റീലിൽ നിന്നും വായനയിലേക്ക്ഇന്ത്യയുടെ ഐ‌ എ‌ എസ് ഫാക്ടറി

കാലദേശങ്ങൾ കടന്ന് നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ ലോകം മുഴുവൻ പ്രയാണം നടത്തുന്ന കാലം. സമൂഹമാധ്യമങ്ങളിൽ നിറയുന്ന കാഴ്ചകളുടെ കുത്തൊഴുക്കിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വിലപിടിപ്പുള്ള വിവരങ്ങൾ ഏതാനും നിമിഷങ്ങൾ കൊണ്ട് വായിച്ചു കടന്നുപോകാം.

കിഴക്കൻ ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മധോപട്ടി. തകർന്ന റോഡുകൾ, വൈദ്യുതി പലപ്പോഴും മുടക്കം, ആകെ ഒന്ന് രണ്ട് സർക്കാർ സ്കൂളുകൾ, അടിസ്ഥാന സൗകര്യങ്ങൾ പലതും ഇല്ല. പരിശീലന കേന്ദ്രങ്ങളോ, ലൈബ്രറികളോ, ഇംഗ്ലീഷ് മീഡിയം സ്കൂളുകളോ ഇല്ല.
എന്നിരുന്നാലും, ഈ എളിമയുള്ള സ്ഥലം ദേശീയ ശ്രദ്ധയിൽ ഇടം നേടിയതിന് ഒരു കാരണമുണ്ട്. ഇവിടം ഐ‌എ‌എസ്, ഐ‌പി‌എസ്, ഐ‌ആർ‌എസ്, ഐ‌എഫ്‌എസ് ഉൾപ്പെടെ 50-ലധികം സിവിൽ സർവീസുകാരെ സൃഷ്ടിച്ചു. ഗ്രാമത്തിലെ ജനസംഖ്യ 4000ത്തോളം മാത്രം. ചില വീടുകളിൽ നിന്ന് സിവിൽ സർവീസിൽ മൂന്നും നാലും സഹോദരങ്ങളുണ്ട്. ഈ അതുല്യമായ റെക്കോർഡ് മാധോപട്ടിക്ക് ഒരു വിളിപ്പേര് നേടിക്കൊടുത്തു: ഇന്ത്യയുടെ “ഐ‌എ‌എസ് ഫാക്ടറി”.
1914-ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മുഹമ്മദ് മുസ്തഫ ഹുസൈൻ സിവിൽ സർവീസ് പാസായി ഗ്രാമത്തിലെ ആദ്യത്തെ ഓഫീസറായി വന്നപ്പോഴാണ് കഥ ആരംഭിക്കുന്നത്. ആ ഒരൊറ്റ നേട്ടം പിന്നീട് അങ്ങോട്ട് പലരും സിവിൽ സർവീസുകാരാകാൻ കാരണമായി. 1950-കളോടെ, മധോപട്ടിയിൽ ആദ്യത്തെ ഐഎഫ്എസ് ഓഫീസർ ഡോ. ഇന്ദു പ്രകാശ് സിംഗ് ഉണ്ടായി. തുടർന്ന് വിനയ് കുമാർ സിംഗ്, ഛത്രപാൽ സിംഗ്, അജയ് കുമാർ സിംഗ്, ശശികാന്ത് സിംഗ് എന്നിവരുൾപ്പെടെ നിരവധി സഹോദരങ്ങൾ ഭരണത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. മാധോപട്ടിയിൽ സിവിൽ സർവീസ് പരിശീലന വ്യവസായം ഇല്ല. യുപിഎസ്‌സി പാസാകുന്ന സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാർക്ക് പുസ്തകങ്ങൾ, കുറിപ്പുകൾ, തന്ത്രങ്ങൾ, മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നു.
പ്ലസ് ടൂ പഠനകാലം മുതൽ വിദ്യാർത്ഥികൾ തയ്യാറെടുപ്പ് ആരംഭിക്കാറുണ്ട്. പ്രാദേശിക ഭാഷ, ഹിന്ദി വിദ്യാഭ്യാസവും ഇംഗ്ലീഷിലെ പഠനവും എല്ലാം സംയോജിപ്പിച്ചാണ് ഇത് ചെയ്യുന്നത്. അവിടുത്തെ കുടുംബങ്ങൾ ഈ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു: സഹോദരങ്ങൾ ഒരുമിച്ച് പഠിക്കുന്നു, മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നു, കൂടെ നിൽക്കുന്നു. ഒടുക്കം ഓരോ വിജയവും ഗ്രാമം നന്നായി ആഘോഷിക്കുന്നു.

32 ലക്ഷം വർഷങ്ങൾ പഴക്കമുള്ള
അസ്ഥികൂടം

32 ലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ ഫോസിൽ നരവംശ ശാസ്ത്രജ്ഞർ 1974 ൽ എത്യോപ്യയിലെ അഫാർ തടാകത്തിൽ നിന്ന് കണ്ടെത്തുകയുണ്ടായി. ആ അസ്ഥികൂടം മനുഷ്യന്റെ പ്രാചീന ചരിത്രത്തെ തിരുത്തിക്കുറിക്കുകയായിരുന്നു. മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചുള്ള, പരിണാമങ്ങളെക്കുറിച്ചുള്ള പല ശാസ്ത്രീയ ചിന്തകളുടെയും വേരറുത്തുകൊണ്ട് പുതിയ പുതിയ നിഗമനങ്ങളിലേക്കും ശാസ്ത്ര സത്യങ്ങളിലേക്കും എത്തിപ്പെടാൻ ഈയൊരു ഫോസിൽ മനുഷ്യവംശത്തെ സഹായിച്ചു. ഈ ഫോസിലിന് പിന്നീട് ലൂസി എന്ന് പേരിട്ടു. മാധ്യമങ്ങളിലും ലൂസിക്ക് വലിയ പ്രാധാന്യം ലഭിച്ചു. ലൂസി എന്ന നാമം കൊടുക്കുന്നത് തന്നെ തെറ്റാണെന്ന വാദവും ഉണ്ടായി. കാരണം അവർ ഒരു ഗോത്രവർഗ്ഗക്കാരി ആയിരുന്നിരിക്കണമല്ലോ. എത്യോപ്യയിൽ ജനിച്ചവരായിരുന്നു അവർ. അവിടെ പരീക്ഷണം നടത്തിയ നരവംശ ശാസ്ത്രജ്ഞർ അമേരിക്കക്കാരായിരുന്നു. അവർ അവരുടേതായ ഒരു പേരിട്ടു എന്നേയുള്ളൂ. ഫോസിൽ ആയി കിട്ടിയ ലൂസിയുടെ പേരിലുള്ള പേടകം ഇന്ന് നാസയുടെ ചിറകിലേറി ബഹിരാകാശത്ത് പുതിയ പഠനങ്ങൾക്കായി പോയിരിക്കുന്നു. ശാസ്ത്രലോകം വലിയ കുതിപ്പുകളിലേക്ക് ചാടുന്നു. നമ്മുടെ നാടും അതിനൊപ്പമുണ്ട്. ഒരു പക്ഷേ നാളെ ഈ ഭൂമിയിൽ ജീവിക്കാൻ മനുഷ്യന് ആവില്ലെങ്കിൽ മറ്റൊരു തീരം കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമമാകാം അത്. ലോകം പ്രത്യാശകളുടെതാണ്. മനുഷ്യൻ നൂറായിരം പ്രതീക്ഷകളോടെയാണ് ഓരോ പ്രഭാതത്തെയും കണികണ്ടുണരുന്നത്.

പ്രശ്നങ്ങളുമായി കൂടുതൽ നേരം
ലോകത്തെ ഏറ്റവും മുൻനിര ശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞു “ഞാൻ അത്ര മിടുക്കനൊന്നുമല്ല;പ്രശ്നങ്ങളുമായി കൂടുതൽ നേരം മല്ലടിക്കുന്നു എന്നു മാത്രം”.

ഡ്രാക്കുളയുടെ ശില്പി
കഥ പറയുമ്പോൾ
ഏറെ കൗതുകകരമായ ഒരു വാർത്തയാണ്. 134 വർഷം മുൻപ് എഴുതപ്പെട്ട ഒരു കഥ അടുത്തിടെ ആദ്യമായി പ്രസിദ്ധീകരിച്ചു. 1890 ൽ ഡബ്ലിൻ ഡെയിലി എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ചതാണ് കഥ. എഴുതിയത് പ്രശസ്തനായ ഐറിഷ് എഴുത്തുകാരൻ ബ്രാംസ്റ്റോക്കർ. ഡ്രാക്കുളയുടെ ശില്പി. ഡ്രാക്കുള എന്ന വിഖ്യാതമായ നോവൽ പല ഭാഷകളിൽ ഒരുപാട് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ്. ലോകത്ത് ഒരുപാട് പേരെ ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്ത നോവലാണ് അത് പലരും സിനിമയാക്കുകയും ചെയ്തു. അത് എഴുതുന്നതിനും ഏഴു വർഷം മുൻപ് ബ്രാം സ്റ്റോക്കർ എഴുതിയ ഈ പ്രേതകഥ ഡബ്ലിൻ ഡെയിലി എക്സ്പ്രസിൽ പ്രസിദ്ധീകരിച്ചു എങ്കിലും ഒരു പുസ്തകമായി ഇറങ്ങാതെ കിടക്കുകയായിരുന്നു ഇത്ര കാലവും. ഈ ഗ്രന്ഥകാരന്റെ എല്ലാ പുസ്തകങ്ങളും ചൂടപ്പം പോലെ വിറ്റു പോയെങ്കിലും എല്ലാ പുസ്തകങ്ങൾക്കും പ്രസാധകരെ കിട്ടിയിരുന്നെങ്കിലും ഈ ഗിബ്ലറ്റ് ഹിൽ എന്ന കഥ ആരുടെയും ശ്രദ്ധയിൽ പെടാതെ, എന്തിന് എഴുത്തുകാരൻ പോലും മറന്നു പോയിരുന്നു പുസ്തകമാക്കാൻ’. നാഷണൽ ലൈബ്രറിയിൽ നിന്ന് ബ്രിയാൻ ക്ലെറി എന്ന ബ്രാം സ്റ്റോക്കർ ആരാധകനാണ് പുസ്തകം കണ്ടെടുത്തത്. ഇപ്പോൾ അത് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നു. ബ്രാം സ്റ്റോക്കറിന്റെ അമ്മയുടെ പേരിലുള്ള ഫൗണ്ടേഷന്റെ ധനശേഖരണാർത്ഥമാണ് പുസ്തകം ഇറക്കുന്നത്. ഇതിൽ നിന്ന് കിട്ടുന്ന പണം കേൾവി പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ നന്മയ്ക്ക് വേണ്ടി വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

‘നഷ്ടപ്പെടാനായി
നവംബറിന്
എന്താണുള്ളത്?’

അന്തരിച്ച ചലച്ചിത്രകാരൻ പി പത്മരാജൻ ചെയ്ത ഒരു ചലച്ചിത്രം ഉണ്ടായിരുന്നു. നവംബറിന്റെ നഷ്ടം. ആ സിനിമയുടെ പരസ്യവാചകം ഇങ്ങനെയാണ് ‘നഷ്ടപ്പെടാനായി നവംബറിന് എന്താണുള്ളത്?’ അതിനുള്ള മറുപടിയും ആ പരസ്യവാചകത്തിൽ പറയുന്നു. ‘ഒരേയൊരു ഡിസംബർ, ഡിസംബർ മാത്രം’. കായംകുളത്ത് മുതുകുളത്ത് ജനിച്ചു വളർന്ന അദ്ദേഹം മലയാള സിനിമയെ, മലയാള കഥാസാഹിത്യത്തെ വേറിട്ട തലങ്ങളിലേക്ക് ഉയർത്തിയ ഗന്ധർവനായിരുന്നു. പലരും പറയും പോലെ ‘കാലത്തിനു മുന്നേ സഞ്ചരിച്ച എഴുത്തുകാരൻ’. കാല്പനികതയെ മലയാളിയുടെ മനസ്സുമായി ചേർത്തുനിർത്തിയ എഴുത്തുകാരൻ’. വൈകാരികമായ ഭാവങ്ങൾ ധാരാളമായി മലയാളിയുടെ മനസ്സിലേക്ക് ഉണർത്തി വിട്ട കഥാകൃത്തും സിനിമാ സംവിധായകനും’. അദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങൾ മലയാളിയുടെ മനസ്സിൽ മങ്ങാതെ തെളിമയോടെ ഇന്നും നിൽകുന്നു. പത്മരാജന്റെ പല കഥകളും കാലത്തിനു മുന്നേ രചിക്കപ്പെട്ട സൃഷ്ടികളാണ്. മലയാളികളുടെ സർഗാത്മക ചിന്തകൾക്ക് നഷ്ടമായി പത്മരാജൻ നമ്മുടെ ഓർമ്മകളിൽ എന്നും തിളങ്ങി നിൽക്കും.

നിർമ്മിതബുദ്ധി
അതിരുവിട്ടാൽ
നിർമ്മിത ബുദ്ധിയുടെ വളർച്ച വളരെ വേഗത്തിൽ ആണെന്നും ഇങ്ങനെ പോയാൽ മുപ്പതു വർഷം കൊണ്ട് മനുഷ്യരാശിയെ തന്നെ അത് ഇല്ലാതാക്കും എന്നും ജഫ്രീ ഹിന്റെൻ എന്ന ബ്രിട്ടീഷ് കനേഡിയൻ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. ‘നിർമ്മിതബുദ്ധിയുടെ തല തൊട്ടപ്പൻ’ എന്ന വിശേഷണമുള്ള ആളാണ് അദ്ദേഹം. ഉദ്യോഗം ഉപേക്ഷിച്ച് നിർമ്മിതബുദ്ധിയുടെ വിപത്തുകളെക്കുറിച്ച് മാനവലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഇന്ന് അദ്ദേഹം. മുമ്പ് ഗൂഗിളിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു ഈ ശാസ്ത്രജ്ഞൻ. നിർമിതബുദ്ധി നിയന്ത്രണങ്ങൾ ഇല്ലാത്ത കാരണം അതിരുവിടുന്നു എന്ന ആരോപണമാണ് അദ്ദേഹം ഗൂഗിൾ വിട്ടു പോകാൻ ഇടയാക്കിയത്.

പാസഞ്ചർ ട്രെയിനിന്
ഇരുനൂറ് വയസ്

ലോകത്ത് ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഇറങ്ങിയിട്ട് ഇരുനൂറ് വർഷങ്ങൾ ആയിരിക്കുന്നു. 1825 സെപ്റ്റംബർ 27-ന്, ഇംഗ്ലണ്ടിലെമ്പാടുമുള്ള റിപ്പോർട്ടർമാരും കാഴ്ചക്കാരും യാത്രയിലെ ഒരു വിപ്ലവകരമായ നവീകരണത്തിന് സാക്ഷ്യം വഹിക്കാൻ ഡാർലിംഗ്ടൺ എന്ന പട്ടണത്തിലേക്ക് ഒഴുകിയെത്തി. ആ ദിവസം, ആവിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ സ്റ്റോക്ക്ടൺ പട്ടണത്തിലേക്ക് 40 കിലോമീറ്റർ പാളത്തിലൂടെ സഞ്ചരിച്ചപ്പോൾ, ട്രെയിൻ ടിക്കറ്റെടുത്ത് നൂറുകണക്കിന് പേർ കയറി. ഈ ഹ്രസ്വവും ചരിത്രവുമായ യാത്ര ആദ്യത്തെ പൊതു യാത്രാ ട്രെയിനിനെയും ആധുനിക റെയിൽവേയുടെ തുടക്കത്തെയും അടയാളപ്പെടുത്തുകയായിരുന്നു.

ഇരുനൂറ് വർഷങ്ങൾക്ക് ശേഷം, വിന്റേജ് ട്രെയിനുകൾ മുതൽ അതിവേഗ യാത്രാ ട്രെയിനുകൾ വരെ ലോകമെമ്പാടും സഞ്ചരിക്കുന്നു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും റെയിൽ യാത്രകളേക്കാൾ വിമാനയാത്ര കൂടുതൽ ജനപ്രിയമായിത്തീർന്നെങ്കിലും, ട്രെയിനുകൾ ഇപ്പോഴും നല്ലൊരു പങ്ക് യാത്രക്കാർക്കും ചിലവ് കുറഞ്ഞ മാർഗ്ഗമെന്ന നിലയിൽ സ്വീകാര്യമാണ്. കൂടാതെ റെയിൽ യാത്ര ഏറ്റവും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നായി തുടരുന്നു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രം 170 വർഷത്തിലേറെ പഴക്കമുള്ളതാണ്. 1853 ഏപ്രിൽ 16 ന്, ബോറി ബന്ദറിനും (ബോംബെ) താനെയ്ക്കും ഇടയിൽ 34 കിലോമീറ്റർ ദൂരം ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഓടിച്ച് ഭാരതം ട്രെയിൻ സർവ്വീസിന് തുടക്കം കുറിച്ചു.

Author

112 Views
Scroll to top
Close
Browse Categories