സംഘടിതരായാല്‍ ഈഴവര്‍ക്കും ലക്ഷ്മണരേഖ മറികടക്കാം.

മാവേലിക്കര: മുസ്ലീംലീഗ് എന്ന ഊന്നുവടി ഇല്ലാതെ കോണ്‍ഗ്രസിന് നിലനിൽക്കാൻ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മാവേലിക്കര, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തില്‍ ഈരേഴ പ്രീതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ ശാഖാ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ജയിക്കുമെന്ന് പറഞ്ഞാല്‍ തോല്‍ക്കുമെന്നും തോല്‍ക്കുമെന്ന് പറഞ്ഞാല്‍ ജയിക്കുമെന്നുമുള്ള നിലയില്‍ അപവാദം പറയുന്നുവരുണ്ട്. വി.എം. സുധീരനടക്കമുള്ളവരെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലേ. ജനിച്ചിട്ട് ഇന്ന് വരെ എസ്.എന്‍.ഡി.പിയോഗം ഓഫീസില്‍ സുധീരന്‍ വന്നിട്ടുണ്ടോ?. പാണക്കാട് പോയിട്ടുണ്ട്. ആദര്‍ശത്തിന്റെ കപടമുഖവുമായി നടക്കുന്ന കുലംകുത്തികളാണ് ഇക്കൂട്ടര്‍. പ്രതിപക്ഷനേതാവ് എന്ന മറ്റൊരു മഹാന്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്ന ഈഴവനെ ആ സ്ഥാനത്ത് നിന്ന് മാറ്റി. ഗുരുധര്‍മ്മത്തിന്റെ പേരില്‍ ഈഴവരെ ധര്‍മ്മക്കാരാക്കുകയാണ്. സംഘടിതമതശക്തികള്‍ സംഘടിത വോട്ട് ബാങ്കുകളാകുന്നു. ആലപ്പുഴയിലെ അരൂരിലും കുട്ടനാട്ടിലും ഈഴവര്‍ മത്സരിക്കേണ്ടതല്ലേ. പക്ഷേ, ക്രിസ്ത്യാനിക്കാണ് സീറ്റ് കൊടുത്തിരിക്കുന്നത്. സംഘടിതരായാല്‍ ഈഴവര്‍ക്കും ഈ ലക്ഷ്മണരേഖ മറികടക്കാം. വിരുന്നു വന്നവന്‍ വീട്ടുകാരനാകുകയും വീട്ടുകാരന്‍ വഴിയാധാരമാവുകയും ചെയ്ത സ്ഥിതിയാണിപ്പോള്‍. ഇല്ലായ്മയെ ചൂഷണം ചെയ്താണ് മതപരിവര്‍ത്തനമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്തെങ്കിലും സത്യം പറഞ്ഞു പോയാല്‍ പണി വരുന്ന കാലമാണ്. ചോദിക്കേണ്ടത് ചോദിക്കാനും ജാതിപറയേണ്ടിടത്തു പറയാനുമാണ് യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത്. മലപ്പുറത്ത് സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയ തന്നെ വര്‍ഗീയവാദിയാക്കി. കൊല്ലത്ത് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗുരുവിന്റെ ഫോട്ടോ പോലും കണ്ടിട്ടില്ലാത്ത ആളെ വി.സിയാക്കിയതിനെ എതിര്‍ത്തപ്പോള്‍ അതിനെ ചോദ്യം ചെയ്തത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അനീതിക്കെതിരെ താന്‍ മയ്യത്താകും വരെ പോരാടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മാവേലിക്കര യൂണിയന്‍ കണ്‍വീനറും ചാരുംമൂട് യൂണിയന്‍ ചെയര്‍മാനുമായ ഡോ. എ.വി. ആനന്ദരാജ് സ്വാഗതം പറഞ്ഞു.
യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. മാവേലിക്കര യൂണിയന്‍ ജോയിന്റ് കണ്‍വീനറും ചാരുംമൂട് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ഗോപന്‍ ആഞ്ഞിലിപ്ര, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, മാവേലിക്കര യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ രാജന്‍ ഡ്രീംസ്, മാവേലിക്കര അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ വിനുധര്‍മ്മരാജന്‍, സുരേഷ് പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ചാരുംമൂട്ടില്‍ നടക്കുന്ന പ്രഥമ ശ്രീനാരായണകണ്‍വെന്‍ഷന്റെ ലോഗോ പ്രകാശനം വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ചാരുംമൂട് യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം നന്ദി പറഞ്ഞു.

Author

78 Views
Scroll to top
Close
Browse Categories