ഇങ്ങനെ ഇരുന്നാല്‍ മതിയോ?
”അതെ. എന്റെ ശരീരത്തിലെ അവയവങ്ങള്‍. നിങ്ങളുടെ ശരീരത്തിലും ഇതുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ശരീരത്തിന് ശരിയായ പ്രവര്‍ ത്തനമില്ല. ശരീരമാണ് നമ്മുടെ സമൂഹം എന്നു കരുതുക. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ജാതിയും ഗോത്രവും. ഓരോ അവയവത്തിനും ഓരോ ജോലി നിര്‍വ്വഹിക്കാനുണ്ട്. അതുപോലെ ഓരോ ജാതിയും ഓരോരോ ജോലി നിര്‍വ്വഹിക്കുന്നു. അപ്പോള്‍ സമുദായത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നു. സുഖമുണ്ടാകുന്നു. ഏതെങ്കിലും ഒരവയവത്തെ മാറ്റിനിര്‍ത്താനോ വേണ്ടെന്നു വെക്കാനോ പറ്റുമോ?”

വയല്‍വാരം വീട്ടില്‍ കല്യാണക്കാര്യമാണ് എല്ലാവരും പരസ്പരം സംസാരിക്കുന്നത്. എന്നാല്‍ കല്യാണത്തില്‍ വരനാവേണ്ട നാണു മാത്രം അക്കാര്യത്തില്‍ ഒരു താല്പര്യവുമില്ലാതെ നടക്കുന്നു.
നാണു ഭക്തന്‍ എന്ന പഴയ പേരു മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും നാണു ആശാനാണ്. ചെമ്പഴന്തിയിലും അഞ്ചുതെങ്ങിലും പള്ളിക്കൂടത്തില്‍ കുട്ടികളെ പഠിപ്പിച്ചിരുന്നതുകൊണ്ട് എല്ലാവരും നാണു ആശാനെന്നേ വിളിക്കുന്നുള്ളു. കല്യാണത്തിനുള്ള പ്രായവുമായി. ഇനി വെച്ചു താമസിപ്പിക്കേണ്ട.
ഭസ്മം പൂശലും ധ്യാനവും ജപവും ഉപവാസവും വ്രതവുമായി നടക്കുന്ന മകന്റെ മനസ്സിലെന്താണെന്നറിയാന്‍ മാടനാശാന്‍ തീരുമാനിച്ചു. വിവാഹക്കാര്യം നേരിട്ടു ചോദിക്കേണ്ട. അക്കാര്യം ഈഴവരുടെ ക്ഷുരകനായ വാത്തിയെ ഏല്പിക്കാം. വാത്തി നാണുവുമായി നല്ല ബന്ധമുള്ളവനാണ്.
മുടിവെട്ടുന്നതിനും താടിയെടുക്കുന്നതിനുമായി വാത്തി വീടുകള്‍ തോറും നടന്നുചെല്ലുന്നതിനാല്‍ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞറിയിക്കുന്ന ജോലി കൂട്ടത്തില്‍ നടക്കും.
അഞ്ചുതെങ്ങില്‍നിന്നും ചെമ്പഴന്തിയില്‍ എത്തിയ ഒരുദിവസം നാണു ആശാന്റെ മുടി വടിക്കാന്‍ വാത്തി വന്നു. വിവാഹക്കാര്യം പറയാനും ചോദിക്കാനും പറ്റിയ സമയം. വാത്തി മുടിയെടുത്തുകൊണ്ടിരുന്നപ്പോള്‍ ഭവ്യതയോടെ ചോദിച്ചു.
”ഞാനൊരു കാര്യം പറഞ്ഞോട്ടെ.”
”എന്താ കാര്യം? പറഞ്ഞാട്ടെ.”
നാണു ആശാന്‍ സമ്മതം നല്‍കി. ഇനി കാര്യം പറയാം. അല്പം കളിയായും അല്പം കാര്യമായും വാത്തി വീണ്ടും ചോദിച്ചു.
”ആശാന്‍ എന്നും ഇങ്ങനെ ഇരുന്നാല്‍ മതിയോ?”
”മുടി എടുക്കാന്‍ പിന്നെ എങ്ങനെ ഇരിക്കണമെന്നാണ് പണിക്കര്‍ പറയുന്നത്?”
നാണു ആശാന്റെ മറുപടി കേട്ടപ്പോള്‍ വാത്തി പണിക്കര്‍ ചിരിച്ചുപോയി. തുടര്‍ന്നു പറഞ്ഞു.
”ഞാനതല്ല പറഞ്ഞത്. വേറെ ഒരു കാര്യമാണ്.”
”കാര്യം എന്തെന്നു പറഞ്ഞില്ല. എന്റെ ഇരിപ്പിനെപ്പറ്റിയല്ലേ ഇപ്പോള്‍ പറഞ്ഞത്?”
നാണു ആശാന്‍ ഒന്നും മനസ്സിലായില്ലെന്ന ഭാവത്തില്‍ പറഞ്ഞു. എങ്കില്‍ ഇനി കാര്യം നേരെ പറയുക തന്നെ. വാത്തി അല്പം ശങ്കയോടും നാണത്തോടും കൂടി വിഷയം അവതരിപ്പിച്ചു.
”കല്യാണം കഴിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്.”
”പണിക്കര്‍ക്ക് ഭാര്യയും മക്കളുമുള്ളപ്പോള്‍ ഇനി വേറെയും ഒരു കല്യാണം വേണോ?”
നാണു ആശാന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു. അതു കേട്ടപ്പോള്‍ വാത്തി കാര്യം നേരെ പറഞ്ഞു.
”അല്ലല്ല. ആശാന്‍ കല്യാണം കഴിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്.”
വിഷയം ഭംഗിയായി അവതരിപ്പിച്ചുകഴിഞ്ഞു. ഇനി അനുകൂലമായ ഒരു മറുപടി കിട്ടിയാല്‍ മതി. വാത്തി കാത്തിരുന്നു. അപ്പോള്‍ അല്പം ഗൗരവത്തില്‍ ഒരു ചോദ്യമുണ്ടായി.
”എന്റെ കല്യാണക്കാര്യം പണിക്കനാണോ പറയുക?”
”അതല്ല. കല്യാണം വേണമെന്നു തോന്നിയാല്‍ കാരണവന്മാരോട് നേരെ നിന്നു പറയുവാന്‍ ശങ്കയുണ്ടാകും. അപ്പോള്‍ ഒരു മൂന്നാമന്‍ ഇടക്കുനിന്നു പറയുന്നതാണ് നല്ലത്.”
”കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ എനിക്കിപ്പോള്‍ സമയമില്ല.”
നാണു ആശാന്‍ അല്പം ഗൗരവത്തില്‍ പറഞ്ഞു. എന്നാല്‍ വാത്തി പണിക്കര്‍ക്ക് വിട്ടൊഴിയാന്‍ മനസ്സില്ല. അയാള്‍ പതുക്കെ അറിയിച്ചു.
”കുട്ടിയമ്മയെ സഹായിക്കാന്‍ വീട്ടില്‍ ആരും ഇല്ല. ആശാന്റെ സമ്മ തം അറിയണമെന്ന് മാടനാശാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?”
വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് വാത്തി ചോദിച്ചതെന്ന് മനസ്സിലായി. ഇനി ഒരു വ്യക്തമായ മറുപടി വേണം. നാണു ആശാന്‍ തീരുമാനിച്ചു.
വാത്തി പണിക്കര്‍ അടുത്ത വാചകം പറയുന്നതിനെപ്പറ്റി ചിന്തിച്ചു. കല്യാണപ്പെണ്ണിനെപ്പറ്റിയാകാം ചോദ്യം എന്നു കരുതി. എന്നാല്‍ വാത്തി എന്തെങ്കിലും പറയുന്നതിനു മുമ്പെ ഉറച്ച തീരുമാനം അറിയിച്ചു.
”ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ മതി.”
നാണു ആശാന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. മുടി വടിച്ചു കഴിഞ്ഞു. ഇനിയും ഇരുത്തി ഒന്നു മിനുക്കിയെടുക്കണം. അപ്പോള്‍ കൂടുതല്‍ പറഞ്ഞു സമ്മതിപ്പിക്കാമെന്നാണ് കരുതിയത്. എന്നാല്‍ നാണു എഴുന്നേറ്റ് രോമം തട്ടിക്കുടഞ്ഞ് കുളക്കരയിലേക്ക് നടന്നു.
കഥ പകുതി പറഞ്ഞു നിര്‍ത്തിയതുപോലെയായി വാത്തി പണിക്കര്‍. മാടനാശാനോടും കുട്ടിയമ്മയോടും ഇനിയെന്തു പറയും?
ഇതായിരുന്നു അപ്പോള്‍ അയാളുടെ ചിന്ത.






