കവിതയിലെ പുരുഷ വിലാപങ്ങൾ

ഭാവനയുടെ ഉൾഭാഗദൃശ്യങ്ങൾ ധാരാളമുള്ള സച്ചിദാനന്ദൻ പക്ഷേ പരാജയപ്പെട്ട ഫിക്ഷൻ നിർമാതാവാണ്. ഈ പരാജയത്തെ മറച്ചു പിടിക്കാൻ മാസങ്ങൾക്ക് മുമ്പ് തന്റെ കലാലയ ജീവിതത്തിൽ കഥാസമ്മാനം ലഭിച്ചതിന്റെ സാക്ഷ്യപത്ര രേഖകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കവിതയിലെ നോക്കധികാരം വെച്ച് കഥയിൽ പാർക്കാൻ വന്ന സച്ചിദാനന്ദന് ഫിക്ഷന്റെ ഭാഷ നേടാനാകാതെ പോയതിന്റെ നിരവധി സാക്ഷ്യങ്ങൾ നമുക്ക് മുമ്പിലുണ്ട്. സച്ചിദാനന്ദൻ എഴുതിയ കഥകളിൽ നിന്ന് ഭാവനയുടെ മൂടി മാറ്റിയാൽ പിന്നെ നമുക്ക് ലഭ്യമാകുക വാക്കുകളുടെ രജിസ്റ്റർ മാത്രമാണ്. ഇത് കഥയുടെ കലയിലെ കുറ്റകരമായ കൃത്യവിലോപമാണ്.കഥയുടെ അനുഭവത്തിലെ ഏറ്റവും മോശം പുല്ലിംഗമാണ് സച്ചിദാനന്ദൻ. കവി എന്നതിന് പോലും പദവി മൂല്യമില്ലായ്മ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന ഒരാൾ നടത്തുന്ന ഈ ഭാരം കുറഞ്ഞ ഭാവനാധിഷ്ഠിത വിലാപത്തെ കഥയെന്ന് എങ്ങനെ വിളിക്കും?

പുതിയ ന്യൂസ് റീൽ കവിതകൾ നേർപ്പകർപ്പുകളുടെ സാമ്പ്രദായിക കാവ്യഭാഷാ പാരമ്പര്യം തകർക്കുന്നതിനുള്ള ജാഗ്രതയാണെന്ന് പറയാൻ വരട്ടെ. പാരമ്പര്യാഭിരുചികളിൽ നിന്നും സർവ്വസ്വതന്ത്രമാകുന്ന തന്റെ ഫ്ളെക്സിബിളിസകാല പൊയറ്റിക് ഇമേജിനൊത്ത വണ്ണം ഉണ്ടായിട്ടുള്ള വാക്കുകളുടെ സ്റ്റുഡിയോയും സാമഗ്രികളും ഒക്കെയാണ് ഇപ്പോഴുണ്ടാകുന്ന കവിതയുടെ വ്യവഹാരത്തിൽ മുഖ്യം. പാരമ്പര്യം എന്ന അലസതയിൽ നിന്ന് ബലിഷ്ഠരായ കവികളുടെ പേനകൾ തലയറഞ്ഞ ഓട്ടം നടത്തുന്നത് പോലും വ്യത്യസ്തമായ നോട്ടങ്ങൾക്ക് വേണ്ടിയാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട്

നമ്മുടെ ആൺകവികൾ മുറിച്ചെടുത്ത ആൺതല കൊണ്ട് അലങ്കരിക്കുന്ന കട്ടൗട്ട് ഭാഷയിൽ പക്ഷേ പുതിയ മനുഷ്യ പെരുമാറ്റങ്ങളുടെ വിലാപത്തിന്റെ വെളിപ്പെടലാണുള്ളത്. കവിതയിൽ പുരുഷവിലാപം തീർക്കുന്നവർക്ക് അവ സ്വത്വവാദമായി തീരുന്നത് അനുഭവത്തിൽ നിന്നും ഭാഷ കൊണ്ടുള്ള പാലമിടാനാകുന്നത് കൊണ്ടാണ്. ഒരുപറ്റം ആൺ കവികൾ കൂട്ടായി സ്വരൂപിക്കുന്ന ഭാഷ കൊണ്ടാണ് കവിതയിലെ ഈ വിലാപങ്ങളത്രയും തീർത്തിരിക്കുന്നത്. പക്ഷേ കവികളുടെ വംശാവലിയിലെ ശില്പികളാകാൻ സുഷുമ്നകൾ അവയുടെ ജഡാവസ്ഥയിൽ നിന്ന് വൈകാരിക സങ്കടങ്ങളെ അറുത്ത് പുറത്തു വരേണ്ടതുണ്ട്. വേദന എന്ന ചിന്തയുടെ മൂളിപ്പറക്കുന്ന ആകൃതികളായി ഇനി കവികൾ തുടരുന്നതിൽ അർത്ഥമില്ല. വൈകാരികത ഇന്ന് ഒരു വസ്തുസദൃശ്യ പ്രതിനിധാനമാണ്. പലതരം രൂപമാതൃകകളുടെ വിപുലീകരണമായി ലോക കവിത മാറിക്കഴിഞ്ഞു. അതൊന്നും അറിയാത്തവരല്ല സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും കെ ജി ശങ്കരപ്പിള്ളയുമൊക്കെ. ഇവർക്ക് കവിത ഒരു പ്രാദേശിക ഗൃഹകാര്യം മാത്രമായി മാറി. പക്ഷേ വിദേശ കവിത എല്ലാത്തരം ഭാവുകത്വ പ്രശ്നങ്ങളെയും മറികടക്കുന്നുണ്ട്. After the Burial of Gypsy Matriarch എഴുതിയ ഡേവിഡ് മോർളിയും, ( David MorIey) Green Bee-Eater എഴുതിയ പാസ്കൽ പെറ്റിറ്റും (Pascal Petit )പുരുഷ വിലാപങ്ങൾക്കപ്പുറം കടന്ന ബൗദ്ധിക വ്യവഹാരമായി കവിതയെ മാറ്റി എടുത്തവരാണ്. വലിയ നെറ്റിയുള്ള വാക്കുകളെ ലോപിപ്പിച്ച് കവിതയിലേക്ക് കടത്തുകയും മറ്റൊരു അർത്ഥത്തെ ഘടിപ്പിച്ച് എടുക്കുകയും ചെയ്യുന്ന കവിയാണ് വിൽ ഹാരിസ് (will Harris ). ഹാരിസിന്റെ,’ my name is dai’എന്ന കവിതയിലെ ‘Dai’ എന്നത് ഡേവിഡ് എന്നതിന്റെ ചുരുക്കെഴുത്താണ്. സ്വന്തം ശരീരത്തിന് മതിയായ സേവനം നൽകാത്ത നമ്മുടെ ചില കവികളുടെ പുരുഷ വിലാപങ്ങളെ പരിഹരിക്കാൻ ഇത്തരം കവിതകളിലെ വാക്കുകളുടെ അസ്ഥി പൊട്ടൽ നമ്മളെ സഹായിച്ചേക്കാം.മലയാള കവിതയിലെ ഇപ്പോഴും തുടരുന്ന പുരുഷവിലാപങ്ങൾ പക്ഷേ ധ്വനിബന്ധങ്ങളുടെ വസ്തുതാപരമായ സൂക്ഷ്മതയല്ല.

സച്ചിദാനന്ദന്‍

കവിതയിലെ
പുരുഷ വിലാപങ്ങളും
ഫിക്ഷനും
എഴുത്തുകാരന്റേത് ഒരു വിഭജിത ജീവിതമാണ്. അവിടെ അപ്പോൾ വിഭജിത സ്വാതന്ത്ര്യവും കണ്ടേക്കാം. ധൈഷണികവും പരീക്ഷണാത്മകവുമായ മാസ്റ്ററി നേടാൻ അത്യന്തം പരിശ്രമിക്കുന്ന ചില കവികൾ വിഭജിതമായ ആ സ്വാതന്ത്ര്യത്തെ ഫിക്ഷന്റെ കലയിലേക്ക് ഒഴുക്കിവിടുന്നത് കാണാം. കാവ്യാധിപത്യ വിചാരത്തിലെ കഥാകാരൻ എന്ന ആശയത്തെ പക്ഷേ ഇണക്കാവുന്നതോ മെരുക്കാവുന്നതോ ആയ ഒരു ഭാഷ തീർക്കാൻ ചുരുക്കം ചിലർക്കേ സാധിക്കാറുള്ളൂ. അച്ചടിക്കാവുന്ന വാക്കുള്ളവരല്ല കവികളായ കഥാകാരന്മാരിൽ പലരും. റഫീക്ക് അഹമ്മദും ബിജോയ് ചന്ദ്രനും ഒക്കെ കഥയിൽ മ്ലാനമല്ലാത്ത ഭാഷ തീർത്തവരാണ്. ഭാവനയുടെ ഉൾഭാഗദൃശ്യങ്ങൾ ധാരാളമുള്ള സച്ചിദാനന്ദൻ പക്ഷേ പരാജയപ്പെട്ട ഫിക്ഷൻ നിർമാതാവാണ്. ഈ പരാജയത്തെ മറച്ചു പിടിക്കാൻ മാസങ്ങൾക്ക് മുമ്പ് തന്റെ കലാലയ ജീവിതത്തിൽ കഥാസമ്മാനം ലഭിച്ചതിന്റെ സാക്ഷ്യപത്ര രേഖകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കവിതയിലെ നോക്കധികാരം വെച്ച് കഥയിൽ പാർക്കാൻ വന്ന സച്ചിദാനന്ദന് ഫിക്ഷന്റെ ഭാഷ നേടാനാകാതെ പോയതിന്റെ നിരവധി സാക്ഷ്യങ്ങൾ നമുക്ക് മുമ്പിലുണ്ട്. സച്ചിദാനന്ദൻ എഴുതിയ കഥകളിൽ നിന്ന് ഭാവനയുടെ മൂടി മാറ്റിയാൽ പിന്നെ നമുക്ക് ലഭ്യമാകുക വാക്കുകളുടെ രജിസ്റ്റർ മാത്രമാണ്. ഇത് കഥയുടെ കലയിലെ കുറ്റകരമായ കൃത്യവിലോപമാണ്. ഭാഷയിലെ അടിസ്ഥാനപരമായ തിരിമറി ഇവിടെ കഥയല്ലാത്ത അവസ്ഥയുടെ തിരിച്ചിടൽ ആയി മാറുന്നു. കഥയാകാനുള്ള അർഹതയും ഭാരവും ഇല്ലാത്ത അത്തരം രചനകളെ അതിന്റെ എല്ലാ ഇനിമയും ഭാഷയും നഷ്ടപ്പെട്ട രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ചില കഥകളെ ചൂണ്ടിക്കാട്ടുക മാത്രം ചെയ്യാം. കാരണം ഇതും മലയാള കവിതയിലെ പുരുഷ വിലാപത്തിന്റെ നേർചിത്രമാണ്. സച്ചിദാനന്ദന് കഥാത്മകത്വ പൗരത്വം നിഷേധിക്കുന്നതാണ് ഓരോ കഥകളും. സച്ചിദാനന്ദൻ ഒരു പ്രത്യേക കടവിലിരുന്നു എപ്പിസ്റ്റമോളജിക്കൽ ആർട്ട് മാത്രം ഉപയോഗിച്ച് എഴുതിയ ലേഖനങ്ങളെ കഥ എന്ന് എങ്ങനെ വിളിക്കാനാകും? ‘ സാധാരണക്കാരൻ ‘ എന്നൊരു കഥ സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ് – ‘ എന്റെ പേര് സാധാരണക്കാരൻ, തൊലി,കണ്ണ്,മൂക്ക്,ചെവി, വായ,ഉടൽ എല്ലാം സാധാരണം. എനിക്ക് ജാതി, മതം,വർഗ്ഗം ഒന്നുമില്ല. ‘ൻ’ എന്ന് അവസാനിക്കുന്നത് കൊണ്ടാണെന്ന് ഊഹിക്കുന്നു. പെണ്ണും ആകാം, അപ്പോഴും വേറെ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാവില്ല. ഞാൻ പഠിച്ചത് ഒരു സാധാരണ സ്കൂളിലാണ് ‘. കവി കഥയിൽ തൊടുമ്പോൾ അയാൾ സർഗാത്മക പൗരത്വത്തിന്റെ കടവിന് പുറത്തേക്കാണ് നയിക്കപ്പെടുന്നത്. മനുഷ്യാവസ്ഥയുടെ അരികുകൾ ഉപയോഗിച്ച് ഭാവനയെ ലക്ചർ ചെയ്യാനേ സച്ചിദാനന്ദനാവുന്നുള്ളൂ. ‘രൂപാന്തരം’, ‘വില്ല നമ്പർ 90’, ‘ബഷീറിന്റെ ഫേസ്ബുക്ക്’, ‘ചോരയുടെ മണം’, ‘ജനിതകം’, ‘കത്തി’,’ ക്രിക്കറ്റ്’ തുടങ്ങി നിരവധി കഥകൾ സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്. കഥയുടെ അനുഭവത്തിലെ ഏറ്റവും മോശം പുല്ലിംഗമാണ് സച്ചിദാനന്ദൻ. കവി എന്നതിന് പോലും പദവി മൂല്യമില്ലായ്മ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന ഒരാൾ നടത്തുന്ന ഈ ഭാരം കുറഞ്ഞ ഭാവനാധിഷ്ഠിത വിലാപത്തെ കഥയെന്ന് എങ്ങനെ വിളിക്കും?

കവിതയിലെ പുരുഷ വിലാപങ്ങളും
കവികളും
പുതുകവിതയ്ക്ക് ഇരട്ട നാണക്കേട് എത്തിച്ചു നൽകുന്നത് കവികളുടെ പലതരം വിലാപങ്ങളാണ്. എഡിറ്റർമാരും പ്രസാധകരും അവാർഡ് സമിതികളും നിരൂപകരും തങ്ങളുടെ കവിതകളെ ശ്രദ്ധിക്കുന്നില്ലായെന്ന വിലാപമാണ് ആദ്യത്തേത്. വാക്കുകളെ പേപ്പറിന്റെ നിലമലങ്കാരത്തിന് മാത്രമായി വിനിയോഗിക്കുന്നവരെ കവി എന്ന് എങ്ങനെ സംബോധന ചെയ്യും ? ഭാഷയിൽ ഒരേ കാര്യത്തിന് പല പദങ്ങൾ വേണ്ടിയിരുന്നില്ല എന്ന് വാദിക്കുന്നവർ എങ്ങനെയാണ് കവിയാകുന്നത് ? കവിതയെ സൗന്ദര്യത്തിന്റെ തുണിയുടുപ്പിക്കാൻ ചില ശരികേടുകൾ അനിവാര്യമാണ്. ഒരു കവിയെ സർഗാത്മക പൗരത്വത്തിലേക്ക് സംക്രമപ്പെടുത്തുന്നത് ചില ശരികേടുകൾ തന്നെയാണ്. കവിതയിൽ വാക്കുകളെ അടുക്കിയെടുക്കൽ വെറുമൊരു ഡിക്ഷണറിയിലെ മ്യൂസിയം പ്രാക്ടീസായി കൊണ്ടുനടക്കുന്നവർക്ക് ആ വാക്കുകളിൽ കവിതയുടെ ആത്മാവിനെ ജീവിപ്പിച്ചെടുക്കാനാവില്ല. കവി ഡിക്ഷ്ണറി എന്ന ഗ്യാലറിയിലെ ക്യൂറേറ്റർ മാത്രമായാലും മതിയാകില്ല, മറിച്ച് പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന വാക്കുകളുടെ ഇൻസ്റ്റലേഷനെ അങ്ങേയറ്റം രാഷ്ട്രീയമാനം നൽകി അവതരിപ്പിക്കാനാകണം. ജൂലിയറ്റ് എന്ന ലഘു കവിത എഴുതിയ ഹിലയര്‍ ബെല്ലക്കും നിസാർ ക്വബാനി എഴുതിയ മൈക്രോ പ്രണയാഖ്യാനങ്ങളും അന്തോണിയോ പോർച്ചിയയുടെ ‘ശബ്ദങ്ങൾ’ എന്ന ഏകസമാഹാരത്തിലെ മൂന്നു വരിയാഖ്യാനങ്ങളും കവിതയുടെ രാഷ്ട്രീയത്തിന്റെ പ്രദർശനത്തെ പബ്ലിക്കായി തുറന്നുകൊടുക്കുന്നു. ഇവരുടെ വാക്കുകളിൽ അർത്ഥം അരക്ഷിതത്വബോധം അനുഭവിക്കുന്നില്ല. രാഷ്ട്രീയ വ്യവഹാരം കവിതയിൽ ഇറക്കുന്നതിന് പകരം നോട്ടത്തിൽ ചൂളുന്നവർക്ക് ചില കാവ്യസമാഹാരങ്ങൾ പരിചിതമാക്കുകയാണ് ഈ ലേഖകന്റെ ലക്ഷ്യം. ഭാവനയുടെയും വാക്കുകളുടെയും രാഷ്ട്രീയ പ്രതിരോധത്തിന്റെയും വിരുന്നുശാലയാക്കി കവിതയെ മാറ്റിയെടുക്കുന്നവരാണ് ശ്യാം സുധാകരും വിഷ്ണുപ്രസാദും. അവരുടെ വിലാപങ്ങൾ കലാസൃഷ്ടിയിൽ നെയ്തെടുക്കപ്പെട്ട മൗലികമായ സന്ദേശങ്ങളാണ്. അവർ ഒന്നും തന്നെ മേലോഡ്രാമ ചേർത്ത് മെനഞ്ഞെടുക്കുന്നില്ല. പലതരം നിപുണതയുടെ അഴിച്ചുപണികളിലൂടെ നിരന്തരമായും ക്രമരഹിതമായും വിന്യസിക്കുന്ന അത്തരം അമിത വളർച്ചകളെയാണ് ഇനി കവിത എന്ന് വിളിക്കേണ്ടത്.

എല്ലാ ‘റ’ കളും വരിക്ക് നിൽക്കുന്നു.
എല്ലാ റ കളുടെയും നടയിലൂടൊരു കാർ കടന്നുപോകുന്നു.
‘റ’കൾ അവയുടെ കാലുകൾ അകറ്റി വയ്ക്കുന്നു
ഒരു പാണ്ടി ലോറി കടന്നുപോകുന്നു

  • റാ /വിഷ്ണുപ്രസാദ്
    ( തെരഞ്ഞെടുത്ത കവിതകൾ,
    സാഹിത്യപ്രവർത്തകസഹകരണ സംഘം)

താഴെ ഇരപിടയുമ്പോൾ
മുകളിലിരുന്ന് മുക്കുവൻ സ്വപ്നം കാണുന്നു
മുഴുത്ത ഒരു മത്സ്യത്തെ.
രാഷ്ട്രം/ ശ്യാം സുധാകർ
( കടലിന്റെ കാവൽക്കാരൻ, ഡി.സി)
ഈ പുരുഷ വിലാപങ്ങൾക്ക് നല്ല പുതുക്കൻ കാലിക ഭാവനകളുണ്ട്.മാറ്റങ്ങളിൽ അഭിമാനിക്കുന്ന ഒരു ഭാഷയുണ്ട്. ഇത് കാവ്യകല യിലെ നീണ്ടുനിൽക്കുന്ന നൈപുണ്യമാണ്.

ഈയാഴ്ചയിലെ
പുസ്തകം
ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം /
സാബു കോട്ടുക്കൽ (ഡിസി ബുക്സ് )
അഴിഞ്ഞുപോകാൻ നിൽക്കുന്ന ഒരു ഭാഷയെ തിരിച്ചുചുറ്റി എടുക്കാൻ നമ്മുടെ പല കവികളും പരാജയപ്പെടുകയാണ്.അതിനിടയിൽ ചില കവികൾ കവിതയ്ക്കുള്ളിൽ കനത്ത ഭാവജീവിതത്തെ കയറ്റി അയക്കാറുണ്ട്. കഠിനാവസ്ഥയിലൂടെ മനുഷ്യത്വാതിർത്തികളിലേക്കുള്ള ഈ കടത്തിനെ നിബന്ധനകൾ ഉള്ള പണിയായി സ്വീകരിക്കാൻ കൂട്ടാക്കാത്ത ചില കവികൾ നമുക്കിടയിൽ മുളച്ചു പൊന്തുന്നതിനെ പക്ഷേ നാം ഗൗനിച്ചു കാണുന്നില്ല. കവിതയിൽ ഇച്ഛാശക്തിയാണ് തന്റെ ഇന്ധനം എന്ന് തിരിച്ചറിഞ്ഞ സാബു കോട്ടുക്കൽ എന്ന കവിയെ പക്ഷേ നാം ഗൗനിച്ചേ മതിയാവൂ.’സ്വന്തം ഉള്ള്’ എന്നൊരു കാവ്യച്ചുവയെ മുന്നോട്ടുവയ്ക്കാനാണ് ഇത്രയധികം വർഷം ഈ കവി കാത്തിരുന്നത്. കവിതയിൽ അനേകം ഹ്യൂമനിസ്റ്റ് വിചാരങ്ങളെ കോർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ കാവ്യ പുസ്തകത്തിൽ സാക്ഷാത്കരിക്കപ്പെടുന്നത്.മനുഷ്യനെന്ന പദാർത്ഥത്തിന്റെ ലീലയ്ക്കായി മാറ്റിവയ്ക്കപ്പെട്ട കടുത്ത വേർതിരിച്ചറിവുകളാണ് ഈ കാവ്യ പുസ്തകത്തെ ശ്രദ്ധിപ്പിക്കുന്നത്. സാധാരണ ഭാവനയുടെ ഉപയോഗം നിർണയിക്കാൻ ഭാഷയിൽ വേറെ ശക്തികൾ ഉള്ളതിനാൽ ഹൃദയത്തിന്റെ അധികാരത്തെ ഭാഷയിലേക്ക് കലർത്തുകയാണ് സാബു ചെയ്യുന്നത്. താൻ ജീവിക്കുന്ന കാലഘട്ടത്തിന്റെ എല്ലാത്തരം ഒരുക്കങ്ങളെയും മണത്തുനോക്കാൻ ഈ കവി വിനിയോഗിക്കുന്നത് വളർന്ന ഉള്ളിന്റെ വ്യാസത്തെയാണ്. മനുഷ്യൻ, യന്ത്രം, മൃഗം,ഉപകരണം എന്നീ അവസ്ഥകളുടെ പരിണാമങ്ങളിൽ വേഗം അകപ്പെട്ടു പോകുന്നതിനെയാണ് ഇതിലെ കവിതകൾ അഭിസംബോധന ചെയ്യുന്നത്.

മനുഷ്യരെപ്പോലെ ഇരിപ്പു ശീലിച്ച
വേറെ ജീവികൾ
ലോകത്തുണ്ടാവില്ല.
( ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം)

ലോകം ആരുടെ
ആവിഷ്കാരമാണെന്ന ചോദ്യം
ആരുടെ ആവിഷ്കാരമാണാവോ! ( ആവിഷ്കാരം)

വാലാകാത്തവർ
വെളിപ്പെടുന്നതേയില്ല.
വാൽ വെറും വാലല്ല;
തലയുടെ ഓർമ്മപ്പെടുത്തലാണ്. (വാൽ)
പരേതന് കൊള്ളി വയ്ക്കാൻ തുടങ്ങുമ്പോൾ
കർമ്മി ബന്ധുക്കളോടായി പറഞ്ഞു
‘ ഒരു ദക്ഷിണ കൊടുത്ത്
കൊള്ളി വാങ്ങണം !
ബന്ധുക്കൾ നിന്ന നിൽപ്പിൽ
കീശതപ്പി വേവലാതിപ്പെടുന്നത് കണ്ട്
കർമ്മി കൂട്ടിച്ചേർത്തു.
ജി പേ ആയാലും മതി
നമ്പർ 9447456153
പരേതാത്മാവിന് നിത്യശാന്തി ( കൊള്ളിവയ്പ്പ്)

സാമൂഹികമായ കാര്യകാരണങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഇച്ഛാശക്തി കൊണ്ടുള്ള ഒരു അധികാര വ്യവസ്ഥ വാക്കുകൾക്കിടയിൽ കരുതിവയ്ക്കുന്ന ഈ കവിക്ക് കവിത വെറും വിലാപങ്ങളല്ല മറിച്ച് പ്രകോപനങ്ങളാണ്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
കവിയുടെ മനസ്സ്, അതെങ്ങനെ മുളച്ചാലും ചിത്രമായി രൂപപ്പെട്ടേക്കാം. ഒരാളുടെ ആത്മബോധത്തിന്റെ ഉപയുക്തി കവിതയുടെ ആകൃതിയുള്ള ചിത്രങ്ങളിലേക്കും ചിത്രത്തിന്റെ ആകൃതിയുള്ള കവിതകളിലേക്കും മാറിമാറി നടക്കാൻ പ്രേരിപ്പിച്ചേക്കും. തങ്ങൾ ഏർപ്പെടുന്ന അധ്വാനത്തിന്റെയും ചിന്തയുടെയും സ്വരൂപത്തെ കുറിച്ചുള്ള ചരിത്രപരമായ ബോധ്യം ഭൂതകാലത്തിന്റെ കനത്ത ഇരുട്ടിൽ നിന്നും വീണ്ടെടുത്തും ഊഹിച്ചും പുതുതായി നിർമ്മിച്ചും സൂക്ഷിച്ചു കൊണ്ടാണ് നമ്മുടെ ഇടയിലെ ചില കവികൾ വരയുടെ തുറസ്സിലേക്ക് കണ്ണയച്ചിട്ടുള്ളത്. കൽപ്പറ്റ നാരായണൻ എന്ന കവിയെ വിലാപങ്ങളുടെ നടുക്ക് നിർത്തിയാലും അതിൽ പ്രക്ഷോഭം കലർന്ന പുരുഷാഖ്യാനം കണ്ടെടുക്കാം. ഈ കവി വരച്ചിരുന്നു എന്ന് പറഞ്ഞാൽ ചിലരെങ്കിലും അത്ഭുതപ്പെട്ടേക്കാം. കവിയുടെ സംരക്ഷണ പ്രദേശങ്ങൾ പൊളിഞ്ഞു വീണത് കൊണ്ടല്ല വരയിൽ കലാത്മകതയുടെ ആകർഷകത്വം കൽപ്പറ്റ പ്രകടമാക്കിയത്.വി.എച്ച് നിഷാദിന്റെ ‘ ഏട്ടിലെ രഹസ്യങ്ങൾ ‘ എന്ന മൈക്രോ കഥയ്ക്കാണ് കൽപ്പറ്റ നാരായണൻ വരച്ചിരിക്കുന്നത്. ഒരുതരം കാരിക്കേച്ചർ സ്വഭാവമുള്ള കറുപ്പിലും വെളുപ്പിലും ഉള്ള ഒരു ആൾരൂപത്തെയാണ് ഈ കവി വരച്ചിരിക്കുന്നത്. നീണ്ട കൂർത്ത മൂക്കും കൈ രണ്ടും കൂട്ടിക്കെട്ടിയും ഇടതുകാൽ തറയിൽ ഉറപ്പിച്ച് വലതുകാൽ ഭിത്തിയിൽ തറപ്പിച്ച് ഒരു വശത്തേക്ക് അഥവാ തന്റെ വലതുവശത്തേക്ക് നോക്കുന്ന ഒരു മനുഷ്യരൂപത്തെയാണ് നാം ചിത്രത്തിൽ കാണുന്നത്. ഒരു രഹസ്യത്തിന്റെ സാരം ചികയുന്ന എല്ലാ മുഖഭാവങ്ങളും ആ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിൽ ആയിരുന്നാലും ശരീരം അർത്ഥങ്ങളുടെ ഉപഭോഗത്തിനുള്ള ഉപകരണം ആണെന്ന് ധ്വനിപ്പിക്കാൻ ഈ വരയ്ക്കാവുന്നു. നിരവധി നിബന്ധനകൾ കൊണ്ട് അതികഠിനമായി അസ്വതന്ത്രമാകുന്ന ഒരു കാലത്തിന്റെ രഹസ്യ /പരസ്യ വിചാരണയാണ് ചിത്രത്തിലെ പുരുഷ രൂപത്തിന്റെ ഒരു വശത്തേക്കുള്ള നോട്ടം. ആ കഥ ഉദ്ധരിച്ചാൽ ഈ ചിത്രത്തിന്റെ നോട്ടപരിധികളെ പരിഹരിക്കാനായേക്കും.

രണ്ടാം പേജിലെ പശു
പുല്ലു കിട്ടാഞ്ഞ് വിശന്ന്
ഒന്നാം പേജ് തിന്നു തീർത്തു.
മൂന്നാം പേജിൽ മഴ
അഞ്ചാം പേജിൽ തീ
പിന്നെങ്ങനെ നാലാം പേജിലെ
പാറ്റ പുറത്തിറങ്ങും ?
പശുവിന് അവസരം
കിട്ടിയതെങ്ങനെയെന്നത് രഹസ്യം.

ഏട്ടിലെ രഹസ്യങ്ങൾ/വി.എച്ച്.നിഷാദ്
(മിസ്ഡ് കോൾ)

ഈയാഴ്ചയിലെ
അഫോറിസം
കവിയുടെ
ഉടൽ പ്രകാശത്തിന്റെ
ഫിഗറെറ്റീവ് ട്വിസ്റ്റാണ്
വിലാപം

Author

99 Views
Scroll to top
Close
Browse Categories