ജാതി പറയുന്നത് അഭിമാനമാണ്

ഉദ്ഘാടനം ചെയ്യുന്നു.
ചാരുമൂട് (ആലപ്പുഴ) : ആത്മീയതയ്‌ക്കൊപ്പം ഭൗതിക വളര്‍ച്ചയും സമുദായത്തിന് അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചാരുംമൂട് യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഫീസിനോട് ചേര്‍ന്ന് ഗുരുനിത്യചൈതന്യയതി നഗറില്‍ സംഘടിപ്പിച്ച പ്രഥമ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായാംഗങ്ങളില്‍ ആത്മീയത നല്ലതു പോലെയുണ്ട്. എന്നാല്‍ ഭൗതികതയെ നാം മറന്നു. ആത്മീയതയില്‍ മുഴുകി ഭൗതിക വളര്‍ച്ചയില്‍ പിന്നാക്കം പോയപ്പോള്‍ മറ്റ് സമുദായങ്ങള്‍ ഭൗതികമായി വളര്‍ച്ച നേടി സമ്പന്നരായി. വിദ്യാഭ്യാസത്തിലും സമ്പത്തിലും അധികാരത്തിലുമെല്ലാം ഈഴവ സമുദായം പിന്നാക്കം പോയി. ഇതേപ്പറ്റി പറയുമ്പോള്‍ ജാതി പറയുന്നെന്നാണ് ആക്ഷേപം.
ജാതി പറയുന്നത് അഭിമാനമാണ്. ജാതിയുടെ പേരില്‍ ഡോ. പല്‍പ്പുവിന് തിരുവിതാംകൂറില്‍ ജോലി നിഷേധിക്കപ്പെട്ടതല്ലേ എസ്.എന്‍.ഡി.പി യോഗമുണ്ടാകാനുള്ള കാരണം. ജാതി വിവേചനം ചൂണ്ടിക്കാട്ടിയിട്ട് പോലും യോഗത്തിന് സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടോ. ?
അധികാരത്തിന്റെ കാര്യം പരിശോധിച്ചാല്‍ ഈഴവ സമുദായത്തിന് നിര്‍ണായക സ്ഥാനമുള്ള ആലപ്പുഴയില്‍ എത്ര സീറ്റാണ് ലഭിച്ചത്. ഇതര സമുദായങ്ങള്‍ അനര്‍ഹമായി ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുത്തപ്പോള്‍ വെട്ടിനിരത്തിയത് ഈഴവന്റെ ജനപ്രാതിനിധ്യമാണ്. ആത്മീയതയ്ക്ക് മുന്‍ഗണന നല്‍കിയതിന്റെ പേരില്‍ ഒരാളെ ആത്മീയതയില്‍ തളച്ചിടുകയാണ് ചെയ്തത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനുമാണ് ഗുരു ഉപദേശിച്ചത്. സംഘടിച്ച് നമ്മളെവിടെയെത്തിയെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കും. ഗുരു ദര്‍ശനത്തെപ്പറ്റി പറയുമ്പോള്‍ സന്യാസി ശ്രേഷ്ഠന്‍മാരുള്‍പ്പെടെ സംഘടനാ ദര്‍ശനത്തെപ്പറ്റിക്കൂടി പറയാന്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോടുകുളഞ്ഞി വിശ്വധര്‍മ്മ ആശ്രമമഠാധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഗോപന്‍ ആഞ്ഞിലിപ്ര ആമുഖ പ്രസംഗം നടത്തി. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ., വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വനിതാസംഘം യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന പ്രദീപ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വിഷ്ണു വി. എംപ്ലോയീസ്‌ഫോറം യൂണിയന്‍ ചെയര്‍മാന്‍ ഷിബു കൊട്ടയ്ക്കാട്ടുശേരി, പെന്‍ഷണേഴ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ മന്മഥന്‍ ടി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി, ഭാമിനി രവീന്ദ്രന്‍, മഹേഷ് വെട്ടിക്കോട്, ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു. വനിതാസംഘം ചെയര്‍പേഴ്‌സണ്‍ രേഖസുരേഷ് നന്ദി പറഞ്ഞു.






