സ്വയം അറിയുക

ഈ ലോകത്തെ നാം കാണുന്നു. ഈ ലോകത്തെ നാം കേള്‍ക്കുന്നു. ഈ ലോകത്തെ നാം മണക്കുന്നു. ഈ ലോകത്തെ നാം രുചിക്കുന്നു. ഈ ലോകത്തെ നാം തൊട്ടറിയുന്നു. അല്ലെങ്കില്‍ കാറ്റുപോലുള്ളവ വന്ന് നമ്മെ സ്പര്‍ശിക്കുമ്പോള്‍ നാം അതറിയുന്നു. ഏതൊക്കെ അവയവങ്ങളാണ് ഇതൊക്കെ അറിയാന്‍ നമ്മെ സഹായിക്കുന്നത്?”

കുട്ടികള്‍ പൂര്‍ണ്ണശ്രദ്ധയോടുകൂടി ഇരിക്കുകയാണ്. പള്ളിക്കൂടത്തില്‍ നാണു ആശാന്റെ മൃദുശബ്ദം മാത്രം കേള്‍ക്കുന്നു.
”എങ്ങനെയാണ് നാം ജ്ഞാനാനുഭവങ്ങള്‍ നേടുന്നത്?”
ഒരുനിമിഷം കുട്ടികള്‍ ആശാന്റെ സൗമ്യതേജസ്സാര്‍ന്ന മുഖത്തു നോക്കി പിന്നെ ആലോചിച്ചു. ജ്ഞാനാനുഭവമുണ്ടാകുന്നത് ഗുരുമുഖത്തുനിന്നാണല്ലോ. ഇങ്ങനെയൊരുത്തരം തോന്നിയ കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു.
”ആശാനില്‍ നിന്നാണ് ഞങ്ങള്‍ക്ക് ജ്ഞാനം ലഭിക്കുന്നത്.”
അല്പംകൂടി വിശദീകരിക്കേണ്ടതുണ്ട്. ആശാന്‍ കുട്ടിയെ അഭിനന്ദനപൂര്‍വ്വം നോക്കി പറഞ്ഞു.
”ജ്ഞാനം എന്നാല്‍ അറിവ്. അത് മറ്റൊരാള്‍ക്ക് പറഞ്ഞുതരാന്‍ പറ്റും. എന്നാല്‍ അനുഭവങ്ങള്‍ സ്വയം നേടുന്ന അറിവാണ്. അത് മറ്റൊരാള്‍ക്ക് പൂര്‍ണ്ണരൂപത്തില്‍ പറഞ്ഞുതരാന്‍ പറ്റില്ല. ജ്ഞാനേന്ദ്രിയങ്ങള്‍ വഴിയാണ് അനുഭവങ്ങള്‍ ഉണ്ടാകുന്നത്.”
പള്ളിക്കൂടത്തില്‍ വരുന്നവര്‍ക്ക് അക്ഷരാഭ്യാസം മാത്രം പോരെന്നാണ് ആശാന്റെ ചിന്ത. അതുകൊണ്ട് ആത്മതത്ത്വചിന്തയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍കൂടി പഠിപ്പിക്കുന്നു.
ഈ ലോകത്തെ നാം കാണുന്നു. ഈ ലോകത്തെ നാം കേള്‍ക്കുന്നു. ഈ ലോകത്തെ നാം മണക്കുന്നു. ഈ ലോകത്തെ നാം രുചിക്കുന്നു. ഈ ലോകത്തെ നാം തൊട്ടറിയുന്നു. അല്ലെങ്കില്‍ കാറ്റുപോലുള്ളവ വന്ന് നമ്മെ സ്പര്‍ശിക്കുമ്പോള്‍ നാം അതറിയുന്നു. ഏതൊക്കെ അവയവങ്ങളാണ് ഇതൊക്കെ അറിയാന്‍ നമ്മെ സഹായിക്കുന്നത്?”
ചോദ്യം തീരുന്നതിനു മുമ്പെ മിടുക്കനായ ഒരു കുട്ടി പറഞ്ഞു.
”കണ്ണുകൊണ്ടു നാം കാണുന്നു.”
”ശരി.”
ആശാന്‍ സമ്മതിച്ചു. അതുകേട്ടപ്പോള്‍ പലരും എഴുന്നേറ്റു വിളിച്ചുപറഞ്ഞു.
”ചെവികൊണ്ടു കേള്‍ക്കുന്നു.”
”നാക്കുകൊണ്ട് രുചിക്കുന്നു.”
”മൂക്കുകൊണ്ട് മണക്കുന്നു.”
”തൊലികൊണ്ട് സ്പര്‍ശിച്ചറിയുന്നു.”
”ശരി.”
ആശാന്‍ എല്ലാവരെയും അഭിനന്ദിച്ചു. എന്നിട്ടു തുടര്‍ന്നുപറഞ്ഞു.
”കണ്ണ്, മൂക്ക്, നാക്ക്, ചെവി, തൊലി ഈ അഞ്ച് അവയവങ്ങളെയും ജ്ഞാനപഞ്ചേന്ദ്രിയം എന്നു പറയുന്നു. അറിവ് നമ്മളിലേക്ക് എത്തിക്കുന്ന ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം. കര്‍മ്മം ചെയ്യാനുള്ള അഞ്ച് അവയവങ്ങള്‍ കൂടി ശരീരത്തിലുണ്ട്. അവയെ കര്‍മ്മപഞ്ചേന്ദ്രിയങ്ങള്‍ എന്നുപറയുന്നു. ജിഹ്വ, പാണി, പാദം, പായു, ഉപസ്ഥം എന്നിവയാണ് അഞ്ച് കര്‍മ്മ പഞ്ചേന്ദ്രിയങ്ങള്‍. ജിഹ്വ എന്നാല്‍ നാവ്, നാവുകൊണ്ട് സംസാരിക്കുന്നു. നാവുകൂടി ഉള്‍ക്കൊള്ളുന്ന വായ കൊണ്ട് ഭക്ഷണം കഴിക്കുന്നു. പാണി എന്നാല്‍ കൈ. രണ്ടു കൈകള്‍കൊണ്ടും ജോലിചെയ്യുന്നു. പാദം കാലാണ്. കാലുകള്‍കൊണ്ട് നാം സഞ്ചരിക്കുന്നു. ഇനിയുള്ള രണ്ടവയവങ്ങള്‍ പായുവും ഉപസ്ഥവുമാണ്. പായു എന്നാല്‍ വിസര്‍ജ്ജനത്തിനുള്ള അവയവമായ ഗുദം ആണ്. ഉപസ്ഥം ജനനേന്ദ്രിയമാണ്. ഇത് വംശവര്‍ദ്ധനവിനുള്ളതാണ്. ഇതുതന്നെ വിസര്‍ജ്ജനത്തിനുള്ള അവയവമായും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.”
ആശാന്റെ വിശദീകരണം എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു മനസ്സിലാക്കി.
”മനുഷ്യന്‍ ജ്ഞാനപഞ്ചേന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയുന്നു. കര്‍മ്മപഞ്ചേന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സ്വയം അറിയാന്‍ ഇതൊന്നും പോരാതെവരുന്നു. അതിനെന്തു ചെയ്യണം?”
ചോദ്യം മനസ്സിലായവര്‍ ഉത്തരത്തെപ്പറ്റി ചിന്തിച്ചു. മനസ്സിലാവാത്തവര്‍ ആശാനെ നോക്കിയിരുന്നു.
”സ്വയം അറിയുക എന്നാല്‍ താനാരാണെന്ന് അറിയുക.. ആരാണ് നീ?”
ആശാന്‍ ഒരു കുട്ടിയുടെ നേരെ വിരല്‍ചൂണ്ടി ചോദിച്ചു.
”ഞാന്‍ കുമാരന്‍.”
അഭിമാനത്തോടുകൂടി ഉത്തരം പറഞ്ഞു. അതുകേട്ടപ്പോള്‍ കുട്ടികള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് സ്വന്തം പേര് വിളിച്ചുപറഞ്ഞു.
ചിരിച്ചുകൊണ്ട് നാണു ആശാന്‍ എല്ലാവരെയും സ്വസ്ഥാനത്തിരുത്തി ചോദിച്ചു.
”നിങ്ങള്‍ പേരു പറഞ്ഞു. ആ പേരാണോ നിങ്ങള്‍. അല്ല, അപ്പോള്‍ നിങ്ങളാരാണ്?”
വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ആരും ഉത്തരം പറഞ്ഞില്ല. ഉത്തരം ആശാന്‍ തന്നെ പറയട്ടെ എന്നവര്‍ തീരുമാനിച്ചു.
”ഞാന്‍ ആരാണെന്ന് സ്വയം തിരിച്ചറിയണം. ഞാന്‍ ഈ ശരീരമല്ല. എന്നിലുള്ള ജീവനുമല്ല. ഞാന്‍ ദൈവാംശമാണെന്ന ബോധമുണ്ടാവണം. ദൈവത്തിന്റെ എല്ലാ ഗുണങ്ങളും നന്മയും മേന്മയും എന്നിലുണ്ടോ എന്നറിയണം. മൂന്നുതരം ഗുണങ്ങളുണ്ട്. സത്ത്വഗുണം, രജോഗുണം, തമോഗുണം. ഗുണങ്ങളില്‍ ഏറ്റവും വിശിഷ്ടമായതാണ് സത്ത്വഗുണം. രജോഗുണവും തമോഗുണവും വര്‍ജ്ജിക്കുക. സത്ത്വഗുണത്തില്‍ നിന്ന് ആത്മജ്ഞാനം ലഭിക്കുന്നു. അത് ജീവിതത്തില്‍ സല്‍ക്കര്‍മ്മങ്ങളെ പോഷിപ്പിക്കുന്നു. ആത്മജ്ഞാനികള്‍ സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്നു.
ലോകത്തെ മുഴുവന്‍ അറിയാന്‍ ശ്രമിക്കുന്നതോടൊപ്പം സ്വയം അറിയാനും ശ്രമിക്കുക, തന്നിലെ ഗുണദോഷങ്ങളെ തിരിച്ചറിയുക, ഗുണങ്ങളെ വളര്‍ത്തുക, ദോഷങ്ങളെ ഒഴിവാക്കുക.”
ആശാന്‍ പറഞ്ഞുനിര്‍ത്തി. പള്ളിക്കൂടത്തിലെ ഓരോ വിദ്യാര്‍ത്ഥിയും തന്നിലെ നന്മയെയും തിന്മയെയും വേര്‍തിരിക്കുകയായിരുന്നു. സ്വയം അറിയാന്‍ ഇതുതന്നെ നല്ല മാര്‍ഗ്ഗം.

Author

102 Views
Scroll to top
Close
Browse Categories