ഗുരുജയന്തിയും ഗുരുസമാധിയും

ചെയ്യേണ്ടതെല്ലാം വേണ്ട രീതിയില്‍ ചെയ്തു തീര്‍ക്കാതെ മരിച്ചുപോകുന്നവരെ പ്രതിയാണ് നാം ദുഃഖിക്കേണ്ടത്. ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തുതീര്‍ത്ത് പോകുന്നവരെ പ്രതി നാം സന്തോഷിക്കുകയും സമാധാനിക്കുകയുമാണ് വേണ്ടത്. അങ്ങനെ ജീവിച്ചു കടന്നുപോകുന്നവരെയാണ് നാം സമാധിയായവരെന്നു പറയുന്നത്. അതുകൊണ്ടാണ് ഗുരുസമാധി ദുഃഖിക്കാനുള്ള ദിവസമല്ല മറിച്ച്, സമാധാനത്തോടെയിരിക്കേണ്ട ദിവസമാണെന്ന് പറയേണ്ടി വരുന്നത്.

ഗള്‍ഫില്‍ ഗുരുവിനെ കുറിച്ചുള്ള ഒരു പ്രഭാഷണ പരമ്പരയ്ക്കായി പോയിരുന്നു. ഗുരുജയന്തിയും ഗുരുസമാധിയും അവിടെ ചിലവഴിക്കാനും ഏവരുമായി സംവദിക്കാനും അനുഗ്രഹമുണ്ടായി. സമാധിയുടെ തലേന്ന് വളരെ വിഷമത്തോടെ നില്‍ക്കുന്ന ഒരു കുഞ്ഞിനോട് എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: നാളെയാണ് എന്റെ ബെര്‍ത്ത് ഡേ.
ഞാന്‍ പറഞ്ഞു: അതിനെന്തിനാ വിഷമിക്കുന്നേ? സന്തോഷിക്കുകയല്ലേ വേണ്ടത്?
അവന്‍: ഇല്ല. നാളെ ഗുരുവിന്റെ സമാധിയല്ലേ? അതുകൊണ്ട് എന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കില്ല. എനിക്ക് വേറെ ദിവസം ജനിച്ചാല്‍ മതിയായിരുന്നു.
ആ കുഞ്ഞിന്റെ വേദന നെഞ്ചില്‍ കൊണ്ടു. അവന്‍ ഏറ്റവും സന്തോഷിക്കേണ്ട ദിവസമാണ്. ഗുരുവിന്റെ സമാധിദിനത്തില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ അവനോളം സന്തോഷിക്കാനും ആഹ്ളാദിക്കാനും യോഗ്യനായ മറ്റാരാണുള്ളത്?! എന്നിട്ടും എന്തുകൊണ്ട് അതിന് കഴിയുന്നില്ല.

ഞാന്‍ ആ മോന്റെ മാതാപിതാക്കളോട് പറഞ്ഞു: മോന്‍ ഭാഗ്യവാനാണ്. അവന് നല്ല വസ്ത്രവും കേക്കുമൊക്കെ വാങ്ങിച്ചു കൊടുത്ത് സുഹൃത്തുക്കളെയെല്ലാം വിളിച്ച് അവന്റെ ജന്മദിനം ആഘോഷിക്കണം. ഗുരു സമാധിയായ ദിവസം ജനിക്കാനായതില്‍ ആഹ്ളാദിക്കണമെന്ന് അവനോട് പറയണം.
എന്തോ ഞാന്‍ പറഞ്ഞത് അവര്‍ക്കത്ര ഉള്‍ക്കൊള്ളാനായില്ലെന്നു തോന്നുന്നു. ഒന്നും പറയാതെ വെറുതെ തലയാട്ടുക മാത്രമേ ചെയ്തുള്ളൂ. അന്നവിടെ സംസാരിച്ചതും ആ വിഷയം തന്നെയായിരുന്നു.
ഒരാൾ മരിച്ചു പോയാല്‍ നാം വിഷമിക്കും. എന്നാല്‍ സമാധിയായാല്‍ സമാധാനിക്കുകയാണ് വേണ്ടത്. ചെയ്യേണ്ടതെല്ലാം വേണ്ട രീതിയില്‍ ചെയ്തു തീര്‍ക്കാതെ മരിച്ചുപോകുന്നവരെ പ്രതിയാണ് നാം ദുഃഖിക്കേണ്ടത്.
ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തുതീര്‍ത്ത് പോകുന്നവരെപ്രതി നാം സന്തോഷിക്കുകയും സമാധാനിക്കുകയുമാണ് വേണ്ടത്. അങ്ങനെ ജീവിച്ചു കടന്നുപോകുന്നവരെയാണ് നാം സമാധിയായവരെന്നു പറയുന്നത്. അതുകൊണ്ടാണ് ഗുരുസമാധി ദുഃഖിക്കാനുള്ള ദിവസമല്ല മറിച്ച്, സമാധാനത്തോടെയിരിക്കേണ്ട ദിവസമാണെന്ന് പറയേണ്ടി വരുന്നത്.
ഗുരു എന്നാല്‍ അറിവാണെന്ന് നാം പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്. അറിവിന് ജനനമോ മരണമോ ഇല്ല. അതെപ്പോഴും ഇവിടെയുള്ളതാണ്. അതറിയുമ്പോഴാണ് നാം ഗുരുത്വമുള്ളവരായിത്തീരുന്നത്. എന്നാല്‍ നാം നമ്മുടെ ശീലങ്ങള്‍ക്ക് അടിമകളാണ്. ജനിക്കുന്നതില്‍ സന്തോഷിക്കുകയും മരിക്കുന്നതില്‍ ദുഃഖിക്കുകയും ചെയ്യുകയെന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ ഗുരുവിന്റെ കാര്യത്തില്‍ ആ ശീലത്തെ നാം പുതുക്കിപ്പണിയേണ്ടതുണ്ട്.

ഗുരുവിനെ സ്‌നേഹിക്കുന്നവര്‍ ഗുരുജയന്തി ആഘോഷിക്കാറുണ്ട്. സമാധിദിനം ദുഃഖാചരണമായി ആചരിക്കുന്നുണ്ട്. ഇതിങ്ങനെ രണ്ടായി ആചരിക്കുന്നതില്‍ എന്തോ ഒരു കുഴപ്പമുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ഗുരു എന്ന വാക്കിന്റെ അര്‍ത്ഥം ഇരുട്ടിനെ മാറ്റുന്നത് എന്നാണ്. ഇരുട്ടിനെ മാറ്റുന്നത് ഏറ്റവും പ്രധാനമായിഅറിവാണ്. അതുകൊണ്ടാണ് അറിവാണ് ഗുരു എന്നു പറയുന്നത്.
എങ്ങനെയൊക്കെയോ നമ്മില്‍ നിന്ന് നഷ്ടപ്പെട്ടുപോകുന്ന, നമ്മള്‍ നഷ്ടപ്പെടുത്തിക്കളയുന്ന അറിവിനെ, വെളിച്ചത്തെ നമ്മുടെയുള്ളില്‍ തന്നെ ജനിപ്പിക്കാനുള്ള പ്രചോദനമായിട്ടാണ് അല്ലെങ്കില്‍ ആയിരിക്കണം ഗുരുജയന്തി ആഘോഷിക്കേണ്ടത് അല്ലെങ്കില്‍ ഗുരുജയന്തിയെ സന്തോഷത്തോടെ ഹൃദയത്തോട് ചേര്‍ത്തുവയ്‌ക്കേണ്ടത് എന്നാണ് തോന്നിയിട്ടുള്ളത്. മാത്രമല്ല,ലോകത്ത് അറിവു നല്‍കിയിട്ടുള്ള എല്ലാ ഗുരുക്കന്മാരെയും സ്മരിക്കാനുള്ള ദിവസമായിട്ടുകൂടി നമ്മള്‍ നാരായണഗുരുവിനെയും ഗുരുജയന്തിയെയും കാണേണ്ടതുണ്ട്.

നാരായണഗുരു ഒരു വ്യക്തിയല്ല, ഗുരു തത്വമാണ്. പലമതസാരവുമേകമെന്നും ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴണമെന്നും പറഞ്ഞ ഗുരുവിനെയാണ് നാം സ്മരിക്കുന്നത്. എല്ലാ മതങ്ങളെയും അതായത് എല്ലാതരത്തിലുമുള്ള അഭിപ്രായങ്ങളെയും വെളിച്ചത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്ന എല്ലാ തരത്തിലുമുള്ള ദര്‍ശനങ്ങളെയും ഹൃദയത്തില്‍ ഉണര്‍ത്തിയെടുക്കാനുള്ള ഒരു ദിവസമായിട്ടാണ് ഗുരുജയന്തി കൊണ്ടാടേണ്ടത് അല്ലെങ്കില്‍ ഉള്‍ക്കൊള്ളേണ്ടത്.

ഗുരുസമാധിയെ ദുഃഖത്തോടെ ആചരിക്കേണ്ട ദിവസമായിട്ടാണ് പൊതുവേ കരുതിപ്പോരുന്നത്. സമാധി എന്ന വാക്കിന്റെ ഏറ്റവും സാധാരണമായ അര്‍ത്ഥം സമാധാനത്തോടെ ഇരിക്കുക എന്നാണ്. അത് ദുഃഖിക്കാനുള്ളതല്ല. സമാധാനിക്കാനുള്ളതാണ്.
സമാധി ദിവസം നമ്മള്‍ സന്തോഷിക്കാന്‍ പാടില്ലെങ്കില്‍, ഏറ്റവും വിഷമിക്കുന്ന ഒരു ദിവസമായി ഗുരുവിന്റെ സമാധിദിനം മാറിയിട്ടുണ്ടെങ്കില്‍ അവിടെയെന്തോ കുഴപ്പമുണ്ട്. നാം ഏറ്റവും അഭിമാനിക്കേണ്ട ഏറ്റവും സന്തോഷത്തോടെ ഹൃദയത്തില്‍ സ്വീകരിക്കേണ്ട ദിവസമാണ് സമാധിദിനം എന്നു പറഞ്ഞാല്‍ നമ്മുടെ നെറ്റി ചുളിയുന്നത് ഗുരുത്വത്തെ നാം വേണ്ടവിധത്തില്‍ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ്.
ഗുരു നമുക്ക് പറഞ്ഞു തന്നിട്ടുള്ള അറിവുകള്‍, ആത്മോപദേശശതകം, അനുകമ്പാദശകം, ദര്‍ശനമാല മുതലായ കൃതികള്‍ വളരെ ആഴത്തില്‍ ശ്രദ്ധയോടുകൂടി വായിച്ച് മനനം ചെയ്ത് ഏറ്റവും പ്രസന്നതയോടെ അതിലലിഞ്ഞ് സ്വസ്ഥമായി സമാധാനത്തില്‍, സന്തോഷത്തില്‍ ഇരിക്കേണ്ട ദിവസമാണ് സമാധിദിനം. എന്നാല്‍ ലോകത്തിനു മുഴുവന്‍ ഇരുട്ടു ബാധിച്ചതുപോലെയാണ് സമാധിദിനത്തില്‍ നാം വിഷാദികളായി കഴിയുന്നത്.

നമ്മുടെ ഹൃദയത്തില്‍ ഗുരു ജനിക്കേണ്ട ദിവസമാണ് ഗുരുജയന്തി. നമ്മുടെ ഉള്ളില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് നഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് ഗുരു. നമ്മുടെ പരിമിതി കൊണ്ടാണ് നമുക്ക് ഇത്തരം ദിവസങ്ങള്‍ പ്രത്യേകമായി സ്മരിക്കേണ്ടി വരുന്നത്. അല്ലെങ്കില്‍ എല്ലാ ദിവസവും എല്ലാ നിമിഷവും ഗുരുജയന്തിയായിരിക്കേണ്ടവരാണ് നമ്മള്‍. ജീവിക്കുന്ന ഓരോ നിമിഷവും ഗുരുജയന്തിയായും ഗുരുസമാധിയുമായും അനുഭവിക്കേണ്ടവരാണ് നമ്മള്‍. എന്നാല്‍ അതിനു കഴിയുന്നില്ല.
നമ്മുടേതായ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ ഇടുങ്ങി ജീവിക്കുന്നതുകൊണ്ട് നമുക്ക് അതിനാവുന്നില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഉണര്‍വ്വുണ്ടാവാന്‍, നമ്മള്‍ വ്യത്യസ്തമായ തുടക്കങ്ങളിടുന്നു. പുതുവര്‍ഷപ്പുലരി പോലെ. നമ്മെയൊന്ന് ഉറക്കത്തില്‍ നിന്ന് തട്ടിയുണര്‍ത്താനായി നമ്മള്‍ നമുക്കുവേണ്ടി സൃഷ്ടിക്കുന്ന സാദ്ധ്യതയായിട്ടു വേണം ഗുരുജയന്തിയെ മനസ്സിലാക്കാന്‍. ആ ഗുരുത്വത്തെ, അറിവിനെ നമ്മില്‍ നിന്ന് നമ്മള്‍ തന്നെ തട്ടിയുണര്‍ത്തുകയാണ്. നമ്മില്‍ ജനിപ്പിക്കുകയാണ്. അതേപോലെ സമാധാനത്തിലും സ്വസ്ഥതയിലും ആയിരിക്കലാണ് സമാധിയെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഗുരുവിന്റെ സമാധിദിനവും ചെയ്യേണ്ടത്. അത് ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന ദിവസമായി മാറേണ്ടതുമുണ്ട്.

പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു കാര്യമല്ല പറയുന്നത്. ഫേണ്‍ഹില്ലിലുള്ള നാരായണഗുരുകുലത്തില്‍ ഗുരു നിത്യയോടൊപ്പം താമസിക്കാന്‍ തുടങ്ങിയ വര്‍ഷം ഗുരുസമാധി ദിനത്തിലാണ് ഞാനത് ആദ്യമായി അങ്ങനെ അനുഭവിച്ചത്. ഗുരുവിന്റെ കൃതികള്‍ ആലപിച്ച് ധ്യാനനിരതരായി ഏവരും ചിലവഴിച്ച ദിവസം. പ്രസന്നതയോടെയും സമാധാനത്തോടെയും എത്ര നിറവാര്‍ന്നാണ് അന്ന് ഗുരു സമാധിയെ സമാധാനമായിരിക്കലെന്ന് അനുഭവിപ്പിച്ചത്!
ആ ഓര്‍മ്മയുടെ പങ്കുവയ്ക്കല്‍ കൂടിയാണ് ഈ കുറിപ്പ്…

Author

95 Views
Scroll to top
Close
Browse Categories