അധികാരത്തിലെത്താന്‍ മുന്നണികള്‍ ഈഴവ സമുദായത്തെ ഏണിപ്പടിയാക്കുന്നു

വര്‍ക്കല: മറ്റു വിഭാഗങ്ങള്‍ പേരു നോക്കി വോട്ടു ചെയ്യുമ്പോള്‍ ചിഹ്നം നോക്കി വോട്ടു ചെയ്തതാണ് ഈഴവ സമുദായത്തിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശിവഗിരി, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് യൂണിയനുകളിലെ യോഗം ശാഖാ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്താന്‍ മുന്നണികള്‍ ഈഴവ സമുദായത്തെ ഏണിപ്പടിയാക്കും. അധികാരത്തിലെത്തിയാല്‍ പിന്നെ അവഗണനയാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമുദായത്തിന് കിട്ടിയേ തീരു. ജാതി പറയുന്നത് അപമാനല്ല, അഭിമാനമായി കാണണം.

ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കിട്ടിയതല്ലാതെ മാറി മാറി വന്ന സര്‍ക്കാരുകള്‍ എന്താണ് തന്നത്. പിന്നാക്കക്കാരെ ഉപയോഗപ്പെടുത്തി അധികാരത്തില്‍ വരും. എന്നിട്ട് ഒന്നും തരില്ല. ഇതെല്ലാം പറയുന്ന തന്നെ വര്‍ഗ്ഗീയവാദിയാക്കുന്നു. കോലം കത്തിക്കുന്നു. മതേതരത്വം പറഞ്ഞുകൊണ്ട് ലീഗ് മുസ്ലീം കൂട്ടായ്മയാണ് ഉണ്ടാക്കുന്നത്. മതേതരത്വം പഞ്ചസാരയില്‍ പൊതിഞ്ഞ് അതിനുള്ളില്‍ പൊട്ടാസ്യം സയനൈഡ് വച്ചാണ് തരുന്നത് അവരുടെ ഒന്നാം ശത്രു ഹിന്ദുവിഭാഗമാണ്. ക്രൈസ്തവവിഭാഗമാണ് രണ്ടാംശത്രു.
ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണ സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ അതിന്റെ തലപ്പത്ത് വരേണ്ടത് ഈഴവനല്ലേ. ഗൾഫിലെങ്ങാണ്ട് കിടന്ന ഒരാളെയാണ് അതിന് കൊണ്ടുവന്നത്. എതിര്‍ ചേരിയിലാണെങ്കിലും ഈ നീക്കത്തെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചു. കൊണ്ടുവന്നയാള്‍ ആ പദവിക്ക് യോഗ്യനല്ലെന്ന് ഗവര്‍ണര്‍ കണ്ടെത്തി. രാജ്യസഭയിലേക്ക് ഒമ്പത് എം.പി.മാരെ അയച്ചപ്പോള്‍ അഞ്ച് മുസ്ലീങ്ങള്‍. രണ്ട് വീതം നായരും ക്രിസ്ത്യാനിയും. ഈഴവര്‍ക്ക് ഒന്നുമില്ല-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന സമരമായിട്ടാണ് വൈക്കം സത്യഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ആ സമരത്തിന്റെ സത്യം വിളിച്ച് പറഞ്ഞ ഒരാള്‍ പിണറായിവിജയനാണ്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി പരിപാടിയില്‍. ശ്രീനാരായണഗുരുവിനെ വഴി തടഞ്ഞതിന്റെ പേരിലായിരുന്നു യഥാര്‍ത്ഥത്തില്‍ സമരം തുടങ്ങിയത്. മഹാനായ ടി.കെ. മാധവന്‍ ഗാന്ധിജിയെ പോയി കണ്ട് കോണ്‍ഗ്രസിനെക്കൊണ്ട് സമരം ഏറ്റെടുപ്പിച്ചു.
ശബരിമലയില്‍ ഭരണം നടത്തിയവര്‍ ഇഷ്ടം പോലെ കക്കുകയാണ്. ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കുമല്ലോ. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞു നടക്കുകയാണ് ചിലര്‍. ഒരാക്ഷേപവും കേള്‍പ്പിക്കാതെ എല്ലാവരോടും മാന്യമായും സമഭാവനയോടെയും പെരുമാറുന്ന ജനകീയ മന്ത്രിയാണ് വാസവന്‍. ഇപ്പോള്‍ ഷാഫി പോയി തല്ലുവാങ്ങിയത് അടുത്ത മുഖ്യനാവാനാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ ഈ സമയം ഇങ്ങനെ പോകും. ലീഗ് അധികാരത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി അപകടത്തിലാണ്.

അവരവരുടെ രാഷ്ട്രീയ വിശ്വാസം കളയാതെ തന്നെ അധികാരസ്ഥാനങ്ങള്‍ കണക്ക് പറഞ്ഞ് വാങ്ങാന്‍ ശ്രമിക്കണം. എസ്.എന്‍.ഡി.പി യോഗത്തിന്റെ മുന്‍കാല ചരിത്രം മറക്കാതെ നഷ്ടപ്പെട്ടത് നേടിയെടുക്കാനും സാമൂഹിക നീതി കിട്ടാനുമുള്ള പോരാട്ടമാണ് നടത്തേണ്ടതെന്നും വെള്ളാപ്പള്ളിനടേശന്‍പറഞ്ഞു.
വര്‍ക്കല വട്ടപ്ലാമൂട് മൂകാംബിക ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നല്‍കി. യോഗം ചിറയിന്‍കീഴ് യൂണിയന്‍ വൈസ്പ്രസിഡന്റ് പ്രദീപ് സഭവിള യൂണിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം കൗണ്‍സിലര്‍മാരായ പച്ചയില്‍ സന്ദീപ്, ഡി. വിപിന്‍രാജ്, ചിറയിന്‍കീഴ് യൂണിയന്‍ പ്രസിഡന്റ് വിഷ്ണുഭക്തന്‍, ആറ്റിങ്ങല്‍ യൂണിയന്‍ പ്രസിഡന്റ് ഗോകുല്‍ദാസ്, ശിവഗിരി യൂണിയന്‍ പ്രസിഡന്റ് കല്ലമ്പലം ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം സ്വാഗതവും ആറ്റിങ്ങല്‍ യൂണിയന്‍ സെക്രട്ടറി (ഇന്‍ചാര്‍ജ്) ഡഞ്ചുദാസ് നന്ദിയും പറഞ്ഞു.

Author

46 Views
Scroll to top
Close
Browse Categories