ചൂണ്ടുവിരല്‍
”എല്ലാവരും പറഞ്ഞതു ശരിയാണ്. ഇതുപോലെയാണ് ഒരു സത്യത്തെ പലരും പലതായി കാണുകയും പറയുകയും ചെയ്യുന്നത്. ഓരോരുത്തരുടെയും വീക്ഷണവും അനുഭവവും ഈ മറുപടിയില്‍ നിന്നും വ്യക്തമാണ്. മുകളിലേക്ക് എന്നു പറഞ്ഞത് ദിശയെ സൂചിപ്പിക്കുന്നു. ആകാശത്തിലേക്ക് എന്നുള്ളത് സ്ഥലസൂചനയാണ്. പള്ളിക്കൂടത്തിന്റെ മേല്‍പ്പുര ഒരു വസ്തുവാണ്. അപ്പോള്‍ അതു വസ്തുസൂചനയാണ്. ഈ ലോകത്തിലെ ഭിന്നാഭിപ്രായങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഒരു കാര്യത്തെ പലതായി കാണുന്നു എന്നതാണ്. ഇതു മാറണമെങ്കിലും ശരിയായ ബോധമുണരണമെങ്കിലും തത്ത്വജ്ഞാനമുണ്ടാകണം. അതിനു വിദ്യാഭ്യാസമുണ്ടാകണം.

അഞ്ചുതെങ്ങില്‍ വിദ്യാലയം നല്ല നിലയില്‍ നടക്കുന്നുണ്ട്. കാല ത്ത് കുട്ടികള്‍ വരും. അവരെ പഠിപ്പിച്ചു കഴിഞ്ഞാല്‍ വായനക്കും എഴുത്തിനും ധാരാളം സമയമുണ്ട്. അതുമാത്രം പോരെന്നു തോന്നി. പള്ളിക്കൂടത്തില്‍ എല്ലാ കുട്ടികളും വരുന്നില്ല.
അയിത്തജാതിക്കാരെന്നു പറഞ്ഞു മാറ്റിനിര്‍ത്തപ്പെട്ട സമുദായങ്ങളിലുള്ളവരുടെ മക്കള്‍ ആശാന്റെ മുന്നിലൂടെ നടന്നു കാലികളെയും തെളിച്ചുകൊണ്ടു പോകുന്നു. അല്ലെങ്കില്‍ വെറുതെ കളിച്ചുനടക്കുന്നു. അവരെക്കൂടി അക്ഷരം പഠിപ്പിക്കണം.
നാണു ആശാന്‍ കടയ്ക്കാവൂര്‍ മീരാംകടവിനടുത്ത് ഒരു പള്ളിക്കൂടം തുറന്നു. കുട്ടികളെ പഠിപ്പിച്ചു. അപ്പോഴും അയിത്തക്കാരാരും കുട്ടികളെ പള്ളിക്കൂടത്തിലേക്ക് അയച്ചില്ല. അങ്ങനെയുള്ള അവസരത്തില്‍ നാണു കുട്ടികളെ തേടി അവരുടെ അടുത്തു ചെന്നു.
ഇതു വലിയ പ്രശ്‌നമായി. ജാത്യാചാരങ്ങള്‍ ലംഘിച്ചാല്‍ സമുദായപ്രമാണിമാരുടെ ശിക്ഷ കിട്ടും. ദൈവശിക്ഷ വേറെയുമുണ്ട്. ആദ്യം വിശ്വാസം മാറണം. അതുകഴിഞ്ഞ് അയിത്തം ദുരാചാരമാണെന്നു തോന്നണം. ഒപ്പം വിദ്യാഭ്യാസത്തിലൂടെ പുതിയ കാഴ്ചപ്പാടുണ്ടാകണം. ഇതിനായിരുന്നു നാണുആശാന്റെ ശ്രമം.
ഒരേ വാസ്തവത്തെയാണ് പലതായി കാണുന്നത് എന്നു പഠിപ്പിക്കുകയാണ് വേണ്ടത്. നാണു ആശാന്‍ പഠിപ്പിക്കുമ്പോള്‍ ഓരോ വാക്കി നും പുതിയപുതിയ അര്‍ത്ഥങ്ങളുണ്ടാകുന്നു. അതു കുട്ടികള്‍ക്കും രസകരമായ അനുഭവമായിരുന്നു.
ഒരു ദിവസം നാണു ആശാന്‍ പള്ളിക്കൂടത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വലതുകൈയിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തി ചോദിച്ചു.
”ഇതെന്താണ്?”
”ചൂണ്ടു വിരല്‍.”
കുട്ടികള്‍ ഉത്തരം പറഞ്ഞു.
”ശരി.”
കുട്ടികളെ നോക്കി അഭിനന്ദനഭാവത്തോടെ വീണ്ടും ചോദിച്ചു.
”ഇതിപ്പോള്‍ എങ്ങോട്ടാണ് ചൂണ്ടുന്നത്, അല്ലെങ്കില്‍ എന്തിനെയാ ണ് ചൂണ്ടിക്കാണിക്കുന്നത്?”
”മുകളിലേക്ക്.”
ഒരു കുട്ടി പറഞ്ഞു. അപ്പോള്‍ അതത്ര ശരിയായില്ല എന്നതുപോലെ മറ്റൊരാള്‍ പറഞ്ഞു.
”ആകാശത്തേക്ക്.”
ആകാശം വളരെ ദൂരെയാണ്. അതിനു നമ്മുടെ തലക്കു മുകളിലാണല്ലോ പള്ളിക്കൂടത്തിന്റെ മേല്‍പ്പുര. അതാണ് ശരിയായ ഉത്തരമെന്ന് തോന്നിയവന്‍ വിളിച്ചുപറഞ്ഞു.
”മേല്‍പ്പുര”
നാണു ആശാന്‍ ചിരിച്ചു എന്നിട്ടു സമ്മതമറിയിച്ചു.
”എല്ലാവരും പറഞ്ഞതു ശരിയാണ്. ഇതുപോലെയാണ് ഒരു സത്യത്തെ പലരും പലതായി കാണുകയും പറയുകയും ചെയ്യുന്നത്. ഓരോരുത്തരുടെയും വീക്ഷണവും അനുഭവവും ഈ മറുപടിയില്‍ നിന്നും വ്യക്തമാണ്. മുകളിലേക്ക് എന്നു പറഞ്ഞത് ദിശയെ സൂചിപ്പിക്കുന്നു. ആകാശത്തിലേക്ക് എന്നുള്ളത് സ്ഥലസൂചനയാണ്. പള്ളിക്കൂടത്തിന്റെ മേല്‍പ്പുര ഒരു വസ്തുവാണ്. അപ്പോള്‍ അതു വസ്തുസൂചനയാണ്. ഈ ലോകത്തിലെ ഭിന്നാഭിപ്രായങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഒരു കാര്യത്തെ പലതായി കാണുന്നു എന്നതാണ്. ഇതു മാറണമെങ്കിലും ശരിയായ ബോധമുണരണമെങ്കിലും തത്ത്വജ്ഞാനമുണ്ടാകണം. അതിനു വിദ്യാഭ്യാസമുണ്ടാകണം.
നാണു ആശാന്റെ വാക്കുകള്‍ അമൃതബിന്ദുക്കള്‍ പോലെ ശിഷ്യരുടെ മനസ്സില്‍ നിറഞ്ഞു.