നേതൃപദവിയിൽ എത്തിച്ചത് കേരളകൗമുദി

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃപദവിയിൽ തന്നെ എത്തിച്ചത് കേരളകൗമുദിയാണെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻപറഞ്ഞു. കേരള കൗമുദിയുടെ 114-ാമത് വാർഷികാഘോഷവും എസ്.എൻ.ഡി.പിയോഗം , എസ്.എൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെ ആദരിക്കലുമായും ബന്ധപ്പെട്ട് ക്ളാസിക്ക് റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ ട്രസ്റ്റിലോ എസ്.എൻ.ഡി.പിയോഗത്തിലോ പാരമ്പര്യമായി പ്രവർത്തിച്ചുള്ള ശീലം എനിക്കുണ്ടായിരുന്നില്ല.രാഘവൻ വക്കീൽ എസ്.എൻ ട്രസ്റ്റി ലും എസ്.എൻ.ഡി.പിയോഗത്തിലും നിൽക്കുമ്പോൾ അദ്ദേഹത്തെ ജയിപ്പിക്കാൻ ഇലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി എന്നെ നിയോഗിക്കും. അങ്ങനെ പ്രവർത്തിച്ച ശീലമേയുള്ളൂ. ശിവഗിരിയിലുണ്ടായ പൊലീസ് നരനായാട്ടിന്റെ പേരിൽ അന്നത്തെ ഭരണസമിതിയെ മാറ്റണമെന്ന കേരളകൗമുദിയുടെ ദൃഢനിശ്ചയമാണ് എന്നെ യോഗനേതൃത്വത്തിലെത്തിച്ചത്. റെയിൽവേയുടെ കരാർ ജോലികളേറ്റെടുത്തുകൊണ്ടിരിക്കെ കൊങ്കൺ റെയിൽവേയുടെ പണി പൂർത്തിയാക്കിയതിന് പിന്നാലെ ഡൽഹി മെട്രോയിലേക്ക് പോയ ശ്രീധരൻസാർ അവിടേക്ക് ക്ഷണിച്ചപ്പോഴാണ് എറണാകുളത്ത് യോഗത്തിന്റെ ഇലക്ഷൻ. എതിരാളികളുടെ ദോഷംകൊണ്ട് ഞാൻ ജയിച്ചു. ബിരിയാണി വാങ്ങിക്കൊടുത്താണ് ജയിച്ചതെന്നായിരുന്നു പരാജയപ്പെട്ടവരുടെ പ്രചാരണം. സ്കൂൾ ഇലക്ഷനിൽ ജയിക്കുമ്പോൾ നാരങ്ങാ മിഠായി നൽകിയാണ് ജയിച്ചതെന്നും എതിരാളികൾ പറഞ്ഞിട്ടുണ്ട്. കരാർ പണിയ്‌ക്കൊപ്പം യോഗം ജനറൽസെക്രട്ടറിയുടെ ചുമതലകൾ കൂടി ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് മനസിലാക്കി കോൺട്രാക്ട് വർക്ക് ഉപേക്ഷിച്ചാണ് യോഗത്തിന്റെ ചുമതലകൾ നിർവഹിക്കാൻ ഇറങ്ങിതിരിച്ചത്. . സമുദായത്തിനെതിരായ എല്ലാ കേസിലും വിജയിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സാധാരണ പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ട സമയമാണെങ്കിൽ പോലും ഇന്നും ഞാൻ ഓടി നടക്കുകയാണ്. എവിടെ ആര് വിളിച്ചാലും അവിടെ ഞാൻ ഓടിയെത്തും. ചന്ദ്രനിൽ ജീവനുണ്ടെങ്കിൽ അവിടെ സംഘടിപ്പിച്ചാൽ അവിടെയുമെത്തും.
എസ്.എൻ.ഡി.പിയോഗം , എസ്.എൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ചടങ്ങിൽ പൊന്നാടയുംകിരീടവുമണിയിച്ച് ആദരിച്ചു. ഗവര്‍ണര്‍ക്ക് കേരള കൗമുദിയുടെ ഉപഹാരം കേരള കൗമുദി ജനറല്‍ മാനേജര്‍ ഷിറാസ് ജലാല്‍ സമര്‍പ്പിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പങ്കെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എസ്. സന്ദീപ് സ്വാഗതവും ന്യൂസ് എഡിറ്റര്‍ എം.പി. സുനില്‍ നന്ദിയും പറഞ്ഞു.






