വേടൻ പാട്ടിലാക്കിയ കേരളം :പ്രതിസംസ്കാരത്തിൻ്റെ പാട്ടുപാഠങ്ങൾ

“പാരു മുഴുവൻ
എതിരെയെങ്കിലും
പാട്ടുകൊണ്ടു ഞാൻ
പോരു നടത്തും “
എന്ന് ആത്മവിശ്വാസമുള്ള ഭയരഹിതനായ ആ ചെറുപ്പക്കാരനെ തളർത്താൻ പോയിട്ട് ഒന്നു തൊടാൻ അത്തരം ആരോപണങ്ങൾക്കോ അതുന്നയിച്ചവർക്കോ സാധിച്ചില്ല.

നാടുഭരിക്കാൻ അറിയില്ലെങ്കിൽ
ചകിരി പിരിക്കെടി ഗൗരിച്ചോത്തി “

ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാട് ഭരിക്കട്ടെ “

വിമോചന സമരകാലത്ത് ഗൗരിയമ്മയ്ക്കും ചാത്തൻ മാസ്റ്റർക്കു മെതിരേ ‘ ഉയർത്തപ്പെട്ട ജാതിവെറിയൻമുദ്രാവാക്യങ്ങളിൽ ചിലതാണ് മേലുദ്ധരിച്ചത്. സവർണ്ണ വലതുപക്ഷത്തിനും സംഘപരിവാറിനും ചരിത്രത്തിലും വർത്തമാനത്തിലും ഉണ്ടായ സമാനസ്വരം എത്ര കൗതുകകരമാണ് എന്നു തന്നെയല്ലേ “വേടന്റെ കൂട്ടർക്ക് ഒക്കെ പാടാൻ വേറേ പാട്ടൊക്കെ ഉണ്ടല്ലോ അതൊക്കെ പാടിയാൽ പോരേ ?”എന്നു ചോദിച്ച ശശികല ഓർമ്മിപ്പിക്കുന്നത്!

“തൊപ്പിപ്പാള ധരിപ്പിക്കും
പാളേൽകഞ്ഞി കുടിപ്പിക്കും
തമ്പ്രാൻ എന്ന് വിളിപ്പിക്കും” എന്ന് വിമോചന സമരകാലത്തിനും പതിറ്റാണ്ടുകൾക്കിപ്പുറത്തു നിന്നും പറയുന്ന തമ്പുരാൻ ധാർഷ്ട്യക്കാർ ഉള്ളതുകൊണ്ടുതന്നെയാണ്
“നീ തമ്പുരാനുമല്ല
ആണേലൊരു മൈരുമില്ല” എന്നവർക്കു നേരേ ഉയരുന്ന ശബ്ദത്തെ ശ്ലീലാശ്ലീലങ്ങളുടെയും ഭാഷാശുദ്ധി വാദക്കാരുടെയും വിലക്കും തീട്ടുരങ്ങളും ലംഘിച്ചും കേരളം സ്വീകരിച്ചത്.
ദേശത്തെ മണ്ണും വിഭവ ശേഷിയും മുഴുവൻ കോർപ്പറേറ്റ് കുത്തകകൾക്ക് വിൽക്കുകയും ഒപ്പം ദേശീയതയുടെ കാവലാളുകളാണ് തങ്ങളെന്ന് മേനി നടിക്കുകയും ചെയ്യുന്നവരെ

“കപടദേശവാദി
നാട്ടിൽ മത ജാതി വ്യാധി
തലവനില്ല ആധി
നാടു ചുറ്റിടാൻ നിന്റെ നികുതി “

എന്ന് തന്റെ ആദ്യ കവിതയായ വോയ്സ് ഓഫ് വോയ്സ് ലെസ്സിൽ അഞ്ചു വർഷം മുന്നേ എഴുതിയത് ഇന്നു കേട്ടു, കപടദേശവാദിയും മതജാതി വ്യാധി പരത്തുന്നവനും നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് നാടുചുറ്റുന്നവനുമായ ആ തലവൻ തങ്ങളുടെ നേതാവ് തന്നെയാണ് എന്ന് ഉറപ്പിച്ച് വേടനെതിരേ കേന്ദ്ര ഏജൻസിക്ക് പരാതിയുമായി ഇറങ്ങിത്തിരിച്ച പാലക്കാട് നഗരസഭ കൗൺസിലറും കേട്ടാൽഅറക്കുന്ന അസഭ്യവാക്കുകൾ ഉൾപ്പെടെ ആക്ഷേപിക്കാൻ ഉപയോഗിച്ച ശശികലയുംസംഘപരിവാറിന്റെ ലിഖിത ജിഹ്വയായ കേസരി പത്രത്തിന്റെ മുഖ്യപത്രാധിപർ എൻ ആർ . മധുവുംചാനൽ അഭിമുഖങ്ങളിൽ അടക്കംസംഘപരിവാർ വക്താക്കളായി വന്നിരുന്നവരും വേടനെ അധിക്ഷേപിക്കാൻ ഉപയോഗിച്ചത്
വിഘടനവാദി, ഭീകരവാദി ,ജിഹാദി, തുടങ്ങിയ അവരുടെ ട്രേഡ്‌മാർക്കു പതിഞ്ഞ പദാവലി തന്നെയായിരുന്നു. എന്നാൽ

“പാരു മുഴുവൻ
എതിരെ യെങ്കിലും
പാട്ടുകൊണ്ടു ഞാൻ
പോരു നടത്തും “
എന്നാത്മവിശ്വാസമുള്ള ഭയരഹിതനായ ആ ചെറുപ്പക്കാരനെ തളർത്താൻ പോയിട്ട് ഒന്നു തൊടാൻ അത്തരം ആരോപണങ്ങൾക്കോ അതുന്നയിച്ചവർക്കോ സാധിച്ചില്ല.
“ഒരു വേടൻ പോരിൽ ചത്താൽ
ആയിരം ആളായി വീണ്ടും പിറക്കും “
എന്ന് വേടന്റെ വരികൾ ഏറ്റുപാടിയ അനേകർ ആ വരികൾ ഞങ്ങൾക്ക് മന:പാഠമാണ് .അതിൽ നിങ്ങൾ പറയുന്ന ദേശവിരുദ്ധതയോ ഭീകരവാദമോ എവിടെ?. ഫാസിസ്റ്റ് വിരുദ്ധതയാണ് ഭീകരവാദമെന്ന് നിങ്ങൾ പറയുന്നതെങ്കിൽ ഞങ്ങളും ഭീകരവാദികൾ തന്നെ എന്ന് അത്തരം വാദങ്ങളെ ചെറുത്തു തോൽപ്പിച്ചപ്പോൾ കേന്ദ്രഅന്വേഷണഏജൻസി വരെ ഒന്നും എത്തിക്കേണ്ടി വന്നില്ല. ബിജെപി സംസ്ഥാന നേതൃത്വം തന്നെ വേടനെ തിരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നിലയിലേക്ക് എത്തി ! അപ്പോഴും അതിനെ ഒരു താൽക്കാലിക പിൻവാങ്ങലായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ. വേടൻ തന്റെ അക്ഷരങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന വാക്കിനെ ആയുധമാക്കി നടത്തുന്ന ഈ യുദ്ധം അതിർത്തിയിലെ അധിനിവേശത്തേക്കാൾ അവരെ അസ്വസ്ഥതപ്പെടുത്തുക തന്നെ ചെയ്യുന്നുണ്ട്.അതിനെ നേരിടേണ്ടത് എങ്ങനെയെന്നുള്ള ആഭ്യന്തരതയ്യാറെടുപ്പുകൾ അവർ അണിയറയിൽ തുടരുമെന്നതിന് സംശയമില്ല.
വേടനെതിരായി പരസ്യ യുദ്ധത്തിന് പോകേണ്ടതില്ല എന്ന് സംഘപരിവാറിന് ഇപ്പോൾ ഉണ്ടായ തിരിച്ചറിവ് ആദ്യമേ ഉണ്ടായി എന്നതാണ് ഇടതുപക്ഷത്തിന് രക്ഷയായത്. ജെഎൻയുവിലും എച്ച് സി.യു.വിലും ലാൽസലാമും നീൽസലാമും ചേർത്തു വിളിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദേശീയ നേതൃത്വത്തിൽനിന്നും അത്തരം ആവർത്തിച്ചുള്ള അനേകം മാതൃകകൾ ഉള്ളപ്പോഴും കേരളത്തിലെ ഇടതുപക്ഷം സ്വത്വരാഷ്ട്രീയത്തിന്റെ ഉപശാഖയായാണ് ഇക്കാലംവരെയും അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രത്തെ വിലയിരുത്തിയിരുന്നതും അതിനാൽ അങ്ങിനെ തന്നെ വേർതിരിച്ച് നിർത്തിയിരുന്നതും. ചരിത്രത്തിൽ ആദ്യമായിട്ടാണ്, തന്റേത് സർവ്വർക്കും സമത വിഭാവനം ചെയ്യുന്ന അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു നിൽക്കുന്ന ഒരു വ്യക്തിയെ ഉപാധിരഹിതമായി ചേർത്തുനിർത്തി ഒപ്പമുണ്ട് ഞങ്ങൾ എന്നു പറയാനുള്ള ആർജ്ജവം കേരളത്തിലെഇടതുപക്ഷ പ്രസ്ഥാനം കാണിച്ചത് , ആ ചേർത്തുപിടിക്കൽ വേടൻ എന്ന വ്യക്തിക്ക് എന്നതിനേക്കാൾ ഗുണം ചെയ്യുക കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനു തന്നെയാകും ; തീർച്ച !

Author

149 Views
Scroll to top
Close
Browse Categories