പെൺ കവികൾക്ക്സർവ്വനാശവും നേരുന്നു
പൊരുതുന്ന കവിത നിർമ്മിക്കാൻ നമ്മുടെ പെൺ കവികൾക്കാവില്ല.ഒരു മാധവിക്കുട്ടിയിലും റോസ്മേരിയിലുമൊക്കെ അത് അസ്തമിക്കുകയാണ്. മലയാളത്തിന്റെ അവസാനത്തെ പെൺകവി വിജയലക്ഷ്മിയാണ്.ആഫ്രിക്കയിലെ രാഷ്ട്രീയം പറയുന്ന എഴുത്തുകാരികൾ കടുത്ത സെൻസർഷിപ്പിനെ നേരിടുന്നു. ഇവിടെ പെൺ കവിതയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയാൽ കവിതയിൽ പിന്നെ ഒന്നുമുണ്ടാവില്ല. ആകെയുള്ളത് എല്ലാവർക്കും അറിയാവുന്ന അനാട്ടമിയുടെ കയങ്ങൾ മാത്രമാണല്ലോ. നമ്മുടെ പെൺകവികൾക്ക് ഭാഷയും ഭാവനയുമൊന്നുമല്ല കവിതയിലെ ആർഭാടപദാർത്ഥങ്ങൾ. മറിച്ച് അതവരുടെ അനാട്ടമി മാത്രമാണ്.

വിനിമയത്തിന്റെ സമ്പന്നതയും ജീവിതജ്ഞാനവുമില്ലാത്ത ഒരേയൊരു കലാരൂപം പെൺകവിതയാണ്. എന്തിനുവേണ്ടി എഴുതുന്നു എന്ന ചോദ്യത്തിന് ‘ആത്മസംതൃപ്തിക്ക് വേണ്ടി’ എന്നൊരുത്തരം പണ്ടുണ്ടായിരുന്നു. സ്വന്തം അന്ത:കരണത്തിന്റെ സുഖത്തിനു വേണ്ടി എന്നൊരു സൗന്ദര്യശിക്ഷണശാസ്ത്ര ചർച്ച അതിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരുന്നു. ഇത് ശരിക്കും കവിത എന്ന കലാരൂപത്തെ അതാക്കി തീർക്കുന്ന മൂലാനുഭൂതിയായിരുന്നു. ഇത് നഷ്ടമാകുന്നത് കൊണ്ടാണ് നമ്മുടെ പെൺകവിതകൾ ന്യൂസ് റീൽ സ്ക്രിപ്റ്റുകളായി മാറുന്നത്. പുതിയ വാർത്താകഥകളുടെ സ്വഭാവം തന്നെ തുറന്ന ലൈംഗികതയുടെയും ലൈംഗിക അരാജകത്വങ്ങളുടെയുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ പെൺകവികൾ അതിശയോക്തി നിറഞ്ഞ ലൈംഗികതയാണ് ആവിഷ്കരിക്കുന്നത്. ഇതിനെ പുരോഗമനക്കാർ വർത്തമാനകാലത്തിന്റെ വസ്തുനിഷ്ഠത എന്നു പറഞ്ഞ് എടുത്തുയർത്തും. പക്ഷേ അതിലെ ലൈംഗിക അതിശയോക്തികൾ കാവ്യകലയെ സൗന്ദര്യപരമായ റിയലിസത്തിൽ നിന്നും അകറ്റി നിർത്തും. പൊരുതുന്ന കവിത നിർമ്മിക്കാൻ നമ്മുടെ പെൺ കവികൾക്കാവില്ല.ഒരു മാധവിക്കുട്ടിയിലും റോസ്മേരിയിലുമൊക്കെ അത് അസ്തമിക്കുകയാണ്. മലയാളത്തിന്റെ അവസാനത്തെ പെൺകവി വിജയലക്ഷ്മിയാണ്.ആഫ്രിക്കയിലെ രാഷ്ട്രീയം പറയുന്ന എഴുത്തുകാരികൾ കടുത്ത സെൻസർഷിപ്പിനെ നേരിടുന്നു. ഇവിടെ പെൺ കവിതയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയാൽ കവിതയിൽ പിന്നെ ഒന്നുമുണ്ടാവില്ല. ആകെയുള്ളത് എല്ലാവർക്കും അറിയാവുന്ന അനാട്ടമിയുടെ കയങ്ങൾ മാത്രമാണല്ലോ. നമ്മുടെ പെൺകവികൾക്ക് ഭാഷയും ഭാവനയുമൊന്നുമല്ല കവിതയിലെ ആർഭാടപദാർത്ഥങ്ങൾ. മറിച്ച് അതവരുടെ അനാട്ടമി മാത്രമാണ്. ഇത്തരം ആന്തരിക – ബാഹ്യ വൈരുദ്ധ്യങ്ങളുടെ ഐക്യമല്ല പക്ഷേ വിദേശ പെൺകവിത.The Air Year എഴുതിയ കരോലിൻ ബേഡ് പൊതുബോധം നിന്ദ്യമായി കരുതിയിരുന്ന ആശയങ്ങളെയും കാഴ്ചപ്പാടുകളെയും സ്വീകാര്യമാക്കിത്തീർക്കാനുള്ള ഒരു മാനസിക പ്രക്രിയ (menticide)അവിടത്തെ സാംസ്കാരിക അബോധത്തിൽ പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. നതാലി ഡയസ് ‘Blood Light ‘ എന്ന കവിത എഴുതിയത് ചുമന്നു മാറ്റാൻ കഴിയാത്ത അനാട്ടമിയെ കുറിച്ച് പറയാനല്ല മറിച്ച് മനുഷ്യബന്ധത്തിന്റെ ഉള്ളില്ലായ്മയെ കുറിച്ച് പറയാനാണ്. നിന മിങ്ങ്യ പൗൾസ് കാവ്യഘടന കൊണ്ട് പ്രമേയം കൊണ്ടും കവിതയുടെ കലയിൽ വൻ അഴിച്ചു പണി നടത്തിയതിന്റെ തെളിവാണ്’ conversational Chinese ‘ എന്ന കവിത. ഇവിടെ കവിത പൂരിപ്പിക്കാനുള്ള ഉത്തരവാദിത്വം വായനക്കാരനെ ഭാരമേൽപ്പിക്കുകയാണ്. ഈ കവിതയുടെ ഒടുവിൽ ഒരു ഉത്തര സൂചിക കൊടുത്തിട്ടുണ്ട്. മിങ്ങ്യ പൗൾസ് ന് കവിത ഒരു സാങ്കേതിക വിജ്ഞാന ഗ്രന്ഥമാണ്. ഇത്തരം പരീക്ഷണങ്ങളിൽ വ്യാപരിക്കുന്നവരാണ് വിക്കി ഫീവർ, പാസ്കേൽ പെടിറ്റ്, എല്ലാ ഫ്രർസ്, റേചർ ലോങ്ങ്, ഫിയോണ ബെൻസൺ തുടങ്ങിയ ലോക പെൺകവികൾ. പക്ഷേ നമ്മുടെ പെൺകവികൾക്ക് ഇന്നും കവിത ചൂടുള്ള ശരീര വാർത്തകൾ മാത്രമാണ്.

കഥാകാരിയുടെ
കവിത
കള്ളചരിത്രത്തോട് ധിക്കാരമായി പെരുമാറുന്ന എഴുത്തുകാരികൾ നമുക്കില്ല. നിരാശ്രയത്തിന്റെ വിദ്യുത്പ്രവാഹങ്ങളിൽ അവൾ ചിരിച്ചും കരഞ്ഞും നിർമ്മിക്കുന്നത് വ്യാജ ആന്തരികതയുടെ അനന്തൻ കാടുകളാണ്. പെണ്ണെഴുത്തിന്റെ പൊതുസ്വഭാവം തന്നെ ഒരു ഏകവർണ്ണ ചിത്രരചനയോട് അടുത്തുനിൽക്കുന്നതാണ്. അവർ മാരകമായ സ്ത്രീ /പുരുഷ സുഗന്ധത്തെ ആഖ്യാനപ്പെടുത്താൻ പല മീഡിയങ്ങളിൽ മാറി മാറി പാർക്കും. അതിനവർ വിനിയോഗിക്കുന്ന ഭാഷയിൽ പ്രമേയ പ്രത്യക്ഷത കാണില്ല. പ്രമേയഛായ കൊണ്ട് കഥയിലും കവിതയിലും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ചില എഴുത്തുകാരികൾ നമുക്കുണ്ട്. അവരുടെ കവിതയും കഥയുമെല്ലാം ജീവിതരഹിതവും വിഷയ രഹിതവുമാണ്. പ്രമേയത്തിന്റെ അതാര്യത സർഗാത്മകമായ ദുർഗ്രഹതയാണെന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്ത എഴുത്തുകാരികൾ ഫിക്ഷനിസ്റ്റും കവിയും ആയിരുന്ന മാധവിക്കുട്ടിയെ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്. ലൈംഗികതോരണങ്ങളില്ലാതെ മാധവിക്കുട്ടി എഴുതിയ വരികൾ ഉദ്ധരിക്കാം:

ഞാൻ മരിച്ചാൽ
മാംസവും എല്ലും വലിച്ചെറിയരുത്.
അത് കൂട്ടി വയ്ക്കുക.
അതിന്റെ ഗന്ധം നിങ്ങളോട് പറയട്ടെ,
ഈ ഭൂമിയിൽ ജീവിതത്തിന്റെ വില എന്തായിരുന്നു എന്ന്. ഒടുവിൽ പ്രണയത്തിന്റെ വിലയും എന്തായിരുന്നുവെന്ന്
– മാധവിക്കുട്ടി
ഇത് കലയുടെ സ്തംഭനമല്ല.ഇത് ക്രിയോൻമുഖമായ ഒരു മാനസികാവസ്ഥയാണ്. ഈ വാസ്തവികതയ്ക്ക് ഭ്രാന്തിന്റെ സൗന്ദര്യമാണുള്ളത്. വേണമെങ്കിൽ ലൈംഗിക തോരണങ്ങളിൽ തൂക്കിയിടാവുന്ന ഒരു ശരീര രാഷ്ട്രീയത്തെയാണ് മിസ്റ്റിക് വിനിമയ മാർഗത്തിലൂടെ മാധവിക്കുട്ടി കോർത്തെടുത്തത്.
സ്വിസ് – ജർമ്മൻ കവിയും കഥാകാരിയും നോവലിസ്റ്റും ആയ റെജി ക്ലെയർ ആദ്യമായി എഴുതിയ ‘ (Un) certainties ‘ എന്ന കവിത ഒരു തിരക്കാവ്യമാണ്. സ്വന്തം സഹോദരിയുടെ വേർപാടിനെക്കുറിച്ചും മറ്റും വിവരിക്കുന്ന ഈ കാവ്യം തിരക്കഥാരൂപത്തിലാണ് എഴുതിയിരിക്കുന്നത്. അതിൽ നിറയെ ചോദ്യങ്ങൾ ഉണ്ട്. ‘കാറ്റിൽ പറക്കുന്ന ജലാശയം ‘ എന്നൊക്കെ ഭാവന ചെയ്യാൻ നമ്മുടെ എഴുത്തുകാരികൾക്കാവുമോ? നമ്മുടെ എഴുത്തുകാരികൾ കഥയിൽ പോലും ദുർബലമായ ഭാവനകളാണ് വിനിയോഗിക്കുന്നത്. അത്തരത്തിലുള്ള ചില എഴുത്തുകാരികൾ കാവ്യ ശാസ്ത്രത്തിന്റെ വ്യക്തമായ അർത്ഥപ്രകാശന ശൈലിയെ ഗ്രഹിക്കാതെ കവിതയുടെ ഉമ്മറത്തേക്ക് കടന്നതിന്റെ ദുർവിധി കൂടി പകർന്നുകാട്ടാം.
ഞാനും നീയും
പരസ്പരം ചില്ലകൾ ഉണ്ടാക്കി
പരസ്പരം ചിറകുകൾ ഒതുക്കി,
ചുംബനങ്ങൾ കൊരുത്ത്
കാട്ടുവള്ളികളായി
വസന്തത്തെ പുണരുന്നവർ
ഒരു പൂമരം.
– ഉടൽ മരം/ആഷ് അഷിത
ഇടയ്ക്ക കൊട്ടാൻ വന്ന ചെക്കനോട് ഭഗവതിക്ക് അനുരാഗം തുടങ്ങിയത് ഉത്സവത്തിനാണ്. – ഭഗവതിയുടെ അനുരാഗ ദിനങ്ങൾ/ ശ്രീപാർവ്വതി
വെറും വാക്യശകലങ്ങൾ കൊണ്ട് പ്രണയത്തെ ആവിഷ്കരിക്കുന്ന ഈ രീതി മനസ്സിന്റെ നിർവിഷയകമായ അവസ്ഥയാണ്. ഇവിടെ പ്രണയത്തെ യുക്തിയിൽ അധിഷ്ഠിതമായ വിഷയ ബോധം കൊണ്ട് ട്രീറ്റ് ചെയ്യുന്നു. ഫിക്ഷനിലെ പൈങ്കിളിത്തരങ്ങൾ കവിതയിൽ ചെലവാകില്ലെന്ന് ആരിവർക്ക് പറഞ്ഞു കൊടുക്കും?
മലയാളകഥയിലെ സജീവസാന്നിദ്ധ്യങ്ങളായ ഷീബ ഇ. കെ എഴുതിയ ‘വാക്ക്’ എന്ന കവിതയും ഷാഹിന ഇ.കെ എഴുതിയ ‘നിത്യം’, ‘ കൃഷ്ണനീലം’ എന്നീ കവിതകളും പ്രമേയഛായകളിൽ ഒതുങ്ങി നിൽക്കുകയാണ്. ഇനി നിങ്ങൾ പറയൂ, ഇത്തരം കവികൾക്ക് എങ്ങനെ സർവ്വനാശം നേരാതിരിക്കും?

പെൺ കവിത
കാലഘട്ടത്തിന്റെ ആവശ്യവും നിർമ്മിതിയും അനുസരിച്ച് മാറിയും മറിഞ്ഞും ഇരിക്കുകയാണ് ചില പെൺകവികളുടെ പ്രതിച്ഛായകൾ. നമ്മുടെ പെൺകവികൾ ശരീരാഖ്യാനങ്ങളിൽ വ്യാപരിച്ചാൽ അവരുടെ സാഹിതീ പ്രതിരൂപം സ്വീകൃതമാക്കപ്പെടുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരിയെ ഏക ശിലാരൂപമായി മനസ്സിലാക്കാൻ പറ്റാത്ത വിധം തടസ്സങ്ങൾ തീർക്കാനേ നമ്മുടെ എഴുത്തുകാരികൾക്ക് ആവുന്നുള്ളൂ. ഒരുതരം നിഷ്കളങ്ക ജാലവിദ്യ എന്നോണം ശരീരാഖ്യാനങ്ങളിൽ മാത്രം അഭിരമിച്ച പെൺ കവികൾ കവിതയുടെ ചരിത്രത്തിൽ നിന്നും പുറത്തായി എന്ന വസ്തുത നമ്മുടെ അനാട്ടമി കുത്തകസംഘം ഓർക്കുന്നത് നല്ലതാണ്. സ്വന്തം നിലപാടുകളുടെ കര തെളിഞ്ഞു കാണും വിധമുള്ള സ്ത്രീനിർമ്മിത ഭാഷ തീർക്കാൻ കഴിയാതെ കവിതയിൽ നിന്നും പുറത്തായവരാണ് സംപ്രീതയും,ഷിംനയും,അരുന്ധതിയുമൊക്കെ. ഒരു പെൺകവിക്ക് അയാളുടെ മന:പുസ്തകം എത്രനാൾ ഇങ്ങനെ വായിക്കാൻ കൊടുക്കാനാകും ? അകത്ത് മനനത്താൽ അലക്കിയ ഒരു സ്വത്വമുണ്ടെങ്കിൽ അതിന് പിൻബലമണയ്ക്കേണ്ടത് സ്ത്രീ സൃഷ്ടിച്ചെടുക്കുന്ന ഭാഷ കൊണ്ടാണ്. കാവ്യഭാവനയുടെ പരിപൂർണ ഗഹനസഞ്ചാരത്തെ ഞെക്കിച്ചവിട്ടി ശ്വാസം കെടുത്തുന്ന ഈ സ്ത്രീ നിർമ്മിത ഭാഷ കലാത്മകമല്ല എന്നതിന്റെ തെളിവുകൾ നിരവധിയാണ്.
നീ എന്റേതാണ് !
കൈപിടിക്കുമ്പോൾ
നീ ആരായിരുന്നുവോ
അവിടെനിന്നും
ആ നിമിഷത്തിൽ നിന്നും
അതിന് പിറകിലെ നിമിഷങ്ങളിലേക്ക്
ഓർമ്മകൾ പിന്തിരിയുന്നു.
—കൂറും പ്രണയവും / സംപ്രീത
ഇപ്പോഴും
അവനെ കാണുമ്പോൾ
എന്റെ കൈകൾ നനയും
മുട്ടുകൾ വിറയ്ക്കും
മിഴികൾ പടപടാ മിടിക്കും
ചുറ്റും പാടയാൽ മൂടപ്പെടും
ശബ്ദങ്ങൾ
അകലെയാണെന്ന് തോന്നും — അവൻ /ഷിംന
‘പ്രേമം ‘എന്നെ കടിച്ചിട്ടില്ല,
ഒന്നു കുളിച്ചതാ
ഞാനെങ്ങനെയാ
ഇങ്ങനെ അലിഞ്ഞു പോയത്?
- സ്നാനം/ അരുന്ധതി. ബി
സ്വന്തം മാനസിക ജീവിതത്തിൽ സംവേദന പ്രമാണങ്ങൾ മറന്നുകൊണ്ടും അറിഞ്ഞുകൊണ്ടുമുള്ള ഒരു വ്യാജക്കളിയിൽ പങ്കെടുക്കുന്നത് കൊണ്ടും മാധവിക്കുട്ടിയെ വരികൾക്കിടയിൽ വായിക്കാത്തതു കൊണ്ടും ഭാഷയുടെ ശരീരത്തെ നഗ്നമാക്കിയും മെലിയിച്ചും ഒളിച്ചുകളിയിൽ രസിച്ചമരാനാണ് നമ്മുടെ പെൺ കവികൾ വായനക്കാരെ ക്ഷണിക്കുന്നത്. ആർക്കും പണിയാവുന്ന മീഡിയം എന്ന നിലയിലാണ് ഇതിനെ കാണുന്നത്.മീരാ ജാസ്മിൻ, കാവ്യാമാധവൻ,സരയുമോഹൻ തുടങ്ങിയ നടികളും കവിതയെ ചെപ്പും പന്തും കളിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഭാഷയും ധൈര്യവും ഒക്കെ സംഗമിക്കുന്ന,സ്ത്രീയുടേത് മാത്രമായ ഭാഷയിൽ അവതരിച്ച മാധവിക്കുട്ടിയുടെ രണ്ടു വരികൾ കൂടി ഉദ്ധരിക്കാം.
ഗുരുവായൂരിൽ ശ്രീകൃഷ്ണനില്ല,
എന്റെ കൂടെ ഇറങ്ങിപ്പോന്നു.
—മാധവിക്കുട്ടി
ഇത്തരം കാവ്യ ഇടപെടലുകളൊന്നും ഇനിയും മനസ്സിലായിട്ടില്ലാത്തവർക്ക് സർവ്വനാശം അല്ലാതെ മറ്റെന്ത് നേരും!
ഈയാഴ്ചയിലെ
പുസ്തകം
എന്റെ തിരഞ്ഞെടുത്ത കവിതകൾ /വിജില (മൈത്രി ബുക്സ്)
കേരളത്തിലെ കീഴാളരുടെ ജീവിതത്തോടുള്ള ആസക്തിയെ തെറ്റിദ്ധരിച്ചവരാണ് നാം. വായനക്കാരൻ എന്ന ലളിതമനസ്കന് തെറ്റിദ്ധരിക്കാൻ ധാരാളം പഴുതകൾ തുറന്നിട്ടിട്ട് കവിതയിൽ വ്യാപരിക്കുന്ന കവിയാണ് വിജില. ഈ കവി എഴുതുന്ന പല വരികളും ആത്മരോദന പ്രകാശനങ്ങളാണ്. സ്ത്രീക്ക് നിഷിദ്ധമായ പല ആശയങ്ങളും തോന്നലുകളും വിജില മനസ്സ് തുറന്നു വരഞ്ഞിടുന്നു. മാധവിക്കുട്ടി ‘കാലൊച്ചയിൽ ‘ ഇങ്ങനെ എഴുതിയിട്ടുണ്ട് – ‘ എന്റെ ഭാവന മത്തുപിടിച്ച ആനയെപ്പോലെ എവിടെയെല്ലാം ഓടി നടന്നു, എന്തെല്ലാം തകർത്തു വീഴ്ത്തി! ” ചില സത്യങ്ങളുടെ മൂടി തുറക്കാൻ വിജില എന്ന കവി ഉപയോഗിക്കുന്ന ഭാഷയെയും
ഇമേജറികളെയും തെരഞ്ഞു പോയാൽ നാം എത്തുക ഇന്നത്തെ തീവ്രദളിത് വാദഭാഷയുടെ അകകാമ്പിലേക്കല്ല, മറിച്ച് നാം ജീവിക്കുന്ന സോഷ്യോ – പൊളിറ്റിക്കൽ സാഹചര്യങ്ങളിലേക്കാണ്. അപാര ന്യൂനതകളുള്ള മലയാളിയുടെ ഒളിക്കലുകളെയാണ് ഈ കവി പുറത്തേക്ക് കൊണ്ട് പാർപ്പിക്കുന്നത്.നമ്മുടെ വ്യാജപരിസ്ഥിതി ബോധത്തെയാണ് ‘മഞ്ഞയക്ഷി’ എന്ന കവിത ചൂണ്ടിക്കാട്ടുന്നത്.
ജെ. സി. ബി
ഒരു മഞ്ഞ യക്ഷിയാണ്.
ഒരു മന്ത്രവാദിയുടെയും
ആണിക്ക് ശിലയാക്കാനാവാത്ത
ഉടലുമായവൾ
ഉയരങ്ങളിലേക്കാണ്.
– മഞ്ഞ യക്ഷി /വിജില
എന്നോ ഉണ്ടാക്കപ്പെട്ട അധികാരത്തിന്റെ ആൺ മൊഴികളെ ഈ കവി നിരാകരിക്കുന്നു. അവൾ അവളുടെതു മാത്രമായ ഒരു നിഘണ്ടു പുറത്തെടുക്കുന്നു. അതെന്തായാലും ഒരു ദളിത് നിഘണ്ടുവല്ല. സ്ത്രീ ജീവിതത്തിന്റെ സ്വകാര്യമേഖലയെ പരസ്യമാക്കാൻ ഉതകുന്ന പ്രതീകങ്ങളെയും ബിംബങ്ങളെയുമാണ് വിജില പ്രയോഗിക്കുന്നത്. അത് ആൺ ഭാഷയ്ക്കെതിരെയുള്ള പെണ്ണിന്റെ മുഷ്ടിയാണ്. ഈ കവി ആത്മാന്വേഷണത്തിന് സ്വയം സമർപ്പിച്ച് ബലി നൽകുന്ന വിചിത്രാനുഷ്ഠാനജാലവിദ്യ പല കവിതകളിലും പ്രകടിപ്പിക്കുന്നുണ്ട്.നമ്മുടെ ആൺ വായനകൾ വക്രതകൾ നിറഞ്ഞതായതിനാൽ അതിന്റെ ക്ലിഷ്ടതകളിൽ പെട്ട് അടഞ്ഞിരിക്കുകയാണ്. ഉപരിതലത്തിലേക്ക് ഉയർന്ന് ഈ കാവ്യകുമിള പൊട്ടാൻ ഇനിയും സമയമെടുത്തേക്കും. ഈ കവിയെ ദളിത് എന്ന് കമ്പാർട്ട്മെന്റലൈസ് ചെയ്ത് അവയിലെ ധ്വനികളെയോ രസസിദ്ധാന്തങ്ങളെയോ ഗൗനിക്കാൻ കൈരളീസഹൃദയരുടെ മനസ്സിനെ തുറക്കാത്ത മട്ടിലാക്കിയത് പോലും കമ്പാർട്ട്മെന്റലിസം ആണ്. ഇന്ന് പുരുഷഭാഷ ഒളിക്കലുകൾക്ക് പിന്നാലെ പോകുമ്പോൾ സ്ത്രീയെല്ലാ മറപൊത്തുകളെയും തുറന്നു പുറത്തു വരികയും രാഷ്ട്രീയമെഴുതുകയും ചെയ്യുന്നു. നാം ജീവിക്കുന്ന കാലത്തിന്റെ പൈശാചികത്വത്തെ പെരിപ്പിച്ചു കാട്ടാൻ നേർ വിപരീതമായ അതിലളിത ഭാഷയിലാണ് വിജില തന്റെ ആഖ്യാനം സാധ്യമാക്കുന്നത്.വിജില നീട്ടിയെറിയുന്ന ഈ സ്ത്രീ ഭാഷ അതതു കാലത്ത് വീണ് നവപ്രസക്തിയാർജ്ജിക്കുന്നതിൽ തർക്കമില്ല.ഈ കവിക്ക് എങ്ങനെ സർവനാശം നേരും ?

ഈയാഴ്ചയിലെ
ഇലസ് ട്രേഷൻ
നിലനിൽക്കുന്ന കലാഭാഷയിലെ ആൺ ഭാഷാ സങ്കേതങ്ങളെ തകിടം മറിച്ച് മറ്റൊന്ന് സൃഷ്ടിക്കാൻ നമ്മുടെ പെൺ ചിത്രഭാഷ ഇപ്പോൾ മുതിരുന്നത് കാണാം.അതിനുള്ള പ്രധാനകാരണം ഇന്ന് നാം കടന്നു പോകുന്ന ആശയറ്റതും ക്രമങ്ങൾ നശിച്ചതുമായ അസ്ഥിര ലോകത്തെ അവളുടെ ഭാഷയിൽ കുറച്ചെങ്കിലും വായിച്ചെടുക്കാനുള്ള ഇടർച്ചയുണ്ടാക്കാത്ത ടൂളുകൾ അവൾ കണ്ടെത്തിയെന്നതാണ്. ഒരു ചിത്രകാരി അവളുടെ രാഷ്ട്രീയ ജാഗ്രത പ്രകടിപ്പിക്കുന്നത് തെരുവിൽ ഇറങ്ങിയല്ല, മറിച്ച് നിറങ്ങളിലൂടെയാണ്. സ്ത്രീ സാന്നിധ്യത്തെ ഓർമ്മകളുടെ തുച്ഛമായ ഫോട്ടോഗ്രാഫിക് ലോകത്ത് നിന്നും ചാടിച്ചു കൊണ്ടുവന്ന് പുതിയ അർത്ഥം തുന്നിപ്പിടിപ്പിക്കുന്ന ചിത്രകാരിയാണ് സരിത എം എസ്. സ്ത്രീയെ ലിംഗാധികാര ജ്യാമിതികളിൽ നിന്നും മോചിപ്പിച്ചു കൊണ്ടുപോയി പ്രകൃതിയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ സരിത നടത്തുന്നുണ്ട്.സ്ത്രീ ശരീരാവസ്ഥകളുടെ സൂക്ഷ്മഗ്രാഹിത്വം ആർജിച്ചെടുക്കുന്ന ഒരാൾക്കെ ഇത്തരം ക്രമങ്ങളെ നിറങ്ങൾ കൊണ്ട് സാധിച്ചെടുക്കാനാവു. സരിതയുടെ നരവംശ ബോധത്തിന് പുറത്തല്ല പക്ഷെ പുരുഷൻ. മറിച്ച് സ്ത്രീകലാചരിത്രത്തിന്റെ ചരിത്രസാന്നിധ്യക്കുറവിനെ പരിഹരിക്കാൻ സരിത നടത്തുന്ന വിമോചന സ്ത്രീ പ്രത്യയശാസ്ത്ര ശ്രദ്ധയാണ് ഈ കലാകാരിയുടെ സ്ത്രീയാഖ്യാനങ്ങൾ. പ്രകൃതിയിൽ ലയിച്ചു നിൽക്കുന്ന വൃക്ഷത്തിന്റെ ഇലപ്പടർപ്പുകളിലേക്ക് മൂന്ന് പെൺമുഖങ്ങൾ ചേർത്തുവച്ചിട്ടുള്ള ഒരു ഇക്കോ പൊളിറ്റിക്കൽ സ്ത്രീയെ സരിത ഭാവന ചെയ്തിട്ടുണ്ട്. സരിതയുടെ “അമ്മയും കുഞ്ഞും” “മുഖമില്ലാത്ത സ്ത്രീ “, മുടിയെ വേരു പടർച്ചകളായി ചിത്രീകരിച്ചിട്ടുള്ള സ്ത്രീ രൂപം തുടങ്ങിയ ചിത്രങ്ങളൊക്കെയും സ്ത്രീയുടെ അനാട്ടമിക്കൽ പൊളിറ്റിക്സിനെ ആണ് ചിത്രീകരിക്കുന്നത്. നമ്മുടേത് ഒരു രോഗാതുര സമൂഹമാണെന്നും, അവിടെ സ്ത്രീയെന്നത് ഇന്നും ഒരു പ്രദർശന വസ്തുവാണെന്നും തിരിച്ചറിയുന്ന ഒരു കലാകാരി സ്ത്രീയെ പുതിയ ഇക്കോളജിയുടെ വാഹകയായി ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. സ്ത്രീയെ പ്രകൃതിയിലെ ഉൽപാദനക്ഷമരായി ചിത്രീകരിക്കാനാണ് സരിത ശ്രമിക്കുന്നത്. ഒരു കലാകാരി തന്റെ രക്തംപുരണ്ട യോനിയുടെ പ്രതീകാത്മകതയെ പ്രകൃതിയിലെ വിഭവങ്ങളിൽ കണ്ട് നിറം ചാലിക്കുന്നതിനെ പുരുഷ ധൈഷണികാധികാരത്തിനെതിരെയുള്ള കടും വെട്ടായി കണ്ട് പഠിക്കുകയാണ് വേണ്ടത്. നിറം കൊണ്ട് സാംസ്കാരിക സത്താ രൂപങ്ങളുടെ അഴിച്ചുപണി സാധ്യമാക്കാനാണ് സരിത സ്ത്രീയെ വീണ്ടും വീണ്ടും ഇങ്ങനെ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.
ഈയാഴ്ചയിലെ
അഫോറിസം
ഏറ്റവും മൃദുലവും
മിനുത്തതുമായ
തൊലികൊണ്ട് പൊതിഞ്ഞ
ഒരു പരുപരുത്ത രഹസ്യത്തിന്റെ,
നിഗൂഢതയുടെ
പേരാണ് സ്ത്രീ.






