസ്വാമികള്‍, നരസിംഹസ്വാമികള്‍, ശങ്കരാനന്ദ സ്വാമികള്‍, സുഗുണാനന്ദസ്വാമികള്‍ മുതലായ പ്രധാന ശിഷ്യന്മാരും മറ്റു പൗരപ്രമാണികളും സമുദായപ്രവര്‍ത്തകന്മാരും തൃപ്പാദങ്ങളുടെ കൂടെത്തന്നെ വേണ്ട ശുശ്രൂഷകള്‍ ചെയ്ത് താമസിച്ചു വരുന്നു.
(13.2.1928)

മാര്‍ച്ച് 5-ാം തീയതി
‘ധര്‍മ്മം’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്:

മദിരാശിയില്‍ നടത്തിയ ചികിത്സയുടെ ഫലമായി മൂത്രബന്ധം മൂലമുണ്ടായ പനി, പഴുപ്പ് മുതലായ രോഗങ്ങള്‍ക്കു കുറേ ശമനം വന്നതല്ലാതെ മൂത്രതടസ്സത്തിനു യാതൊരു കുറവും വന്നിട്ടില്ല. കുറവുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടുവെങ്കിലും തീരെ മാറുമെന്നു ധൈര്യം പറയാത്തതിനാലും ദീര്‍ഘകാലം ഇംഗ്ലീഷ് ചികിത്സ നടത്തുന്നത് ദേഹത്തിന് വലിയ ക്ലേശമായി തോന്നുകയാലും മലയാളത്തിലേക്കു മടങ്ങി നാട്ടുചികിത്സ ആരംഭിക്കണമെന്നു സ്വാമിതൃപ്പാദങ്ങള്‍ കുറേ നാള്‍ക്കു മുമ്പുതന്നെ അഭിപ്രായപ്പെട്ടു തുടങ്ങി. മദിരാശിയില്‍ നിന്നുള്ള യാത്രയുടെ വൈഷമ്യം ഓര്‍ത്ത് അന്തേവാസികള്‍ കുറേദിവസം മടങ്ങിപ്പോരുന്നതിനു വലിയ വൈമനസ്യം പ്രദര്‍ശിപ്പിക്കുകയും ഒടുവില്‍ തൃപ്പാദങ്ങളുടെ ആഗ്രഹപ്രകാരം പാലക്കാട്ടേക്കു മടങ്ങി എത്തുകയും ചെയ്തിരിക്കുന്നു. ഡോക്ടര്‍ കൃഷ്ണന്റേയും മറ്റും മേല്‍നോട്ടത്തില്‍ പാലക്കാട്ടുവച്ച് വിദഗ്ദ്ധന്മാരായ നാട്ടുവൈദ്യന്മാരെക്കൊണ്ടു ചികിത്സ നടത്തണമെന്നാണ് ഇപ്പോള്‍ ഉദ്ദേശിച്ചിരിക്കുന്നത്. ശ്രീമാന്‍ കാക്കനാട്ടു മാമവൈദ്യര്‍, ചോലയില്‍ മാമിവൈദ്യര്‍ മുതലായവരെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. പാലക്കാട്ട് ശീതോഷ്ണസ്ഥിതി അനുകൂലിക്കാത്ത പക്ഷം തൃശ്ശിവപേരൂരോ ആലുവയിലോ വന്നിരിക്കുന്നതിനും വഴിയുണ്ട്. രണ്ടു ദിവസത്തിനുശേഷം സ്വാമികളെ കേരളത്തിലേക്ക് കൊണ്ടു വന്നു.

തുടര്‍ന്നുള്ള കാര്യങ്ങള്‍ ‘ധര്‍മ്മം’ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:

നാട്ടുചികിത്സ നടത്തണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണല്ലോ തൃപ്പാദങ്ങള്‍ മദിരാശിയില്‍ നിന്നു മടങ്ങിയത് യാത്രാക്ലേശം മൂലം ക്ഷീണം കുറെ വര്‍ദ്ധിക്കുകയും മറ്റും ചെയ്തുവെങ്കിലും ശിവഗിരിയില്‍ കഴിഞ്ഞ ഞായറാഴ്ച എത്തിയതിനുശേഷം രോഗത്തിനു ക്രമേണ കുറവു കാണുന്നുണ്ട്. ചോലയില്‍ മാമി വൈദ്യര്‍, പാണാവള്ളി കൃഷ്ണന്‍വൈദ്യര്‍ മുതലായ വൈദ്യപ്രമാണികളുടെ ചികിത്സയിലാണ് ആശ്വാസം കണ്ടുതുടങ്ങിയത്. മൂത്രം ദിവസവും മൂന്നും നാലും തവണ തനിയെ പോകുന്നുണ്ട്. എക്കിള്‍ ഉണ്ടായിരുന്നത് തീരെ മാറി. പനിയില്ല. മൂത്രത്തിനു ക്രമേണ കലക്കമെല്ലാം തീര്‍ന്നുവന്നിരിക്കുന്നു. മലശോധന സുഖമായി ഉണ്ടാവുന്നുണ്ട്. മാത്രാവസ്തി, ക്ഷീരവസ്തി മുതലായ പ്രയോഗങ്ങള്‍ തൃപ്പാദങ്ങളുടെ അനുമതിയെ ശിരസാവഹിച്ചു വൈദ്യന്മാര്‍ ഭക്തിപൂര്‍വ്വം നടത്തുന്നു. അതുകൊണ്ട് ആകപ്പാടെ സുഖമാണു കിട്ടിയിട്ടുള്ളത്. ഇന്നലെ ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പല്‍ മി. ഗോപാലപിള്ളയുടെ ഉത്സാഹത്തില്‍ വൈദ്യന്മാരെല്ലാം കൂടി ശിവഗിരിയില്‍ വെച്ച് ഒരു ആലോചന നടത്തി ചികിത്സാപദ്ധതി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു.
(3.8.1103)

സശരീരനായിരുന്ന ഗുരുവിനെക്കുറിച്ച് അവസാനമായി വന്ന റിപ്പോര്‍ട്ട്:

”ശിഷ്യന്മാരും ഭക്തജനങ്ങളും എപ്പോഴും അരികിലിരുന്ന് അദ്ദേഹത്തെ പരിചരിച്ചു. കഴിഞ്ഞ എട്ടു മാസക്കാലമായി അലട്ടിക്കൊണ്ടിരുന്ന രോഗം തേജസ്സുനിറഞ്ഞ ആ വദനത്തില്‍ ചുളിവുകള്‍ വീഴ്ത്തി. അതിനിടയിലും അദ്ദേഹം ഇടയ്ക്കിടെ നര്‍മ്മസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഏറെക്കാലം താന്‍ അനുഷ്ഠിച്ച തീവ്രമായ ബ്രഹ്മചര്യം മൂലമായിരിക്കുമോ ഇത്ര കഠിനമായ വേദന തനിക്ക് അനുഭവിക്കേണ്ടിവന്നതെന്ന് ഒരിക്കല്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അവസാനഘട്ടമെത്തിയപ്പോഴേക്കും, അദ്ദേഹം കൂടുതല്‍ ശാന്തനായി കാണപ്പെട്ടു. അസ്വാസ്ഥ്യം ശരീരത്തില്‍മാത്രം അതിന്റെ വൈകൃതങ്ങള്‍ പ്രകടമാക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിത്യതയില്‍ വിശ്രമി ക്കുന്നതുപോലെ തോന്നി. കര്‍മ്മബന്ധങ്ങളില്‍ നിന്ന് വിമുക്തി നേടുമ്പോഴുണ്ടാകാവുന്ന സ്വച്ഛന്ദമായ പ്രശാന്തത അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ തെളിഞ്ഞുനിന്നു. ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ആനന്ദലീനനായിക്കഴിയുന്നതായും ശിഷ്യന്മാര്‍ ശ്രദ്ധിച്ചു. വേദനയുടെ മറുകര കണ്ടതായി ആ മുഖഭാവം വിളംബരം ചെയ്തു”.
(20.09.1928)

”നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു.
ദൈവദശകം കേള്‍പ്പിക്കണം”

ആഴമേറും നിന്‍മഹസാ
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം

അവസാനഭാഗം പാടിക്കൊണ്ടിരിക്കെ അവതാര പുരുഷന്‍ പരമാത്മ സ്വരൂപനായി.
1928 സെപ്തംബര്‍ 20 (കന്നി 5) 72-ാം വയസിലായിരുന്നു മഹാസമാധി.
(1856-1928)

ഗുരുവിന്റെ മഹാസമാധി സംബന്ധിച്ചുള്ള ചടങ്ങുകളെല്ലാം ആഘോഷപരമായാണ് നടന്നത്. മഹാസമാധിസ്ഥനായ ഗുരുവിന്റെ ഭൗതികശരീരം ശിവഗിരി വൈദികമഠത്തില്‍ നിന്നു വിശിഷ്ടമായി അലങ്കരിച്ച് പുഷ്പമാല്യങ്ങള്‍ ചാര്‍ത്തിയ ഒരു ചപ്രത്തില്‍ ഇരുത്തി വാദ്യഘോഷങ്ങളോടെയും മന്ത്രോച്ചാരണങ്ങളോടെയും ആയിരുന്നു പൊതുദര്‍ശനത്തിനു വേണ്ടി വനജാക്ഷി സ്മാരകമന്ദിരത്തിലേക്കും അവിടെനിന്നു മഹാസമാധിയിരുത്തുന്നതിന് കുന്നിന്‍മുകളിലേക്കും കൊണ്ടു പോയത്.
ശരീരം ഇല്ലാതെപോയാലും നാം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും എന്നു വെളിവാക്കിയ ഗുരു മഹാസമാധിയിലും പരിശോഭിതമായി പ്രകാശിച്ചുകൊ ണ്ടിരിക്കെ ഗുരുവിന്റെ മഹാസമാധി ദുഃഖദായകമല്ല; പരമാനന്ദദായകമാണ്. ആതു ആചരണമല്ല. ആഘോഷമാണ്. ”കന്നി 5 നല്ല ദിവസമാണ്. അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം.” എന്ന ഗുരു ഉപദേശം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതും ചിന്തിക്കേണ്ടതുമാണ്.
ഗുരുവിന്റെ മഹാസമാധിയില്‍ ഗൃഹസ്ഥശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍ പൊട്ടിക്കരഞ്ഞതു ഗുരു മഹാസമാധി ആയതു കൊണ്ടല്ല; പിന്നെ എന്തു കൊണ്ടാണെന്നു സഹോദരനയ്യപ്പന്‍ തന്നെ പാടുന്നു:

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളി ചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍മാന്‍
കഴിയാതായല്ലോ പരമ സത് ഗുരോ.

Author

64 Views
Scroll to top
Close
Browse Categories